America

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

Published

on

ജീവിതം അങ്ങനെ ആര്‍ത്തലച്ച് പോകുമ്പോള്‍ ചുരുക്കം ചിലര്‍ അതിനു മദ്ധ്യേ കിടന്നു തിമിര്‍ത്തു തുളളാറുണ്ട്. കാറ്റ് വീണ്ടും വീണ്ടും ആഞ്ഞടിക്കുകയാണ്. കരിയിലകള്‍ വട്ടമിട്ടു പറക്കുന്നു, ഉണങ്ങിയ ഓലമടലുകള്‍ ലക്ഷ്യം തെറ്റി താഴേക്കു പതിച്ചു. ശക്തമായ മഴയില്‍ മാവും, പ്ലാവും, ഇലഞ്ഞിയുമെല്ലാം ചരിഞ്ഞ്, മഴയത്ത് കുതിര്‍ന്ന മഴ വെളളം ഇറ്റിച്ചു നിന്നു.
 
കത്രീന ചേട്ടത്തി അങ്ങനെ മലര്‍ന്നു കിടക്കുകയാണ്. മിന്നിത്തിളങ്ങുന്ന ഗ്രാനൈറ്റ് തറയില്‍, തേക്കിന്റെ ചാരു കസേരയില്‍ വല്യപ്പന്‍ കൊന്ന കാട്ടുപോത്തിന്റെ പല്ലിളിക്കുന്ന തലയോടിനു കീഴില്‍ ആഢ്യത്തത്തോടു കൂടി ചേട്ടത്തി അങ്ങനെ മലര്‍ന്നു കിടന്നു. ചുളുങ്ങിത്തുടങ്ങിയ തന്റെ വെളുത്ത
തൊലിയില്‍ നല്ല മണമുളള കൂടിയ ക്രീം പുരട്ടി, മുറുക്കാനും അണയില്‍ ഇട്ട് തന്റെ സ്വര്‍ണ്ണകണ്ണാടി ശരിയാക്കി ക്കൊണ്ട് ചേട്ടത്തി, താന്‍ വിറ്റ അമ്പത് ഏക്കര്‍ റബ്ബര്‍ തോട്ടത്തില്‍ ഉയര്‍ന്നുവരുന്ന വന്‍കിട
ഫ്‌ളാറ്റുകള്‍ കണ്ട് അങ്ങനെ നിര്‍വൃതി പൂണ്ടുപറഞ്ഞു.
 
“ഈ റബ്ബറുപോലെ നശിച്ച ഒരു സാധനം വേറെ ഇല്ല. രാപ്പകല്‍ ഇതില്‍ പണി എടുത്താലും കോരനു എന്നും കുമ്പിളില്‍ തന്നെ കഞ്ഞി ”. ഇതു കേട്ടു കൊണ്ടെന്ന വണ്ണം മൂന്നു തലമുറയോളം അന്നം കൊടുത്ത റബ്ബര്‍ മരങ്ങള്‍ പാട്ടക്കാരന്‍ ലോപ്പസിന്റെ ലോറിയില്‍ വേരറ്റു കിടന്നു കണ്ണീര്‍ വാര്‍ത്തു. എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും മനുഷ്യനില്‍ വേരറ്റു പോകാത്ത ഒരു വികാരമായിരുന്നു നന്ദികേട്. നന്ദികേടും കാശിനോടുളള ആര്‍ത്തിയും ഒത്തു ചേര്‍ന്നാല്‍ ചില മനുഷ്യര്‍ വളരെ അധികം പൂര്‍ണ്ണത ഉളളവരായി രൂപാന്തരം
കൈവരിച്ചിരുന്നു. ആ കൂട്ടത്തില്‍ വളരെ ഉത്തമ ഗണത്തില്‍ ഉള്‍പ്പെടുന്ന ഒരു സ്ത്രീ ആയിരുന്നു കത്രീന ചേട്ടത്തി.
 
അമ്പതു ഏക്കര്‍ വിറ്റ് ചേട്ടത്തി വികസിച്ചു വരുന്ന തന്റെ ഗ്രാമത്തില്‍ രണ്ട് കട മുറി തുടങ്ങി. ബാക്കി ഉളള കാശ് ചിട്ടി തുടങ്ങി. പിന്നെ അതിലും ബാക്കി വന്നത് തന്റെ മരുമക്കളുടെ മുന്നില്‍ പത്രാസു കാണിക്കാന്‍ തന്റെ അഞ്ചു പെണ്‍മക്കള്‍ക്കുമായി വീതിച്ചു കൊടുത്തു. ഏകദേശം രണ്ട് വര്‍ഷം കൂടുമ്പോള്‍ ചേട്ടത്തിയുടെ പെണ്‍മക്കള്‍ ഓരോരുത്തരായി പെറ്റു പെരുകി.
 
അവരുടെ പേറെടുക്കാനായി ചേട്ടത്തി ഒരു അമേരിക്കന്‍ യാത്രയുണ്ട്. കനാന്‍ ദേശം കണ്ട് ഇസ്രായേല്‍ ജനതയുടെ ഒരു സന്തോഷത്തിമിര്‍പ്പാണ് ചേട്ടത്തിക്കു അമേരിക്ക എന്ന പേര് കേള്‍ക്കുന്നതു തന്നെ. അംബര ചുംബികളായ കെട്ടിടങ്ങള്‍ക്കു നടുവിലൂടെ, കട്ടിയുളള ജാക്കറ്റും ഇട്ട് മഞ്ഞിന്‍ പാളികളുടെ മുകളിലൂടെ കാറ് ചീറി പാഞ്ഞ് പോകുമ്പോള്‍, അമ്പത് കൊല്ലം മുന്‍പെ എട്ടാം തരം തോറ്റ ഔസേപ്പച്ചനെക്കൊണ്ട് വീട്ടുകാര്‍ തന്നെ കെട്ടിച്ചതോര്‍ത്ത് കത്രീന ചേട്ടത്തിക്ക് പുച്ഛം എന്ന ഒറ്റ ഒരു വികാരമേ തോന്നിയിരുന്നുളളു, എടാ വറീദെ നിനക്കു ഇംഗ്ലീഷ് മനസ്സിലാകുമോ എന്നെനിക്കറിയില്ല. എന്നാലും ഞാന്‍ പറയാം ആ കല്യാണം ഓര്‍ക്കുമ്പോള്‍ “ഐ ഫീല്‍ വെരി അഷേമ്ഡ് ” കത്രീന ചേട്ടത്തി മുറുക്കാന്‍ സത്ത് അകത്തോട്ടേക്ക്
വലിച്ച് പറഞ്ഞു. കാര്യസ്ഥന്‍ വറീത് തിണ്ണയുടെ പുറത്ത് അതേ എന്ന ഭാവത്തില്‍ തല ആട്ടി നിന്നു.
 
മൂന്നു പതിറ്റാണ്ടു മുന്നേ കാടും, മലയും, വെട്ടിത്തെളിച്ച്, പാമ്പിനെയും, തേളിനെയും വകവെയ്ക്കാതെ, വെറും കാലില്‍ നടന്നു അദ്ധ്വാനിച്ച് തന്റെ ബന്ധുക്കളും സ്വന്തക്കാരും വസൂരിയും, മലമ്പനിയും വന്നു
ചത്തൊടുങ്ങിയപ്പോഴും, കഞ്ഞി മാത്രം കുടിച്ച് കാലങ്ങള്‍ തളളിയപ്പോഴും, നേടണം എന്ന ഒറ്റ ആഗ്രഹത്തോടെ, മുതുമുത്തച്ഛന്മാര്‍ ഉണ്ടാക്കിയിട്ട വസ്തുവകകള്‍ ചേട്ടത്തി പുച്ഛം എന്ന ഒറ്റ വികാരത്തില്‍ മുക്കി കളഞ്ഞു. ആ വികാരത്തിന്റെ അനന്തര ഫലമായി വസ്തുവില്‍ കിടന്ന കുടികിടപ്പുകാരെ മുഴു
വന്‍ ഒഴിപ്പിച്ചു ഫ്‌ളാറ്റുകാര്‍ക്ക് ചേട്ടത്തി വസ്തുവിറ്റു.
 
ചേട്ടത്തി മുറുക്കാന്‍ സത്ത് വീണ്ടും അണയിലേക്ക് വലിച്ച് തുടര്‍ന്നു “ഇപ്പൊ എന്റെ മക്കളൊക്കെ ആരാ വറീദേ? ഷീറ്റും കാപ്പിക്കുരുവും വില്‍ക്കണ കാലം നോക്കി കാശിനു കാത്തിരിയ്ക്കണ്ട ആവശ്യം അവര്‍ക്കിന്നുണ്ടോ? ഇഞ്ചിനിയര്‍മാരും, നഴ്‌സുമാരുമല്ലേ അവരിന്നും ഇവിടുത്തെപ്പോലെയാണോ അങ്ങ്
പുറം നാടുകളില്‍. എല്ലാം മെഷീനല്ലായോ ചെയ്യുന്നേ. പാത്രം വരെ മെഷീനല്ലായോ കഴുകുന്നേ. വേദനയില്ലാതെ പ്രസവിക്കാന്‍ വരെ പറ്റും. എന്റെ അഞ്ച് പെണ്‍മക്കളും പേറ്റു നോവറിയാതെ പ്രസവിച്ചില്ലായോ. തോരാത്ത മഴയുടെ ഇറിച്ചില്‍ അടിച്ചു കൊണ്ട് വര്‍ഷങ്ങളായി കുനിഞ്ഞു നിന്നു തഴമ്പിച്ച നടുവ് ഒട്ടും തന്നെ നിവര്‍ക്കാതെ എണ്‍പതുകളിലെ ആ വിപ്ലവനായകന്‍, മരവിച്ച മനസ്സുമായി “ആണ് കൊച്ചമ്മ” എന്ന് പറഞ്ഞു.
 
“അവിടുത്തെ വയാഗ്ര ആണെടാ വയാഗ്ര, ഇവിടെ അങ്ങനെ ഒരു കാഴ്ച കാണാന്‍ പോലും കിട്ടില്ല”. കത്രീന ചേട്ടത്തിയുടെ കട്ടിയുളള ശബ്ദം കുത്തിയൊലിച്ചു പെയ്യുന്ന മഴയിലും പ്രകമ്പനം കൊണ്ട് വീണ്ടും വറീദിന്റെ ചെവിയില്‍ അടിച്ചു. “വയാഗ്ര അല്ല അമ്മച്ചീ നയാഗ്ര” പളളിപ്പിരിവിനു വന്ന ചെക്കന്മാര്‍ ഊറിചിരിച്ചു കൊണ്ട് കത്രീന ചേട്ടത്തിയെ തിരുത്തി. ചേട്ടത്തി ഒരു പിരികം മാത്രം മേല്‍പോട്ടു പൊക്കി തനിക്കു തെറ്റു പറ്റാനോ എന്ന ഭാവത്തില്‍ ചിറി ഒരു വശത്തേക്ക് കോട്ടി കൊണ്ട് വീണ്ടും തുടര്‍ന്നു.
 
“അതെന്നാ കോപ്പാണോ” , ഒരു പേരിലെന്നാ ഇരിക്കുന്നെടാ കൊച്ചനെ? ആ വെളളച്ചാട്ടം കണ്ടപ്പൊഴാ അതിരംപളളി വെള്ളച്ചാട്ടം ഒക്കെ ഒരു വെളളച്ചാട്ടമാണോ എന്നു ഞാന്‍ വിചാരിച്ചത്. എടാ കൊച്ചന്മാരെ
സായിപ്പന്മാര്‍ നമ്മളെ ഒരു ബോട്ടില്‍ കയറ്റി അതിന്റെ ചുവടെ വരെ കൊണ്ടു പോകുമെടാ. ആ വെളളച്ചാട്ടത്തിന്റെ ഇറിച്ചില്‍ എന്റെ ദേഹത്തു അടിച്ചപ്പോഴാണ് “ഹൊ എന്റെ മാതാവെ ഇനിയിപ്പോ ഞാനങ്ങു മരിച്ചാലും എനിക്കു ഒരു ദു:ഖവുമില്ലെന്ന് എനിക്ക് തോന്നിപ്പോയത്” ഒരു നൂറു രൂപ കിട്ടാന്‍
ആയിരം രൂപയുടെ പൊങ്ങച്ചത്തിനു അടിമയാകെണ്ടിവന്നല്ലോ എന്ന ഭാവത്തില്‍ ആ ചെക്കന്‍ രസീതു കുറി കീറിയപ്പോള്‍, മനസ്സില്ലാ മനസ്സോടുകൂടി കൈയ്യില്‍ ഒന്നു രണ്ടുവട്ടം തിരുമ്മിയ നൂറു രൂപാ നോട്ട് ചേട്ടത്തി വെച്ചു നീട്ടി.
 
 
കാശില്ലാത്തവരെ ചേട്ടത്തിക്ക് പണ്ടേ പുച്ഛമാണ്. എടാ നമ്മള്‍ ശ്രമിക്കാത്തതു കൊണ്ടല്ലേ പണക്കാരാകാന്‍ പറ്റാത്തത്. ശ്രമിച്ചാല്‍ നടക്കാത്തതായി വല്ലതുമുണ്ടോ ഈ ഭൂമിയില്‍ വറീദിനോടായിരുന്നു ആ ചോദ്യം
ജീവിത വഴികളിലെല്ലാം എല്ലാ മാര്‍ഗ്ഗങ്ങളും ശ്രമിച്ചിട്ടും ഒന്നും ആകാന്‍ സാധിക്കാത്ത, ഒരിക്കല്‍ വിപ്ലവത്തില്‍ വിശ്വസിച്ചു പോലീസിന്റെ നട്ടെല്ലിലുളള ചവിട്ടും, നഖത്തിനിടയിലുളള സൂചികയറ്റും കാരണം സ്വപ്നവും ജീവിതവും തമ്മിലുളള അന്തരം നന്നായി മനസ്സിലായ വറീദ് നിര്‍വ്വികാരനായി
നിന്നു.
 
അങ്ങനെ ചേട്ടത്തി രാവന്തിയോളം പൊങ്ങച്ചത്തിന്റെയും, അഹങ്കാരത്തിന്റെയും ഒരു മിഥ്യാലോകത്ത് മലര്‍ന്നു കിടന്നു. അപ്പനപ്പൂപ്പന്മാരായി ദയതോന്നി രാവന്തിയോളം തങ്ങളുടെ പറമ്പില്‍ പണിയുന്നവര്‍ക്കു കുടി കിടക്കാന്‍ കൊടുത്ത ഭൂമി മുഴുവന്‍ ചേട്ടത്തി ഒഴിപ്പിച്ചു. ചിലരെ ഭീഷണിപ്പെടുത്തി, മറ്റു ചിലര്‍ക്ക് തുച്ഛമായ കാശു കൊടുത്തും. പറയരും, പെലയരും ഒന്നും ഇല്ലാത്ത ഒരു ലോകം ചേട്ടത്തി സ്വപ്നം കണ്ടു. അങ്ങ് അമേരിക്കയിലും, യൂറോപ്പിലുമൊക്കെ നസ്രാണികളാണ് ഭരിക്കുന്നത്. അതുകൊണ്ടാണ് ആ രാജ്യക്കാര്‍ക്കിത്ര എഴുമ്പേറ്റം. മുറ്റത്തെ മരങ്ങളെല്ലാം വെട്ടാന്‍ ആളെ ഏല്‍പ്പിച്ച് ചേട്ടത്തി തന്റെ കണ്ടുപിടിത്തം അവരോടായി പറഞ്ഞു. നമ്മുടെ നാടും നസ്രാണികളെ ഏല്‍പ്പിച്ചാല്‍ രക്ഷപെടും. തന്റെ സ്വര്‍ണ്ണകണ്ണാടി നേരെ വെച്ചു കൊണ്ട് ചേട്ടത്തി അഭിപ്രായം രേഖപ്പെടുത്തി.
 
ചേട്ടത്തി കൂടിയെഴിപ്പിച്ചവരും, ആ നാട്ടില്‍ പണിക്കായി വന്നു ചേര്‍ന്ന പാവം മനുഷ്യരും കൂടെ ചേര്‍ന്നു ആറിന്റെ തീരത്തുളള കുറച്ച് പുറംപോക്ക് ഭൂമിയില്‍ കുടിലു കെട്ടി പൊറുതി തുടങ്ങി. ചുമട് ചുമക്കുന്നവനും, ഓട വൃത്തിയാക്കുന്നവനും, തോട്ടിയും, പറയനും, പെലയനും എല്ലാം അക്കൂട്ടത്തില്‍
പെട്ടു. ചേട്ടത്തി ആ കോളനിയെ വെറുപ്പോടു കൂടി തോട്ടിക്കോളിനി എന്നു പേര്‍ വിളിച്ചു. 
 
ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഉയര്‍ന്നു പൊങ്ങി. വന്‍മരങ്ങള്‍ മുറിക്കപ്പെട്ടു. കുഴല്‍ക്കിണറുകള്‍ ധാരാളമായി കുഴിക്കപ്പെട്ടു. ഫ്‌ളാറ്റകളുടെ മാലിന്യം മുഴുവന്‍ ഓടകളിലായി ആറ്റിലേക്കു ഒഴുക്കപ്പെട്ടു.
അങ്ങനെ ആറ്റിലെ നല്ല തെളിഞ്ഞ വെളളം, തവിട്ടു നിറത്തില്‍ കലക്കവെളളമായി ഒഴുകുവാന്‍ തുടങ്ങി. ഡയപ്പറുകളും പ്ലാസ്റ്റിക്കുകളും ആറിന്റെ അരികില്‍ രാത്രിയില്‍ ആള്‍ക്കാര്‍ നിക്ഷേപിക്കുന്നതിനാല്‍ ദുര്‍ഗന്ധം വമിച്ചു ഈച്ചയും കൊതുകും പെറ്റു പെരുകാന്‍ തുടങ്ങി.
 
തോട്ടക്കോളനിയില്‍ എന്നും വഴക്കും വക്കാണവുമാണ്. ചെത്തുകാരന്‍ നാണു ദിവസവും മിനുങ്ങിവന്ന് “ കൂത്തിച്ചീ നീ ഫ്‌ളാറ്റ് തുടക്കാന്‍ പോയിട്ട് അവിടുത്തെ മുതലാളിയുടെ കൂടെ കിടന്നോടീ?” എന്ന് ചോദിച്ച് പെണ്ണുംപിളളയുടെ നടുവില്‍ നൃത്തം വെക്കാന്‍ തുടങ്ങും. ടാക്‌സിക്കാരന്‍ പക്കുവിന്റെ മക്കളായ സരോജവും അമ്മിണിയും സന്ധ്യാസമയം വരെ പേനിനെയും കൊന്ന് ടൈപ്പ് പഠിക്കാന്‍ പോയെടുത്ത മാഷ് മഴയത്ത് കറന്റ് പോയപ്പോ ടൈപ്പ് റൈറ്ററില്‍ നിന്നു മാറി റൗക്കയുടെ അടിയില്‍ ഒതുക്കി കെട്ടിവെച്ചിരിക്കുന്ന മാറിലായി അക്ഷരം ടൈപ്പ് ചെയ്ത വിശേഷം ചെവിയില്‍ പറഞ്ഞ് ചിരി തുടര്‍ന്നു.
 
ഓട വൃത്തിയാക്കലിനു ശേഷം ആറ്റില്‍ കുളിക്കാന്‍ പോയ കേശുവിന് ആറ്റിലെ വെള്ളത്തെക്കാള്‍ എത്രയോ ഭേദമാണ് ഓട എന്നു തോന്നിപ്പോയി. ബാക്കിയുള്ള ഏതാനും ചെറുപ്പക്കാരാകട്ടെ ചേരി തിരിഞ്ഞ് അടുത്ത ഇലക്ഷനില്‍ ഇടതാണോ വലതാണോ അധികാരത്തില്‍ വരുന്നതെന്ന് പറഞ്ഞ് തമ്മിത്തല്ലി പാര്‍ട്ടിക്കാരുടെ കൂലിപ്പണിക്കാരായി ദിവസങ്ങള്‍ കളയുന്നു. കാലങ്ങള്‍ കടന്നു. തുലാവും വൃശ്ചികവും മാറി മാറി വന്നു. മന്ത്രി സഭകള്‍ മാറിയും, മറിഞ്ഞും വന്നു. കാലം തെറ്റി പൂത്ത കണികൊന്ന മരത്തില്‍ നിന്നും പൂവുകള്‍
കൊഴിഞ്ഞു വീണതുപോലെ അന്യോനം ബന്ധമില്ലാതെ മനുഷ്യരും യന്ത്രവത്ക്കരിക്കപ്പെട്ടു മുന്നോട്ട് പോയി.
 
ചോയി തന്റെ നഖങ്ങളാല്‍ കക്ഷം ചൊറിഞ്ഞു കൊണ്ട് മാനത്തേക്ക് നോക്കി. തോട്ടിപ്പണി കഴിഞ്ഞ് കുളിക്കുവാനുള്ള മടി കാരണം തന്റെ ദേഹം അങ്ങിങ്ങ് ചൊറിഞ്ഞു ആറ്റിലേക്ക് ഒഴുക്കുന്ന അഴുക്കുചാലിന്റെ മേലുള്ള സിമന്റ് സ്ലാബില്‍ മലര്‍ന്ന് കിടന്നു കൊണ്ട് മങ്ങി വരുന്ന സൂര്യനെ അവന്‍ നോക്കി.
 
കാറ് മൂടി കെട്ടി വരുന്നുണ്ട് . പുക കുമിഞ്ഞ് കൂടി വരുന്ന ആകൃതിയില്‍ കറുത്ത നിറത്തില്‍ മാനം മുഴുവന്‍ കറുത്ത മേഘങ്ങള്‍ അടിഞ്ഞു കൂടി . വേനല്‍ മഴ പോലും വര്‍ഷങ്ങളായി പെയ്യാതെ വിണ്ടു തുടങ്ങിയിരുന്ന മണ്ണിനു മേലെ പ്രകൃതി മഴ കനിഞ്ഞു എന്ന് ആദ്യം നാട്ടുകാര്‍ വിചാരിച്ചു. ആര്‍ത്തു പെയ്യുന്ന മഴയില്‍ ചോയി അങ്ങനെ മലര്‍ന്നു കിടന്നു. ഉരച്ചു കളയാതെ തന്നെ ദേഹത്തു പറ്റി കൂടിയ തീട്ടം മഴവെള്ളത്തില്‍ അടര്‍ന്നു ഒലിച്ചുപോയി .
 
ആറില്‍ വെള്ളം നിറയാന്‍ തുടങ്ങി. മൈതാനത്തു അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കന്നാലി കൂട്ടങ്ങള്‍ ലക്ഷ്യം തെറ്റിയ നിരപോലെ ദിക്കു തെറ്റി ഓടി. കാതടച്ചു വെട്ടിയ ഇടിയും കേട്ട് തോട്ടി കോളനിയിലെ പട്ടികള്‍ ചങ്ങല പൊട്ടിക്കാന്‍ കഴുത്ത് ഞെരിച്ചമര്‍ത്തി ശ്വാസം മുട്ടാന്‍ തുടങ്ങി . മഴ തിമിര്‍ത്തു പെയ്തു. ആറും പാടവും ഓടയും ഏതെന്നു തിരിച്ചറിയാന്‍ സാധിക്കാത്തവണ്ണം തിമിര്‍ത്തു കുത്തി പെയ്തു.
 
കത്രീന ചേട്ടത്തി ഒരു കേസ് ബിയറു കുപ്പിയുമായി ഒരു ചൊവ്വാഴ്ച സന്ധ്യയ്ക്ക് മുകളിലത്തെ നിലയില്‍ പോയതാണ്. പിറ്റേന്ന് രാവിലെ കണ്ണു തുറന്നപ്പോള്‍ തോട്ടി കോളനിയിലെ ആള്‍ക്കാള്‍ കൈയ്യില്‍ കിട്ടിയതെല്ലാം എടുത്തു നെഞ്ചോളം വെള്ളത്തില്‍ കൈകോര്‍ത്തു പിടിച്ചു ജീവഭയം മുഖത്ത് മഞ്ഞളെന്നോണം വാരി വിതറി മുന്നോട്ട് പോവുകയാണ്. മാസം തികഞ്ഞ അമ്മിണികൊച്ച് നെഞ്ചറ്റം പോന്ന
വെള്ളത്തില്‍ കാലിടറി വീണു. വയറിടിച്ചു വീണ വെള്ളത്തില്‍ തന്നെ ആള്‍ക്കാര്‍ താങ്ങി നിര്‍ത്തി. വേദന സഹിക്കവയ്യാതെ സര്‍വ്വദിക്കും കേള്‍ക്കുമാറ് അലറി അവള്‍ പ്രവസവിച്ചു. താങ്ങി പിടിച്ച ആമിന പാക്ക്
കണ്ടിക്കാന്‍ അരയില്‍ എപ്പോഴും കരുതിയിരുന്ന കത്തി എടുത്ത് പൊക്കിള്‍ക്കൊടി കണ്ടിച്ചു. ജാതിയും മതവുമെല്ലാം ഈ പൊക്കിള്‍ക്കൊടി അറുത്തതിനു ശേഷമാണല്ലോ ഒരു വിഷം പോലെ കയറി തുടങ്ങുന്നതെന്ന സത്യം ആ പേറ്റുനോവ് കണ്ടു നിന്ന ഒരോ മനുഷ്യനിലും ഉണ്ടായി. ഈ കാഴ്ച കണ്ട്
സ്ത്രീകളെ ചവിട്ടി മെതിച്ചിരുന്ന പല മീശ കൊമ്പന്മാരുടെയും മനസ്സില്‍ സ്ത്രീകള്‍ അത്ര നിസ്സാരരല്ല എന്ന ഒരു തോന്നല്‍ പതിയെ മുളപൊട്ടി തുടങ്ങി.
 
കത്രീന ചേട്ടത്തി തന്റെ ജനലില്‍ കൂടി ഈ കാഴ്ചകളെല്ലാം കണ്ട് ആനന്ദിച്ചു. ചേച്ചിയുടെ സ്വപ്നം പൂവണിയും പോലെ അതാ ആ വെറുക്കപ്പെട്ടവര്‍ കയ്യില്‍ കിട്ടിയതും എടുത്തു കൊണ്ട് ജീവനും കൊണ്ടോടുന്നു. മഴ വീണ്ടും തകൃതിയായി പെയ്തു തുടങ്ങി. മഴയുടെ രണ്ടാം ദിവസം വരാന്തയില്‍ കിടന്നുറങ്ങിയ വറീദു
ചേട്ടനെ കാണാതായി. തന്റെ ജീവിതത്തില്‍ പകുതി ഭാഗം വിപ്ലവത്തിനായി മാറ്റി വച്ച ആ പല്ലു കൊഴിഞ്ഞ സിംഹം ആരോടും യാത്ര പറയാന്‍ കാത്തു നില്ക്കാതെ അവസാന നിമിഷം വരെ കാവലേല്‍പ്പിച്ച വീട് സുരക്ഷിതമായി നോക്കി. തന്റെ ഈ ലോകത്തിലുള്ള കര്‍മ്മം ഒരു കുറവുമില്ലാതെ പൂര്‍ത്തിയാക്കി. രണ്ടാം ദിവസം പുലരാറായപ്പോള്‍ കത്രീന ചേട്ടത്തി വറീദേ എന്ന് നീട്ടി വിളിച്ചെങ്കിലും ആ
വിളിക്ക് ഉത്തരം കിട്ടിയില്ല.
 
അത്രയും തകൃതിയായി മഴ പെയ്തു തന്റെ താഴത്തെ നില പാതിയോളം മുങ്ങുമെന്ന് ചേട്ടത്തി ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യത്തെ ദിവസത്തെ മഴയില്‍ത്തന്നെ ഫ്‌ളാറ്റുകാരുടെ ഓരത്തു നിന്ന ഒരു മഹാഗണി മരം അലറി വിളിക്കുന്ന വലിയ ശബ്ദത്തോടു കൂടി ഒടിഞ്ഞു കറന്റ് പോസ്റ്റാകെ തകര്‍ന്നു താഴെ വീണതിനാല്‍
പിന്നെയുള്ള ആറു ദിവസവും കത്രീന ചേട്ടത്തി ഇരുട്ടില്‍, ഒരു പായ്ക്കറ്റ് ബ്രഡും, ഒഴിഞ്ഞ ബിയറു കുപ്പികളുമായി മുകളിലത്തെ മുറിയില്‍ കാതടിപ്പിച്ചു പെയ്യുന്ന മഴയും നോക്കി അങ്ങനെ ഇരുന്നു. ജീവിതത്തില്‍ അത്രത്തോളം ഏകാന്തത ചേട്ടത്തി അതിനു മുന്നേ അനുഭവിച്ചിട്ടില്ല. ഇരുണ്ടു മൂടി പെയ്ത മഴയില്‍ ചേട്ടത്തിക്കു രാവും പകലും ഒരുപോലെ തോന്നി.
 
നാലാം ദിവസത്തെ മഴയില്‍ ഒരു വലിയ ശബ്ദത്തോടെ ചേട്ടത്തി ഒരു കാലത്ത് തന്റെ ഏകാധിപത്യം വിളിച്ചോതുന്ന രീതിയില്‍ കെട്ടിയ ഇന്റര്‍ലോക്ക് ടൈല്‍സാല്‍ ചുറ്റപ്പെട്ടതും തേക്കിന്റെ തടിയാല്‍ പൊതിഞ്ഞതുമായ വീടിന്റെ പാതി ഭാഗം ഇടിഞ്ഞു വീണു. ചേട്ടത്തിയുടെ അലമാര പൂട്ടോടുകൂടിത്തന്നെ
വെള്ളത്തില്‍ പെടത്തു വീണു. ചേട്ടത്തിയുടെ സര്‍വ്വ സ്വത്തുക്കളും പ്രമാണങ്ങളും സ്വര്‍ണ്ണ പണ്ടങ്ങളും കൂടി വെള്ളത്തില്‍ അങ്ങനെ വെറുതെ ഒഴുകിപോയി. ആദ്യമൊക്കെ ചേട്ടത്തി വലിയ വായിലെ അലറികരഞ്ഞു. ഏഴാം ദിവസം ആയപ്പോഴേക്കും ആ നിലവിളി ഒരു പിറുപിറുപ്പിലേക്ക് വഴിമാറിയിരുന്നു. നാലു മണിപ്പൂക്കള്‍ പൂത്ത നേരം പണ്ടൊരു വൈകുന്നേരം കെട്ട്യോന്റെ കൈയ്യും പിടിച്ച് പള്ളി പെരുന്നാള്‍ കൂടാന്‍ പോയ നേരം വെടിക്കെട്ടില്‍ മുഴുകി നില്‍ക്കെ കണ്ണില്‍ ഇരുട്ട് മൂടാന്‍ തുടങ്ങിയപ്പോള്‍ പുണ്യാളന്‍ തന്റെ രൂപക്കൂട്ടില്‍ നിന്നും ഇറങ്ങി ചേട്ടത്തിയുടെ കൈ പിടിച്ചെന്നു ഒരു തോന്നല്‍ തോന്നിയിരുന്നു. രണ്ട് പതിറ്റാണ്ടു മുന്നേ തോന്നിയ അതേ ഒരവസ്ഥ ചേട്ടത്തിയ്ക്ക് പിന്നെയും ഇരുട്ടത്ത് ആ പാതി ഇടിഞ്ഞ വീട്ടില്‍ പിറുപിറുത്തു കൊണ്ട് കിടന്നപ്പോള്‍ തോന്നി. ഇപ്രാവശ്യം ആകെ ഒരു മാറ്റമേ ഉണ്ടായിരുന്നുള്ളു. മുന്നില്‍ ചൂട്ടു പിടിച്ചുകൊണ്ട് വറീദു ചേട്ടനും ഉണ്ടായിരുന്നു.
-------------------
അശ്വതി. എം മാത്യൂ.
ഏതാനും കൊല്ലങ്ങളായി ബോസ്റ്റണില്‍ താമസിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അശ്വതി ഡെല്‍റ്റാ വിമണ്‍ എന്ന മാസികയില്‍ സ്ഥിരമായി കഥകളും, കവിതകളും എഴുതിയിരുന്നു. പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും അശ്വതിയുടെ കഥകളും, കവിതകളും പ്രസിദ്ധീകരിച്ച്
വന്നിട്ടുണ്ട്. യാത്രകളും സംഗീതം ആസ്വദിക്കലുമാണ് ഇഷ്ട വിനോദങ്ങള്‍ 
 

Facebook Comments

Comments

 1. Anju

  2021-06-06 14:36:14

  Superb chechi!!! I hope to see more of your work in the future!

 2. ALPHYN CLEMENT

  2021-06-04 11:20:33

  Beautiful👌.. keep writing..👍

 3. Jithin joy

  2021-06-01 21:57:47

  Superb

 4. Dillan

  2021-06-01 14:21:39

  യാഥാർഥ്യങ്ങളെ അതിന്റെ ക്രൂരതയോടെ അവതരിപ്പിക്കുമ്പോഴും, നർമ്മബോധം വിടാതെയുള്ള മനോഹരമായ എഴുത്ത്.. തനിക്കു ലഭിച്ച പ്രിവിലേജുകളുടെ മുകളിൽ കയറിനിന്നു അഹങ്കരിക്കുന്ന, തനിക്കു ചുറ്റുമുള്ള ജീവിതങ്ങൾ മുങ്ങിപ്പോകുന്നത് കണ്ട് ആനന്ദിക്കുന്ന കത്രീനച്ചേടത്തിയെയും ദുരിതങ്ങളോട് സമരസപ്പെട്ടു നിസ്സംഗനായി ജീവിക്കുന്ന ചോയിയെപ്പോലുള്ളവരെയും, മറ്റു കഥാപാത്രങ്ങളെയും, ചുറ്റുപാടുകളെയുമെല്ലാം ചുരുങ്ങിയ വാചകങ്ങളിലൂടെ, പൂർണ്ണതയോടെ visualize ചെയ്യപ്പെടുന്നുണ്ട് കഥയിൽ .. ധാരാളം എഴുതാനും മുഖ്യധാരയിലേക്ക് ഇറങ്ങിവരാനും കഥാകൃത്തിനോട് അഭ്യർത്ഥിക്കുവാനാണ്, ഈ കഥ വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയത് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ എഴുത്തുകാരീ ...

 5. R

  2021-06-01 14:07:43

  Beautiful writing achu. loved your way of presentation and it resonates well with the reader. Keep writing.

 6. Dhanya Varghese

  2021-06-01 13:23:01

  Good job Ashwathy . Keep it up

 7. Tom Thomas

  2021-06-01 13:16:11

  Excellent. Keep Writing..

 8. Seena Joseph

  2021-06-01 10:46:02

  Very nice Aswathy.Way to go..!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

View More