Image

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

ജോബിന്‍സ് തോമസ് Published on 16 May, 2021
സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട
ഒരുപാട് സ്വപ്‌നങ്ങളും പേറി പ്രവാസിയാവുകയും ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്ത ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഇന്നുച്ചകഴിഞ്ഞ് മൂന്നുമണിയോടെ കീരിത്തോട് നിത്യസഹായമാതാ പള്ളിയിലായിരുന്നു സംസ്‌ക്കാരം. ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സൗമ്യയെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധിയാളുകളാണ് വീട്ടിലെത്തിയത്.  കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പല സമയങ്ങളിലായിട്ടായിരുന്നു ആളുകളുടെ വരവ്.

ഏറെ വേദനയോടെയാണ് കീരിത്തോട് ഗ്രാമം സൗമ്യക്ക് വിട നല്‍കിയത്. കുംടുംബാഗങ്ങളുടെ കരച്ചില്‍ കണ്ടു നിന്നിരുന്നവരേയും ദുഖത്തിലാഴ്ത്തി. സംസ്ഥാന ഗവര്‍ണ്ണര്‍ക്കു വേണ്ടി ജില്ലാ കളക്ടര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇസ്രായേല്‍ കോണ്‍സല്‍ ജനറലും സൗമ്യക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തി. സൗമ്യ ഇസ്രയേലിന്റെ മാലാഖയാണെന്നും സൗമ്യയുടെ കുടുംബത്തെ ഇസ്രയേല്‍ കൈവിടില്ലെന്നും പറഞ്ഞ അദ്ദേഹം സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടേയും ഇസ്രായേലിന്റേയും പതാക ഉള്‍ക്കാള്ളുന്ന ബാഡ്ജ് നല്‍കി. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗമ്യ കൊല്ലപ്പെട്ടത്. കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും നാട്ടിലുള്ള ഭര്‍ത്താവുമായി  വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് റോക്കറ്റ് വന്നു പതിക്കുകയും കൊല്ലപ്പെടുകയും ചെയ്തത്. ആറുമാസം കഴിഞ്ഞാല്‍ നാട്ടിലേയ്ക്ക് തിരികെ പോരാനുള്ള ഒരുക്കത്തിലായിരുന്നു സൗമ്യ. ഇന്നലെയാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, പിറ്റി തോമസ് എംഎല്‍എ, ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണ്‍, സൗമ്യയുടെ ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക