Image

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിജി ` പുറത്തിറക്കി

Published on 17 May, 2021
ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിജി ` പുറത്തിറക്കി
ന്യൂഡെല്‍ഹി:  ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിജിയുടെ ആദ്യബാച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും ചേര്‍ന്ന് പുറത്തിറക്കി. അടിയന്തര ഉപയോഗത്തിനായി 2-ഡിയോക്‌സി ഡി-ഗ്ലൂകോസ് (2ഡിജി) മരുന്നിന് ഈ മാസമാദ്യം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) അംഗീകാരം നല്‍കിയിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറടറീസുമായി സഹകരിച്ചാണു ഡിആര്‍ഡിഒ ലാബ് 2-ഡിജി വികസിപ്പിച്ചത്. പൊടി രൂപത്തില്‍ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പം കഴിക്കാം. കോവിഡ് ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2-ഡിജിയും വരുന്നത്. 

'കോവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് പ്രതീക്ഷ നല്‍കുന്നു. നമ്മുടെ രാജ്യത്തിന്റെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണിത്. നമ്മള്‍ വിശ്രമിക്കേണ്ട സമയമായിട്ടില്ല, നാം തളരേണ്ടതുമില്ല. ഓക്‌സിജന്‍ വിതരണം, ഐസിയു കിടക്കകള്‍, ക്രയോജനിക് ടാങ്കറുകളുടെ ക്രമീകരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സര്‍കാര്‍ ഗൗരവ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്' ഡിആര്‍ഡിഒയില്‍ നടന്ന പരിപാടിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

 ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്കു വേഗത്തില്‍ ആശ്വാസം കിട്ടുന്നതിനും ഓക്‌സിജന്‍ ആശ്രിതത്വം കുറയ്ക്കുന്നതിനും 2-ഡിജി മരുന്നിനു കഴിയുമെന്നു ക്ലിനിക്കല്‍ പരീക്ഷണ ഫലങ്ങള്‍ ഉദ്ധരിച്ചു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക