Image

പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Published on 17 May, 2021
പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ച്ചയിലും ദേശീയ വാക്‌സിന്‍ നയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ ഡല്‍ഹി പോലീസ് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

പ്രദീപ് കുമാര്‍ എന്നയാളാണ് ഹര്‍ജിക്കാരന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡല്‍ഹി പോലീസിനോട് എഫ്‌ഐആര്‍ റദ്ദാക്കാനും നടപടിയെടുക്കരുതെന്നും നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ചതിന് ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട് . ഒപ്പം ഇവര്‍ക്കെതിരെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനുകള്‍ എന്തിനാണ് വിദേശത്തേക്ക് അയച്ചിരിക്കുന്നത്’ എന്നായിരുന്നു പോസ്റ്ററിലെ പ്രധാന സന്ദേശം.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രൂക്ഷമാകുമ്ബോള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും വില്‍ക്കാനും അനുദിച്ച സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷവും ആരോഗ്യ വിദഗ്ദ്ധരുമുള്‍പ്പടെ പലരും ചോദ്യം ചെയ്തിരുന്നു.

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ക്കെതിരെയുണ്ടായ പോലീസ് നടപടിയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ പോസ്റ്ററുകള്‍ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമാക്കുന്നുണ്ട് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക