America

ഒട്ടകപ്പരുന്ത്  (കെ കെ സിദ്ധിക്ക്, കഥാ മത്സരം)

Published

on

ഡോക്ടര്‍ ഹാമില്‍ടന്‍ തന്‍റെ കണ്ണട ഊരി ഒന്ന് കൂടി അതിന്‍റെ ച്ചില്ലുകള്‍ തുടച്ച ശേഷം മുഖത്ത് ഉറപ്പിച്ച് തന്‍റെ മുന്നിലിരിക്കുന്ന യുവാവിനെ നോക്കി. കഴിഞ്ഞ രാത്രി തന്‍റെ ആസ്പത്രിയില്‍ കൊണ്ടു  വന്ന ആളാണ്‌. ഏകദേശം ഇരുപത്തി അഞ്ചു വയസ്സ് പ്രായം തോന്നിക്കും. ഗൂഡമായ കണ്ണുകള്‍, ഏതോ ഹിംസ്ര ജന്തുവിനെ കണ്ടു ഭയപ്പെട്ടത് പോലെ ഇരു കണ്ണുകളിലും പേടി ഒളിഞ്ഞിരുപ്പുണ്ട്.  മുടിയോടു പറ്റെ ചേര്‍ന്നിരിക്കുന്ന ചെവികള്‍. കറുത്ത കട്ടിമീശ, തടിച്ച ചുവന്ന ചുണ്ടുകള്‍, അയാളുടെ കോമ്പല്ലുകള്‍ ആവശ്യത്തിലധികം നീണ്ടിട്ടുണ്ടോ എന്ന് ഒരു സംശയം, ഉരുണ്ട കഴുത്ത്, പലക ശരീരം, അലക്ഷ്യമായിട്ടിരിക്കുന്ന പാറിയ മുടിയിഴകളില്‍ ഒട്ടിയ വെറ്റ് ക്രീം ഉണങ്ങി പിടിച്ചിട്ടുണ്ട്, ധരിച്ചിരിക്കുന്ന കുപ്പായത്തില്‍ പിടിവലി നടത്തിയ ചുളിവുകളുണ്ട്..പോക്കറ്റില്‍ സ്വര്‍ണനിറമുള്ള മൊബൈലിന്‍റെ മുകള്‍ ഭാഗം കാണാം. ബ്രാന്‍ഡട് ഷര്‍ട്ട് ആണ് ഇട്ടിരിക്കുന്നത്..ഉരുക്കുപോലുളള കൈകളില്‍ ഒന്നില്‍ കറുത്തതും, ചുമന്നതും, കാവിയും നിറമുള്ള ചരടുകള്‍, കെട്ടിയിട്ടുണ്ട്..ചരടിന്മേല്‍ കൈകളിലെ കറുത്ത രോമങ്ങള്‍ നേര്‍ വരകള്‍ വരച്ചിട്ടുണ്ട്...മറ്റേ കയ്യില്‍ കട്ടി കൂടിയ ഒരു സ്റ്റീല്‍ വളയും ഉണ്ട്...തടിച്ച തുടകളോട് പറ്റിപ്പിടിച്ചിരിക്കുന്ന ജീന്‍സ്, അയാളുടെ ഭാരം തന്‍റെ കസേര തങ്ങുമോ എന്ന സംശയം ഹാമില്‍ടനുണ്ട്.

വളരെ ക്ഷമയോടെ ആണയാള്‍ ഇരിക്കുന്നത്..തൊട്ടടുത്ത്‌ നിസ്സഹായനായി പ്രായം തോന്നാത്ത രീതിയില്‍ ഒരു മദ്ധ്യവയസ്കന്‍ അയാളുടെ കയ്യില്‍ പിടിച്ചുകൊണ്ടു അടുത്ത കസേരയില്‍ ഇരിക്കുന്നു...ഡോക്ടര്‍ ഹാമില്‍ട്ടണ്‍ അടുത്തിരിക്കുന്നുണ്ടെങ്കിലും  അയാളെ നോക്കുകയോ ചലനങ്ങള്‍ ശ്രധിക്കുന്നതോയില്ല.

ചരടില്‍ തൂങ്ങിക്കിടക്കുന്ന കണ്ണട മൂക്കില്‍ എടുത്തു വച്ച് ഡോക്ടര്‍ കൂടെ വന്ന ബൈസ്ടാണ്ടറോട് ചോദിച്ചു..

“ഉം...... പറയൂ എന്താണ് പ്രോബ്ലം...വേഗം പറയൂ” ഡോക്ടര്‍ തിടുക്കം കൂട്ടി...

“സര്‍ ഇതെന്‍റെ മകനാണ്.. ആഗ്നേയ വൈഭവ്, മെഡിസിനില്‍ അവസാന വര്‍ഷം ചെയ്യുന്നു...കഴിഞ്ഞ കുറെ നാളുകളായി വല്ലാത്ത ചില മാറ്റങ്ങള്‍ അവനില്‍ കാണുന്നു...രാത്രിയില്‍ ഉറക്കം തീരെയില്ല..സ്വപ്നം കണ്ടു പേടിച്ച രീതിയില്‍ ഞെട്ടി ഉണരുകയും, പരസ്പരം ബന്ധമില്ലാത്ത ചില വാചകങ്ങള്‍ വിളിച്ചു പറയുകയും ചെയ്യുന്നു...കൂടാതെ കിടക്കയില്‍ കിടന്നു മൂത്രിക്കയും ചെയ്യുന്നു..പരിസര ബോധം നഷ്ടപെട്ടവനെ പോലെ പെരുമാറുകയും ചെയ്യുന്നു....”

“ആ സമയത്ത് കണ്ണുകള്‍ തുറന്നിരിക്കുമോ അടഞ്ഞിരിക്കുമോ..”.?

 ഡോക്ടര്‍ ചോദിച്ചു...

“കണ്ണുകള്‍ തുറന്നിരിക്കും....”

പാരമ്പര്യമായികണ്ണുകള്‍ തുറന്നിരുന്നാണോ നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുന്നത്...

ഈ ചോദ്യത്തിനു പ്രതികരണമുണ്ടായില്ല....

“ഈ സമയം ഇയാള്‍ നിങ്ങളെ കണ്ടാല്‍ തിരിച്ചറിയുമോ  ?

അതറിയില്ല...

ഇങ്ങിനെ എത്ര നേരം തുടരും...

തളര്‍ന്നു വീഴും വരെ...

എത്ര നാളായി തുടങ്ങിയിട്ട്...

ഞങ്ങള്‍ ഇന്നലെ മുതലാണ്‌ ശ്രദ്ധിക്കുന്നത്... ഇന്നലെ രാവിലെയാണ് വീട്ടില്‍ വന്നത്... ഹോസ്ടലിലാണ് താമസം..കൂട്ടുകാരെ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് കുറെ നാളുകളായി തുടങ്ങിയിട്ട് എന്നാണ് ...എന്താ ഡോക്ടര്‍ ഇങ്ങിനെ’’’

ബൈസ്ടാന്ടര്‍ തന്‍റെ നാവിനോരല്പം വിശ്രമം കൊടുത്തു...

ഈ സമയം ഹാമില്ടന്‍ സ്ക്രിബ്ബ്ലിംഗ് പാഡില്‍ ചുമ്മാ കുത്തിവരക്കുകയായിരുന്നു..

അവര്‍ക്കിടയില്‍ അപകടകാരിയായ മൌനം തളംകെട്ടി നില്‍ക്കുന്നുണ്ട്...ഈ സംസാരം ഒന്നും ചെറുപ്പകാരന്‍ ശ്രദ്ധിക്കുന്നെയില്ലായിരുന്നു...

അല്‍പ സമയം കഴിഞ്ഞു ഡോക്ടര്‍ തുടര്‍ന്നു...

”എന്താണ് ഉറക്കത്തില്‍ വിളിച്ചു പറയുന്നത്” അത് ശ്രദ്ധിച്ചോ...?

'ഉവ്വ്,  വെളുത്ത കാലുകള്‍ എന്നും ചുവന്നകാലുകള്‍ എന്നും,  പിന്നീട് കാവിക്കാലുകള്‍ എന്നും പറയുന്നുണ്ട്...കൂടാതെ ഒട്ടകത്തിന്‍റെ ഉടലും പരുന്തിന്‍റെ തലയും, ഒട്ടകപ്പക്ഷിയുടെ കരുത്തുറ്റ കാലുകള്‍ എന്നും പറയുന്നുണ്ട്..

”എന്താ... എന്താ... ഒന്നുകൂടി ആവര്‍ത്തിക്കൂ” ജിജ്ഞാസയോടെ ഡോക്ടര്‍..... 

വെളുത്ത കാലുകള്‍ എന്നും ചുമന്ന കാലുകള്‍ എന്നും, പിന്നീട് കാവിക്കാലുകള്‍ എന്നും പറയുന്നുണ്ട്.. കൂടാതെ ഒട്ടകത്തിന്‍റെ ഉടലും പരുന്തിന്‍റെ തലയും..ഒട്ടകപ്പക്ഷിയുടെ കരുത്തുറ്റ കാലുകള്‍ എന്നും പറയുന്നു..

“ഇങ്ങിനൊരു വിചിത്ര ജീവിയെ നിങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്നുണ്ടോ..”.ഹാമില്ടന്‍ ചോദിച്ചു..”.വേണ്ട ഇതുപോലോന്നിനെ ഇതിനുമുന്‍പ് കണ്ടിട്ടുണ്ടോ..“

ഇല്ല സര്‍ ഞങ്ങള്‍ ആരും കണ്ടിട്ടില്ല...

ഈ സമയം മുന്നിലിരിക്കുന്നയാള്‍ ഡോക്ടറുടെ മേശപ്പുറത്തിരുന്ന ലോക ഭൂഗോളം തിരിച്ചു കൊണ്ടിരുന്നു... അതിന്‍റെ ചില ഭാഗങ്ങള്‍ അയാളുടെ മുന്നില്‍ വരുമ്പോള്‍ അയാളുടെ മുഖ ഭാവം ഡോക്ടറില്‍ ഒരു നിരീക്ഷകനെ ഉണര്‍ത്തി... ഭാവം മാറുന്ന സമയം മുന്നില്‍ എത്തുന്ന ഗോളത്തിന്‍റെ ഭാഗം ഹാമില്ടന്‍ നോക്കിയെടുത്തു... അത് ഇന്ത്യയുടെ ഭൂപടം കാണുമ്പോള്‍ ആണെന്ന് തിരിച്ചറിഞ്ഞു... ചുണ്ടുകളില്‍ ചിരി നിറയുകയും, കണ്ണുകളില്‍ തിളക്കം കൂടുകയും ചെയ്യുന്നുണ്ട്... എന്നാല്‍ കണ്ണുകള്‍ മുകളിലേക്ക് മാറും തോറും മുഖം ഇരുളുന്നതും, പല്ലുകള്‍ കൂട്ടി ഇറുമ്മുന്നതും ഡോക്ടര്‍ കണ്ടു പിടിച്ചു...അത് ഇന്ത്യക്ക് തൊട്ടു കിടക്കുന്ന പാകിസ്ഥാന്‍റെ ഭൂപടം കാണുന്ന വേളയിലെന്നും ബോധ്യപ്പെട്ടു...

ഈ സമയം ഡോക്ടര്‍ മനപൂര്‍വം  മുന്നിലിരുന്ന ഭൂഗോളം അതി ശീഘ്രം അതിന്‍റെ അച്ചുതണ്ടില്‍ കറക്കിവിട്ടു... പെട്ടന്ന് അയാളുടെ മുഖഭാവം മാറുകയും, ഊക്കോടെ ഡോക്ടറുടെ കൈത്തണ്ട തട്ടിമാറ്റുകയും ഇരുമ്പു പട്ട കൊണ്ട് അടിക്കുന്നതുപോലെ കൈകൊണ്ടു അടിക്കുകയും ചെയ്തു...

”ക്ഷമിക്കണം ഡോക്ടര്‍ അവന്‍ മനപൂര്‍വമല്ല, അവന്‍റെ രോഗമാണ് അങ്ങിനെ ചെയ്യിക്കുന്നത്”കൂടെയുള്ള ബൈസ്ടാണ്ടെര്‍ മാപ്പിരന്നു...

“അപ്പോള്‍ നിങ്ങള്‍ നിശ്ചയിച്ചോ ഇയാള്‍ രോഗിയാണെന്ന്...ഇയാള്‍ രോഗിയാണെന്ന് അറിയാനാണോ അതോ രോഗിയെ ചികില്സിക്കാനാണോ നിങ്ങള്‍ ഇവിടെ വന്നത്,” ഡോക്ടര്‍ അല്പം പരുഷ ഭാവത്തില്‍ ആരാഞ്ഞു...

പെട്ടന്ന് നാവ്  ഉള്ളിലേക്ക് വലിച്ചു ബൈസ്ടാണ്ടെര്‍ ഉള്‍വലിഞ്ഞു...ഇതിനിടയില്‍ മേശപ്പുറത്തു ഫ്രൈം ചെയ്തു ചാരി വച്ചിരുന്ന രാഷ്ട്രപിതാവിന്‍റെ ചിത്രം ചെറുപ്പകാരന്‍ അയാളുടെ ദൃഷ്ടിയില്‍ പെടാതെ മാറ്റിവക്കുന്നത് ഒളികണ്ണിട്ടു ഡോക്ടര്‍ കാണുന്നുണ്ടായിരുന്നു...

 “ആഗ്നെയന്‍ ഒന്നോര്‍ത്തുനോക്കൂ.. ആ ഒട്ടകത്തിനെ പച്ച നിറമുള്ള പുതപ്പു പുതച്ചിരുന്നില്ലേ...” ഡോക്ടര്‍ ഒരു ഇടചോദ്യം തൊടുത്തു...

പച്ച നിറമെയില്ല... പച്ച പുതപ്പുമില്ലാ... ഒട്ടകത്തിന്മേല്‍ സഫ്ഫ്രോണ്‍ നിറമാണ് യോജ്യം...അര്‍ത്ഥ ശങ്കക്കിടമില്ലാതെ അവന്‍ തറപ്പിച്ചു പറഞ്ഞു....

അവന്‍റെ ശബ്ദത്തിലെ കയറ്റിറക്കങ്ങള്‍ ഡോക്ടറെ അത്ഭുതപ്പെടുത്തി... 

ഉം......പരുന്തിന്‍റെ തലമൂടിയിരുന്നോ..?

അത് മൂടാനാവില്ല കൃഷ്ണപരുന്താ...

തലയും കഴുത്തും കൊക്കും മറ്റും വെളുത്തിട്ടല്ലേ പരുന്തിന്‍റെതു....ഡോക്ടര്‍ ചോദിച്ചു....

“അതെ വെളുത്തിട്ടാ...പക്ഷെ ഉടലോക്കെ കാവി നിറമാ...”അയാള്‍ ആവേശത്തോടെ പറഞ്ഞു..

ഹലിഅസ്ടുര്‍ ഇനത്തില്‍ല്‍പെട്ട ബ്രാമിണി പരുന്തിനെ ഡോക്ടര്‍ മനസ്സില്‍ കണ്ടു..

മഹാവിഷ്ണുവിന്‍റെ വാഹനമാണ്... പരുന്തു..മഹാവിഷ്ണുവാണ് പരുന്തിന്‍റെ തലക്കും കഴുത്തിനും, മാറിനും ഉതകുമാറു വെള്ളപ്പട്ടു സമ്മാനിച്ചത്‌...ഈ പട്ടു തലമുറകളോളം കൈമാറാനും ഉപദേശിച്ചു.... ഡോക്ടര്‍ പരുന്തിന്‍റെചരിത്രവും രൂപവും മനസ്സിന്‍റെ അലമാര തുറന്നു പുറത്തെടുത്തു...                                         

ഹമില്ടന്‍ അയാളെ സൂക്ഷിച്ചുനോക്കി...അയാളുടെ ചുണ്ടുകള്‍ക്ക് നിറം മാറുന്നതും അവകള്‍ക്ക് ശവം കൊത്തി വലിക്കാന്‍ മൂര്‍ച്ച ഉള്ളതായും തോന്നി...മേല്‍ ചുണ്ട് നീണ്ടു മുന്നോട്ടു കൂര്‍ത്തു വളഞ്ഞതും, അതിന്‍റെ മുന തന്‍റെ കണ്ണുകള്‍ക്ക്‌ നേരെ നീളുന്നതും അദേഹത്തിനു മനസ്സിലായി... പലവട്ടം കണ്ണുകളടച്ചു ഡോക്ടര്‍ വീണ്ടും, വീണ്ടും തുറന്നു... ഡോക്ടര്‍ ആ ചുണ്ടുകളിലേക്ക്‌ സൂക്ഷിച്ചു നോക്കി..അതെ... അതില്‍ ഉണങ്ങിയ ചോരപ്പാടുകള്‍ കണ്ടുപിടിച്ചു....അപ്പോഴാണ്‌ കൈകളിലെ വിരലുകളില്‍ അയാളുടെ ദൃഷ്ടി പതിച്ചത്... അത്ഭുതം ആ വിരലുകള്‍ പരുന്തിന്‍റെ പോലെ കൂര്‍ത്തതും തൊട്ടാല്‍ മുറിവുളവാക്കുന്നതുമായിരുന്നു... അയാളുടെ കണ്ണുകള്‍ കാസ രോഗി ഓക്കാനിച്ച  കഫം പോലെ പഴുത്തതായും ഡോക്ടര്‍ കണ്ടുപിടിച്ചു.. . അവിടെയാകെ ഇരപിടിക്കുന്ന പരുന്തിന്‍റെ ഉളുമ്പുമണം പരക്കുന്നതായി ഡോക്ടര്‍ക്ക് അനുഭവപ്പെട്ടു...

ഡോക്ടര്‍ ഹാമില്ടന്‍ കസേരയില്‍ ചാരി ഒന്നിളകിയിരുന്നു...കണ്ണുകള്‍ ഇരയെ കണ്ട കഴുകനെപോലെ മുന്നിലിരിക്കുന്ന യുവാവിനെ ചുറ്റികൊണ്ടിരുന്നു...

“”ആഗ്നേയാ പറയൂ...എങ്ങിനെയയിരുന്നൂ തന്‍റെ സ്വപ്‌നങ്ങള്‍...എന്താണ് വാസ്തവത്തില്‍ സ്വപ്നത്തില്‍ കാണുന്നത്...“”

ഡ്രോയില്‍ നിന്നും പഴയ ഒരു പുറം ചട്ട കീറിയ നോട്ട്ബുക്കെടുത്ത്‌ ഒരു കഥയെഴുത്ത്കാരനെ പോലെ ചെവി കൂര്‍പ്പിച്ചിരുന്നു...

എന്നാല്‍ മുന്നിലിരിക്കുന്ന ചെറുപ്പകാരന്‍ തല ഉയര്‍ത്താതെ ഒരു പ്രതിമ കണക്കെ താഴേക്കു നോക്കി കുനിഞ്ഞിരുന്നു... കഴുത്തില്‍ പതം വന്ന വെള്ള തൂവലുകള്‍ വളരുന്നതും, കഴുത്ത് അനായാസം മുന്നൂറ്റിഅറു പതു ഡിഗ്രിയില്‍ വളയ്ക്കാന്‍ പാകത്തില്‍ രൂപം പ്രാപിക്കുന്നതും കണ്ടു..ഉടലുകള്‍വസ്ത്രങ്ങള്‍ പൊട്ടുമാറു പെരുക്കുന്നതും മരുഭൂമിയില്‍ ഒട്ടകങ്ങളെ പോലെ പൂഞ്ഞയില്‍ കൊഴുപ്പ് സംഭരിക്കുന്നതായും തോന്നി...

ഡോക്ടര്‍ക്ക് നെഞ്ചിടിപ്പ്‌ കൂടുന്നതായി മനസ്സിലായി...അയാള്‍ മേശമേലിരുന്ന ബെല്‍ അമര്‍ത്തി..ഉടനെ കുതിര നടത്തമുള്ള ഒരു നഴ്സുവരികയും ചെയ്തു..അവരോട്....

”ഇയാളെ രണ്ടായിരത്തി പത്തോന്പതിതിലേക്ക് മാറ്റൂ...” എന്ന് ആജ്ഞാപിക്കുകയും ചെയ്തു... ഉടന്‍ തന്നെ തടിമാടനായ ഒരാള്‍ ഒരു വീല്‍ ചെയറുമായി വരികയും, കായബലം ഉപയോഗിച്ച് ചെറുപ്പകാരനെ തട്ടി വീല്‍ ചെയറില്‍ ഇരുത്തി ഉരുട്ടികൊണ്ടുപോവുകയും ചെയ്തു....

”മിസ്ടര്‍ വൈഭവ്....... ഇതൊരു കൊമ്പ്ളികേറ്റഡ്  കേസാണെന്ന്  തോന്നുന്നു..ഒരു രണ്ടു ദിവസം ഇവിടെഒ ബ്സര്‍വേഷനില്‍  ഇരിക്കട്ടെ... എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അറിയിക്കാം”

ഇത്രയും പറഞ്ഞു തീര്‍ന്നതും വീല്‍ ചെയര്‍ കറക്കിയെടുത്ത് കോറിഡോര്‍ വഴി അയാളെ അതിവേഗം എങ്ങോട്ടോ ഉരുട്ടി കൊണ്ടുപോവുകയും ചെയ്തു,....

 “ഡോക്ടര്‍ എന്താ അയാളുടെ പ്രശ്നം..എന്‍റെ മകന്‍റെ വിവരങ്ങള്‍ എന്നോട് വ്യക്തമാക്കൂ...”അതെന്‍റെ അവകാശമല്ലേ എന്നു പറഞ്ഞു... അയാളുടെ ചോദ്യം ഡോക്ടറില്‍ ചോറിച്ചുലുണ്ടാക്കി.. എന്നാലും പുറത്തു കാണിച്ചില്ല... കൈകള്‍ കൊണ്ടെന്തോ ആംഗ്യം  കാണിച്ച ശേഷം വൈഭവിനെ നോക്കി ഒന്ന് ചിരിച്ചു. ചിരിക്കാനുള്ള ഇന്ദ്രിയം ഡോക്ടര്‍ക്ക് നഷ്ടമായില്ലാന്നു വൈഭവിനു തോന്നാതിരുന്നില്ല...

ഹാമില്‍ടന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തെരുവിലൂടെ ദേശസ്നേഹ ശിബിരത്തിന്‍റെ കാല്‍നട യാത്രയും, അനൌന്സുമെന്റും ശബ്ദമുഖരിതമാക്കി....കടന്നു പോകുന്നുണ്ടായിരുന്നു....

 “കപട ദേശീയവാദികള്‍ രാജ്യസ്നേഹികള്‍ എന്ന വ്യാജേനെ രാഷ്ട്രബോധത്തെ  മലിനമാക്കുന്നു...തികഞ്ഞ രാജ്യസ്നേഹം അതായിരിക്കട്ടെ, നമ്മുടെ മുദ്രാവാക്യം..സ്വത്വരാഷ്ട്രത്തിനായി അണിചേരൂ...”                                  

അവര്‍ വിളിച്ചു കൂവികൊണ്ടിരുന്നു...കൊച്ചു കുട്ടികള്‍, സ്ത്രീകള്‍, ചെറുപ്പക്കാര്‍,വയോധികര്‍, എല്ലാവരും ജാഥയില്‍ അണി ചേര്‍ന്നിരുന്നു...കയ്യിലിരുന്ന കൊടികളുടെ നിറമായിരുന്നു അവരുടെ ഉടയാടകള്‍ക്കും...

“രണ്ടു ദിവസം അയാള്‍ ഇവിടെ കഴിയട്ടെ നിങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞു വരൂ..അയാള്‍ക്ക്‌ വസ്ത്രവും ആഹാരവും ഒന്നും കൊണ്ടു വരേണ്ട...എല്ലാം ഇവിടുണ്ട്...ബന്ധുക്കളാരും വരേണ്ട...ഇവിടെയുള്ളവര്‍ ആണ് ഇനി അയാളുടെ ബന്ധുക്കള്‍...

ആ.... പിന്നെ താഴെ കൌണ്ടറില്‍ പണം അടക്കാന്‍ മറക്കേണ്ട...ധൈര്യമായി പൊക്കോളൂ “”...

ഹാമില്‍ടന്‍ ശീതീകരിച്ച അയാളുടെ മുറിയിലേക്ക് നടന്നു നീങ്ങി...ഒന്നും പറയാന്‍ അനുവദിചില്ലന്നു മാത്രമല്ല പറയാനുള്ളത് കേള്‍ക്കാന്‍ അയാള്‍ക്ക്‌ സമയവുമില്ലായിരുന്നു..    വരാന്തയില്‍ ഉള്ള സ്റ്റീല്‍ ബഞ്ചില്‍ അയാള്‍ തളര്‍ന്നിരുന്നുപോയി.. സ്റ്റീല്‍ ബഞ്ചിന്‍റെ തണുപ്പ് അയാളില്‍ തുളച്ചുകയറി..

എങ്ങിനെ വീട്ടിലേക്കു തിരിച്ചുചെല്ലും. അവന്‍റെ അമ്മയെ എങ്ങിനെ ബോധ്യപ്പെടുത്തും..എന്താണ് അസുഖമെന്നോ, എന്ന് തിരിച്ചു വരുമെന്നോ,അറിയില്ല..അവനോടുള്ള അവളുടെ ബന്ധം സങ്കീര്‍ണമാണ്.. അവന്‍റെ പിറവിക്കു ശേഷം എന്നെ വേണ്ടരീതിയില്‍ പരിഗണിക്കാറെയില്ല...അവന്‍റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും എന്നെ അവള്‍ ഉപേക്ഷിക്കുകയായിരുന്നു....ഹോസ്റ്റലിലേക്കു പോയെങ്കിലും അവനിഷ്ടപ്പെട്ട വിഭവങ്ങള്‍ ഉറക്കമിളചിരുന്നു വീട്ടില്‍ തയ്യാറാക്കുന്നുണ്ട്...കോളേജ്‌ ഹോസ്ടലിലേക്ക് വിഭവങ്ങളുമായി മാസത്തില്‍ ഒരു തവണ അവള്‍ പോയിരിക്കും...അവളെ കാണാന്‍ അവന്‍ കൂട്ടാക്കാതിരുന്നാലും വൈകുന്നേരം വരെ വാര്‍ഡന്‍റെ മുറിയിലെ സിമന്ടു തറയില്‍ അവള്‍ കുത്തിയിരിക്കും...സന്ധ്യയായാല്‍ വാർഡനെ  ഏല്പിച്ചു അവള്‍ തിരിച്ചുപോരും...ആ പതിവ് വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്നു...

ഇറയത്ത്‌ ഉമ്മറത്തിരുന്ന കിണ്ടിയില്‍ നിന്നും വെള്ളം ഊറ്റി കാല്‍ കഴുകി കയ്യില്‍ ഇരുന്ന കുട അര പ്രൈസില്‍ വച്ച് അകത്തേക്ക് കയറിയപ്പോഴാണ് ടീ പ്പോയില്‍ ആര്‍ക്കോണം പുരാനന്ദപുരിയുടെ ദേശ സ്നേഹ പ്രഭാഷണത്തിന്‍റെ പ്രോഗ്രാം നോടീസും സംഭാവനകൊടുത്ത രസീതും ശ്രദ്ധയില്‍ പെട്ടത്...

വാതില്‍ മുട്ടി വിളിച്ചു..അകത്തുനിന്നും കുറ്റിയിട്ടിട്ടില്ല....തനിയെ തുറന്ന വാതിലിനപ്പുറത്ത്‌ അടുക്കളയില്‍ അവള്‍ കുത്തിയിരുന്ന് തീ ഊതുകയാണ്‌..തനിക്കു കുളിക്കാന്‍ വെള്ളം അനത്തുകയാണ്...നന്നേ കൂനിയിരിക്കുന്നു..അഴുക്കു പുരണ്ട റവുക്കയില്‍ ഉണങ്ങിയ ചാണാന്‍ പറ്റി പിടിചിരിപ്പുണ്ട്...

 “എവിടെ എന്‍റെ ആഗ്നെയന്‍...”   എടുത്തടിച്ച പോലുള്ളചോദ്യം...... പിറകിലേക്കും, ഉമ്മറത്തേക്കും അവള്‍ മാറി മാറി നോക്കി... അവിടെങ്ങും കാണാതായപ്പോള്‍ “എവിടെ മോന്‍” അവള്‍ ജിജ്ഞാസയോടെ തിരക്കി... അവനു കുളിക്കാന്‍ വെള്ളം അനത്തുകയായിരുന്നു...ഞാന്‍.. അവന്‍ കുളിച്ചിട്ടു വേണം നുര്‍ക്കരി കഞ്ഞി, ചുട്ടരച്ച ചമ്മന്തിയും കൂട്ടികൊടുക്കാന്‍...

 അവന്‍ വന്നില്ല അവനൊരു ദിവസം ഹാമില്‍ടന്‍റെ കൂടെ കഴിയട്ടെ... അവിടെ അവനെല്ലാ സൌകാര്യങ്ങളുമുണ്ട്... ശീതീകരിച്ച മുറിയും എന്തിനും എതിനും പരിചാരകരുമുണ്ട്... അവളുടെ മുഖത്തേക്ക് നോക്കാതെ അയാള്‍ പറഞ്ഞു..

“ആ....പിന്നെ ഇനി അവനു ചൂടാക്കിയ വെള്ളത്തില്‍ ഞാന്‍ കുളിക്കാം... നീ അത് മറപ്പുരയിലേക്ക് വച്ചേക്കു..ഞാന്‍ അവന്‍റെ ബാഗ് അവന്‍റെ മുറിയില്‍ വക്കട്ടെ..അയാള്‍ വലതു വശത്തുള്ള അവന്‍റെ മാത്രമായ മുറി തള്ളി തുറന്നു അകത്തു കയറി..അവിടവിടെയായി കൂട്ടിയിട്ടിരിക്കുന്ന വിയര്‍പ്പു നാറുന്ന ഉടുവസ്ത്രങ്ങള്‍..കസേരകളിലും ജനാലകളിലും അടിവസ്ത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്....ദിവസങ്ങളായിട്ടു കുളിപ്പിക്കാത്ത വളര്‍ത്തു നായയുടെ മക്ക്മണം പോലൊന്ന് മൂക്കിലൂടെ തുളച്ചു കേറി...മുറിയിലെ സ്വിച്ച് അമര്‍ത്തി മൂടിക്കെട്ടിയ  ഇരുളിനെ വെളിച്ചം റാഞ്ചികൊണ്ടുപോയി...

സ്റ്റഡി ടേബിളില്‍ തലേ ദിവസം കുടിച്ച ചായ ഗ്ലാസ്സിലൂടെ കാക്ക ഉറുമ്പുകള്‍ കയറിയിറങ്ങുന്നുണ്ട്...മുറിയില്‍ അയാളുടെ കണ്ണുകള്‍ ആരോടും മിണ്ടാതെ പാറി നടന്നു...

അടുക്കും ചിട്ടയുമില്ലാത്ത യുവത്വം സിനിമാ നടന്മാരുടെയും നടിമാരുടെയും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍, ക്രിക്കറ്റ്  താരങ്ങളുടെ രൂപ ഭാവ ചിത്രങ്ങള്‍, പോപ്‌ ഗായകരുടെയും ലോകസുന്ദരിമാരുടെയും ചിത്രങ്ങള്‍ ഇങ്ങിനെ ഒന്നും അവന്‍റെ ചുവരുകളില്ലായിരുന്നു...അവന്‍റെ ഭിത്തിയില്‍ ലെനിന്‍റെയും, മാര്‍ക്സ്‌, ഏംഗൽസ് ,സ്റാലിന്‍, ഫിദല്‍ കാസ്ട്രോ, ചെഗുവേര, നികോളാസ് മദുരാ, ഈവോ മോരല്‍സ്, സാല്‍വഡോര്‍ അല്ലാണ്ടെ, മാവോ, ദില്മാ രൌസഫ്ഫ് തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്...ഇതിനും പുറമേ മഹാനായ പി. കൃഷ്ണപിള്ളയുടെയും..

പക്ഷെ അവയൊന്നും ഇന്ന് ചുവരുകളില്‍ കാണാനേയില്ല...പകരം ചുവരുകളില്‍ തടിച്ചു കൊഴുത്ത വെള്ള പശുവിന്‍റെയും, പുലിയുടെയും, എലിയുടെയും, മയിലിന്‍റെയും, ചിത്രങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു... മുറിയാകെ  കഷായ സമാന നിറവും...

മുറിയുടെ വടക്കേ മൂലയില്‍ കാക്കി തുണി കൊണ്ടെന്തോ മൂടിയതായി കണ്ടു...തുണി വലിച്ചു മാറ്റി അയാള്‍ നോക്കി...കൃഷ്ണപിള്ളയുടെ പൊടിപിടിച്ച ഫോട്ടോക്ക് താഴെ ലോകനേതാക്കളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി വച്ചിരിക്കുന്നു...

സ്റ്റ്ഡി ടേബിളിനു മുകളില്‍ അനുസരണയില്ലാതെ കൂട്ടം തെറ്റി കിടക്കുന്ന പുസ്തകങ്ങള്‍ കാണാം... പുസ്തകങ്ങളിലെ തലക്കെട്ടുകള്‍ അയാള്‍ കണ്ണോടിച്ചു...

ഗ്രേ ഹെര്‍ത്സനും, രാന്ദൈല്‍ ഒക്സീരും കൂടി എഴുതിയ  “ദി ക്വാണ്ടം ഓഫ് എക്സ്പ്ലനേഷന്‍,” വി.ഡി സവര്‍ക്കറുടെ ഹിന്ദുത്വ, പ്രഫുല്‍ ഗരാഡിയ എഴുതിയ “ദി സഫ്രോണ്‍ ബുക്ക്”, ഷംസുല്‍ ഇസ്ലാം എഴുതിയ “ഹിന്ദുത്വ സവര്‍കര്‍ അന്മാസ്ക്ട്”, അഷുദോശ് ദേശ്മുഖ് എഴുതിയ ”ബ്രേവ് ഹേര്‍ട്ട് സവര്‍കര്‍”, സുബ്രമണ്യ സ്വാമി രചിച്ച “ഹിന്ദുത്വ ആന്‍ഡ് നാഷണല്‍ റിനൈസ്സന്‍സ്”, റോബര്‍ട്ട് ഓ പാക്സന്‍ എഴുതിയ “ദി അനാട്ടമി ഓഫ് ഫാസിസം”, എം എസ് ഗോള്‍വക്കറുടെ “വി ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ട്” തുടങ്ങിയ ഘനമുള്ള പുസ്തകങ്ങള്‍ മേശമേല്‍ ചിതറിക്കിടപ്പുണ്ട്... ഇന്ഗ്ലീഷിലും മലയാളത്തിലും ഏറെ ലഘുലേഖകളും അവിടെയും ഇവിടെയുമായി  സ്ഥാനം പിടിച്ചിട്ടുണ്ട്... കൂടുതല്‍ നേരം നില്ക്കാന്‍ കഴിയാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നിയപ്പോള്‍ വാതില്‍ അടച്ചു പുറത്തു കടന്നു..

തൊട്ടപ്പുറത്തുള്ള മൈതാനത്തുനിന്നും ദേശസ്നേഹ പ്രഭാഷണത്തിന്‍റെ പരസ്യം ചെവിയില്‍ കമ്പനമുണ്ടാക്കുന്നുണ്ടായിരുന്നു...കണ്ണുകളില്‍ ഇരുട്ടു നിറയുന്നതും, ചെവിയില്‍ മന്ത്ര ധ്വനി മുഴങ്ങുന്നതും നാവില്‍ മന്ത്രാക്ഷരം കുറിക്കുന്നതായും തോന്നുന്നു..കാലുകള്‍ കുഴയുന്നതായും തോന്നിത്തുടങ്ങി...മറിഞ്ഞു വീഴാതിരിക്കാന്‍ അടുക്കള ഭിത്തിയില്‍ ചാരുകയും സ്വിച്ച് ബോര്‍ഡില്‍ ബലമായി പിടിക്കുകയും ചെയ്തു അയാള്‍...

ഈ സമയം അടുക്കളയില്‍ നിന്നും ഒരപൂര്‍വ ജീവി ചൂടാക്കിയ വെള്ളപ്പാത്രവുമായി മറപ്പുരയിലേക്ക് കയറുന്നതായി അയാള്‍ക്കു തിരിച്ചറിഞ്ഞു... ഇമകള്‍ ചിമ്മാതെ തുറിച്ചു നോക്കി നിന്നു...... ഒട്ടകത്തിന്‍റെ ഉടലും, ഒട്ടകപക്ഷിയുടെ കാലുകളും, പരുന്തിന്‍റെ തലയുമായിരുന്നു അതിന്....

അവിടെയാകെ പരുന്തിന്‍റെ ഉളുമ്പുമണം കാറ്റിന്‍റെ തേരിലേറി കടന്നു വരുന്നതയാള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു..
-------------------
കെ കെ സിദ്ദിക്ക് 
തലയോലപറമ്പ് സ്വദേശം. ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു കഥ ആണിത്.
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

View More