Image

ഗ്രൂപ്പ് - 23 യില്‍ നിന്നും ആദ്യ പ്രഹരം; അനുനയത്തിനൊരുങ്ങി കോണ്‍ഗ്രസ്

ജോബിന്‍സ് തോമസ് Published on 10 June, 2021
ഗ്രൂപ്പ് - 23 യില്‍ നിന്നും ആദ്യ പ്രഹരം; അനുനയത്തിനൊരുങ്ങി കോണ്‍ഗ്രസ്
കഴിഞ്ഞ വര്‍ഷമാണ് എഐസിസിയില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയത്. ഗുലാം നബി ആസാദായിരുന്നു അവരുടെ നേതാവ്. എന്നാല്‍ കത്തിന്‍മേല്‍ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല കത്ത് നല്‍കിയവരെ വിമതരായി ചിത്രീകരിക്കുകയും ചെയ്തു. 

എന്നാല്‍ ഇപ്പോള്‍ ചെറിയൊരു മനംമാറ്റം സംഭവിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന് ഗ്രൂപ്പ്-23 ഇപ്പോള്‍ ഗ്രൂപ്പ് -22 ആയി മാറിയതോടെയാണ് പുനര്‍ വിചിന്തനത്തിന് കോണ്‍ഗ്രസ് തയ്യാറാകുന്നത്. ഈ ഗ്രൂപ്പിലുള്ള ജിതിന്‍ പ്രസാദ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഗ്രൂപ്പ് -22 ആയത്. 

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പ്രമുഖ ബ്രഹ്‌മണ നേതാവിന്റെ പാര്‍ട്ടിമാറ്റം കനത്ത ആഘാതമാണ് കോണ്‍ഗ്രസിനേല്‍പ്പിച്ചത്. ഇനിയും ചോര്‍ച്ചയുണ്ടാകുന്നത് തടയാനാണ് ഹൈക്കമാന്‍ഡ് അടിയന്തര ഇടപെടല്‍ നടത്താനൊരുങ്ങുന്നത്. വിമത ഗ്രൂപ്പിന്റെ നേതാവായ ഗുലാംനബി ആസാദിന് രാജ്യസഭാ സീറ്റ് നല്‍കികൊണ്ടുള്ള അനുനയ നീക്കത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിന് ഉടനെ രണ്ട് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഒന്ന് മഹാരാഷ്ട്രയില്‍ നിന്നും ഒന്ന് തമിഴ്‌നാട്ടില്‍ നിന്നും ഇതില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന സീറ്റാണ് ഗുലാംനബി ആസാദിന് നല്‍കാനൊരുങ്ങുന്നത്. മഹാരാഷ്ട്രയിലേത് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

ജിതിന്‍ പ്രസാദിന്റെ പാര്‍ട്ടിമാറ്റമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ചര്‍ച്ചാ വിഷയം. ഇടഞ്ഞു നില്‍ക്കുന്ന മറ്റ് നേതാക്കളില്‍ നിന്നും ഇനിയും പലരും പാര്‍ട്ടി വിട്ടേക്കുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം കൊഴിഞ്ഞുപോക്കലുകള്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക