Image

കോവിഡ്: യുഎഇ സാധാരണ നിലയിലേക്ക്; സ്കൂളുകളും തുറന്നു

Published on 16 May, 2021
കോവിഡ്: യുഎഇ സാധാരണ നിലയിലേക്ക്; സ്കൂളുകളും തുറന്നു
അബുദാബി: കോവിഡ് ആഘാതത്തില്‍നിന്ന് യുഎഇ ജനത സാധാരണ ജീവിതത്തിലേക്ക്.  5 ദിവസത്തെ പെരുന്നാള്‍ അവധിക്കുശേഷം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്നു തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

16 മുതല്‍ സര്‍ക്കാര്‍ ജോലിക്കാര്‍ നേരിട്ടു എത്തണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് അകലം പാലിച്ച് ഇരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ വിവിധ ഓഫിസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. വീട്ടിലിരുന്നുള്ള ജോലി മതിയാക്കി പെരുന്നാള്‍ അവധിക്കുശേഷം ഓഫിസില്‍ എത്താനായിരുന്നു നിര്‍ദേശം. മാസ്ക് ധരിക്കുകയും വേണം.

കോവിഡ് വാക്‌സീന്‍ എടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തം ചെലവില്‍ ആഴ്ചതോറം പിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ജോലിക്ക് ഹാജരാകേണ്ടത്.  ആരോഗ്യ കാരണങ്ങളാല്‍ വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ തൊഴിലുടമയുടെ ചെലവില്‍ പിസിആര്‍ ടെസ്റ്റ്  എടുക്കാന്‍ സൗകര്യം ഒരുക്കും. വാക്‌സീന്‍ എടുക്കാത്ത സ്വകാര്യമേഖലാ ജീവനക്കാര്‍ക്കും പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

സര്‍ക്കാര്‍ ഓഫിസുകള്‍ സന്ദര്‍ശിക്കാനും 96 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. വിവിധ സേവനങ്ങള്‍ക്കായി ഓഫിസില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കാനിടയുള്ളതിനാല്‍ അധിക സുരക്ഷയൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടിലിരുന്ന് ആവശ്യം നേടിയെടുക്കാനുതകുംവിധം കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കിവരികയാണ് അധികൃതര്‍.

അബുദാബിയിലെ ചില സ്കൂളുകളില്‍ മുഴുവന്‍ അധ്യാപകരും കഴിഞ്ഞ ആഴ്ച മുതല്‍ സ്കൂളില്‍ നേരിട്ടെത്തിയിരുന്നു. ഫെയ്‌സ് ടു ഫെയ്‌സിനു (എഫ്ടിഎഫ്) സ്കൂളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കു തത്സമയം ഇലേണിങ് സൗകര്യമൊരുക്കിയാണു ക്ലാസ്. എന്നാല്‍ മറ്റു ചില സ്കൂളുകളില്‍ ഈ ടേം കൂടി ഓണ്‍ലൈന്‍ പഠനം തുടരാനാണ് തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക