Image

മരംമുറി : ഉത്തരവില്‍ അപാകതയില്ലെന്ന് റവന്യൂ മന്ത്രി

ജോബിന്‍സ് തോമസ് Published on 13 June, 2021
മരംമുറി : ഉത്തരവില്‍ അപാകതയില്ലെന്ന് റവന്യൂ മന്ത്രി
സംസ്ഥാനത്ത് വ്യാപകമായി മരംകൊള്ളയ്ക്ക് വഴിവച്ച കഴിഞ്ഞ സര്‍ക്കാരിന്റെ ഉത്തരവ് ശരിവച്ച് റവന്യൂ മന്ത്രി കെ. രാജന്‍. ഉത്തരവില്‍ യാതൊരുവിധ അപാകതകളുമില്ലെന്നും മറിച്ച് ചിലര്‍ ഉത്തരവ് ദുരുപയോഗം ചെയ്തതാണ് പ്രശ്‌നമായതെന്നും മന്ത്രി പറഞ്ഞു. പൊതുആവശ്യപ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

അങ്ങനെയൊരു സാഹചര്യമുണ്ടായപ്പോഴാണ് ഉത്തരവ് പിന്‍വലിച്ചതെന്നും വിഷയത്തില്‍ റവന്യു വകുപ്പ് മാത്രമായി മുള്‍മുനയില്‍ നില്‍ക്കുന്ന സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സമഗ്രമായ പരിശോധനയാണ് നടക്കുന്നതെന്നും പേടിക്കാന്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വിഷയത്തില്‍ വകുപ്പുകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളും മന്ത്രി നിഷേധിച്ചു. വകുപ്പ് തിരിഞ്ഞ് യാതൊരു പോരും നടക്കുന്നില്ലെന്നും കൃത്യതയോടെയുള്ള സമീപനമാണ് എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വീണ്ടും മരം മുറിക്കാന്‍ അനുമതി നല്‍കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും കര്‍ഷകരുടേയും മേഖലയിലെ ജനങ്ങളുടേയും ആവശ്യം പരിഗണിച്ചാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക