Image

ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)

Published on 08 June, 2021
ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)
പത്തല്ല നൂറല്ലതിൽപ്പുറമെത്രയോ
ബസ്സുകളോടിത്തിമിർത്ത വഴികൾ വിജനമായ്,
ഭീതിവിതച്ചു പറന്നു നടക്കുന്നഗോചരനായ
കൊറോണയെപ്പേടിച്ച്
വീട്ടിലടച്ചിരിപ്പാണിന്നു ദേശത്തെ
ആബാലവൃദ്ധം ജനങ്ങളെല്ലാവരും.
ആൾക്കൂട്ടമില്ലാതെ ആരവമില്ലാതെ
മൂകം മയങ്ങുന്നീ ബസ്സിന്റെ താവളം
ഔഷധശാലകൾ ചിലത് തുറക്കുന്നു
അങ്ങാടിവാണിഭമെല്ലാം മുടങ്ങുന്നു
പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന
കടയുടമകളോ  പേരിനു മാത്രമായ്
ഏറെക്കുറെ മുഖം മൂടിയ മാസ്കുകൾ
കാണിച്ചിടുന്നു വിരണ്ട നേത്രങ്ങളെ
തലങ്ങും വിലങ്ങുമായി മത്സരിച്ചോടുന്നു
സൈറൺ മുഴക്കുന്ന ആംബുലൻസ് വണ്ടികൾ
ശ്വാസത്തിനായി പിടയുന്ന ജീവനോ
ശ്വാസം നിലച്ചവർ തൻ അന്ത്യയാത്രയോ
പാഞ്ഞപോകുന്നൊരീ വാഹനക്കൂട്ടത്തിൽ
അവരിലാരെങ്കിലും ആയിരിക്കും
ഭീതിജനകമാം കാഴ്ച്ചകൾ ചുറ്റിലും
കേൾക്കുന്നതു അതിദാരുണ വാർത്തകൾ
ജോലിയും കൂലിയുമില്ലാതെ വീട്ടിലാണേറെ
പണിക്കാരീ പകരുന്ന വ്യാധിയിൽ
ഇങ്ങനെ എൻ പ്രിയ നാടിനേ കാണുമ്പോൾ
സന്താപപൂരിതമാകുന്നു മാനസം
കണ്ണുനീർത്തുള്ളിയിൽ മുങ്ങിത്തുടിക്കുമെൻ
ദുഖങ്ങൾക്ക് എന്നൊരറുതിയെന്നറിയില്ല
എങ്കിലും എൻ മനം മൂളുന്നെൻ  നാടിന്റെ
സാന്ത്വന മന്ത്രം  മുടങ്ങാതെ നിത്യവും
ലോകാ സമസ്ത സുഖിനോ ഭവന്തു
സൗഖ്യമാകട്ടെ എൻ നാടുമീ ലോകവും


Join WhatsApp News
Sudhir Panikkaveetil 2021-06-08 16:43:56
ശ്രീ ശങ്കർ ഒറ്റപ്പാലം വസുധൈവ കുടുംബകം എന്ന് വിശ്വസിക്കുന്ന കവിയാണ്. മറ്റുള്ളവരുടെ വേദനയും ദുഖവും കാണുമ്പോൾ അദ്ദേഹത്തിന് എഴുതാതിരിക്കാൻ കഴിയുന്നില്ല. മഹാമാരിയിൽ മനുഷ്യർ അനുഭവിക്കുന്ന യാതനകളിലേക്ക് ഒന്ന് കണ്ണോടിക്കയാണ് കവി. കവിയോടൊപ്പം നമുക്കും പ്രാർത്ഥിക്കാം ലോക സമസ്താ സുഖിനോ ഭവന്തു.
Abdul Hameed 2021-06-09 06:01:30
Beautiful !! 👌 This time also will pass, dear Shankarji 💪🌹🌹
Shankar Ottapalam 2021-06-10 08:15:01
അഭിപ്രായങ്ങൾ അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക