Image

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സുധാകരന്‍ ; പാര്‍ട്ടി ഗ്രാമങ്ങളെ വിമോചിപ്പിക്കും

ജോബിന്‍സ് തോമസ് Published on 10 June, 2021
സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സുധാകരന്‍ ;  പാര്‍ട്ടി ഗ്രാമങ്ങളെ വിമോചിപ്പിക്കും
കെപിസിസി പ്രസിഡന്റായി നിയമിതനായ കെ.സുധാകരന്‍ തന്റെ ശൈലിയില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കെപിസിസി പ്രസിഡന്റായ ശേഷം തന്നെ കാണാന്‍ ആര്‍എംപി നേതാവ് കെ.കെ. രമ എത്തിയ കാര്യം പങ്കുവെച്ചുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സിപിഎമ്മിനെ വിമര്‍ശിച്ചിരിക്കുന്നത്. 

യാതൊരു പ്രത്യയശാസ്ത്ര  ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് കേരളത്തിലെ സിപിഎം എന്നു തുറന്നു കാട്ടിയ വ്യക്തിയാണ് കെ.കെ.രമയെന്ന് കെ.സുധാകരന്‍ പറഞ്ഞു. ആര്‍എംപിയും കെ.കെ. രമയുമൊക്കെയാണ് യഥാര്‍ത്ഥ ഇടതുബദലെന്നും സുധാകരന്‍ പറയുന്നു. 

താനൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്ന സമയത്ത് തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലുകയോ ഊരുവിലക്കുകയോ ആയിരുന്നു സിപിഎം രീതിയെന്നു പറഞ്ഞ സുധാകരന്‍ പാര്‍ട്ടി ഗ്രാമങ്ങളെ ജനാധിപത്യത്തിലേയ്ക്ക് വിമോചിപ്പിക്കും എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ തിരുവനന്തപുരത്ത് വടകര എംഎല്‍എ സഖാവ് കെകെ രമയും മകന്‍ അഭിനന്ദും സന്ദര്‍ശിച്ചു.
തിരക്കുകള്‍ക്കൊടുവില്‍ രാത്രി വൈകിയും പല സമകാലിക വിഷയങ്ങളില്‍ ചര്‍ച്ച നീണ്ടു പോയി.രാഷ്ട്രീയത്തെ കുറിച്ച് വളരെയധികം ഉള്‍ക്കാഴ്ച ഉള്ള വ്യക്തിത്വം ആണ് കെകെ രമ.
അവരുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് തീഷ്ണമായ അനുഭവ പരിസരങ്ങളില്‍ ആണ്. സിപിഎം ഇടക്കിടെ പറയുന്നൊരു ഇടതു ബദല്‍ ഉണ്ട്. എന്റെ കാഴ്ചപ്പാടില്‍ ആര്‍ എംപി യും സഖാവ് കെ കെ രമയും ഒക്കെയാണ് യഥാര്‍ത്ഥത്തില്‍ ആ ഇടതു ബദല്‍.
യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വനിതയാണ് രമ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആള്‍ക്കൂട്ടം രമയെ നേരിട്ടത്.
ഞാനൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ  വിയോജിപ്പ് ഉള്ളവരെ ഒന്നുകില്‍ കൊല അല്ലെങ്കില്‍ ഊരുവിലക്കല്‍ ആയിരുന്നു സിപിഎം രീതി. ഇന്നും അതിന്റെ വൈവിധ്യങ്ങല്‍ തന്നെയാണ് അവര്‍ തുടര്‍ന്ന് പോകുന്നത്..
ആ അക്രമങ്ങളെ അനുദിനം പ്രതിരോധിച്ചും, ആവശ്യ സാഹചര്യങ്ങളില്‍ തിരിച്ചടിച്ചുമാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത്. വരും നാളുകളില്‍ എല്ലാ പാര്‍ട്ടിഗ്രാമങ്ങളും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കുക തന്നെ ചെയ്യും
കെകെ രമക്ക് യുഡിഎഫ് നല്‍കിയത് നിരുപാധിക പിന്തുണയാണ്. ഇനിയും സംഘപരിവാറിന്റേയും സിപിഎംന്റെയും അക്രമ രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കൊപ്പം നിരുപാധികമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തിരുത്തലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് കെകെ രമ ഉറപ്പ് തന്നു.



സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സുധാകരന്‍ ;  പാര്‍ട്ടി ഗ്രാമങ്ങളെ വിമോചിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക