Image

ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക് : ആശങ്കയില്‍ തൊഴിലന്വേഷകര്‍

ജോബിന്‍സ് തോമസ് Published on 14 June, 2021
ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക് : ആശങ്കയില്‍ തൊഴിലന്വേഷകര്‍
മറ്റ് രാജ്യങ്ങളില്‍ നിന്നും വിത്യസ്തമായി ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് തന്നെ ഏറെ പ്രവാസികളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മേലാണ് കരിനിഴല്‍ വിഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസയ്ക്ക് തന്നെ വിലക്കേര്‍പ്പെടുത്തുന്നു എന്ന വാര്‍ത്തയാണ് ബഹ്‌റൈനില്‍ നിന്നും പുറത്ത് വരുന്നത്. ഇത് വിദേശ തൊഴിലന്വേഷകര്‍ക്ക് നല്‍കുന്ന തിരിച്ചടി ചെറുതല്ല. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേയ്ക്കാണ് തീരുമാനം. നിലവില്‍ ബഹ്‌റൈനിലേയ്ക്ക് ആരോഗ്യമേഖലയിടക്കം നിരവധി പേരാണ് തൊഴില്‍ ലഭിച്ച് വിസയ്ക്കായി കാത്തിരിക്കുന്നത്. മാത്രമല്ല ബഹ്‌റൈനിലേയ്ക്ക് തൊഴില്‍ തേടുന്ന ഇന്ത്യന്‍ തൊഴിലന്വേഷകരും കുറവല്ല. ഇവര്‍ക്കൊക്കെയാണ് ഈ തീരുമാനം തിരിച്ചടിയാകുന്നത്. ബഹ്‌റൈനില്‍ നിന്നും ഔദ്യോഗികമായി ഇങ്ങനെയൊരു തീരുമാനം വന്ന സ്ഥിതിക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളുടേയും ഭാവി തീരുമാനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന ആശങ്കയും ഇന്ത്യയിലെ തൊഴിലന്വേഷകര്‍ക്കുണ്ട്. 

ഇന്ത്യയില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ ഏറ്റവുമധികം തൊഴില്‍ കണ്ടെത്തുന്നതും ജോലി ചെയ്യുന്നതുമായ ഗള്‍ഫ് മേഖലയിലെ ഒരു രാജ്യമെടുത്ത ഈ തീരുമാനം മറ്റ് രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ അത് ഇന്ത്യയിലെ സാമ്പത്തീക മേഖലയ്ക്കുണ്ടാക്കുന്ന പ്രതിസന്ധിയും ചെറുതായിരിക്കില്ല. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയമത്തിന്റെയും സാങ്കേതിക നടപടിക്രമങ്ങളുടേയും അധികം നൂലാമാലകളും അധിക പണച്ചിലവും ഇല്ലാതെ ജോലി നേടാന്‍ സാധിക്കുന്ന സ്ഥലങ്ങലാണ് ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍. 

ബഹ്‌റൈനിലെ ആരോഗ്യമേഖലയില്‍ അടക്കം ജോലി സമ്പാദിക്കാനായി വിവിധ പരീക്ഷാ പരിശീലനങ്ങള്‍ നടത്തുന്നവരും പരീക്ഷകള്‍ പാസായി ഡേറ്റാ ഫ്‌ളോ അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നവരും ഇതെല്ലാം പൂര്‍ത്തിയാക്കി വിസയ്ക്കായി കാത്തിരിക്കുന്നവരും നിരവധിയാണ്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ , ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസാ വിലക്ക്. സന്ദര്‍ശക വിസള്‍ക്കും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കുണ്ട്. 

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ഏല്‍പ്പിച്ച ആഘാതം കുറഞ്ഞുവരികയാണ് എന്നിരുന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ഇന്ത്യയിലെ സ്ഥിതി രൂക്ഷമാണ്. കോവിഡ് രണ്ടാം തരംഗം സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍  അവഗണിച്ചതും വേണ്ട മുന്‍ കരുതലുകള്‍ എടുക്കാത്തതുമാണ് ഇന്ത്യയില്‍ കോവിഡ് ഇത്ര രൂക്ഷമാകാന്‍ കാരണമെന്ന് ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക