America

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

Published

on

മഞ്ഞുവീണ് നനഞ്ഞു കുളിർന്ന വണ്ണാത്തിമലയെ നോക്കി മന്ദഹസിക്കുന്ന ബാലസൂര്യന് തെളിച്ചമായിട്ടില്ല .
ആലസ്യത്തിലാണ്ടു കിടന്ന വണ്ണാത്തിമലയിലെ കാട്ടുകോഴികൾ കൊക്കുന്ന ശബ്ദത്തിനും മുകളിലായി വിദൂരതയിൽ സൈറൺമുഴങ്ങി .
ഹാരിസൺ ടീ പ്ലാന്റേഷന്റെ ഫാക്ടറിയിൽനിന്ന് നൂറുകണക്കിന് കൂലിക്കാരെ ഏഴുമണിയായെന്നറിയിക്കുന്ന സൂചകമാണത് .
 
നൈറ്റിയ്ക്കു മുകളിലൂടെ കുഞ്ഞോന്റെ പഴയ ഷർട്ടൊരെണ്ണമെടുത്തിട്ടിരുന്ന തങ്കമ്മ തലയിൽ തട്ടമിട്ടതു പോലെ നീലക്കളറിലുള്ള തോർത്ത്‌ മടക്കിക്കെട്ടിവെച്ചു . തലേന്ന് വൈകുന്നേരം പണി കഴിഞ്ഞു വന്നയുടനെ അഴിച്ചു ഭദ്രമായി മടക്കി വെച്ചിരുന്ന ചാക്കെടുത്ത് ഷർട്ടിനു മുകളിലൂടെ അരയിൽക്കെട്ടി മറുതലയ്ക്കുള്ള വള്ളി തോളിലൂടെ കോർത്തിട്ടു .
തേയിലക്കൊളുന്ത് നുള്ളിയിടാൻ പാകത്തിൽ തുന്നിയെടുത്ത വെളുത്ത പ്ലാസ്റ്റിക് ചാക്ക് തങ്കമ്മയുടെ പുറകിൽ ഞാന്നു കിടന്നു .
 
എട്ടു മണിക്കാണ് ഹാരിസൺ ടീ പ്ലാന്റേഷനിൽ പണിയാരംഭിക്കുന്നതെങ്കിലും മുക്കാൽ മണിക്കൂർ നേരത്തെ നടപ്പു ദൂരമുണ്ട് തങ്കമ്മ താമസിക്കുന്ന വണ്ണാത്തി മലയിൽ നിന്ന് തോട്ടത്തിലേക്ക് .
അതിനാൽ ഏഴു കഴിഞ്ഞയുടനെ  വീട്ടിൽ നിന്നിറങ്ങുന്നതാണ് തങ്കമ്മയുടെ പതിവ് .
 
ഹാരിസൺ ടീ പ്ലാന്റേഷനും കക്കയം റിസർവ്വ് ഫോറസ്റ്റിനുമിടയിൽ പാലം പോലെ കിടക്കുന്ന വണ്ണാത്തി മലയിൽ മുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത് .
കപ്പ, ചേമ്പ്, കാച്ചിൽ, വാഴ, തുടങ്ങിയ വിളകൾ കാട്ടിൽ നിന്നിറങ്ങി വരുന്ന മുള്ളൻ പന്നികളും കാട്ടു പന്നികളും മത്സരിച്ച് കുത്തിയിളക്കി നശിപ്പിക്കുന്നതിനാൽ  കാപ്പിക്കൃഷിയും ഹാരിസൺതോട്ടത്തിലെ കൂലിപ്പണിയുമാണ് വണ്ണാത്തിമലക്കാരുടെ പ്രധാന ജീവിതമാർഗ്ഗം .
 
മൺകട്ടകൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റമുറിയും ചായ്‌പ്പും അടുക്കളയുമടങ്ങുന്ന കുഞ്ഞുവീടാണ് തങ്കമ്മയുടേത് .
ചെത്തിത്തേച്ചിട്ടില്ല .
തങ്കമ്മയുടെ ഭർത്താവ് കരുണൻ പതിനാറു വർഷം മുൻപ് കുടുംബമുപേക്ഷിച്ചു പോയതാണ് . അന്ന് മകൾ ചിന്നുവിന് പ്രായം രണ്ട് തികഞ്ഞിട്ടില്ലായിരുന്നു .
 
അച്ഛൻ ഇട്ടെറിഞ്ഞു പോകുമ്പോൾ രണ്ടിൽ പഠിക്കുകയായിരുന്ന മകൻ കുഞ്ഞോൻ  ഇരുപത്തിമൂന്നിലെത്തിയിരിക്കുന്നു .
ആണൊരുത്തനൊപ്പം മകളെ ഇറക്കിവിടുന്നതും അഞ്ചോ പത്തോ വർഷങ്ങൾക്കപ്പുറം തേയിലത്തോട്ടത്തിൽ പണിക്കു പോകാൻ കഴിയാത്ത വിധത്തിൽ ശാരീരിക സ്ഥിതി മോശമാകുമ്പോൾ താങ്ങാകുന്നതുമടക്കമുള്ള തങ്കമ്മയുടെ ഭാവിസ്വപ്നങ്ങളെല്ലാം കുഞ്ഞോനെ ചുറ്റിപ്പറ്റിയാണ് കരുപ്പിടിക്കുന്നത് .
മകൻ തന്റെ സ്വപ്നങ്ങൾക്കുമപ്പുറത്തേക്ക് വളർന്നുപോയ സത്യം തങ്കമ്മയ്ക്കറിയില്ലായിരുന്നല്ലോ...!
 
ഒന്നരാടൻ ദിവസങ്ങളിൽ ആറാംമൈലിൽ ഓട്ടോയോടിക്കാൻ പോകുന്ന കുഞ്ഞോൻ  ബാക്കി ദിവസങ്ങളിൽ അമ്മയറിയാതെ വനത്തിനുള്ളിൽക്കയറി ചാരായം വാറ്റാനും തുടങ്ങിയിരുന്നു .
ദാസപ്പനും കുട്ടിച്ചന്ദ്രനുമാണ് കൂട്ടാളികൾ .
ഉൾക്കാട്ടിനുള്ളിൽ ഈങ്ങാവള്ളികൾ ചുറ്റിപ്പിണഞ്ഞ സൂര്യപ്രകാശമെത്താത്ത ചോലയ്ക്കുള്ളിലാണ് വാഷ് കലക്കി വാറ്റാനുള്ള സങ്കേതമൊരുക്കിയിരുന്നത് .
വാഷിലേക്ക് നവസാരം പൊടിച്ചിട്ട് വാറ്റിയെടുക്കുന്ന ചാരായത്തിന് ലഹരി കൂടുതലായതിനാൽ... ആറാംമൈലിലും  പരിസരങ്ങളിലുമുള്ള സാധാരണക്കാർക്കിടയിൽ സാധനം കുപ്പിക്കണക്കിന് വിറ്റുപോകുന്നുണ്ടായിരുന്നു .
 
വിറ്റുകിട്ടുന്ന പണം ഏതാണ്ട് മുഴുവനായും  കഞ്ചാവു വാങ്ങാനായിരുന്നു  ചിലവഴിച്ചിരുന്നത് . അതിന്റെ ഉന്മാദത്തിൽ കിറുങ്ങി നടക്കുന്നതിലായിരുന്നു അവനിലെ യുവത്വം ലഹരി കണ്ടെത്തിയിരുന്നത് .
 
തിറപോലെ ചാക്കുകെട്ടി പണിക്കു പോകാൻ തയ്യാറായ തങ്കമ്മ ഇറങ്ങുന്നതിന് മുൻപ്... പുറംതിണ്ണയോട് ചേർന്ന് ചായ്‌പ്പു കണക്കെ കെട്ടിയെടുത്ത മുറിയിൽ... മൂടിപ്പുതച്ചുറങ്ങുന്ന മകനെ തട്ടിയുണർത്താൻ ശ്രമിച്ചു .
 
രാവിലെ വീട്ടിൽ വെള്ളമുണ്ടായിരുന്നില്ല . മലയ്ക്കു മുകളിൽ ചുറ്റിലും കൈത വളർന്നുനിൽക്കുന്ന ചതുപ്പിന്റെ അരികിൽ ചെറിയ കുഴികുത്തി അതിൽ ഹോസുവെച്ചാണ് വീട്ടിലേക്കാവശ്യമുള്ള വെള്ളമെടുത്തിരുന്നത് .
അരയിഞ്ച് വ്യാസമുള്ള കറുത്ത ഹോസിലൂടെ ഇരുപത്തിനാലു മണിക്കൂറും വെള്ളം വന്നുകൊണ്ടിരിക്കും . ആവശ്യത്തിനുള്ളത് പിടിച്ചുകഴിഞ്ഞാൽ...  ബാക്കി സമയം മുഴുവനും വെള്ളം പറമ്പിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യും . വനപ്രദേശമായ വണ്ണാത്തിമലയിലുള്ള വീടുകളെല്ലാം ഈ രീതിയായിരുന്നു പിന്തുടർന്നിരുന്നത് .
 
കുഞ്ഞോനെ വിളിച്ചത് വെള്ളം നിന്നുപോകാൻ കാരണമെന്താണെന്ന് പോയി നോക്കാനായിരുന്നു .
കാട്ടുപന്നികൾ ഇരതേടാനായി ചതുപ്പിനുള്ളിൽ ഉഴുതുമറിക്കുമ്പോൾ ഹോസിളകിപ്പോയും അല്ലെങ്കിൽ കാട്ടിലൂടെ മേഞ്ഞുനടക്കുന്ന കാലിക്കൂട്ടങ്ങൾ ഹോസ് ചവിട്ടിപ്പൊട്ടിച്ചുമാണ് സാധാരണനിലയിൽ വെള്ളത്തിന് ഭംഗം വരാറുള്ളത് .
 
 
വിളികേട്ടുണർന്ന് തിരിഞ്ഞുകിടന്ന കുഞ്ഞോനെ തങ്കമ്മ ഉരുട്ടിയെണീപ്പിച്ചു .
" പൈപ്പിൽ വെള്ളമില്ലടാ കുഞ്ഞോനേ...
പെണ്ണിന് സ്‌കൂളിലേക്കു പോകാൻ കുളിക്കാനൊക്കെയുള്ളതാ നീയൊന്ന് പോയി നോക്കടാ..."
അവർ പറഞ്ഞു .
" അമ്മ പൊക്കോ ഞാൻ നോക്കിക്കോളാ"മെന്ന ഉറപ്പുകിട്ടിയതിനു ശേഷമാണ് തങ്കമ്മ ഇറങ്ങിപ്പോയത് .
 
കാപ്പിപൂത്തകാലമായിരുന്നു . കോടമഞ്ഞു വീണു നനഞ്ഞ വെളുത്ത പൂവുകൾക്കു മുകളിൽ തേനീച്ചകൾ
വട്ടമിട്ടു പറക്കുന്നത് നോക്കി വരാന്തയിലിരുന്ന കുഞ്ഞോന് ചിന്നു കട്ടനിട്ടുകൊടുത്തു .
'നീയിന്ന് കുളിക്കാതെ സ്‌കൂളിലേക്ക് പോയാൽമതി'യെന്നുത്തരവിട്ട കുഞ്ഞോൻ... നേരമേറെക്കഴിഞ്ഞാണ് അവിടെ നിന്നെഴുന്നേറ്റത് .
അതിനിടയിൽ ചിന്നു ഒരുങ്ങിയിറങ്ങിപ്പോയിരുന്നു .
 
തോർത്തെടുത്ത് തലയിൽ ചുറ്റിക്കെട്ടിയ കുഞ്ഞോൻ മൂന്ന് ബീഡിയെടുത്ത് കെട്ടഴിച്ച് പുകയില കളഞ്ഞു . കാലിയായി ചുരുട്ടിയ ബീഡിയിലയിലേക്ക് കയ്യിലുണ്ടായിരുന്ന പൊതി തുറന്ന് വീണ്ടും നിറച്ചു .
ഒരെണ്ണം കടിച്ചു പിടിച്ച് തീകൊളുത്തി ബാക്കിയുള്ള രണ്ടെണ്ണം കീശയിലേക്കിട്ടു .
തീയേറ്റു കരിഞ്ഞ കഞ്ചാവിന്റെ മണത്തിൽ ഉന്മത്തനായ കുഞ്ഞോൻ അമ്മിത്തണയിലിരുന്ന വാക്കത്തിയെടുത്ത് ഹോസിന് സമാന്തരമായി മലയിലുള്ള കൈതപ്പൊന്ത ലക്ഷ്യമാക്കി നടന്നു .
വെയില് മൂത്തു തുടങ്ങിയിരുന്നു .
 
അതിരിലുള്ള വേലിചാടി ഭഗവാൻ ഭാസ്കരന്റെ തരിശ്ശായിക്കിടക്കുന്ന അരയേക്കറ് മുറിച്ചുകടന്ന കുഞ്ഞോൻ ഈർച്ചക്കാരൻ ബാലന്റെ പറമ്പിലേക്ക് പ്രവേശിച്ചു .
ഒരേക്കർ കാപ്പിത്തോട്ടത്തിന് നടുവിലായിരുന്നു ബാലന്റെ വീട് .
കാപ്പിത്തോട്ടത്തിലൂടെ നൂണ്ട് അടുക്കളപ്പുറത്തെത്തിയ കുഞ്ഞോന് മറപ്പുരയിൽ ആരോ കുളിക്കുന്നുണ്ടെന്ന്
മനസ്സിലായി .
 
അവന്റെ ചിന്തകൾ കാടുകയറി .
ശാന്തച്ചേച്ചി കൊളുന്തു നുള്ളാനും ബാലേട്ടൻ ഈർച്ചപ്പണിക്കും പോയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയ കുഞ്ഞോൻ ലക്ഷ്മിയായിരിക്കും കുളിക്കുന്നതെന്നൂഹിച്ച് കുളിപ്പുരയുടെ തെക്കുവശത്ത് പതുങ്ങിനിന്നു .
 
ആറാംമൈലിലുള്ള ലേഡീസ് ടൈലറിംഗിൽ തുന്നൽ പഠിക്കാൻ പോകുന്നുണ്ടായിരുന്ന ലക്ഷ്മി...
വീട്ടുപണികളെല്ലാമൊതുക്കിയതിനു ശേഷം കുളിക്കുകയായിരുന്നു .
 
കുളികഴിഞ്ഞ ലക്ഷ്മി കുഞ്ഞോന്റെ ചാരസാന്നിധ്യമറിയാതെ മറപ്പുരയിൽനിന്ന് പുറത്തിറങ്ങി .
അച്ഛന്റെ കള്ളിമുണ്ട് കുത്തിപ്പിഴിഞ്ഞ് വാരിപ്പൊത്തിയപോലെ പുതച്ചിരുന്ന ലക്ഷ്മി ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് അടുക്കളയിലേക്ക് കയറി .
മുട്ടിന് തൊട്ടു കീഴെയൊട്ടിനിൽക്കുന്ന കള്ളിമുണ്ടിനുള്ളിൽ മറയാത്ത നനഞ്ഞ വെളുത്ത കാൽവണ്ണകളുടെ ഭംഗിയിൽ മോഹിതനായ കുഞ്ഞോൻ ബീഡിക്കുറ്റി താഴെയിട്ട് ചവിട്ടി ഞെരിച്ചു .
തുറന്നുകിടന്ന പിൻവാതിലിലൂടെ അകത്തേക്കുകയറി വാക്കത്തി അടുപ്പിൻ തിണ്ണയിൽ വെച്ചവൻ
അകത്തെ മുറിയിലേക്കുനടന്നു .
 
മുറിയിലെത്തിയ ലക്ഷ്മി ചുരിദാറിനുള്ളിലേക്ക് കയറാനായി കള്ളിമുണ്ടഴിച്ചുമാറ്റിയ നിമിഷം കുഞ്ഞോൻ കേറിപ്പിടിച്ചു .
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഒരുനിമിഷം വിറച്ചുപോയെങ്കിലും കാട്ടുപെണ്ണിന്റെ കരുത്തോടെ  ലക്ഷ്മി തിരിച്ചടിച്ചു . അവളുടെ വന്യമായ ചെറുത്തു നിൽപ്പ് കഞ്ചാവിന്റെ ലഹരിയിലായിരുന്ന കുഞ്ഞോനെ ഉത്തേജിതനാക്കുകയാണ് ചെയ്തത് .
വിട്ടുതരാതെ പൊരുതുന്ന പെണ്ണിന്റെ 'ബ്രാ'യുടെ വള്ളിയിൽപ്പിടുത്തം കിട്ടിയ കുഞ്ഞോനത്‌ വലിച്ചു പൊട്ടിച്ചു . തന്റെ സ്വകാര്യമായ നഗ്നത അന്യനൊരുത്തൻ കാണാനിടയായതിന്റെ സങ്കോചത്തിൽ ഒരുമാത്ര പതറിപ്പോയ ലക്ഷ്മിയെ കുഞ്ഞോൻ പിടിച്ചുതള്ളി . അവൾ ഭിത്തിയിലിടിച്ച് താഴേക്കുവീണു .
 
കൂടെ പണിചെയ്യുന്നയാൾ വരാത്തതിനാൽ പണിക്കു പോയിടത്തുനിന്ന് തിരിച്ചു വീട്ടിലേക്ക് മടങ്ങിയെത്തിയ ബാലൻ തങ്കമ്മയുടെ മകൻ തന്റെ പറമ്പിലൂടെ മുകളിലേക്ക് കയറിപ്പോകുന്നതുകണ്ടു .
വെള്ളമില്ലാത്തതിനാൽ നോക്കിപ്പോകുന്നതായിരിക്കുമെന്ന് കരുതിയ ബാലൻ... 'മോളെ'യെന്നുവിളിച്ച് വീടിനുള്ളിലേക്ക് കയറി .
 
പരിപൂർണ്ണ നഗ്നയായി ബോധമറ്റു കിടക്കുന്ന മകളുടെ ദേഹത്തേക്ക് കട്ടിലിൽക്കിടന്ന വിരി വലിച്ചിട്ട അച്ഛൻ അടുക്കളയിലേക്കോടി
കപ്പിൽ വെള്ളമെടുത്തുകൊണ്ടുവന്ന് മുഖത്തുതളിച്ചു . മകൾ അച്ഛന്റെ മുഖത്തേക്ക് കണ്ണുകൾ തുറന്നു .
'അച്ഛാ'യെന്ന് നെഞ്ചുപൊട്ടി വിതുമ്പിയ മകളെ വാരിയണച്ച അച്ഛൻ അവളുടെ നെറുകയിൽ ചുംബിച്ചു .
അച്ഛന് വിറയ്ക്കുന്നുണ്ടായിരുന്നു .
 
മകളെ കട്ടിലിലേക്ക് കിടത്തി 'സാരമില്ല അച്ഛനുണ്ട് കൂടെ'യെന്നാശ്വസിപ്പിച്ച ബാലൻ പിൻവാതിലിലൂടെ പുറത്തിറങ്ങി വിറകുപുരയ്ക്കകത്തുണ്ടായിരുന്ന കൈക്കോടാലി കയ്യിലെടുത്ത് കുഞ്ഞോൻ പോയ വഴിയിലൂടെ മലകയറി .
 
ബാലന്റെ വേലിചാടിക്കടന്ന് വനത്തിലേക്ക് പ്രവേശിച്ച കുഞ്ഞോൻ കാട്ടുനായ്ക്കന്മാർ  നെടുക്കാൻപോകുന്ന ഒറ്റയടിപ്പാതയിലൂടെ  കുറുക്കൻപാറയിലെത്തി . കുപ്പായക്കീശയിൽനിന്നൊരു നിറ-ബീഡിയെടുത്ത് കത്തിച്ച് പുകയെടുത്തശേഷം പാറയിൽ മലർന്നുകിടന്നു .
 
കഞ്ചാവിന്റെ ലഹരിയിൽ മനസ്സ് മായാലോകത്ത് വിഹരിക്കവേ അവന്റെയുള്ളിൽ അവളുടെ നഗ്നത തെളിഞ്ഞു . അവളുടെ ഉടൽച്ചൂര് തന്നെ വിട്ട് പോയിട്ടില്ലെന്നവന് തോന്നി . തിരിച്ചിറങ്ങുമ്പോൾ അവളെയൊരിക്കൽക്കൂടി പ്രാപിക്കണമെന്നവൻ നിശ്ചയിച്ചു . അതവനെ വീണ്ടുമുന്മത്തനാക്കി .
കുറ്റിബീഡി കുത്തിക്കെടുത്തി പാറയിൽ നിന്നെഴുന്നേറ്റ കുഞ്ഞോൻ കുത്തനെ മുകളിലുള്ള കൈതപ്പൊന്തയിലേക്ക് നടന്നു .
 
ഇരുളും തണുപ്പുമിടകലർന്ന കൈതപ്പൊന്തയുടെ നിഗൂഢതയിലേക്ക് പ്രവേശിച്ച കുഞ്ഞോന് അവിടെ മുഴുവനും ഉഴുതു മറിച്ചിട്ടതായി കാണാനായി . പന്നിച്ചൂരടിക്കുന്ന ചതുപ്പിൽ ഇളക്കിമറിച്ച ചെളിയ്ക്കു മുകളിൽ ചോരപ്പൊട്ടുകളുണ്ടായിരുന്നു .
എവിടെനിന്നോ വെടിയേറ്റുവന്ന പന്നി കാണിച്ചു കൂട്ടിയ പരാക്രമമാണെന്ന് മനസ്സിലായ കുഞ്ഞോൻ ചുറ്റിലും നോക്കിയെങ്കിലും അപകടകരമായൊന്നും കണ്ടില്ല .
 
മാറികിടക്കുന്ന ഹോസിന്റെ തലപ്പ് വെള്ളത്തിലേക്കാഴ്ത്തി വെക്കാൻ മുട്ടുകുത്തിയിരുന്ന് വാക്കത്തിയുടെ മടമ്പുകൊണ്ട് ചെളി വശത്തേക്ക് വടിച്ചൊതുക്കുകയായിരുന്നു കുഞ്ഞോൻ .
കൈതയുടെ പിന്നിൽ നിന്ന് ഒരിരുണ്ട രൂപം മിന്നലു പോലെയാണ് കുതിച്ചുവന്നത് .
സഹജവാസനയിൽ വെട്ടിയൊഴിഞ്ഞ കുഞ്ഞോൻ ഇടതുവശത്തെ ചെളിയിലേക്ക് വീണെങ്കിലും വലതു കയ്യിൽ വാക്കത്തി മുറുകെപ്പിടിച്ചിരുന്നു .
മാറ്റാനെ തേറ്റയ്ക്ക് കുത്തിപ്പൊളിച്ച് അവസാനിപ്പിക്കാനുള്ള ത്വരയിൽ വീണ്ടും മുക്രയിട്ടുചാടിയ കാട്ടുമൃഗത്തിൽനിന്ന് തെന്നിമാറിയ കുഞ്ഞോൻ മുന്നോട്ടാഞ്ഞ പന്നിയുടെ പുറത്ത് വാക്കത്തികൊണ്ട് ആഞ്ഞുവെട്ടി .
റബ്ബർപോലിരിക്കുന്ന കട്ടിത്തൊലിയിൽ ഉദ്ദേശിച്ചതു പോലെ വെട്ടാഴ്ന്നില്ല . കുതറിത്തെറിച്ച് ചെളിയിൽ വട്ടംകറങ്ങിയ പന്നിയും നിലയുറപ്പിച്ച കുഞ്ഞോനും അടുത്തയാക്രമണത്തിന്റെ കണിശതയിൽ മുഖാമുഖം നിൽക്കുമ്പോഴാണ് ഈർച്ചക്കാരൻ ബാലനെത്തുന്നത് .
 
ബാലനെക്കണ്ടതും കുഞ്ഞോനൊന്ന് പതറി . മനസ്സുൾപ്പെടെ ശത്രുവിന്റെ ഓരോചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്ന മൃഗം ഇതാണവസരമെന്ന് മനസ്സിലാക്കിയ നിമിഷം കുഞ്ഞോനിലേക്ക് കുതിച്ചു .
പറക്കുന്നതുപോലെ മുന്നോട്ടുചാടിയ ബാലൻ കുതിച്ചുവരുന്ന പന്നിയുടെ പിൻകാൽ മുട്ട് ലക്ഷ്യമാക്കി മഴുവീശി . മഴു പതിച്ചതിന്റെ ആഘാതത്തിൽ ഇടറിപ്പോയ പന്നി കുഞ്ഞോന്റെ തൊട്ടുമുന്നിൽ ചളിയിലേക്ക് മുടന്തിവീണു .
വെടിയേറ്റതിനു പുറമേ പിൻകാലുമറ്റു തൂങ്ങിയ മൃഗത്തിന് തല ചലിപ്പിക്കാനല്ലാതെ ശരീരമുയർത്താനായില്ല .
അടുത്ത സെക്കൻഡിൽ ചരിഞ്ഞുകിടക്കുന്ന പന്നിയുടെ മുകൾഭാഗത്തുള്ള മുൻകാലുനോക്കി കുഞ്ഞോനും വാക്കത്തിക്ക് വെട്ടി .
അത് പിഴച്ച നീക്കമായിരുന്നു...!
 
വെട്ടിന്റെ ശക്തിയിൽ വാക്കത്തിയുടെ ചുണ്ട് പന്നിയുടെ പള്ളയിലേക്കാഴ്ന്നിറങ്ങി  .കുനിഞ്ഞ് വാക്കത്തി വലിച്ചൂരാൻ ശ്രമിക്കുകയായിരുന്ന കുഞ്ഞോന്റെ പിന്നിലേക്കലച്ചു വന്ന ബാലൻ അവന്റെ  കുതികാലിനിട്ട് കൈക്കോടാലിക്ക് കൊത്തി .
ഇരുമ്പിന്റെ മൂർച്ചയിൽ കുതികാലറ്റ് പന്നിയുടെ മുകളിലേക്ക് മുനിഞ്ഞുകുത്തിയ കുഞ്ഞോന്റെ പിൻകഴുത്തിൽ... " നീയെന്റെ മോളേ..." എന്നലറിയ ബാലൻ മഴുവിന്റെ മടമ്പുകൊണ്ട് ശക്തമായി പ്രഹരിച്ചു.
 
പന്നിയുടെ ദേഹത്തിലൂടെ മുന്നോട്ടൂർന്നുപോയ കുഞ്ഞോന്റെ ശരീരം കലങ്ങിയ  ചെളിവെള്ളത്തിലേക്കാഴ്ന്നു .
എഴുന്നേൽക്കാനാകാതെ ദീനമായി മുക്രയിട്ടുകൊണ്ടിരുന്ന പന്നിയുടെ രണ്ടാമത്തെ കാലും കൈപ്പലയിൽ വെച്ച് വെട്ടിമുറിച്ച ബാലൻ... ദുർബലമായ കാലുകളിൽപ്പിടിച്ചുരുട്ടി പന്നിയെ കുഞ്ഞോന്റെ മുകളിലേക്ക് കമഴ്ത്തിയിട്ടു .
ഏതാനും നിമിഷങ്ങൾക്കു മുൻപ് ലക്ഷ്മിയുടെ നഗ്നതയ്ക്കു മുകളിൽ കമിഴ്ന്നുകിടന്ന കുഞ്ഞോന്റെ ദേഹം പന്നിയുടെ നഗ്നതയ്ക്കടിയിൽ ചളിയിൽ പൂണ്ടുകിടന്നു...!!
 
കൈതക്കൂട്ടങ്ങൾക്ക് കാറ്റുപിടിച്ച് ഉണങ്ങിയ കൈതോലകൾ ചതുപ്പിലേക്ക് പതിച്ചു .
പൊന്തയുടെ അപ്പുറത്തുണ്ടായിരുന്ന  കാട്ടുകോഴികൾ കൊക്കിപ്പറക്കുന്നതും
ചോലയിൽ വടവൃക്ഷമായി നിൽക്കുന്ന കാട്ടുമാവിന്റെ ചില്ലകളിൽനിന്ന് കുരങ്ങന്മാർ ബഹളമുണ്ടാക്കുന്നതും ശ്രദ്ധിച്ച ബാലൻ ചളിവെള്ളത്തിൽ കഴുകിയെടുത്ത കൈക്കോടാലിയുമായി മലയിറങ്ങി...!
-------------
രതീഷ് ചാമക്കാലായിൽ 
സ്വദേശം പെരുമ്പാവൂർ .
കൃഷിയിലാണ് താത്പര്യം. കൃഷിക്കാരനാണ്.
ആദ്യകഥാസമാഹാരം പ്രസിദ്ധീകരിക്കുന്നതിന്റെ  പ്രാരംഭപ്രവർത്തനങ്ങൾ  നടക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

View More