Image

സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍ മാത്രം; വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

Published on 17 May, 2021
സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍ മാത്രം; വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച മൂന്നര മണിക്ക് നടക്കുമെന്നും 500 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മൂഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിനിടയില്‍ തന്നെയാണ് സാധാരണനിലയില്‍ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കവും. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ജനങ്ങളുടെ ആഘോഷ തിമിര്‍പ്പിനിടയില്‍ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്‌റ്റേഡിയം 50,000 പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാല്‍ സ്‌റ്റേഡിയത്തില്‍ പരമാവധി 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുക. അഞ്ചു വര്‍ഷം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചുരുക്കുന്നത്. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യ അല്ല എന്ന് കാണാന്‍ കഴിയും. 140 എംഎല്‍എമാരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ നിലയില്‍ നിയമസഭാ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് തന്നെ. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമായ കാര്യമല്ല. ജനാധിപത്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്‌സിക്യുട്ടീവും ജുഡീഷ്യറിയും.

ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഈ മൂന്നിനേയും ഒഴിവാക്കാന്‍ കഴിയില്ല. ഇവമൂന്നും ഉള്‍പ്പെട്ടാലെ ജനാധിപത്യം അതിന്റെ സത്വയോടെ പുലരൂ. ഈ സാഹചര്യത്തിലാണ് ന്യായാധിപന്‍മാരേയും ഉദ്യോഗസ്ഥരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക