Image

കോശി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെനറ്റർ കെവിൻ തോമസ് ഉൾപ്പെടെ പ്രമുഖർ രംഗത്ത് 

Published on 17 May, 2021
കോശി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെനറ്റർ കെവിൻ തോമസ് ഉൾപ്പെടെ പ്രമുഖർ രംഗത്ത് 

ന്യൂയോർക്ക് സിറ്റി കൗൺസിലിലേക്ക് ഡിസ്ട്രിക്ട് 23 ൽ നിന്ന്  മത്സരിക്കുന്ന കോശി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെനറ്റർ കെവിൻ തോമസ് ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തിറങ്ങി. എണ്ണം കൊണ്ടും സ്വാധീനം കൊണ്ടും കരുത്താർജ്ജിച്ചുകൊണ്ടിരിക്കുന്ന  ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് ന്യൂയോർക്ക് സിറ്റി കൗൺസിലിൽ തങ്ങളുടെ ശബ്ദമാകാൻ ഒരു പ്രതിനിധി അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കെവിൻ തോമസ് പ്രചാരണ ധനസമാഹരണ പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്ത്യക്കാരുടെ സന്തോഷവും സങ്കടവും പങ്കുവയ്ക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കമ്മ്യൂണിറ്റിയിൽ നിന്നൊരാൾ വിജയിച്ചാലുള്ള മെച്ചവും അദ്ദേഹം വിശദീകരിച്ചു. എല്ലാ അർത്ഥത്തിലും യോഗ്യനായ കോശിയെപ്പോലൊരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ഏവരും തങ്ങളുടെ വിലയേറിയ വോട്ട് പ്രയോജനപ്പെടുത്തണമെന്നും സെനറ്റർ ഓർമ്മപ്പെടുത്തി.

ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരായ  അശോക് വോറ,കമലേഷ് മേത്ത,കമ്മ്യൂണിറ്റി നേതാക്കളായ  ദിലീപ് ചൗഹാൻ, വിമൽ ഖോയൽ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോർജ് എബ്രഹാം എന്നിവരും പരിപാടിയിൽ  പങ്കെടുത്തു.

ഇനി ഒരു ഒത്തുചേരൽ സംഘടിപ്പിക്കുന്നത് കോശിയുടെ വിജയം ആഘോഷിക്കാൻ വേണ്ടി ആയിരിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് വോറ തന്റെ വാക്കുകളിലൂടെ പകർന്നത്. മേത്തയും ചൗഹാനും കോശിയുടെ മുൻകാല സാമൂഹിക പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ് വോട്ട് അഭ്യർത്ഥിച്ചത്. അദ്ദേഹത്തെ വിജയിപ്പിക്കാൻ ഇന്ത്യക്കാർ ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ന്യൂയോർക്ക് സിറ്റി കൗൺസിലിലേക്ക് ആദ്യ ഏഷ്യൻ, ആദ്യ ഇന്ത്യക്കാരൻ എന്നിങ്ങനെ പുതുചരിത്രം രചിക്കാനുള്ള അവസരമാണ് വോട്ടർമാർക്ക് മുന്നിൽ ഉള്ളതെന്നും അത് പാഴാക്കരുതെന്നും ജോർജ് എബ്രഹാം പറഞ്ഞു. 

കോശി തോമസിനെ  മത്സരക്കളത്തിലേക്ക് ഇറങ്ങാൻ  പ്രേരിപ്പിച്ചതിനെക്കുറിച്ചാണ്  ജോർജ്ജ് പറമ്പിൽ സംസാരിച്ചത്.

നമ്മുടെ കമ്മ്യൂണിറ്റിക്ക് പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകണമെങ്കിൽ നമ്മളിൽപ്പെട്ടവർ പ്രതിനിധികളാകണമെന്ന വസ്തുതതയ്‌ക്കാണ്  അധ്യാപികയും  മെഡിക്കൽ പ്രൊഫഷണലുമായ ഡോ. അന്ന ജോർജ് ഊന്നൽ നൽകിയത്.

 പൊള്ളയായ  വാഗ്ദാനങ്ങൾ നൽകുന്ന  രാഷ്ട്രീയക്കാർക്കിടയിൽ ജനസേവനം ജീവിതത്തിന്റെ ഭാഗമാക്കിയ കോശിയെപ്പോലുള്ളവരെയാണ് നമുക്ക് വേണ്ടതെന്ന്  ഡെൻസിൽ ജോർജ് അഭിപ്രായപ്പെട്ടു. കോശി  തോമസ് നമ്മുടെ സമൂഹത്തിൽ പ്രകടമായ മാറ്റം കൊണ്ടുവരുമെന്ന  പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. 

കോശി തോമസിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നൽകുമെന്ന് കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് റെജി കുര്യൻ ഉറപ്പ് നൽകി. എ‌കെ‌എം‌ജിയുടെ മുൻ പ്രസിഡന്റ് ഡോ. തോമസ് മാത്യു, കോശിയുടെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.

ഫാ. ജോൺ തോമസ്, ഫാ. ജോൺ മേലേപ്പുറം, വി.എം. ചാക്കോ, വർഗ്ഗീസ് എബ്രഹാം, മേരി ഫിലിപ്പ്, നീൽ കോശി, പോൾ ചുള്ളിയിൽ, ഹേമ വിരാനി, ലോന എബ്രഹാം , സാഖ്   മത്തായി എന്നിവരും  കോശി  തോമസിനെ പിന്തുണച്ച് സംസാരിച്ചു. അജിത് എബ്രഹാം, ബിജു ചാക്കോ എന്നിവരായിരുന്നു പരിപാടിയുടെ എംസി-മാർ.

കോശി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെനറ്റർ കെവിൻ തോമസ് ഉൾപ്പെടെ പ്രമുഖർ രംഗത്ത് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക