America

മഴമേഘങ്ങൾ (കഥ: ഉമ സജി)

Published

on

വടക്ക് വശത്ത് വിരിച്ചിരുന്ന ഉണങ്ങിയ തുണികൾ എടുക്കുന്നതിനിടയിലാണ് മാനത്ത് ഉരുണ്ടു കൂടുന്ന മഴമേഘങ്ങളുടെ രൂപവും ചലനവും നോക്കി മഴ പെയ്യുമോ ഇല്ലയോ എന്ന് മുത്തച്ഛൻ പറയാറുള്ള കാര്യം ഗോപു ഓർത്തത്. ഒന്ന് ശ്രമിച്ചാലോ? നല്ല കറുത്തിരുണ്ട മേഘങ്ങൾ, ഇടയ്ക്കു വരുന്ന വെൺമേഘങ്ങളെ തിരക്കിട്ടു മറയ്ക്കുന്നു. നോക്കിയിരിക്കാൻ നല്ല രസം. എന്താണ് സ്ഥിതി. മുത്തച്ഛന്റെ മുഖം ആ മേഘങ്ങൾക്കിടയിൽ കാണുന്നുണ്ടോ? മേഘങ്ങളിൽ രൂപം കൊള്ളുന്ന ഓരോ രൂപവും അവൾ നോക്കി. ഏയ് !!!! ഒന്നും ഇല്ല. എത്ര തിരക്കിട്ടാണ് കാർ മേഘം മാനം കറുപ്പിക്കുന്നത്. ഈ മഴമേഘം പെയ്യുമോ? കുറെ നേരമായി വെൺമേഘങ്ങളും കാർമേഘങ്ങളും തമ്മിലുള്ള ഈ ഒളിച്ചു കളി തുടങ്ങിയിട്ട്.

അപ്പോഴാണ് പടിപ്പുര വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ആരാവും എന്ന് ആകാംക്ഷയോടെ നോക്കിയ ഗോപിക കണ്ടത് സുന്ദരനായ ഒരു ചെറുപ്പക്കാരനെയാണ്. പരിചയം ഒട്ടും ഇല്ല. എന്നാലും ആരായിരിക്കും. അമ്മ പറയും പോലെ "കെട്ടു പ്രായം തികഞ്ഞ പെൺകുട്ടിയുള്ള വീടല്ലെ? ആൾക്കാരൊക്കെ പെണ്ണ് ചോദിച്ചു വരും". അയാൾ നാലുപാടും നോക്കുന്നുണ്ടായിരുന്നു. മണിയടി ഒച്ച കേട്ട് അവൾ അകത്തേക്കോടി. ഓടുന്നതിനിടയിൽ വാതിലിൽ തട്ടി കയ്യിലിരുന്ന തുണികൽ താഴെ വീണു.

എന്താടി നോക്കി നടക്കില്ലെ? പ്രായം തികഞ്ഞ പെണ്ണാണെന്ന ബോധമില്ല. ആരാ ബല്ലടിച്ചതെന്ന് നോക്ക്.

അല്ലെ വേണ്ട. ഞാൻ പോകാം. താഴെ വീണ തുണികൾ എടുക്കുമ്പോഴും ചെവി വട്ടം പിടിച്ചു. പുറത്ത് ആരാണെന്നറിയാൻ.

ഓ.. അവളെത്തിരക്കി വന്നതാണോ? അമ്മയുടെ ഈർഷ്യകലർന്ന ചോദ്യം. അയാളോടൊന്ന് ഇരിക്കൂ എന്ന് പോലും പറയാതെ അകത്തേക്കു വന്ന് പുറത്ത് ആരാണെന്ന് ചോദിച്ച അച്ഛനോടു പറഞ്ഞു.

നിങ്ങടെ പുന്നാര പെങ്ങളെ തിരക്കി വന്നതാ. ഇപ്പം ചെറുപ്പക്കാരായി അന്വേക്ഷിച്ച് വരവ്.

നീ ഒന്ന് പതുക്കെ പറയൂ. ആരാ എന്താ എന്നൊന്നും അറിയാതെ...

അമ്മ നിർത്താനുള്ള ഭാവമില്ലാതെ തുടർന്നു. എന്തു നിർത്താൻ? അവളുടെ ഗുണഗണങ്ങളൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കല്ലെ.

ഗോപൂന് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. അമ്മ എന്തിനാ എപ്പോഴും ചിറ്റയെ ഇങ്ങനെ പറയുന്നത്. ചിറ്റ ഇഷ്ടമുള്ള ഒരാളോടൊപ്പം പോയി എന്നല്ലാതെ എന്താ ചെയ്തെ?...

നീ മിണ്ടരുത്. ന്യായീകരിക്കാൻ വന്നിരിക്കുന്നു. ഒരുത്തന്റെ കൂടെ പോയിട്ട് അവന്റെ കൂടെയാണോടീ ഇപ്പോൾ പൊറുതി. അഞ്ചെട്ട് വർഷം കഴിഞ്ഞപ്പോൾ പോയപോലെ ഇങ്ങു തിരിച്ചു വന്നു.

നീ ഒന്നു പതുക്കെ പറയൂ. പുറത്തു നിൽക്കുന്ന ആൾ കേൾക്കണ്ട. എന്നാലും അതാരാവും.

അവളുടെ പരിചയക്കാരനായിരിക്കും.

അമ്മേ.. എന്തായിത്. ചിറ്റ എത്രമാസങ്ങളായി പുറത്തേക്ക് പോലും പോകുന്നില്ല.

അതേടീ... ഈ കഷ്ടപ്പാടിന്നിടയിൽ അവളെക്കൂടി തീറ്റിപ്പോറ്റേണ്ട ഗതികേട്.

വർഷങ്ങളായി അവൾ നമുക്ക് വേണ്ടിയല്ലെ ജീവിച്ചത്. അവളുടെ അദ്ധ്വാനത്തിന്റെ ഫലം മുഴുവൻ കൈനീട്ടി വാങ്ങിയത് നീയല്ലെ? ഇപ്പോഴും അവൾ പാഴ് തടിയല്ല. കുറച്ചൊക്കെ മര്യാദ കാണിക്കൂ. അയാളുടെ തൊണ്ട ഇടറിയിരുന്നു.

ഗോപു വിഷമത്തോടെ ചിറ്റയുടെ മുറിയിലെത്തി. പുറത്തേക്ക് നോക്കി നിർവികാരയായി നില്ക്കുന്ന ചാരുലതയെയാണ് കണ്ടത്. കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീർ ഒരിക്കലും കണ്ടിട്ടില്ല. ചിറ്റ പറയാറ് കണ്ണു നീരെല്ലാം ഘനീഭവിച്ച് കണ്ണുകളിൽ എവിടെയോ ഉറഞ്ഞു പോയിയെന്നാണ്. ഇന്നും ആരു കണ്ടാലും ഇഷ്ടടപ്പെടുന്ന ഒരുപാട് പ്രത്യേകതകളുള്ള സുന്ദരിയാണ് ചിറ്റ.

ചിറ്റയെ പുറകിലൂടെ ചുറ്റിപ്പിടിച്ച് ഗോപു പറഞ്ഞു. എന്റെ ചാരു ഉള്ളു കരയുന്നുണ്ടെന്നെനിക്കറിയാം. വർഷങ്ങളായി ഞാൻ കാണുന്നതല്ലെ? അതുപോലെ അമ്മയേയും. ഒന്നും ഉള്ളിലേക്കെടുക്കണ്ട.

ചാരു വെറുതെ ചിരിക്കുന്നതായി ഭാവിച്ചു. എന്നിട്ട് പറഞ്ഞു ഇതുവരെ നീ പലവട്ടം ചോദിച്ചിട്ടും പറയാതിരുന്ന എന്റെ കഥ ഇപ്പോൾ പറയാം. സമയമായിരിക്കുന്നു.

ഗോപു വിശ്വാസം വരാതെ ചാരുവിനെ നോക്കി. "അമ്മ എപ്പോഴും പറയുന്ന ഒളിച്ചോടലിനും തിരിച്ചു വരവിനും ഇടയിലുള്ള വിടവ് ഇന്നുവരെ ഫിൽ ചെയ്തിരുന്നില്ല ആരും".

ചാരു പറഞ്ഞുതുടങ്ങി. നിന്റെയീ ചിറ്റയ്ക്ക് ഒരാളെ ഇഷ്ടമായിരുന്നു. നിന്റെ പ്രായമായിരുന്നു അന്നെനിക്ക്. നല്ല ആരോഗ്യവും പുരുഷ സൗന്ദര്യവും ഒത്തിണങ്ങിയ ഒരാൾ. ആരും മോഹിക്കുന്ന രൂപം, നടപ്പ്, സംസാര രീതി. എനിക്കയാളെ ഒരുപാടിഷ്ടമായി...

എന്നെക്കാളേറെ അയാൾ എന്നെ ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം പ്രണയമായി.

എന്നിട്ട്...? ഗോപുവിലെ അക്ഷമ തലപൊക്കി.

അയാൾ മറ്റൊരു മതക്കാരനായിരുന്നു.

എല്ലാവരും ഒന്നടങ്കം എതിർത്തു. അയാളുടെ വീട്ടുകാരിൽ ഒരു പെങ്ങൾ മാത്രം കൂടെ നിന്നു.

ഒരു പാട് അങ്കങ്ങൾക്കൊടുവിൽ ഞങ്ങളൊരു തീരുമാനത്തിലെത്തി. ജീവിച്ചാലും മരിച്ചാലും ഒരുമിച്ച്.

എല്ലാവരെയും എതിർത്ത് ഒരുദിവസം അയാളോടൊപ്പം ഇറങ്ങിപോയി. മിണ്ടാതെ ഒളിച്ചോടിയില്ല. അയാൾ വന്നു വിളിച്ചു. എല്ലാവരുടെയും മുന്നിലൂടെ ഇറങ്ങുമ്പോൾ ശപിക്കാൻ നാവുയർത്തിയ അമ്മയെയും തടയാൻ കൈക്കരുത്തോടെ എത്തിയ ഏട്ടനെയും തടഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു. വേണ്ട. അവളുടെ ശരികളാണ് അവൾ ചെയ്യുന്നത്.

തെറ്റെന്ന് തോന്നിയാൽ മടങ്ങിപ്പോരണം. അച്ഛനുണ്ടാവും.

ആ വാക്കുകൾ എന്നിൽ ആത്മവിശ്വാസവും കുറ്റബോധവും ഒരുപോലെ ഉണ്ടാക്കി.

അച്ഛന്റെ കാലുകളിൽ തൊട്ടനുഗ്രഹം വാങ്ങുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. അച്ഛൻ നേരത്തെ അങ്ങനെ ചിന്തിക്കാതിരുന്നതെന്തെന്ന് ഞാനും ആലോചിച്ചു. പിന്നീട് അലന്റെ വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞ് ഹാൻഡ് ബാഗ് നോക്കുമ്പോഴാണ് കണ്ടത്. ഒരു പാസ്സ് ബുക്ക് എന്റെ പേരിലെ അക്കൗണ്ട് . എനിക്ക് വേണ്ടി അച്ഛന്റെ കരുതൽ... അഞ്ചു ലക്ഷം രൂപ..

ഒപ്പം ഒരു കുറിപ്പും. എന്റെ മോൾക്കൊപ്പം നിൽക്കാൻ കഴിയാത്തതിൽ, കൈപിടിച്ചേൽപ്പിക്കാൻ കഴിയാത്തതിൽ ദു:ഖം ഉണ്ട്. ഇന്നും അറിയില്ല എന്താണ് കാരണം എന്ന്. അലൻ അതിൽ നിന്ന് ഒരു പൈസപോലും എടുക്കാൻ സമ്മതിച്ചില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ എനിക്ക് ജോലികിട്ടി. ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടു പോയി.

അങ്ങനെ എട്ട് കൊല്ലത്തോളം ഞങ്ങൾ ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിച്ചു. എല്ലാം തകിടം മറിഞ്ഞത് ആയിടയ്ക്കാണ്. അലന്റെ ഒരു സഹോദരി ഞങ്ങൾക്കൊപ്പം കുറച്ചു ദിവസം ഉണ്ടായിരുന്നു. അവൾക്ക് അവിടെ അടുത്ത് ഒരു സ്ക്കൂളിലായിരുന്നു ജോലി. മറ്റൊരു വീട് നോക്കുന്നുണ്ടായിരുന്നു കുട്ടികളെയും കൂട്ടി വരാനായി.

എന്താണ്? അവർ പ്രശ്നം ഉണ്ടാക്കിയോ?

മൗനമായിരുന്ന ചാരുവിന്റെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് ഗോപു ചോദിച്ചു.

ചാരുവിന്റെ കണ്ണുകളിൽ വേദന തളം കെട്ടുന്നുണ്ടായിരുന്നു.

വീണ്ടും അവൾ പറഞ്ഞു തുടങ്ങി.

ഒരു ദിവസം അലൻ വരുമ്പോൾ ഞങ്ങളുടെ ബഡ്റൂമിൽ മറ്റൊരു മണം ഉണ്ടായിരുന്നു.

മറ്റൊരു മണം... ഗോപുവിനൊന്നും മനസ്സിലായില്ല.

എന്നു വച്ചാൽ...?

ഒരു സിഗററ്റിന്റെ മണം. അലൻ സ്മോക്ക് ചെയ്യാറില്ല.

എനിക്കും അറിയില്ല ആരായിരുന്നു എന്ന്.

ആരാണെന്നറിയാതെ രണ്ടു പേരും കുഴങ്ങി.

കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും അതേ മണം.

ഒടുവിൽ അവളോടു ചോദിക്കാം എന്ന് തീരുമാനിച്ചു. ആരെങ്കിലും വന്നതാണോ എന്ന്.

അവൾ പറഞ്ഞു ചാരു വന്നു കഴിഞ്ഞല്ലെ ഞാൻ വരുന്നത്. പിന്നെ എങ്ങനെ അറിയാനാണ്?

അങ്ങനെ ഒരു നാൾ ഞാൻ ആളെ കണ്ടു.

പക്ഷെ എങ്ങനെ അലനോട് പറയും. അപ്പോഴേക്കും ഞാൻ പോലുമറിയാതെ അലനിൽ സംശയങ്ങൾ ഉടലെടുത്തിരുന്നു.

അതൊടുവിൽ ഒരു പൊട്ടിത്തെറിയിൽ എത്തി. അവൾ അതിന് വെള്ളവും വളവും നല്കികൊണ്ടിരുന്നു. ഞങ്ങളെ എന്നും സപ്പോർട്ട് ചെയ്തിരുന്നതവളായിരുന്നു. പിന്നെ അവളെ എങ്ങനെ സംശയിക്കും.

നിത്യേന ഞങ്ങളിലെ അകലം കൂടിവരുന്നതും സംസാരം പോലും അത്യാവശ്യത്തിലും താഴെയായതും ഞാൻ ഭയത്തോടെ അറിയുന്നുണ്ടായിരുന്നു.

നിസ്സഹായയായി എല്ലാം ഉള്ള്ലൊതുക്കി. ഒരു ദിനം എല്ലാം വെളിവാകും എന്ന് കരുതി. അലൻ താമസിച്ച് വീട്ടിലെത്താനും മദ്യപിക്കാനും തുടങ്ങിയതോടെ അവൾ പ്രത്യക്ഷത്തിൽ കുറ്റം പറയാൻ തുടങ്ങി.

ഒടുവിൽ അയാളെ കണ്ടെത്തി കാലു പിടിച്ചു പറഞ്ഞു. അലനോട് സത്യങ്ങൾ പറയണമെന്ന്. അയാൾക്കെന്നെ മനസ്സിലായി. അയാൾ അതിന് സമ്മതിക്കുകയും ചെയ്തു.

എന്നിട്ട് എന്തു പറ്റി. അയാൾ പറഞ്ഞില്ലെ?

മ്ം.. അവിടെ വിധി എനിക്കെതിരായിരുന്നു.

ഉള്ളിൽ നിന്നൊരു നെടു വീർപ്പ് പുറത്തേക്ക് പോയി. കണ്ണുനീരുണങ്ങിയ കണ്ണുകളിൽ ഒരു നീറ്റൽ.

അല്പനേരം കഴിഞ്ഞ് വീണ്ടും ചാരു തുടർന്നു.

അയാളൊരാക്സിഡന്റിൽ മരിച്ചു. അലനെ കാണാൻ പോയ വഴിയായിരുന്നു.

പിന്നീട് ആകെ അറിയാവുന്ന ഒരാൾ അവളായിരുന്നു. അവളോടും ഞാൻ കരഞ്ഞു പറഞ്ഞു. അവൾ ചദിച്ചു എന്നോട്. അപ്പോൾ എന്റെ ജീവിതം തകരട്ടെയെന്നാണോ?

എന്തായാലും ഏട്ടത്തിയുടെ ജീവിതം പോയി... അതങ്ങനെ തന്നെ ഇരിക്കട്ടെ. ഒരു ദയയും ഇല്ലാത്ത മറുപടി.

ഒടുവിൽ അത് സംഭവിച്ചു. അലൻ ഒന്നും പറയാതെ എന്റെ മാധവിനെയും കൊണ്ട് പോയത്.

മാധവ്? അതാരാണ് ചിറ്റേ?

ഞങ്ങളുടെ മകൻ.

മകനോ? ചിറ്റയ്ക്ക് അങ്ങനെ ഒരു മകനുള്ളതായി ഇതുവരെ ആരും പറഞ്ഞില്ലല്ലോ?

അതേ മോളെ. ആർക്കും അറിയില്ല, അച്ഛനൊഴികെ. ഞാൻ പോയ ശേഷം അച്ഛനല്ലാത്ത ആരു എന്നെ തിരക്കിയില്ല. എന്നെക്കൂടാതെ അച്ഛന് മാത്രം അറിയുന്ന രഹസ്യം. ഇന്ന് അച്ഛനില്ല ഒന്നും പറയാൻ.

ഇതാ ഇതാണെന്റെ മകൻ. ചാരു അലമാര തുറന്ന് അഞ്ചു വയസ്സു കാരൻ മാധവിന്റെ ഫോട്ടോ കാണിച്ചു.

എന്റെ പൊന്നുമോൻ...

എല്ലാവരും ചിറ്റയെ കുറ്റപ്പെടുത്തിയിട്ടും എന്താണ് ഒന്നും പറയാതിരുന്നത്?

മോളെ എന്റെ ഭാഗം തെളിയിക്കാൻ എന്റെ പക്കൽ തെളിവൊന്നും ഇല്ലായിരുന്നു. എന്നെങ്കിലും ഒരിക്കൽ എല്ലാം വെളിവാകട്ടെ, അന്ന് അലൻ എന്നെ തേടിവരും എന്ന് ഞാനിന്നും വിശ്വസിക്കുന്നു. ആ ദിവസവും കാത്താണ് ഞാൻ ജീവിക്കുന്നത്.

അലനും മോനും പോയതറിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ തളർന്ന ഞാൻ ദിവസങ്ങളോളം ഇരുട്ടിനെ സ്നേഹിച്ച് കഴിഞ്ഞു. ഒടുവിൽ ആ ഇരുട്ട് തലച്ചോറിലേക്കും പടർന്നപ്പോൾ എന്നെ അന്വേക്ഷിച്ചെത്തിയ അച്ഛന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആരുമറിയാതെ ഒരു മനോരോഗാശുപത്രിയുടെ ഇരുളിൽ കുറെ നാളുകൾ. ഒടുവിൽ ബോധത്തിലേക്ക് തിരിച്ചെതിയപ്പോൾ അച്ഛനു കൊടുത്ത വാക്കായിരുന്നു ഒന്നും ആരോടും പറയില്ലയെന്ന്. എന്നെങ്കിലും എന്റെ മകളുടെ നിരപരാധിത്വം തെളിയിക്കണം. അച്ഛൻ ഒരു പാട് ശ്രമിച്ചു. ഒടുവിൽ പറഞ്ഞു, കാത്തിരിക്കണം ഞാനില്ലാതായാലും നിന്നെത്തേടി ആ ദിവസം എത്തുമെന്ന്. അച്ഛന്റെ മരണത്തോടെ ഞാൻ വീണ്ടും ഒറ്റപ്പെട്ടു. പിന്നെ യാതനകളുടെയും കുത്തുവാക്കുകളുടെയും നടുവിൽ ഈ കാലമത്രയും...ഇന്നും ആ ദിനത്തിനായി കാത്തിരിക്കുന്നു..

പെട്ടെന്നാണ് കാൻവാസിലെ മഴുമിപ്പിക്കാത്ത ചിത്രം ഗോപു കണ്ടത്. അവ്യക്തമായ ആ രൂപം എവിടെയോ കണ്ടപോലെ. ചിറ്റ മനസ്സ് കൈവിടാതെ നിർത്തിയത് ഈ കാൻവാസിലൂടെ ആയിരുന്നു. അതിന്റെ മൊത്തവ്യാപാരി അമ്മയാണ്. നല്ല ചിത്രങ്ങളെല്ലാം നല്ല വിലയ്ക്ക് വിറ്റ് കാശാക്കും. ശമ്പളവും കണക്ക് പറഞ്ഞ് വാങ്ങും. എന്നിട്ടും ഒരു സ്വൈര്യവും കൊടുക്കില്ല. അമ്മയുടെ ഭാവം കണ്ടാൽ തോന്നും അമ്മ വിലയ്ക്കു വാങ്ങിയ ഒരു അടിമയാണ് ചിറ്റയെന്ന്. പാവം ചിറ്റയുടെ രക്തം ഊറ്റിക്കുടിക്കുന്ന ഒരട്ടയല്ലെ എന്റെ അമ്മ. നിസ്സഹായതയുടെ പുറംചട്ടയണിഞ്ഞ ഈ രൂപം എന്നാണ് മോചനം നേടുന്നത്. മറ്റൊരു നിസ്സഹായ രൂമാണ് അച്ഛൻ. ഈ രണ്ടു മനസ്സുകളും നീറുന്നത് കാണാൻ അമ്മയ്ക്ക് കണ്ണില്ല.

അവൾ ആ കാൻവാസിനടുത്തെത്തി. നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരൻ. ചുരുളൻ മുടി പറ്റെ വെട്ടി മുകളിലേക്ക് ചീകിവച്ച്, ഒരു ചെറു പുഞ്ചിരി ചുണ്ടിൽ വിടരാൻ കൊതിച്ച്...

ആരാണിത്?

എന്തോ ഓർത്തപോലെ അവൾ പുറത്തേക്കോടി. അമ്മ പിറകിൽ നിന്ന് വിളിച്ചത് അവൾ കേട്ടില്ല. മുൻ വശത്തെത്തുമ്പോൾ അയാൾ പുറത്ത് തന്നെ നിൽക്കുന്നു. അയാളുടെ മുന്നിലെത്തി അയാളെ തന്നെ നോക്കിനിന്നു. അതേ... ഇതു തന്നെ.

അവളയാളുടെ കൈയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു, വരൂ...

അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ പറഞ്ഞു. എന്താ കുട്ടീ കാണിക്കുന്നെ. കയ്യിൽ നിന്ന് വിടൂ.

അവൾ ചൂണ്ടു വിരൽ അവളുടെ ചുണ്ടിൽ ചേർത്ത് മിണ്ടരുതെന്ന് കാണിച്ചു. മിണ്ടാതെ കൂടെ വരൂ...

ഷൂ...അയാൾ മുഴുമിക്കും മുൻപ് അവൾ പറഞ്ഞു. വേണ്ട. ഊരണ്ട.

അയാളെ കൈപിടിച്ച് അകത്തേക്ക് എത്തുമ്പോൾ അമ്മ അന്ധാളിപ്പൊടെ ഒച്ചയെടുത്തു. ഗോപൂ...

അവളതു കേട്ടതെയില്ല.

ചിറ്റയുടെ മുറിയുടെ വാതിൽ തുറന്ന് അയാളോടു പറഞ്ഞു. ഇതല്ലെ നിങ്ങൾ തിരക്കുന്ന ആൾ.

ശബ്ദം കേട്ട് തിരിഞ്ഞ ചാരുലത അവിശ്വസാത്തൊടെ നോക്കി.

ഇത്... അവൾ ഗദ്ഗദത്തോടെ അയാളുടടുത്തേക്ക് നീങ്ങി.

മോൻ... ഇവിടെ...

അയാളും അവളെത്തന്നെ കാണുകയായിരുന്നു. താൻ ഇന്നു വരെ ഫോട്ടോയിൽ മാത്രം കണ്ട അമ്മ.

ഒരു നിമിഷം ചാരു അയാളെ ചേർത്തു പിടിച്ചു. ആ മുടിയിഴകളിൽ തലോടി... വർഷങ്ങളായി കരുതിവച്ച സ്നേഹം ആ തലോടലിൽ ആ വിളിയിൽ നിറഞ്ഞു നിന്നു.

നിറഞ്ഞമിഴികളോടെ, അതിലേറെ അവിശ്വാസത്തോടെ ഗോപു അത് കാണുകയായിരുന്നു. അഞ്ചു വയസ്സിൽ പിരിഞ്ഞ മകന്റെ ഇന്നത്തെ ചിത്രം വരച്ച അമ്മ... അമ്മയെ ഒറ്റ് നോട്ടത്തിൽ തിരിച്ചറിഞ്ഞ മകൻ..

ജീവാംശത്തിന്റെ തീവ്രത... ആത്മബന്ധത്തിന്റെ പവിത്രത...

പിറകാലെയെത്തിയ ഗോപുവിന്റെ അച്ഛനമ്മമാരും ഒന്നും മനസ്സിലാകാതെ നിന്നു.

ഒടുവിൽ ഗോപുവിനോട് അമ്മ ചോദിച്ചു. ഇവനാരാണ്? നീ എന്തിനാണ് ഇവനെ ഇവളുടെ അടുത്തേക്ക് കൊണ്ടു വന്നത്?

കാൻവാസിലെ പൂർത്തീകരിക്കാത്ത ചിത്രം അവൾ അമ്മയ്ക്ക് നേറെ നീട്ടി.

ചിറ്റയുടെ ജീവിതത്തിലെ നിങ്ങൾക്കറിയാത്ത ഒരേട്. ചിറ്റയുടെ മകൻ.

മാധവ് ചാരുവിന്റെ കൈപിടിച്ച് പുറത്തേക്ക് നടത്തി.

ഒരു നിമിഷം നിൽക്കൂ എന്ന് പറഞ്ഞ് കാറിനരികിലേക്ക് പോയി. വീൽച്ചെയറിൽ മുന്നിലത്തിയ ആളെ കണ്ട് ചാരുവിനും അടുത്തുനിന്ന സഹോദരനും വിശ്വസിക്കാനായില്ല.

അയാൾ തൊഴു കയ്യോടെ അവളോടു പറഞ്ഞു. ഒരിക്കലും മാപ്പർഹിക്കാത്ത തെറ്റു ചെയ്തവനാണ് ഞാൻ.

നിന്നെ തിരിച്ചറിയാതെ, മനസ്സിലാക്കാതെ ചവിട്ടിയരച്ചവൻ...

നിത്യമായ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞവൻ..

എല്ലാം മനസ്സിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. അന്ന് ഈ ഹൃദയത്തിന് താങ്ങാനാകാതെ തളർന്നതാണ്. ഈ വീൽച്ചെയറിലെങ്കിലും ഇരിക്കാനും സംസാരിക്കാനും തുടങ്ങിയിട്ട് ആഴചകളെ ആയിട്ടുള്ളു.

എന്റെ കൂടെ വരില്ലെ? ഇനിയുള്ള കാലം.

ഒന്നും മിണ്ടാനാകാതെ നിന്ന അവൾ അയാളുടെ മടിയിലേക്ക് തളർന്നു വീണു...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

View More