Image

ചെമ്പകമേ..നീ ! ( കഥ : ജി.രമണി അമ്മാൾ)

Published on 04 June, 2021
ചെമ്പകമേ..നീ ! ( കഥ : ജി.രമണി അമ്മാൾ)
മൊബൈലിൽ അലാറം 5.30 ന് കയ്യകലത്തിൽ കിടന്നടിയ്ക്കും.. 
ഒരു ദിവസത്തിന്റെ തുടക്കം സാധാരണഗതിയിൽ അങ്ങനെതന്നെ..
പക്ഷേ അവധി ദിവസങ്ങളിൽ അതിനൊരു മാറ്റമുണ്ട്...അലാറം അടിക്കില്ല..
അന്നീവീട്ടിൽ നേരം വെളുക്കുന്നത്  എട്ടുമണി കഴിഞ്ഞായിരിക്കും..
വീടിന്റെ ഗേറ്റു തുറന്നിറങ്ങുന്നത്  ഓട്ടോറിക്ഷയ്ക്ക് നിർബാധം സഞ്ചരിക്കാൻ മാത്രം വീതിയുളള റോഡിലേക്കാണ്..  അടുത്ത്,  മതിലിനോടുരുമ്മി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റിന്റെ ചുവട്ടിലുളളപൊതു പൈപ്പിന്റെ പൊട്ടിയ ടാപ്പിൽനിന്നേതുനേരവും ചീറ്റിയൊഴുകുന്ന വെളളം ഒഴുകാനിടമില്ലാതെ കെട്ടിക്കിടക്കും.. 
ഈ തെരുവിൽ ഇത്രയും വീടുകളൊക്കെ ഉണ്ടാവുന്നതിനു മുമ്പേയുളള വാട്ടർ അതോറിറ്റിയുടെ പൈപ്പാണുപോലും.... 
അങ്ങേ റോഡരികത്തുളള കോളനിക്കാരാണ്  ഈ ടാപ്പീന്ന് ഇപ്പോഴുംവന്നു വെളളമെടുക്കുന്നത്. അവർക്കവിടെ  വേറെ പൈപ്പുകണക്ഷനുണ്ട്. എന്നാലും കുടുംബസ്വത്തുപോലെയാണവർക്കീ പൈപ്പ്.  വൈകുന്നേരം പണികഴിഞ്ഞുവരുന്ന
ആണുങ്ങളു നേരെ ഇങ്ങോട്ടുവന്നു നീരാട്ടും കഴിഞ്ഞുപോകും... 
അടിച്ചു നനയ്ക്കാൻ കൊണ്ടിട്ടിരുന്ന കല്ല് അവിടുന്നെടുത്തുമാറ്റാൻ കുറച്ചുപാടുപെട്ടു...
കാര്യം  വി .ഐ .പി കളൊക്കെ താമസിക്കുന്നയിടമാണെന്നു പറഞ്ഞിട്ടു കാര്യമില്ല. പൊതുപൈപ്പ്മറ്റെവിടേക്കെങ്കിലും മാറ്റിവയ്ക്കാൻ വാട്ടർ അതോറിറ്റിക്കാർ തയ്യാറാവുന്നില്ല. 
കൊച്ചു വെളുപ്പാംകാലത്തേ വെളളമെടുക്കുന്ന ഒച്ചയും ബഹളവും തുടങ്ങും. 
അല്പം ഉയരത്തിലുളള മതിലായതുകൊണ്ട് ആളെ കാണില്ല..
പെണ്ണുങ്ങളുടെ ഉറക്കെയുളള സംസാരം അങ്ങ് ജംങ്ഷനിൽ നിന്നാലും കേൾക്കാം.. 
ആരോ ഗേറ്റിൽ തുടർച്ചയായി തട്ടുന്ന ശബ്ദം.... ഗേറ്റുപൂട്ടിക്കിടക്കുകയല്ലായിരുന്നെങ്കിൽ അകത്തുകയറി കാളിംഗ്ബൽ തുടരെ അമർത്തിയേനെ..
ഞായറാഴ്ച എല്ലാകാര്യത്തിനുമൊരു മന്ദതയാണ്..
കിടക്കയിൽ നിന്നും എഴുന്നേല്ക്കാതങ്ങനെ കിടക്കും..ഇതിപ്പോൾ എഴുന്നേല്ക്കാതെ തരമില്ല . തട്ടു തുടരുകയാണ്..
അച്ഛനോടൊട്ടിക്കിടന്നുറങ്ങുകയാണു കുഞ്ഞ്...   
ഗേറ്റിനുവെളിയിൽ അവരാണ്..."രത്തിനം...."
വസ്തുസംബന്ധമായ കേസിന്, മൂന്നാലു വർഷമായി വക്കീലാഫീസും കോടതിയുമൊക്കെയായി നടക്കുന്നവർ..
ഞായറാഴ്ചയായിട്ടും അതിരാവിലെ ഇവരെന്തിനിങ്ങോട്ട്..?
അവർക്കു പിന്നിൽ
ഉണക്കക്കൊളളിപോലെ
ഒരു പെണ്ണുമുണ്ട്.. നെയ്യാറ്റിൻകരേന്നിപ്പോഴിങ്ങെത്തണമെങ്കിൽ നേരംവെളുക്കുമ്മുന്നേ തിരിച്ചിട്ടുണ്ടാവണം....
" ഞാൻ കൊറച്ചുനേരമായി
ഗേറ്റിലു തട്ടണ്,  സാറെണീറ്റില്ലേ..ചേച്ചീ.."
"ഇന്നു ഞായറാഴ്ചയല്ലേ.."
അതിരാവിലെയുള്ള അവരുടെ വരവ് അത്ര പിടിക്കാത്ത എന്റെ മറുപടി..
വക്കീലാഫീസും വീടും ഒരുമിച്ചായതുകൊണ്ട് അവധിദിവസങ്ങളിലും കക്ഷികൾ പതിവാണ്.. അകത്തു കയറി ഓഫീസു റൂമിന്റെ വാതിലു തുറന്നിട്ടു..
"ഞാനിരിക്കുന്നില്ല ചേച്ചീ...
ഇന്നൊരു കല്യാണച്ചെറമിക്കലുണ്ട്..പോണം..
ഇവിടെ നിക്കാനൊരു പെങ്കൊച്ചിനെ കിട്ടിയാക്കൊളളാമെന്ന് സാറ്, എന്റെ ചേട്ടായിയോടിന്നാള് പറഞ്ഞിട്ടൊണ്ടാരുന്നു...
ചേച്ചി ആപ്പീസിൽ പോകാന്തൊടങ്ങുമ്പോഴേക്കും.."
"രത്തിനം" രഹസ്യം പറയാനെന്നവണ്ണം അടുത്തേക്കു വന്നു.. 
പെണ്ണ് മതിലിൽചാരി ആടിവീഴാതെ നില്ക്കുന്നുണ്ട്..
"വീണുകിട്ടിയതു പോലെ ഇവളു ഞങ്ങൾടെ മുന്നിൽ വന്നുപെടുകയായിരുന്നു ചേച്ചീ..
ആരുമില്ലാത്ത പെണ്ണാണ്..
തമിഴത്തിയാണ്...അവിടെയെങ്ങാണ്ടുളള  കന്യാസ്ത്രീ മഠത്തിൽ നിക്കുവാരുന്നു....
അവരു കണ്ടമാനം പണിയെടുപ്പിക്കും..വയറുനിറച്ചാഹാരോമില്ല..പിന്നെ ദേഹോപദ്രവും..
കന്യാസ്ത്രീകൾ  അങ്ങനെയൊക്കെ ചെയ്യുമോ ചേച്ചീ..
സഹികെട്ടപ്പോൾ അവിടുന്നിറങ്ങിയോടിയതാ..ഈ പെണ്ണ്.. 
എന്റെ കുടുംബക്കാരൊക്കെ നാഗർകോവിലിലാണു ചേച്ചീ..കഴിഞ്ഞാഴ്ച അത്രടംവരെഞങ്ങളൊന്നു പോയിട്ടൊണ്ടാരുന്നു..
എന്റെ വീടിനടുത്തൊളളതാ..ഇപ്പം ഇവക്കാരുമില്ല..
വകേലൊരു വല്യമ്മേണ്ടാർന്നതു കഴിഞ്ഞാഴ്ച്ചയങ്ങു ചത്തു.. ഞങ്ങളുപോരാന്നേരം കരഞ്ഞുവിളിച്ച് ഞങ്ങടെകൂടിങ്ങു പോന്നു..
ഇവിടെ  വേണ്ടാന്നുവച്ചാൽ വേറെങ്ങോട്ടേലും കൊണ്ടാക്കാതെ പറ്റൂല..ചെറുപ്പക്കാരിപ്പെണ്ണല്യോ..
ഞങ്ങടെ വീട്ടിൽ, ഇതിനെ നിർത്താൻ പറ്റുമോ..രണ്ട് ആൺപെറന്നോമ്മാരുണ്ട്...അപ്പനും മോനും.."
"അകത്തേക്കു കയറിയിരിക്ക്. സാറിപ്പം വരും..
എന്താ ഇവൾടെ പേര്..?"
"ചെമ്പകം...."
ആ രൂപത്തിന് ഒട്ടും ചേർച്ചയില്ലാത്ത പേര്..
ഇരുപതുവയസ്സു പ്രായം തോന്നിക്കുന്നു. ചിലപ്പോൾ അതിലും കുറവായിരിക്കും....
തലമുടി നിറയെ എണ്ണതേച്ചു പറ്റെ ചീകി പൊക്കിക്കെട്ടി വച്ചിട്ടുണ്ട്. കാതുകുത്തിയ പാടുമാത്രം.  രണ്ടു ബ്ളൗസുകൾ ഒന്നിച്ചാണിട്ടിരിക്കുന്നത്... ..പഴകി നിറംമങ്ങിയ ദാവണിയും പാവാടയും.. 
കമ്പിൽ തുണിചുറ്റിയതുപോലെ.... കയ്യിലൊരു നിറംമങ്ങിയ പ്ളാസ്റ്റിക്ക് കവറിൽ എന്തോ ഉണ്ട്..
മെറ്റേണിറ്റി ലീവുകൂടാതെ, പിന്നൊരാറു മാസത്തെ ഹാഫ് പേ ലീവും കൂടി എടുത്തു നില്ക്കുകയായിരുന്നു ഞാൻ.. ലീവു കഴിയാറാവുമ്പോഴേക്കും കുഞ്ഞിനെ നോക്കാൻ ഒരാളിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. 
" ദേ....എണീക്ക്. നിങ്ങക്കു കണികാണാൻ ഒരു "രത്നം" അപ്പുറത്തുവന്നു നിപ്പുണ്ട്...
ഇവിടെ നിർത്തിയേച്ചു പോകാനാണെന്നുപറഞ്ഞ് ഒരു പെണ്ണുമുണ്ടുകൂടെ..
എവിടുന്നാ..ഏതാ. എങ്ങനാ.. വീട്ടിൽനിർത്താൻ കൊളളാമോ.. എന്നൊക്കെ  അന്വേഷിച്ചിട്ടുമതി  ഉറപ്പിക്കുന്നത്."
"രത്തിനം"  വീണ്ടും ആ പെണ്ണു കേൾക്കരുതെന്നപോലെ  അടക്കം പറഞ്ഞു.
"അടുക്കളക്കാര്യോം കുഞ്ഞിന്റെ കാര്യോമെല്ലാം അവളു ഭംഗിയായിട്ടു നോക്കിക്കോളും..ചേച്ചീ..
ആദ്യമൊക്കെ എങ്ങനെവേണമെന്നൊക്കെ ഒന്നു   പറഞ്ഞുകൊടുക്കണമെന്നേയുളളു.. .എത്രകാലം വേണമെങ്കിലും അവളിവിടെ നിന്നോളും..
വീട്ടുജോലിക്ക് ആളേക്കിട്ടാൻ വലിയ പാടാ..ചേച്ചീ... "
ഉറക്കം മുഴുവനാകുംമുൻപ് എഴുന്നേൽക്കേണ്ടിവന്ന വിഷമത്തോടെ അദ്ദേഹം ഓഫീസ്മുറിയിലേക്കു പ്രവേശിച്ചു.., 
"എന്താ രത്തിനം നേരംവെളുക്കുംമുന്നേ..?"
"ചേച്ചി പറഞ്ഞില്ലേ..
സർ...ആ പെണ്ണിനേംകൊണ്ടുവന്നതാ...അവളപ്പുറത്തുണ്ട്.
നമ്മടെ കേസിന്റെ കാര്യം, ഇനീം താമസിക്കുമോ.സാറേ..."
"കേസ് അടുത്തമാസം വിസ്താരത്തിന് ച്ചിരിക്കുകയല്ലേ..
ഇനിയധികം വൈകില്ല.".
"സാറേ ആ പെങ്കൊച്ചിന്റെ ഭാഗത്തൂന്ന് എന്തേലും തെറ്റുകുറ്റങ്ങളുണ്ടായാല്
എന്നെയൊന്നു വിളിച്ചാൽ മതി, ഞാനപ്പത്തന്നെയെത്തിക്കോളാം.."
വീട്ടുജോലിക്ക് ആളെ കൊണ്ടുവന്നതല്ലേ..വണ്ടിക്കൂലിക്കെന്നു പറഞ്ഞ് 
ഒരഞ്ഞൂറുരൂപ ഞാനവളുടെ കയ്യിൽ വച്ചുകൊടുത്തു...
ചെമ്പകത്തിനെ മാറ്റിനിർത്തി എന്തൊക്കെയോ കുശുകശുത്തിട്ട് രത്തിനം ഇറങ്ങി..
"ഭക്ഷണമൊക്കെ ഉണ്ടാക്കാനറിയുമോ നിനക്ക്...?"
"അറിയാം ചേച്ചി .."
മലയാളവും തമിഴും കൂടിക്കലർന്ന ഭാഷ..
എനിക്ക് തമിഴും ചെമ്പകത്തിനു മലയാളവും കഷ്ടി..
"ഇതെന്താ രണ്ടു ബ്ളൗസ് ഒന്നിച്ചിട്ടിരിക്കുന്നേ. ..? ".ബ്രേസിയർ ഇല്ലാഞ്ഞിട്ടാ
ചേച്ചീ.."
"നീ കുളിച്ച്  ഈ വേഷമൊക്കെ മാറി വാ.... തല്ക്കാലം ഈ നൈറ്റിയിട്ടോ.... ഉച്ചക്കു പുറത്തുപോയി വേറെ  വാങ്ങാം..നിനക്കുളള മുറിയാ അത്..."
"ചേച്ചീ..നീങ്കൾ...സാറും ചേച്ചിയും എനക്കു കടവുളു മാതിരി.." ഒരുദിവസം പലവട്ടം ചെമ്പകം ഉരുവിടുന്ന വാക്കുകളാണിവ...ഉണക്കക്കൊളളിപോലിരുന്ന  ചെമ്പകം തികച്ചും രണ്ടുമാസമായില്ല, കോലം അപ്പാടേമാറി..ഉണക്കച്ചുളളിയിൽ തളിരിലകൾ..
കാതിലെ ഈർക്കിൽത്തുളയിൽ
രണ്ടു സ്വർണ്ണക്കമ്മലുകൂടി മിന്നിയപ്പോൾ  എണ്ണക്കറപ്പിന് ഏഴഴക്.. പലരും ചോദിക്കാൻ തുടങ്ങി, "അനിയത്തിയാണോ..?
നാത്തൂനാണോ..?"എന്നൊക്കെ....കുഞ്ഞും അവളുമായിട്ടു വേഗമങ്ങടുത്തു...
ജോലിക്കു ജോയിൻചെയ്യേണ്ട ദിവസമടുക്കുന്തോറും
കുഞ്ഞിനെ ഇട്ടേച്ചു പോകുന്ന വിഷമത്തിലുപരി ചെമ്പകത്തിനെ വീട്ടിൽ തനിച്ചാക്കിപ്പോകണമല്ലോ എന്ന വേവലാതി എന്നെ കുറേശ്ശെ അലട്ടാൻ തുടങ്ങി. 
ഓഫീസ് ടൈം കഴിഞ്ഞു വീടെത്തുമ്പോൾ ആറുമണിയാവും..അതുവരെ ഒരു ചെറുപ്പക്കാരിപ്പെണ്ണിവിടെ
ഒറ്റക്ക്..!.
കുഞ്ഞ്, പകലിന്റെപകുതിയും ഉറക്കത്തിലായിരിക്കും,
സാറ്കോടതി കഴിഞ്ഞുവന്നാൽ വീട്ടിൽത്തന്നെ.. 
ജൂനിയർ വക്കീലന്മാരു ചെറുപ്പക്കാർ..ഗുമസ്ഥനും അതുപോലെ...
ചെമ്പകത്തിനെ  വീട്ടിൽ നിർത്തിയാലുളള രത്തിനത്തിന്റെ ആകുലത
എന്റെ മനസ്സിലേക്കും വ്യാപരിക്കാൻ തുടങ്ങുകയാണോ..!..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക