Image

അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി ; വിദേശ ഓഹരികള്‍ മരവിപ്പിച്ചു

ജോബിന്‍സ് തോമസ് Published on 14 June, 2021
അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി ; വിദേശ ഓഹരികള്‍ മരവിപ്പിച്ചു
അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്ല്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ കുതിപ്പ് ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു വര്‍ഷം മുമ്പ് 1.34 ലക്ഷം കോടി വിപണി മൂല്ല്യമുണ്ടായിരുന്ന കമ്പനിയുടെ ഇന്നത്തെ മൂല്ല്യം
 7.84 ലക്ഷം കോടിയാണ്. ചുരുക്കത്തില്‍ രാജ്യത്തെ സാമ്പത്തീക പ്രതിസന്ധിയിലും ഒരു കമ്പനി നേടിയത് അറൂനൂറ് ശതമാനത്തിലേറെ ആസ്തി വര്‍ദ്ധന. എന്നാല്‍ ഇന്നുണ്ടായ വാര്‍ത്തകള്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കുന്നതാണ്. 

മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുണ്ടായിരുന്ന ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി മരവിപ്പിച്ചിരിക്കുകയാണ്. 43,500 കോടി രൂപയുടെ ഓഹരികളാണ് മരവിപ്പിച്ചത്. കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരം വിദേശ നിക്ഷേപകര്‍ ആവശ്യമായ രേഖകള്‍ നല്‍കിയില്ലെന്നാണ് ഓഹരി മരവിപ്പിച്ചതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയുടെ ഓഹരികളാണ് മരവിപ്പിച്ചത്. 

ഈ മൂന്ന് കമ്പനികളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മൗറിഷ്യസിലെ പോര്‍ട്ട് ലൂയീസിലാണ്. എന്നാല്‍ കമ്പനികള്‍ക്ക് വെബ്‌സൈറ്റുകളില്ല. അദാനി എന്റര്‍പ്രൈസസില്‍ 6.82ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 8.03ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.92ശതമാനവും അദാനി ഗ്രീനില്‍ 3.58സതമാനവും ഓഹരികളാണ് ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസ് 20ശതമാനമാണ് തകര്‍ച്ചനേരിട്ടത്.

എന്നാല്‍ നിലവിലെ കേന്ദ്രഭരണത്തില്‍ അദാനി ഗ്രൂപ്പിനുള്ള സ്വാധീനം വലുതാണ്. ഇതിനാല്‍ തന്നെ ഇപ്പോഴത്തെ നടപടികള്‍ കമ്പനികള്‍ മറികടക്കുമെന്നാണ് സാമ്പത്തീക രംഗത്തെ വിദഗ്ദരുടെ നിരീക്ഷണം. വാര്‍ത്തകളെ തുടര്‍ന്ന് ഓഹരിവില ഇടിഞ്ഞെങ്കിലും ഈയൊരു പ്രതീക്ഷയില്‍ വില തിരിച്ചുകയറുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക