Image

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

Published on 16 May, 2021
ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ
മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടക്കവെ കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും മാത്രമെ ലഭിക്കൂ എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ട് ഒരു മന്ത്രി സ്ഥാനം മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് ജോസ് പക്ഷത്തിന് ലാഭമോ അതോ നഷ്ടമോ

രണ്ട് മന്ത്രി സ്ഥാനമാണ് ജോസ് ആവശ്യപ്പെടുന്നത്. ഇതിനുപിന്നില്‍ പാര്‍ട്ടിയില്‍ നിന്നും സാഹചര്യങ്ങളുടേതുമായ പല സമ്മര്‍ദ്ദങ്ങളുമുണ്ട്. അഞ്ച് എംഎല്‍എമാരുള്ളപ്പോള്‍ രണ്ട് മന്ത്രിസ്ഥാനം അവകാശപ്പെട്ടതാണെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന വാദം. കാരണം ഒരു എംഎല്‍എ മാത്രമുള്ളവര്‍ക്കു പോലും മന്ത്രി സ്ഥാനം ലഭിക്കുമ്പോള്‍ അഞ്ച് എംഎല്‍എമാര്‍ ഉള്ളവര്‍ക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് അവഗണിക്കപ്പെടുന്നതിന് തുല്ല്യമാണെന്നാണ് ഇവരുടെ പക്ഷം. പാര്‍ട്ടിയില്‍ നിന്നും ഇങ്ങനെ ശക്തമായ വാദം ഉയരുമ്പോള്‍ രണ്ട് മന്ത്രിസ്ഥാനം നേടിയെടുക്കാനായില്ലെങ്കില്‍ അത് അവകാശപ്പെട്ടത് ചോദിച്ചു വാങ്ങാന്‍ ജോസ് കെ മാണിക്ക് കഴിഞ്ഞില്ല എന്ന നിലയിലുള്ള ആരോപണങ്ങളിലേയ്ക്ക് പോവും. ഇതാണ് പാര്‍ട്ടിയില്‍ നിന്നും ജോസിന് മേലുള്ള സമ്മര്‍ദ്ദം.

ഒരു മന്ത്രി സ്ഥാനം ലഭിച്ചാല്‍ അത് ഇടുക്കിയില്‍ നിന്നും ജയിച്ചു വന്ന റോഷി അഗസ്റ്റിനാണ് പോവുക. അദ്ദേഹമാണ് ജയിച്ചു വന്നതിലെ മുതിര്‍ന്ന അംഗം. അങ്ങനെയായാല്‍ പാര്‍ട്ടിയുടെ തട്ടകമായ കോട്ടയം ജില്ലയില്‍ പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം ഇല്ലാതെ പോകും. ഇത് പാര്‍ട്ടിക്കുണ്ടാക്കുക വലിയ ദോഷമായിരിക്കും. കോട്ടയം ജില്ലയില്‍ ജോസ് പക്ഷത്തിന് മൂന്ന് എംഎല്‍എമാരാണുള്ളത്. എന്നാല്‍ ഇപ്പോള്‍ ഉള്ള അനുകൂല തരംഗം ജില്ലയില്‍ നില നിര്‍ത്തണമെങ്കില്‍ ജില്ലയില്‍ ഒരു മന്ത്രി അനിവാര്യമാണ്. ഇല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇത് പ്രചരണായുധമാക്കും കാരണം എന്നും യുഡിഎഫ് മന്ത്രിസഭകളില്‍ ശക്തമായ പ്രാതിനിധ്യമുണ്ടായിരുന്ന ജില്ലയാണ് കോട്ടയം. ചീഫ് വിപ്പ് പദവി കോട്ടയം ജില്ലയില്‍ നിന്നുള്ള എംഎല്‍എയ്ക്ക് ലഭിക്കുമെങ്കിലും ഇത് ഭരണപരമായി വലിയ പ്രാധാന്യമുള്ള പദവിയല്ല. 

ഒരു പക്ഷെ ജോസ് കെ മാണി വിജയിച്ചിരുന്നെങ്കില്‍ ഒരു പ്രധാനവകുപ്പ് ഉള്‍പ്പെടെ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ പാര്‍ട്ടിക്ക് ലഭിക്കുമായിരുന്നു. മന്ത്രിസ്ഥാനങ്ങളുടെ കുറവും തന്റെ തോല്‍വിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഒഴിവാക്കാന്‍ ജോസ് കെ മാണി ആഗ്രഹിക്കുന്നു. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ എന്ന ആവശ്യം ഉന്നയിച്ചിട്ടും ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫില്‍ ജോസ് ദുര്‍ബലനാണെന്ന പ്രചരണവും യുഡിഎഫില്‍ നിന്നുമുണ്ടാവും .

ഇങ്ങനെയുള്ള പലവിധ സമ്മര്‍ദ്ദങ്ങളാണ് രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ ഇപ്പോളും ഉറച്ചു നില്‍ക്കാന്‍ ജോസിനെ പ്രേരിപ്പിക്കുന്നത്. ഇപ്പറഞ്ഞ കാര്യങ്ങള്‍ വച്ചു വിലയിരുത്തിയാല്‍ ഒരു മന്ത്രിസ്ഥാനം മാത്രമെ ഉള്ളെങ്കില്‍ ജോസിനും പാര്‍ട്ടിക്കും അത് നഷ്ടമാണ് എന്നു തന്നെ പറയേണ്ടിവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക