Image

ഇരകൾക്കൊപ്പമാണ് ലോകം

സ്വന്തം ലേഖകൻ Published on 15 May, 2021
ഇരകൾക്കൊപ്പമാണ് ലോകം

ലോകം എപ്പോഴും ഇരകൾക്കൊപ്പം നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. പലസ്തീനൊപ്പം എന്ന ഹാഷ് ടാഗുകൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. എന്നാൽ നിലനിൽപ്പിനു വേണ്ടി യുദ്ധം ചെയ്യേണ്ട അവസ്ഥയിലേക്ക് നീങ്ങിയ ഇസ്രായേലിനെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നതിനോട് യോജിക്കാനാകില്ല. ഇസ്രയേൽ ജനത ചരിത്രത്തിലുടനീളം വേട്ടയാടപ്പെട്ടവരാണ്. സ്വന്തം നാടും വീടും നഷ്ടപ്പെട്ട് ലോകത്തിന്റെ പലകോണിലേക്ക് ചിത്രറിപ്പോയവരാണ് ജൂതന്മാർ. പക്ഷെ ചെല്ലുന്ന ഇടങ്ങൾ എല്ലാം ജൂതന്മാരെ ആട്ടിയിറക്കി. എവിടെയും നിലനിൽപ്പില്ലാത്തവരായി ജൂതന്മാർ മാറിയതും അങ്ങനെയാണ്.

ജൂതന്മാരെ അംഗീകരിക്കാൻ ലോകത്തിൽത്തന്നെ ആരും തയ്യാറായില്ല. എല്ലായിടത്തും അവരെ അവഗണകളാണ് സ്വീകരിച്ചത്. ഫോർട്ട് കൊച്ചിയിലെ മട്ടാഞ്ചേരിയിൽ വരെ ജൂതന്മാരും അവർക്ക് സ്വന്തമായ് ഒരു തെരുവ് തന്നെ ഉണ്ടായിരുന്നു.

ഇസ്രായേൽ എന്ന പേരുകേട്ടാൽ തന്നെ നമുക്കോർമ്മവരിക വർഷങ്ങളായി അവിടെ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ്. ജൂതരും മുസ്ലീങ്ങളും തമ്മിലുള്ള തീരാത്ത ശത്രുതയെക്കുറിച്ചാണ്. അതിസങ്കീർണ്ണമാണ് അവർക്കിടയിലുള്ള ഭിന്നതയുടെ ചരിത്രം. തമ്മിൽ നടത്തിയ അധിനിവേശങ്ങളുടെ, പരസ്പരം നടത്തിയ അതിക്രമങ്ങളുടെ, ഗറില്ലായുദ്ധങ്ങളുടെ ചരിത്രം. ആരാണ് ജെറുസലേം എന്ന ഈ കുഞ്ഞു ഭൂഭാഗത്തിന്റെ യഥാർത്ഥ അവകാശികൾ? ആരാണ് ഇവിടേക്ക് നുഴഞ്ഞു കയറിയത്? ആരാണ് ഇവിടെനിന്ന് ആട്ടിയോടിക്കപ്പെട്ടത്?

നിലവില്‍ ലോകത്തിലെ ഏക ജൂത രാജ്യമാണ് ഇസ്രായേല്‍. അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട്. ജൂതന്മാരും അറബികളും ഈ ഭൂമിയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ക്ക് ഒന്നോ രണ്ടോ ആയിരം വര്‍ഷങ്ങളുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. യൂറോപ്പില്‍ നിന്നും പലായനം ചെയ്ത ജൂതന്മാര്‍, അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന അറബ്-മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഒരു ദേശീയ മാതൃരാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് കരുതുന്ന അറബികള്‍ അവരുടെ നീക്കത്തെ ചെറുത്തു.

ഈ ഭൂഗോളത്തിൽ ജൂതമതത്തിന്റേതായി ഒരു ശാദ്വലഭൂമിയെന്ന ആഗ്രഹത്തില്‍നിന്നും പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റത്തെ ലോകം 'സയണിസം' എന്ന് വിളിച്ചു. ജെറുസലേം എന്നർത്ഥം വരുന്ന 'സിയോൺ' എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് സയണിസം എന്ന പദം ഉത്ഭവിച്ചത്. ഈ 'ദേശീയ' വികാരത്തോട് മതപരമായ ഭാവം പിൽക്കാലത്താണ് കൂട്ടിച്ചേർക്കപ്പെട്ടത്. അത് മതഗ്രന്ഥത്തിൽ പരാമർശിച്ചിരുന്ന ഒരു പുണ്യഭൂമിയുടെ രൂപത്തിലാണ് കടന്നുവന്നത്. ജറുസലേം.

ജറുസലേം നഗരത്തിലെ ടെംപിൾ മൗണ്ടിനു മുകളിലുള്ള 'അൽ അക്സ' പള്ളി മുസ്ലീങ്ങളുടെ വിശുദ്ധ മോസ്കുകളിൽ മൂന്നാമത്തേതാണ്. ഇതേ മലമുകളിൽ തന്നെയുള്ള 'വെസ്റ്റേൺ വാൾ' ജൂതർക്ക് ഏറെ മതപ്രാധാന്യമുള്ള പുണ്യസ്ഥലമാണ്. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ഇസ്രായേലിലേക്ക് അധിനിവേശം നടത്തിയ ജൂതന്മാർ ബലം പ്രയോഗിച്ച് കുടിയിറക്കി. ആ അധിനിവേശം നയിച്ചത് ഇരുപക്ഷവും തമ്മിലുള്ള യുദ്ധത്തിലാണ്. പലസ്തീന്‍ ജനതയ്ക്ക് ഭൂരിപക്ഷമുള്ള ഗാസയുടെയും വെസ്റ്റ്ബാങ്കിന്റെയും നിയന്ത്രണം ഇസ്രായേലിന് ലഭിച്ച 1967ലെ യുദ്ധത്തിന് ഇന്നത്തെ സംഘര്‍ഷങ്ങളില്‍ വലിയ പങ്കുണ്ട്. യുദ്ധം തുടങ്ങി അധികം വൈകാതെ മറ്റുരാജ്യങ്ങൾ ഇടപെട്ടു സമാധാനമുണ്ടാക്കി. പക്ഷേ, ഇസ്രായേൽ കയ്യേറിയതൊക്കെ ഇസ്രായേലിന്റെ കയ്യിൽ തന്നെ ഇരുന്നു.

അന്നുതൊട്ടിന്നുവരെ ഇസ്രായേലും പലസ്തീനും തമ്മിൽ ഒളിഞ്ഞും മറഞ്ഞുമുള്ള യുദ്ധങ്ങളാണ്. ഇസ്രായേൽ അന്നോളം നടത്തിയത് തങ്ങളുടെ അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള യുദ്ധങ്ങളാണ്. എന്നാല്‍, പലസ്തീൻ അതിനുശേഷം ഇന്നുവരെ നടത്തിപ്പോന്നിട്ടുള്ളത് തങ്ങളുടെ നഷ്ടപ്പെട്ടുപോയ അസ്തിത്വത്തിനുവേണ്ടിയുള്ള, അവകാശങ്ങൾക്കു വേണ്ടിയുള്ള ജന്മഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളാണ്. അത് അവസാനിക്കാനുള്ള യാതൊരു സാധ്യതും കാണുന്നില്ല.

എന്നവസാനിക്കുമെന്നറിയില്ല ഈ യുദ്ധങ്ങൾ, അനാഥരാക്കപ്പെട്ടവരും, അംഗഭംഗം സംഭവിച്ചവരുമായി അനേകം പേർ യുദ്ധഭൂമികൾ ജീവിക്കുന്നു. കുട്ടികളും സ്ത്രീകളുമാണ് അവരിൽ ഭൂരിഭാഗവും. ഏത് യുദ്ധത്തിന്റെയും ബാക്കിപത്രങ്ങൾ അവർ തന്നെയാണ്. ആരുടേയും പക്ഷം പിടിക്കേണ്ടതില്ല. രണ്ടുകൂട്ടരും യുദ്ധത്തിലേർപ്പെടുന്നത് നിലനിൽപ്പിനു വേണ്ടിയാണ്. പക്ഷെ ഇപ്പോഴും എപ്പോഴും ലോകം ഇരകൾക്കൊപ്പമാണ് അത് പലസ്തീനായാലും ഇസ്രായേലായാലും.

 

Join WhatsApp News
Sudhir Panikkaveetil 2021-05-16 14:17:51
മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ തല്ലി മരിക്കുന്നു. ഈശ്വരനെ അറിയുന്നില്ല. ഞാൻ മുമ്പ് എഴുതിയത് ആവർത്തിക്കുന്നു ഒരു മതത്തിനും അവരുടെ ദൈവമാണ് ശരിയെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ശേഷികൊണ്ടും ആൾ ബലം കൊണ്ടും കാട്ടികൂട്ടുന്ന കോലാഹലമല്ലാതെ.. അതുകൊണ്ട് അയൽക്കാരനെ സ്നേഹിച്ചില്ലെങ്കിലും അവനെ ഉപദ്രവിക്കാതിരിക്കുക. തെറ്റ് ചെയ്യുന്നവരുടെ കൂടെ കുറച്ച്ചുപേർ ഉണ്ടാകുമെന്നല്ലാതെ എല്ലാവരും ഉണ്ടാകില്ല. സ്വയം കുറ്റം ചെയ്തു അതിന്റെ ഭവിഷ്യത്തുകൾ വരുമ്പോൾ ഇരകളായി ചമഞ്ഞു സഹതാപം തേടുന്നതിൽ അർത്ഥമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക