Image

ബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് മമത..മുകുളിനെ തിരിച്ചെത്തിച്ചു

ജോബിന്‍സ് തോമസ് Published on 12 June, 2021
ബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് മമത..മുകുളിനെ തിരിച്ചെത്തിച്ചു
ബംഗാളില്‍ തൃണമൂലിന്റെ അടിവേരറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി മുകുള്‍ റോയി എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹസ്ഥാപകനെ റാഞ്ചിയത്. മുകുളിനൊപ്പം തൃണമൂലില്‍ നിന്നും നിരവധിയാളുകള്‍ ബിജെപിയിലെത്തുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേട്ടത്തില്‍ മുകള്‍ റോയി വഹിച്ചത് പ്രധാന പങ്കായിരുന്നു. 

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍വ്വശക്തയായി നില്‍ക്കുന്ന മമത ബാനര്‍ജി കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കി ബിജെപിയെ ഞെട്ടിച്ചു. മുകുള്‍ റോയിയെ തിരികെ തന്റെ പാളയത്തിലെത്തിച്ചു. ഇത് അണികളും ബിജെപിയില്‍ നിന്നും തിരികെ തൃണമൂലിലേയ്‌ക്കൊഴുകാന്‍ കാരണമാകും. 

മമതയെ നന്ദിഗ്രാമില്‍ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിക്ക് ബിജെപി തന്നെക്കാളും പരിഗണന നല്‍കിയതാണ് മുകുള്‍ റോയിയെ അസ്വസ്ഥനാക്കിയത്. ഈ അവസരം മമത മുതലെടുത്തു. രോഗാവസ്ഥയിലായിരുന്ന മുകുളിന്റെ ഭാര്യക്ക് മമത എല്ലാ സഹായവും നല്‍കി. മാത്രമല്ല ബംഗാളിലെ ഭരണത്തിന്റെ തണലും മുകുള്‍ റോയിയെ ആകര്‍ഷിച്ചു. 

മുമ്പ് നാരദാ അഴിമതിക്കേസിലും ശാരദാ ചിട്ടിഫണ്ട് കേസിലും മുകുള്‍ റോയിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഇതിനു പിന്നാലെയാണ് തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മുകുള്‍ റോയിയെ നീക്കം ചെയ്തതും. ഇതോടെ ദേശിയ ഏജന്‍സികളുടെ അന്വേഷണവും എത്തി. ഇങ്ങനെയാണ് മുകുള്‍ റോയിയും അനുനായികളും ബിജെപിയിലെത്തുന്നത്. 

മുകുള്‍ റോയി തൃണമൂലിലേയ്ക്ക് മടങ്ങിയതോടെ വീണ്ടും ഈ കേസുകളില്‍ ദേശിയ ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നുറപ്പ്. ഇത് താന്‍ പ്രതീക്ഷിക്കുന്നതാണെന്നും എന്നാല്‍ മമതയുടെ സംരക്ഷണവലയത്തില്‍ താന്‍ സുരക്ഷിതനാണെന്നുമാണ് മുകുള്‍ റോയി അടുപ്പക്കാരോട് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക