Image

റോഷി അഗസ്റ്റിന്‍ മന്ത്രിയാകും, ജയരാജ് ചീഫ് വിപ്പ്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Published on 17 May, 2021
റോഷി അഗസ്റ്റിന്‍ മന്ത്രിയാകും, ജയരാജ് ചീഫ് വിപ്പ്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം : മന്ത്രിസഭയില്‍  കേരള കോണ്‍ഗ്രസിന്റെ (എം) മന്ത്രിസ്ഥാനം റോഷി അഗസ്റ്റിനു ലഭിക്കും. ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷിയെ തിരഞ്ഞെടുത്തു. എന്‍.ജയരാജാണ് ഉപനേതാവ്. കാബിനറ്റ് റാങ്കോടെ ചീഫ് വിപ് പദവി ജയരാജിനു ലഭിക്കും. അതേസമയം, മന്ത്രി, ചീഫ് വിപ് പദവികള്‍ സംബന്ധിച്ചു പാര്‍ട്ടി ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല.

മന്ത്രിസഭയില്‍ നാല് ഏകാംഗ കക്ഷികള്‍ക്കു രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വീതിച്ചു നല്‍കും. രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്– എസ്), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കെ.ബി. ഗണേഷ്കുമാര്‍ (കേരള കോണ്‍ഗ്രസ്– ബി), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍) എന്നിവരാണ് ഊഴം വച്ചു മന്ത്രിമാരാകുന്നത്. ഏകാംഗ കക്ഷികളില്‍ എല്‍ജെഡിയെ തഴഞ്ഞു.

രണ്ടു മന്ത്രിസ്ഥാനം നാലായി പങ്കുവയ്ക്കാനുള്ള തീരുമാനം സിപിഎം നേതൃത്വം കക്ഷികളെ അറിയിച്ചു. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച കേരള കോണ്‍ഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനത്തിനൊപ്പം കാബിനറ്റ് റാങ്കോടെ ചീഫ് വിപ് പദവി നല്‍കാമെന്നാണു നിര്‍ദേശം. ഇക്കാര്യത്തിലുള്ള നിലപാട് അവര്‍ ചര്‍ച്ച ചെയ്ത് അറിയിക്കും.

ഇന്നു 11 നു ചേരുന്ന എല്‍ഡിഎഫ് നേതൃയോഗം മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച ഔപചാരിക തീരുമാനമെടുക്കും.ഇന്നലെ രാവിലെ സിപിഎം– സിപിഐ ചര്‍ച്ചയ്ക്കു ശേഷം ബാക്കിയുള്ള 9 പാര്‍ട്ടികളുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സംസാരിച്ചു. എല്‍ഡിഎഫില്‍ ആദ്യമായാണ് ഊഴം വച്ചു മന്ത്രിസ്ഥാനം പകുത്തുനല്‍കുന്നത്. 11 കക്ഷികളുള്ള മുന്നണിയായി എല്‍ഡിഎഫ് വികസിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കാനായി പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണെന്നു നേതാക്കള്‍ വിശദീകരിച്ചു. അഞ്ചു വര്‍ഷവും ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഗണേഷ്കുമാറും ആന്റണി രാജുവും പരിഭവത്തിലാണ്. ഇരുവര്‍ക്കും ആദ്യ ടേം ലഭിക്കുമെന്നാണു സൂചന. അവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കും.

കഴിഞ്ഞ മന്ത്രിസഭയില്‍ 20 പേരാണുണ്ടായിരുന്നത്. പുതിയത് 21 അംഗ മന്ത്രിസഭയാണെങ്കിലും സിപിഎമ്മിന് ഒരാള്‍ കുറയും. സിപിഎം 12, സിപിഐ 4, കേരള കോണ്‍ഗ്രസ് (എം), ജനതാദള്‍ (എസ്), എന്‍സിപി ഒന്നുവീതം, മറ്റു നാലു കക്ഷികള്‍ക്കുംകൂടി 2 എന്ന നിലയ്ക്കാണു പ്രാതിനിധ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക