Image

രക്ഷിതാക്കളോട് ഗുഡനൈറ്റ് പറഞ്ഞ് ഉറങ്ങാന്‍ പോകും; ആരുമറിയാതെ പുറത്തിറങ്ങി മോഷണം, പണം ലഹരിക്ക്

Published on 10 June, 2021
രക്ഷിതാക്കളോട് ഗുഡനൈറ്റ് പറഞ്ഞ് ഉറങ്ങാന്‍ പോകും; ആരുമറിയാതെ പുറത്തിറങ്ങി മോഷണം, പണം ലഹരിക്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തെ വിറപ്പിച്ച മോഷ്ടാക്കള്‍ അറസ്റ്റില്‍. കുട്ടികള്‍ അടക്കം നാല് പേരുടെ സംഘത്തെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ സ്വപ്നില്‍ മഹാജന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. പിടിയിലായവരില്‍ പതിനെട്ടും പത്തൊമ്പതും വയസ്സുള്ള രണ്ട് പേരും പതിനെട്ട് വയസ്സ് തികയാത്ത മറ്റ് രണ്ട് പേരുമാണുള്ളത്. ലഹരി ഉപയോഗത്തിനായിട്ടാണ് ഇവര്‍ മോഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇതിന് നൈറ്റ് ഔട്ട് എന്ന പ്രത്യേക പേരുമിട്ടു.

കക്കോടി മക്കട യോഗി മഠത്തില്‍ ജിഷ്ണു(18), മക്കട ബദിരൂര്‍ ചെമ്പോളി പറമ്പില്‍ ധ്രുവന്‍(19) എന്നിവരാണ് പിടിയിലായ പ്രായപൂര്‍ത്തിയായവര്‍. മറ്റ് രണ്ട് പേരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ലഹരി ഉപയോഗത്തിനായി രക്ഷിതാക്കള്‍ ഉറങ്ങുമ്പോള്‍ വീട്ടിന് പുറത്തിറങ്ങിയാണ് നാല് പേരും നൈറ്റ് ഔട്ട് തുടങ്ങുന്നത്. മോഷണം നടത്തി രക്ഷിതാക്കള്‍ ഉണരുന്നതിന് മുമ്പുതന്നെ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യും. രക്ഷിതാക്കള്‍ ഉറങ്ങാത്ത സാഹചര്യമുള്ള ദിവസങ്ങളില്‍ സുഹൃത്തുകളുടെ അടുത്തേക്കെന്നും പറഞ്ഞാണ് പുറത്ത് പോവുന്നത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ എണ്‍പതില്‍ അധികം മോഷണ കേസുകള്‍ക്കാണ് തുമ്പുണ്ടായതെന്ന് പോലീസ് പറയുന്നു.

ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നു മോഷ്ടിച്ച ആക്ടീവ സ്‌കൂട്ടര്‍, മാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നു മോഷ്ടിച്ച ആക്ടീവ സ്‌കൂട്ടര്‍, നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍നിന്നു മോഷ്ടിച്ച ഡിസ്‌കവര്‍ ബൈക്ക്, കൊയിലാണ്ടിയില്‍നിന്നു മോഷ്ടിച്ച പള്‍സര്‍ ബൈക്ക്, മലപ്പുറം തേഞ്ഞിപ്പലത്ത് നിന്നും മോഷ്ടിച്ച ആക്‌സസ് ബൈക്ക് എന്നിവ പോലീസ് 
കണ്ടെടുത്തു. കൂടാതെ കടകളിലും മൊബൈല്‍ ഷോപ്പുകളിലുമെല്ലാമായി നടത്തിയ മറ്റ് എണ്‍പത് കേസുകള്‍ക്കും തുമ്പുണ്ടായിട്ടുണ്ട്.

അര്‍ധരാത്രിയില്‍ ബൈക്കില്‍ ട്രിപ്പിളായോ അല്ലെങ്കില്‍ നാലു പേരെ വെച്ചോ പോയി വാഹനം മോഷ്ടിച്ച് പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.പിന്നീട് രക്ഷിതാക്കള്‍ അറിയാതെ വീട്ടിലെത്തി കിടക്കുകയും ചെയ്യുന്നതായി പോലീസ് പറയുന്നു. മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്‌സുകളും നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചെടുത്ത് മോഷണ വാഹനങ്ങള്‍ക്ക് ഉപയോഗിച്ചുമാണ് ഇവര്‍ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അമിത വേഗതയിലോ ഇടവഴികളിലൂടെയോ കടന്ന് കളയുകയോ അല്ലെങ്കില്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി മറയുകയോ ആണ് ചെയ്യുന്നത്. പോലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്ടിച്ചവാഹനമാണെന്ന് അറിയുന്നത്. 
മോഷണം നടത്തിയ ബൈക്കുകള്‍ പിന്നീട് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. പ്രധാനമായും കോഴിക്കടകളിലാണ് ഇവര്‍ മോഷണം നടത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക