America

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

Published

on

അക്ഷരങ്ങളെ ഗർഭം ധരിക്കാൻ കഴിയാതെയാകുമ്പോഴുള്ള ശൂന്യത, അയാൾക്ക് മാത്രം അറിയാനാകുമ്പോൾ, ഇനിയെന്ത്?  എന്നു ചോദിച്ച് അയാൾ വല്ലാണ്ട് വേദനിക്കുമായിരുന്നു.
 
എന്നാൽ ഇപ്പോൾ എഴുതി മുഴുമിപ്പിച്ച വരികൾക്ക്‌ ഏറെ ശക്തിയുണ്ടെന്ന്‌ അയാൾക്കു തോന്നി.
ഒരുപക്ഷെ പൂർവ്വാധികം ശക്തി പ്രാപിച്ചിരിക്കുന്നു. ഈ നേട്ടം, ഈ ഊർജ്ജം ഒക്കെ നഷ്‌ടപ്പെട്ടെന്നു കരുതിയതാണ്‌. എല്ലാം പാകം ചേർത്ത്‌, ഒന്നും ചെയ്യുവാനില്ലാതെ മരവിച്ചിരുന്ന നാളുകൾ ഏറെ വിദൂരമല്ല.
ഇപ്പോൾ എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്നു. ഈ ഊർജ്ജ സ്രോതസ്സ്‌ ഇനിയൊരിക്കലും വറ്റില്ലെന്ന്‌ അവളിന്നലെയാണ്‌ ആണയിട്ടു പറഞ്ഞത്‌.
 
വെറുതെയാണെങ്കിൽപോലും അപ്പോഴത്‌ വിശ്വസിക്കാനാണ്‌ അയാൾക്ക്‌ തോന്നിയത്‌. 
 
വേണമെങ്കിൽ ചുണ്ടൊന്നു വക്രിച്ച്‌ ചിരിച്ചു തളളാമായിരുന്നു. അല്ലെങ്കിൽ അരുതെന്ന്‌ വിലക്കാമായിരുന്നു.
 
എങ്കിലും ഒരുപാടാവേശത്തോടെ നെഞ്ചിലേറ്റുകയാണ്‌ ചെയ്‌തത്‌. ഒപ്പം ഇനിയൊരിക്കലുമിത്‌ നിഷേധിക്കരുതെന്ന്‌ കെഞ്ചുകകൂടി ചെയ്‌തു.
അതിനുളള അർഹതയോ, അതിന്റെ സാധ്യതകളോ, ആരാഞ്ഞതുമില്ല. ആവോളം അത്‌ തന്നിലേക്ക്‌ ആവേശിപ്പിക്കുകയായിരുന്നു. 
 
കണ്ണാടിയിൽ നോക്കുകയും ജീവിതനാളുകൾ തുടക്കം മുതൽ ഒടുക്കംവരെ എണ്ണുകയും ചെയ്തതാണ്‌. അപ്പോഴൊക്കെ അതിന്റെ നിരർത്ഥകമായ സാധ്യതകളിലേക്ക്‌ മനസ്സ്‌ ചെന്നെത്തുകയും ചെയ്‌തു.
എങ്കിലും അരുതെന്നു പറയുവാനോ വിലക്കുവാനോ കഴിഞ്ഞില്ല. ആ സ്‌നേഹം, അതിപ്പോഴത്തെ ഊർജ്ജമായി മാറുകയാണ്‌. ഒരു നേർത്ത ശബ്‌ദമായോ, നിശ്ശബ്‌ദമായ സാന്നിദ്ധ്യമായോ അത്‌ തനിക്കു വേണ്ടതെല്ലാം നല്‌കുന്നു. 
 
ആവർത്തനങ്ങളുടെ വിരസതയിൽ അരിച്ചെത്തുന്ന മരവിപ്പ്‌ ഉടലാകെ പടർന്ന്‌ കണ്ണുകളിൽ അന്ധതയായും കാതുകളിൽ ബധിരതയായും ചുണ്ടുകളിൽ മൂകതയായും അലിഞ്ഞില്ലാതായ നാളുകളിൽ- ഇതൊന്ന്‌ അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ! അതിനൊരു മാർഗ്ഗം ആരായാഞ്ഞതല്ല.
 
അതിനുപോലുമാകാത്തതിലുളള സങ്കടം കൂടി ഉളളിൽ തടഞ്ഞിരുന്നു. എങ്കിലും ഔദ്യോഗികജീവിതത്തിൽ ഗുഡ്‌ സർവ്വീസിനുളള അംഗീകാരം നിലനിർത്താൻ കഴിഞ്ഞതിൽ അത്ഭുതമുണ്ട്‌.
 
പിന്നീട്‌ അതിലും വീഴ്‌ച വന്നുതുടങ്ങിയിട്ട്‌ അധികനാളായില്ല. പിന്നെ എപ്പോഴാണ്‌ വഴിതെറ്റിവന്ന ആ ശബ്‌ദം തന്റെ ഊർജ്ജമായതും ശേഷിക്കുന്ന ജീവിതത്തിന്റെ പ്രാണവായുവുമായി തീർന്നതും
 
മുമ്പെഴുതിയ വരികളിലെ നിസ്സംഗതയോ ജീവിതം വഴിമുട്ടിനില്‌ക്കുന്ന നിശ്ശബ്‌ദതയോ ഇന്നില്ല.
പകരം ആർദ്രമാകുന്ന വരികളിൽ ജീവിതത്തിന്റെ പച്ചപ്പ്‌ കണ്ടെത്തിയതിലുളള ആശ്വാസം. ഇനിയും ഒരുപാടുകാലം ജീവിക്കേണ്ടുന്നതിന്റെ, രുചിയും മണവും നിറഞ്ഞ ആസ്വാദ്യതകൾ.
 
 
 
എല്ലാത്തിനും പിന്നിൽ അവളാണെന്ന്‌, പുതിയ വരികൾക്കിടയിലെ അർത്ഥം തേടിയ സുഹൃത്തുക്കളോട്‌ അയാൾക്ക്‌ പറയണമെന്നുണ്ടായിരുന്നു.
എങ്കിലും തന്റെ നരച്ച മുടിയിഴകളിലേക്കുളള നോട്ടവും പ്രായപൂർത്തിയായ തന്റെ മക്കളുടെ അമ്മയുടെ ദുർവിധിയിൽ പരിതപിച്ചുളള അവരുടെ നിശ്വാസവും അയാൾക്ക്‌ ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുളളൂ.
 
എങ്കിലും അയാൾ പറഞ്ഞു നീയെന്റെ ജീവനാണ്‌, ജീവിതമാണ്‌. അവളുടെ സാന്നിധ്യത്തിൽ അയാൾക്കെപ്പോഴും അങ്ങനെ പറയുവാനാണ്‌ തോന്നിയത്‌. 
 
അവളുടെ സാന്നിധ്യം ഒരുപാടാവശ്യമാണെന്നു തോന്നിയ ഒരു വിഷു ദിനത്തിലാണ് അവളെ ഒരു യാത്രയ്‌ക്ക്‌ ക്ഷണിച്ചത്‌.
 
കാറിന്റെ ഗ്ലാസുകൾ പരമാവധി ഉയർത്തിവെച്ച്‌ വളരെ സാവധാനമാണയാൾ കാറോടിച്ചത്‌.
 
ഇനിയും കിട്ടേണ്ടുന്ന സ്‌നേഹത്തെപ്പറ്റിയും നിഷേധിച്ചാലുണ്ടാകുന്ന അപകടസാധ്യതകളെയും പറ്റിയും അയാൾ അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
 
അവളുടെ തിളക്കമാർന്ന കണ്ണുകളിലും ചുവന്നു തുടുത്ത ചുണ്ടുകളിലും യൗവനത്തിന്റെ പ്രസരിപ്പ്‌ അയാൾ കാണുന്നുണ്ടായിരുന്നു.
 
അപ്പോഴൊക്കെ തന്റെ പരിമിതികളെപ്പറ്റി പറയണമെന്നുണ്ടായിരുന്നു. എങ്കിലും നരച്ച കുറ്റിരോമങ്ങളുളള ആ കവിളിൽ ചുംബിക്കുകയാണവൾ ചെയ്‌തത്‌.
 
പകരം സ്‌നേഹവാത്സല്യങ്ങളോടെ അയാൾ അവളുടെ നിറുകയിൽ ചുംബിക്കുകയും, ഇടതുകൈകൊണ്ട്‌ അവളെ അയാളിലേക്ക്‌ ചേർത്തുപിടിക്കുകയും ചെയ്‌തു.
 
കരയിൽ പിടിച്ചിട്ട മീനിന്റെ പിടച്ചിലിൽനിന്നും തിരികെ കുളത്തിലെത്തിയപോലെ അയാൾ ജീവിതത്തിലേക്ക്‌ ഊളിയിട്ടു. 
 
കടൽത്തീരം ഏറെ വിജനമായിരുന്നു. രാക്ഷസത്തിരമാലകൾ ബാക്കിവെച്ച, ടൂറിസം മേളയുടെ അവശിഷ്‌ടങ്ങൾ അവിടവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു.
 
എങ്ങും മൗനമുഖങ്ങൾ.
 
എങ്കിലും അസ്‌തമയ സൂര്യന്റെ അവസാന കിരണങ്ങൾ ഏറെ വർണാഭമായിരുന്നു. അതവളുടെ കവിളിൽത്തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. 
 
അപ്പോളയാൾ തന്റെ പുതിയ കഥയുടെ പ്രധാന ഭാഗം വായിക്കാൻ തുടങ്ങിയിരുന്നു. അവൾ വിടർന്ന കണ്ണുകളോടെ അയാളെ നോക്കി കാതുകൂർപ്പിച്ചിരുന്നു.
കഥയുടെ അവസാനഭാഗമായപ്പോൾ അയാൾക്ക്‌ ശ്വാസതടസ്സം അനുഭവപ്പെട്ടു. ഒരുപക്ഷെ, അയാളിൽ ഉണ്ടായിരുന്ന വികാരം പരിധി കടന്നതിലുളള ക്രമക്കേടാകാം. 
 
വായിച്ചു തീരുമ്പോൾ നഷ്‌ടപ്പെട്ടതെന്തൊക്കെയോ കൈയിൽ തടഞ്ഞതായി അവളറിഞ്ഞു. വരികൾക്കിടയിലെ ജീവിതത്തുടിപ്പുകളുടെ നാനാർത്ഥം അവൾക്കേറെ വ്യക്തമായിരുന്നു.
 
അവൾ അയാളുടെ മുഖത്തേക്ക്‌ നോക്കി. മഴയ്‌ക്കുമുൻപുളള ഈറൻ നിശ്ശബ്‌ദതപോലെ ഇരുണ്ടുകൂടിയ മുഖം!
 
ഒക്കെ ശരിയാകുമെന്ന്‌, വേണമെങ്കിൽ അവൾക്ക്‌ പറയാമായിരുന്നു. എങ്കിലും എങ്ങനെയെന്നുളള ചോദ്യത്തിനുത്തരം അവൾക്കറിയില്ലായിരുന്നു. 
 
അന്നത്തെ സൂര്യന്റെ അവസാന കിരണവും നഷ്‌ടമായിരിക്കുന്നു.
പരക്കുന്ന ഇരുട്ടിൽ കാഴ്‌ചകൾ ഇരുണ്ട നിഴലുകൾ മാത്രം.
അനിവാര്യമാകുന്ന മടക്കയാത്രയിൽ അയാൾക്കവളെയൊന്നു കൂടി ചുറ്റിപ്പിടിക്കണമെന്നു തോന്നി.
എന്നാൽ അപ്പോൾ അവളിലുണ്ടായ നിർവികാരതയിൽ അയാളതു നിയന്ത്രിച്ചു. 
 
മടക്കയാത്രയിൽ അയാൾ പറഞ്ഞത്‌ ഭാര്യയെക്കുറിച്ചു മാത്രമാണ്‌.
 
അവരുടെ ആഗ്രഹങ്ങൾക്കപ്പുറത്തേക്ക്‌ എത്തിനോക്കാൻപോലും ആകാത്ത ഒരു ഭർത്താവും ഉപരിപഠനശേഷം വിദേശങ്ങളിൽ ജോലിചെയ്യുന്ന രണ്ടാൺമക്കളുമുളള അവരുടെ മുഖത്തെ പ്രശ്‌നമില്ലായ്‌മയാണ്‌ അയാളുടെ പ്രശ്‌നമെന്ന്‌ ഇതിനുമുൻപും അയാൾ പറഞ്ഞിട്ടുളളത്‌ അവളോർത്തു. 
 
അവരുടെ സ്വപ്‌നങ്ങളിപ്പോൾ ആൺമക്കളുടെ നവവധുക്കളും അവർക്ക്‌ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളും. അവരെ താലോലിക്കാൻ അവർ കൈകളെ ഇപ്പോഴേ സജ്ജമാക്കിയിരിക്കുന്നു.
 
അവർക്കായി കരുതുന്ന തൊട്ടിലുകൾ മനസ്സുകൊണ്ട്‌ ആട്ടിയാട്ടി അവർ നിമിഷങ്ങളെ ധന്യമാക്കുന്നു.
 
അപ്പോഴൊക്കെ ഇളംമോണ കാട്ടി ചിരിക്കുകയും കരയുകയും ചെയ്യുന്ന ഒരു കുഞ്ഞായി മാറണമെന്നയാൾക്കു തോന്നിയിട്ടുണ്ട്‌.
ആ ആഗ്രഹത്തിന്റെ വ്യർത്ഥതയിൽ അയാൾ കൂടുതൽ മൗനിയാവുകയാണ്‌ ചെയ്തത്‌.
 
 അവരോട് എന്തെങ്കിലും വർത്തമാനം ഒക്കെ പറയണമെന്ന് കരുത്തുമ്പോഴൊക്കെ, മുദ്രിത മൗനം കൊണ്ട് നിരന്തരം ശ്രമിച്ചാലും ഈ അവസ്ഥകളെ മാറ്റി പണിയാനാവില്ലെന്ന് അറിഞ്ഞ്, അപ്പോഴെല്ലാം കാൽമുട്ടുകളിൽ വെറുതെ മുഖം മറച്ചിരുന്നു.
 
ബാക്കിയുള്ള വേരുകൾ കരിയാതിരിക്കാൻ അയാൾക്ക് ആ മാർഗ്ഗമേ ഉണ്ടായിരുന്നുള്ളു.
വിവാഹ ജീവിതത്തിലെ നിശബ്ദ സഹനവും ആസൂത്രിത നിശബ്ദതയും ജീവിതത്തെ നെടുകെ പിളർത്തിയപ്പോഴൊക്കെ ജീവിതം ഒരു ധൂർത്താണെന്നും അതിൽ താനൊരു തോറ്റ മനുഷ്യനാണെന്നും അയാൾക്ക് തോന്നിയിരുന്നു.
 
തന്റെ സ്വപ്നങ്ങളെല്ലാം വീർപ്പു മുട്ടി മരിച്ചുപോയതോർത്ത് ഏകാന്തതയിൽ അയാൾ, മനസ്സിന്റെ കേടുകൾ തീർക്കാൻ ഓർമ്മയുടെ പച്ച ഞരമ്പുകളിലൂടെ യാത്രകൾ പോകും. വല്ലപ്പോഴും മാത്രം എത്തുന്നതിൽ പരിഭവം പറഞ്ഞ്, ഓർമ്മകൾ അയാളെ കെട്ടിയിട്ടു വീർപ്പു മുട്ടിക്കും.
വീണ്ടും തിരിച്ചെത്തുമ്പോൾ ഭാര്യ അപരിചിതയെപോലെ മുന്നിലുണ്ടാകും..
 
അപ്പോഴൊക്കെ അവർ അയാളിൽ നിന്നാവശ്യപ്പെട്ടത്‌ ഒരുകാര്യം മാത്രമാണ്‌-ഇനി ഒന്നും എഴുതരുത്‌.
അതാണ്‌ അയാളുടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നവർ കരുതുന്നു. 
 
എഴുതാൻ കഴിയുന്നതുകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന ഒരാളാണ്‌ താനെന്ന്‌ അവർക്കെന്തുകൊണ്ട്‌ മനസ്സിലാക്കാൻ കഴിയുന്നില്ല? അതവരെ ബോധ്യപ്പെടുത്തേണ്ടത്‌ തന്റെ കടമയല്ലെന്ന്‌ അയാൾ വിശ്വസിച്ചു. 
 
കാർ തന്റെ വീടിനുമുന്നിൽ വന്നുനില്‌ക്കുമ്പോൾ ഇന്നയാളെ വീട്ടിലേക്ക്‌ ക്ഷണിക്കണമെന്നവൾ നേരത്തെ കരുതിയിരുന്നതാണ്‌. എങ്കിലും അപ്പോൾ തീരുമാനിച്ചതുപോലെയാണവൾ അയാളെ വീട്ടിലേക്ക്‌ ക്ഷണിച്ചത്‌. 
 
അയാൾ ആദ്യമായി അവിടേയ്‌ക്ക്‌ വരികയായിരുന്നു. സ്വീകരണമുറിയിലെ അവളുടെ വിവാഹ ഫോട്ടോയിൽ അയാളുടെ കണ്ണുകൾ ഉടക്കിനിന്നു.
 
ആണ്ടിൽ ഒരിക്കൽ മാത്രം വീട്ടിലെത്തുന്ന സുമുഖനായ അവളുടെ ഭർത്താവിനെ പറ്റി അയാൾക്ക് കേട്ടറിവേ ഉണ്ടായിരുന്നുള്ളു. അയാളുടെ മുഖം മ്ലാനമായി. 
 
അവളുടെ പിറന്നാൾ ദിവസമായ ഇന്ന് അവൾക്ക് സാജു അയച്ച മെസ്സേജ് അവൾ അയാൾക്ക്  വായിക്കുവാനായി കൊടുത്തു.
 
അതിലെ വരികൾ ഇത്രമാത്രമെ ഉണ്ടായിരുന്നുളളൂ..
 
നീ സുഖമായിരിക്കുക,
ഞാനെപ്പോഴും അതിനായി ശ്രമിക്കാം.
 
പിന്നെ എന്തെഴുതിയാലും അധികമാകുമെന്നയാൾ കരുതിയിരിക്കാം. എങ്ങിനെയാണ്‌ സുഖമായിരിക്കേണ്ടത്‌ എന്നുമാത്രം പറഞ്ഞിട്ടില്ല. 
 
അവൾക്കു ചുറ്റുമെപ്പോഴും ആടുന്നത്‌ ഒഴിഞ്ഞ തൊട്ടിലുകളാണ്‌. മുമ്പ്‌, അതിൽ അമ്മിഞ്ഞ നുണഞ്ഞ്‌ സുഖമായുറങ്ങുന്ന കുഞ്ഞുമുഖങ്ങളെ സ്വപ്നം കണ്ടിരുന്നു. രണ്ടുപ്രാവശ്യം മിഷൻ ഹോസ്പിറ്റലിന്റെ ഓപ്പറേഷൻ തിയേറ്ററിൽ കയറിയിറങ്ങിയതാണ്‌. ഓർമ്മ വരുമ്പോൾ കട്ടിലിന്നരുകിൽ ഒഴിഞ്ഞ തൊട്ടിലുകൾ. ശേഷിച്ചത്‌ അടിവയറ്റിൽ നേർരേഖപോലെയുളള പാടുകൾ മാത്രം. ഒക്കെ നേടിയിട്ടും ഒന്നും നേടാത്തവനെപോലെ അരുകിൽ ഭർത്താവും! പരസ്പരം ആശ്വസിപ്പിക്കാനാവാതെ, ആശ്വാസത്തിന്റെ പച്ചപ്പു തേടി അവർ ഇരുന്നു. 
 
ചുവന്നു കലങ്ങിയ കണ്ണുകളിലേക്കുറ്റു നോക്കി അയാൾ വെറുതെയിരുന്നു.
 
പിന്നെ സെറ്റിയിൽനിന്നും എഴുന്നേറ്റ്‌ അവളുടെ മടിയിൽ തലചായ്‌ച്ച്‌, അവളുടെ കാൽചുവട്ടിൽ ഇരുന്നു.
 
അപ്പോളവൾ തന്റെ മുന്നിലാടുന്ന ഒരു തൊട്ടിൽ കണ്ടു.
അതിൽ നരച്ച കുറ്റിരോമങ്ങളുളള ഒരു ഓമനമുഖം!
അതവൾ വാരിയെടുത്ത്‌ നെഞ്ചോടു ചേർത്തു.
അവളുടെ മാറുകൾ പാൽചുരത്തി നനയാൻ തുടങ്ങി.
 
അയാളപ്പോൾ അമ്മിഞ്ഞകൊണ്ട്‌ ചുണ്ടുകൾ നനയ്‌ക്കുകയും ഇളം മോണകാട്ടി ചിരിക്കുകയും പിന്നെ കരയുകയും ചെയ്‌തു. 
 
-------------------------
ശ്രീദേവി കെ ലാൽ 
എറണാകുളം സ്വദേശിനി. ആനുകാലികങ്ങളിൽ എഴുതുന്നു. 
വഴക്കങ്ങൾ, പെണ്ണിര എന്നീ സമാഹാരങ്ങൾ ഉണ്ട്. വർഗീസ്സ് ജെ മാളിയേക്കൽ പുരസ്‌കാരം, സാഹിത്യ സംഘം കവിതാ പുരസ്‌കാരം AIDWA നൽകിയ കഥ പുരസ്‌കാരം പി ജി സ്മാരക കവിതാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 
സുശിഖം, സുതാര്യം സാഹിത്യ ശ്രീ എന്നീ മാസികകളുടെ സഹ പത്രാധിപ ആയിരുന്നു. ഇപ്പോൾ സിറ്റി ലൈറ്റിൽ വർക്ക്‌ ചെയ്യുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

View More