Image

മുട്ടില്‍ മരം മുറി ; സര്‍ക്കാരിനെ വെട്ടിലാക്കി നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ജോബിന്‍സ് തോമസ് Published on 10 June, 2021
മുട്ടില്‍ മരം മുറി ; സര്‍ക്കാരിനെ വെട്ടിലാക്കി നിര്‍ണ്ണായക വെളിപ്പെടുത്തല്‍
ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് നടന്ന മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രണ്ടാം പിണറായി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു. കഴിഞ്ഞ സര്‍ക്കാരിലെ വനം മന്ത്രിയായിരുന്ന കെ. രാജുവിന് മരം മുറിയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കേസിലെ പ്രധാന പ്രതി റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നിയാണ് ഈ വിഷയത്തില്‍ ഒരു മലായളം ചാനലിനോട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

മരം വ്യാപാരിയായ ബെന്നി ടിംബര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്. മരംമുറി തടഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടട്ടമുണ്ടാകുമെന്ന് താനടക്കമുള്ള വ്യാപാരികള്‍ സര്‍ക്കാരിന് രേഖാമൂലം പരാതി നല്‍കിയിരുന്നതായും എന്നാല്‍ ആരും ഇത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

താനും റോജിയും സുഹൃത്തുക്കളായിരുന്നുവെന്നും നിയമം ലംഘിച്ച് മരംമുറിക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് താനും റോജിയും തമ്മില്‍ പിരിയുന്നതെന്നും ബെന്നി പറഞ്ഞു. തിരുവനന്തപുരത്ത് സംഘടനാ പ്രതിനിധികളുമായി എത്തി വനം മന്ത്രി അടക്കമുളള പ്രധാന നേതാക്കള്‍ക്കെല്ലാം പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ വനം മന്ത്രിയും റവന്യൂമന്ത്രിയും അടക്കമുള്ളവര്‍ മരംമുറിക്കാനുള്ള ഉത്തരവുണ്ടാക്കാന്‍ സഹായിച്ചതായി റോജി പറഞ്ഞിട്ടുണ്ടെന്നും ബെന്നി വെളിപ്പെടുത്തി. പുതിയ വെളിപ്പെടുത്തലുകളോടെ സര്‍ക്കാര്‍ രാഷ്ട്രീയമായി കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയാണ്. മുന്‍ മന്ത്രിക്കെതിരെ വിഷയത്തില്‍ ആരോപണങ്ങളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഒരാള്‍ മന്ത്രിയുടെ പങ്ക് നേരിട്ടറിയാം എന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. 

മുന്‍ സര്‍ക്കാരില്‍ വനം, റവന്യൂ വകുപ്പുകള്‍ ഭരിച്ചിരുന്നത് സിപിഐ ആണ് . ഇതിനാല്‍ തന്നെ സിപിഐയും ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാണ്. ഇത്തവണ വനം വകുപ്പ് സിപിഐ, എന്‍സിപിക്ക് വിട്ടു നല്‍കുകയായിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ കേന്ദ്ര ഇടപെടലാണ് ബിജെപിയുടെ ആവശ്യം. 

നിയമസഭാ സമ്മേളനം ഇന്ന് കഴിയുമെങ്കിലും വിഷയം സഭയ്ക്ക് പുറത്ത് ശക്തമായി ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. കള്ളപ്പണക്കേസില്‍ പ്രതിരോധത്തിലായ ബിജെപിയും ഈ വിഷയം ഏറ്റെടുത്തു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക