Image

കോണ്‍ഗ്രസില്‍ ' ഒരാള്‍ ഒരു പദവി ' ഇനി അപ്രസക്തം

ജോബിന്‍സ് തോമസ് Published on 12 June, 2021
കോണ്‍ഗ്രസില്‍ ' ഒരാള്‍ ഒരു പദവി ' ഇനി അപ്രസക്തം
' ഒരാള്‍ ഒരു പദവി ' കാലങ്ങള്‍ക്കു മുമ്പേ കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെട്ട സംഘടനാ തത്വമായിരുന്നു. ഇതുവഴി കൂടുതല്‍ നേതാക്കളെ വിവധ സ്ഥാനങ്ങളില്‍
 ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരുന്നു എന്നതാണ് സത്യം. എന്നാല്‍ ജനപ്രതിനിധികള്‍ അവരുടെ ഉത്തരവാതിത്വങ്ങളും മറ്റുള്ളവര്‍ സംഘടനാ കാര്യങ്ങളും നോക്കട്ടെ എന്നതായിരുന്നു ഇതിന്റെ വിശദീകരണം.

ഈ തത്വം അനുസരിച്ച് ഒരാള്‍ ജനപ്രതിനിധിയാണെങ്കില്‍ അയാള്‍ക്ക് മറ്റു സ്ഥാനങ്ങളൊന്നും പാര്‍ട്ടിയില്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തന്നെ ഈ തത്വം പൊളിച്ചെഴുതിയിരിക്കുകയാണ്. എംപിമാരെയും എംഎല്‍എമാരെയുംമാണ് കെപിസിസി നേതൃത്വത്തില്‍ നിയോഗിച്ചിരിക്കുന്നത്. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരില്‍ നിന്നുള്ള എംപിയാണ്. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മൂന്നു പേരും ജനപ്രതിനിധികളാണ്. കൊടിക്കുന്നില്‍ സുരേഷ് എംപിയും പി.ടി. തോമസും ടി.സിദ്ദിഖും എംഎല്‍എമാരുമാണ്. കെപിസിസി നേതൃത്വത്തില്‍ തന്നെ ഒരാള്‍ ഒരു പദവി എന്ന തത്വം ലംഘിക്കപ്പെട്ടതിനാല്‍ ഇനി താഴേയ്ക്കുള്ള നിയമനങ്ങളില്‍ ഇത് പാലിക്കാന്‍ സാധ്യമല്ല എന്നുറപ്പ്. 

കെപിസിസിയിലും ഡിസിസിയിലും ജാംബോ കമ്മിറ്റികള്‍ ഒഴിവാക്കും എന്നാണ് പൊതുവികാരവും കെ.സുധാകരനടക്കമുള്ളവരുടെ താല്‍പ്പര്യവും. ഇങ്ങനെ വന്നാല്‍ സ്ഥാനം നഷ്ടം വരുന്നവര്‍ നിരവധിയായിരിക്കും ഇവരെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും നേതൃത്വത്തിന് മുന്നിലുള്ള കടമ്പയാണ്. 

ഗ്രൂപ്പുകളെ കടത്തിവെട്ടി പാര്‍ട്ടിയില്‍ പുനസംഘടനയ്ക്ക് അരങ്ങൊരുങ്ങുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേതൃത്വത്തിന് മുമ്പിലുണ്ട്. എന്നാല്‍ ഗ്രൂപ്പുകളും ജാംബോ കമ്മിറ്റികളും പടിക്ക് പുറത്ത് എന്നതാണ് പൊതുവികാരം എന്നത് നേതൃത്വത്തിന് കൂടുതല്‍ കരുത്തേകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക