Image

സുരേന്ദ്രന്‍ മാറട്ടെയെന്ന് എതിര്‍ഗ്രൂപ്പുകള്‍ ; നടക്കില്ലെന്ന് മുരളീധരപക്ഷം

ജോബിന്‍സ് തോമസ് Published on 13 June, 2021
സുരേന്ദ്രന്‍ മാറട്ടെയെന്ന് എതിര്‍ഗ്രൂപ്പുകള്‍ ; നടക്കില്ലെന്ന് മുരളീധരപക്ഷം
കെ.സുരേന്ദ്രന്‍ സംസ്ഥാന ബിജെപി അധ്യക്ഷപദവി ഒഴിയണമെന്ന ആവശ്യം ശക്തമാക്കി എതിര്‍ ഗ്രൂപ്പുകള്‍. ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളാണ് ഈ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും ഇതു നടക്കില്ലെന്ന നിലപാടിലാണ് സുരേന്ദ്രനടങ്ങുന്ന മുരളീധരപക്ഷം. 

ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തില്‍ കെ.സുരേന്ദ്രന്‍ പങ്കെടുത്തില്ല ഡല്‍ഹിയില്‍ നേതാക്കളെ കാണുന്ന തിരക്കാണെന്നാണ് വിശദീകരണം എന്നാല്‍ സുരേന്ദ്രനെ അനുകൂലിക്കുന്ന ജനറല്‍ സെക്രട്ടറിമാരായ സി.കൃഷ്ണകുമാര്‍ , ജോര്‍ജ് കുര്യന്‍ എന്നിവരും പങ്കെടുക്കാത്തത് നിലവിലെ വിഭാഗിയത പരസ്യമാക്കി. 

നിലവില്‍ സുരേന്ദ്രന്‍ മാറേണ്ട സാഹചര്യമില്ലെന്നും ആരോപണങ്ങള്‍ കെട്ടി ചമച്ചതാണെന്നുമാണ് വി.മുരളീധരനും കെ.സുരേന്ദ്രനും പറയുന്നത്. നേതൃമാറ്റത്തിനായുള്ള മുറവിളികള്‍ക്ക് തടയിടാനാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് മുരളീധരനൊപ്പം ദേശീയ നേതാക്കളെ കാണുന്നത്. 

അമിത് ഷായെക്കൂടി കാണുന്നതിനായാണ് ഇദ്ദേഹത്തിന്റെ മടക്കയാത്ര താമസിപ്പിക്കുന്നതെന്നും വിവരമുണ്ട്. സുരേന്ദ്രന്റെ അഭാവത്തില്‍ എം.ടി രമേശായിരുന്നു ഇന്നലത്തെ നേതൃയോഗം നിയന്ത്രിച്ചത്. ഇതിനിടെ സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. ലോക് ഡൗണിനുശേഷം ഇവര്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. 

ഇതിനിടെ ജാനുവുമായുള്ള പണമിടപാട് കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രന്‍ പറയുന്ന ശബ്ദരേഖ പുറത്ത് വന്നതും കൃഷ്ണദാസ് പക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. മുട്ടില്‍ മരംമുറി വിഷയത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടപ്പിലാക്കാനാണ് ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലെ പ്രധാന തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക