Image

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം കൊച്ചിയില്‍ സജ്ജമാവുന്നു

Published on 16 May, 2021
രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം കൊച്ചിയില്‍  സജ്ജമാവുന്നു
കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാകാനൊരുങ്ങി അമ്ബലമുഗളിലെ താത്കാലിക ഗവ. കോവിഡ് ആശുപത്രി. ആദ്യഘട്ടത്തില്‍ 100 ഓക്സിജന്‍ കിടക്കകളുമായി പ്രവര്‍ത്തന സജ്ജമായ ആശുപത്രിയില്‍ ഞായറാഴ്ച മുതല്‍ ചികിത്സ ആരംഭിച്ചു. പദ്ധതി പൂര്‍ണ സജ്ജമാകുമ്ബോള്‍ കോവിഡിന് മാത്രം ചികിത്സയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ താല്‍ക്കാലിക സംവിധാനം ആകും ഇത്. 

പ്രതിദിന രോഗികളുടെ എണ്ണത്തിലും ടി പി ആര്‍ വര്‍ധനവിനും നട്ടം തിരിഞ്ഞിരുന്ന എറണാകുളം ജില്ലയ്ക്ക് ലഭിക്കുന്ന ആശ്വാസത്തുരുത്ത് കൂടിയാണ് ഈ ആശുപത്രി. ഓക്സിജന്‍ ബെഡിനായി ജില്ലയില്‍ രോഗികള്‍ ഇനി നെട്ടോട്ടമോടേണ്ടി വരില്ല എന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന ഉറപ്പ്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചതെന്ന് ആശുപത്രി സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. 

സംസ്ഥാന സര്‍ക്കാര്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താത്കാലിക ഗവ. കോവിഡ് ആശുപത്രി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കുന്നത്. ഓക്സിജന് പുറമേ വൈദ്യുതി, വെള്ളം മറ്റ് സൗകര്യങ്ങള്‍ എന്നിവ ബി.പി.സി.എല്‍ സൗജന്യമായാണ് ലഭ്യമാക്കുന്നത്. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കും. കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്സുമാര്‍ ഉള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും.

ഇവിടേക്കാവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യഘട്ട പരിശീലനം പുരോഗമിക്കുകയാണ്. ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവില്‍ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികള്‍ക്കായിരിക്കും. രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ നിയന്ത്രണം ജില്ലാ ഭരണകൂടം നിര്‍വഹിക്കും. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ളവര്‍ക്കും ഇവിടെ ചികിത്സ ലഭ്യമാക്കും.

ഇതിനു പുറമേ ആസ്റ്റര്‍ മെഡിസിറ്റി, എംഇഎസ്, സണ്‍റൈസ് എന്നീ ആശുപത്രികള്‍ 100 വീതം ഓക്‌സിജന്‍ ബെഡുകള്‍ കൂടി ഇവിടെ ക്രമീകരിക്കും. എ
കൊച്ചി റിഫൈനറിയില്‍ നിന്ന് ഓരോ മാസവും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി 100 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനാണ് വിതരണം ചെയ്യുന്നത്. ഇത് 600 മെട്രിക് ടണ്‍ ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക