Image

മംഗളൂരുവില്‍ ടഗ്ഗുകള്‍ അപകടത്തില്‍ പെട്ട് 2 പേര്‍ മരിച്ചു; 3 പേരെ കാണാതായി

Published on 17 May, 2021
മംഗളൂരുവില്‍ ടഗ്ഗുകള്‍ അപകടത്തില്‍ പെട്ട് 2 പേര്‍ മരിച്ചു; 3 പേരെ കാണാതായി
മംഗളൂരു: മംഗളൂരു തുറമുഖ മേഖലയില്‍ 2 ടഗ്ഗുകള്‍ അപകടത്തില്‍ പെട്ട് 2 പേര്‍ മുങ്ങി മരിച്ചു. 3 പേരെ കാണാതായി. 12 പേര്‍ രക്ഷപ്പെട്ടു. മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിലേക്ക് (എംആര്‍പിഎല്‍) ക്രൂഡ് ഓയിലുമായി എത്തിയ കപ്പലില്‍ നിന്ന് ഇത് എംആര്‍പിഎല്ലിന്റെ പൈപ്പ്ലൈനിലേക്കു പമ്പു ചെയ്യുന്നതിനു പോയതാണ് മുങ്ങിയ ടഗ്. രണ്ടാമത്തേത് കടലിലെ പാറയില്‍ ഇടിച്ചു തകരുകയുമായിരുന്നു.

മംഗളൂരു തുറമുഖം (എന്‍എംപിടി) കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്നവയാണ് രണ്ടും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള കടല്‍ക്ഷോഭത്തിലും കാറ്റിലും പെട്ടാണ് ഇവ അപകടത്തില്‍ പെട്ടത്. അണ്ടര്‍ വാട്ടര്‍ സര്‍വീസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള അലയന്‍സ് എന്ന ടഗ്ഗാണ് മുങ്ങിയത്. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.

ഇതിലുണ്ടായിരുന്ന ഹേമന്ത് എന്ന തൊഴിലാളിയുടെ മൃതദേഹം പടുബിദ്രി യര്‍മാലില്‍ കരയ്ക്ക് അടിയുകയായിരുന്നു. മറ്റൊരാളുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്‍ക്കൊത്ത സ്വദേശികളായ മുനീര്‍ മുല്ല(34), ഗരീബുല്‍ ഷെയ്ഖ്(24) എന്നിവരടക്കം 3 പേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ 3 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചരക്കു നീക്കം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച മടങ്ങേണ്ടതായിരുന്നു ഇത്. എന്നാല്‍ അന്ന് തിരിച്ചെത്തിയില്ല. ശനിയാഴ്ച രാവിലെ തുറമുഖത്തേക്കു വരുന്നതിനിടെയാണ് ടഗ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച രാവിലെ 10.30ന് ടഗ്ഗും തുറമുഖവുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടു. തുടര്‍ന്ന് തുറമുഖ അധികൃതര്‍ വിവരം കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചു.

കോസ്റ്റ്ഗാര്‍ഡും തീര സുരക്ഷാ സേനയും തുറമുഖവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മംഗളൂരു തുറമുഖത്തു നിന്ന് 10 നോട്ടിക്കല്‍ മൈല്‍ (18.50 കിലോമീറ്റര്‍) അകലെ പടുബിദ്രിക്കു പടിഞ്ഞാറ് ടഗ് മുങ്ങിക്കൊണ്ടിരിക്കുന്നതു കണ്ടെത്തുകയായിരുന്നു.  ന്യൂനമര്‍ദത്തെ തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമായതും കാറ്റും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

മംഗളൂരു തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരുന്നതാണ് പാറയില്‍ ഇടിച്ചു തകര്‍ന്ന ടഗ്. ശക്തമായ കാറ്റില്‍ തകര്‍ന്ന ടഗ് നിയന്ത്രണം വിട്ടു നീങ്ങി കാപ്പു ലൈറ്റ് ഹൗസിനു സമീപം പാറയില്‍ ഇടിച്ചു തകരുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക