Image

ജന്മമൊന്നല്ലേയുള്ളൂ.. നമുക്കൊന്ന് മതിയാവോളം മിണ്ടിക്കൂടെ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -3)  

Published on 17 May, 2021
ജന്മമൊന്നല്ലേയുള്ളൂ.. നമുക്കൊന്ന് മതിയാവോളം മിണ്ടിക്കൂടെ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -3)  

വ്യഥകൾ, ഭീതികൾ, ദ്വേഷങ്ങൾ മഥിച്ച് മൺകുഴമ്പാക്കിയിട്ടുണ്ട് എന്റെ  മനസ്സിനെ, കാക്കത്തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിൽ കൂടുതൽ പ്രാവശ്യം. അപ്രകാരമൊരു വ്യഥിത മഥന കാലത്താണെന്ന് തോന്നുന്നു, ഞാനാ പാട്ട് വ്യക്തമായി ശ്രദ്ധിച്ചു കേട്ടത്.മുഴുവൻ പാട്ടല്ല,

 "ഉറങ്ങുന്ന ഭൂമിയെ നോക്കീ, ഉറങ്ങാത്ത നീലാംബരം പോൽ..
അഴകേ നിൻ കുളിർമാല ചൂടി  അരികത്തുറങ്ങാതിരിക്കാം.." 

അസഹ്യമായൊരു നിർവൃതിയോ ആത്മഹർഷമോ എന്നെ പൊട്ടിപ്പൊട്ടിക്കരയിച്ചു. എന്നെ നീ ചുംബിച്ചുറക്കൂവെന്നല്ല, എന്നെ നീ പാടിയുറക്കൂവെന്നല്ല, എന്റെ നിദ്രക്ക് നീ കാവലാവൂ എന്നല്ല നിന്നെ, നിന്റെ പേലവതകളെ, നിന്റെ മതിഭ്രമങ്ങളെ, നിന്റെ നിതാന്ത നിദ്രയെ ഞാൻ കൈയേറ്റിരിക്കുന്നൂ എന്നാണാ വാഗ്ദാനം. ഇതാ, തൊട്ടടുത്ത് നിന്റെയൊരു നോട്ടം മാത്രം നീട്ടിയാൽ മതിയാവുമെന്നവൻ വാഗ്ദാനം ചെയ്കെ, ഏതൊരുവളാണല്ലേ രാഗമഥിതയാവാത്തത്??

ഏറെയൊന്നും പഴക്കമില്ലാത്ത മിക്കവാറും ആസ്വാദകർക്ക് പ്രിയങ്കരമായ ഒരു പാട്ടാണ് "ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലെ.."

വളരെ വർഷം മുൻപ് മാതൃഭൂമി ദിനപത്രത്തിൽ ബുധനാഴ്ചതോറും ഒരു പംക്തി വന്നിരുന്നു. "ഓർമയിൽ ഇന്നലെ" എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. കൃത്യമായി ഓർക്കുന്നില്ല. പലരും തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ആ പംക്തിയിൽ രേഖപ്പെടുത്തി. ഒരിക്കൽ വായിച്ച ഒരനുഭവം എന്റെയുള്ളിൽ ഞാനും രേഖപ്പെടുത്തി. ഒരു വക്കീൽ ആയിരുന്നു ലേഖകൻ. ഡോക്ടറായ ഭാര്യയുമായി അദ്ദേഹം പിണങ്ങിത്താമസിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷത്തിൽക്കൂടുതലായി. 

പ്രൊഫെഷണൽ/ പേർസണൽ ഈഗോകൾ. പരസ്പരം ഒരൊറ്റവട്ടം നോക്കിപ്പുഞ്ചിരിച്ചാൽ തീരാവുന്നവയെങ്കിലും അങ്ങനെ തോന്നാതെ രണ്ടുപേരും. ഒരിക്കൽ അദ്ദേഹം ഉറക്കമുണർന്നത് "ഒരു ചെമ്പനീർപ്പൂവിറുത്ത് ഞാനോമലേ "എന്ന പാട്ട് കേട്ടുകൊണ്ടാണത്രെ. അന്നുവരെ തികട്ടി വന്നിട്ടില്ലാത്തൊരു കരച്ചിൽ അദ്ദേഹത്തിന്റെ ചങ്കിൽ മുട്ടിത്തിരിഞ്ഞു. അന്നുതന്നെ ആ പാട്ടിന്റെ സീഡി തപ്പിപ്പിടിച്ചു. മൂന്നു കൊല്ലത്തിൽക്കൂടുതലായി ഡയൽ ചെയ്യാത്ത ഒരു നമ്പർ വിരലിൽ അനങ്ങി. അപ്പുറത്തെ 'ഹലോ 'യോടൊപ്പം ഇപ്പുറത്തുനിന്നു ഉണ്ണിമേനോൻ മന്ദ്രമായി വിലപിച്ചു.

 "തനിയെ നിറഞ്ഞ സ്നേഹമാം മാധുര്യം... ഒരു വാക്കിനാൽ തൊട്ടു ഞാൻ നൽകിയില്ലാ.... "(എന്റെ, എന്റെ മാത്രം പിഴ ) "കുളിർമഞ്ഞു പെയ്യുന്ന യാമത്തിലും നിന്റെ മൃദുമേനിയൊന്നു തലോടിയില്ലാ "..ഇതിലും നന്നായി എങ്ങനെയാണൊരു ആണൊരുത്തൻ മാപ്പു ചോദിക്കേണ്ടത്, അല്ലേ, തന്റെ പെണ്ണിനോട്. അന്നു സന്ധ്യക്കുമുമ്പ് അവൾ അയാളുടെ വീട്ടിൽ തിരിച്ചെത്തി. 

ഒരു പാട്ടിലെ വരികളുടെ ശക്തിയാണാ തിരിച്ചുവരവിന് പിന്നിലെന്ന് തോന്നുന്നുണ്ടോ... അങ്ങനെയായിക്കൂടെ? വ്യർത്ഥാഭിമാനത്തിന്റെ വന്മതിൽ ഇടിച്ചുനിരത്താൻ വാക്കുകളേക്കാൾ നല്ല ആയുധമില്ല... 

ജന്മമൊന്നല്ലേയുള്ളൂ.. നമുക്കൊന്ന് മതിയാവോളം മിണ്ടിക്കൂടെ...??  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക