Image

വെള്ളപ്പൊക്കത്തിലേയ്ക്ക് മഴ : മുരളി കൈമൾ

Published on 17 May, 2021
വെള്ളപ്പൊക്കത്തിലേയ്ക്ക് മഴ : മുരളി കൈമൾ
ഓർമ്മകളിലേയ്ക്കല്ല ...
ഇപ്പോൾ
ഓരോ മഴയും
വെള്ളപ്പൊക്കത്തിലേക്ക് 
നമ്മെ നയിക്കുമ്പോൾ
എന്തോ
മഴ സംഗീതമായി
കരളിൽ പെയ്യുന്നില്ല.
മീനച്ചിലാർ കരകളിൽ നൊമ്പരങ്ങൾ നൽകി ഓരോ മഴക്കാലവും കടന്നുപോകുന്നു--
വലിയ മോഹങ്ങളോടെയാണ്
മീനച്ചിലാറിൻ കരയിൽ വീട് കെട്ടി ഉയർത്തിയത്.
പക്ഷേ വയൽ നികത്തി പുഴയുടെ വഴി തടഞ്ഞുവച്ചതിന്റെ മറുപടിയായി പുതിയ മാർഗ്ഗത്തിലുടെ ഒഴുകി , കരകൾ കവർന്ന് മീനച്ചിലാർ ,അടുക്കം( ഈരാറ്റുപേട്ട) മുതൽ കുമരകത്ത് എത്തുന്നതു വരെ പുതിയ വഴികൾ തേടുന്നു.
ഈ നിമിഷത്തിലെ പുഴയല്ല അടുത്ത നിമിഷം ഒഴുകുന്നതെന്ന് കവി. രണ്ടു ദിവസം മുൻപ് ശാലീനയായി ഒഴുകിയ പുഴ --- 
പക്ഷേ ഇന്ന് ഈ വെകിട്ട് കര കവിഞ്ഞ് , തിമിർത്തു പെയ്യുന്ന മഴയെ ഏറ്റു വാങ്ങി കടലിനെ തേടിയുള്ള യാത്ര--
വേലിയേറ്റമാണ് , തണ്ണീർമുക്കം ബണ്ട് തുറന്നിട്ടും, പുഴയെ കടൽ സ്വീകരിക്കുന്നില്ല.
കോഴി കൂവുന്നതു വരെ ശുചീന്ദ്രത്തെ ദേവനെ വരണമാല്യവുമായി കാത്തിരുന്ന കന്യാകുമാരി ദേവി. വിവാഹ മുഹൂർത്തം കഴിഞ്ഞിട്ടും ദേവൻ എത്തില്ല എന്ന് അറിഞ്ഞപ്പോൾ , ഒരുക്കങ്ങളെല്ലാം കടൽക്കരയിൽ തട്ടിയെറിഞ്ഞു. കന്യാകുമാരിയിലെ കടൽക്കരയിലെ മണൽ നിറം മാറിയതാണ്.
അതു പോലെ കടൽ സ്വീകരിക്കാത്തതിൽ കലി പുണ്ട് കരയെ കവർന്ന് ഒഴുകുന്ന മീനച്ചിലാർ.
 -"നദി കര കവിഞ്ഞ് ഒഴുകുകയല്ല
മറിച്ച് താൻ പണ്ട് മറന്ന് വെച്ച വഴികളിലുടെ വീണ്ടും സഞ്ചരിക്കുകയാണ്  - "എന്ന് ആരോ പറഞ്ഞത് ഓർമ്മിക്കാം.

വെള്ളപ്പൊക്കത്തിലേയ്ക്ക് മഴ : മുരളി കൈമൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക