Image

മരം വെട്ട് ; കണ്ണികള്‍ നിളുന്നത് മുന്‍ റവന്യു മന്ത്രിയുടെ ഓഫീസിലേയ്ക്ക്

ജോബിന്‍സ് തോമസ് Published on 13 June, 2021
മരം വെട്ട് ; കണ്ണികള്‍ നിളുന്നത് മുന്‍ റവന്യു  മന്ത്രിയുടെ ഓഫീസിലേയ്ക്ക്
മുട്ടില്‍ മരംവെട്ടിലെ ഉന്നത ബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. മുന്‍ റവന്യുമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ വിഷയത്തില്‍ ഇടെപെട്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രമുഖ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. വിവാദ ഉത്തരവ് കൊള്ളയ്ക്കുള്ള  പഴുതുകള്‍ ഇട്ട് പുറത്തിറക്കിയത് മനപൂര്‍വ്വമാണെന്ന നിഗമനവും ഉണ്ട്. കര്‍ഷകരുടെ ആവശ്യപ്രകാരമാണ് ഉത്തരവ് എന്നു പറയുമ്പോളും ഇതിനിടയില്‍ നടന്ന സംഭവങ്ങളാണ് സംശയങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്.

അണ്ടര്‍ സെക്രട്ടറിയായിരുന്നു ഉത്തരവ് തയ്യാറാക്കിയത്. ഈ ഉത്തരവ് മന്ത്രിയുടെ മുന്നില്‍ എത്തും മുമ്പ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കൃത്യമായ എതിര്‍പ്പറിയിച്ചിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വിയോജനത്തോടെയാണ് ഉത്തരവ് മന്ത്രിയുടെ ഓഫീസിലേയ്ക്ക് പോയത്. എന്നാല്‍ മന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഇടപെടല്‍ ഈ ഘട്ടത്തില്‍ നടന്നു. 

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ എതിര്‍പ്പിനെ മറികടക്കുന്ന വിധത്തില്‍ ഓഫീസിലെ ഉന്നതന്‍ രണ്ട് പേജ് വരുന്ന കുറിപ്പെഴുതിയാണ് ഉത്തരവ് മന്ത്രിയുടെ മുന്നിലെത്തിച്ച് അംഗീകാരം നേടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മരം മുറിക്കുമ്പോള്‍ നിലവിലെ വനനിയമങ്ങള്‍ ബാധകമാണെന്ന് ഉത്തരവില്‍ ചേര്‍ത്തില്ല എന്നതും വീഴ്ചയാണ്. ഇത് കൊള്ളയ്ക്ക് അവസരമൊരുക്കാന്‍ മനപ്പൂര്‍വ്വം ചെയ്തതാണോയെന്നും അന്വേഷിക്കുന്നുണ്ട്. 

ഇത്രവലിയ തോതില്‍ മരംമുറിച്ച് മാറ്റിയിട്ടും വനനിയമങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചോദ്യം ചെയ്യാന്‍ വനംവകുപ്പ് ശ്രമിച്ചില്ലെന്നതും സംശയാസ്പദമാണ്. ഇറങ്ങിയ ഉത്തരവിലെ പഴുതുകള്‍ അവസരമാക്കി കൊള്ള നടത്തുകയായിരുന്നില്ല. മറിച്ച് കൊള്ള നടത്താന്‍  പഴുതുകളിട്ട് ചിലര്‍ ബോധപൂര്‍വ്വം ഉത്തരവിറക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക