America

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

Published

on

വെളിവു കെട്ട ഉറക്കത്തെ  കോളിംഗ് ബെല്ലിന്‍റെ  നിർത്താത്ത കിളിയൊച്ച തട്ടിയുണർത്തി. അടഞ്ഞ ജനൽപ്പാളിയിലൂടെ അകത്തേക്ക് അതിക്രമിച്ചു കയറിയ ഇളംവെയിലിന്‍റെ  ഒരു തുണ്ട്  അവള്‍ക്കൊപ്പം എപ്പൊഴോ കയറി കിടന്നിരുന്നു. 

'കതക് തല്ലിപൊളിക്കാൻ തുടങ്ങുകയായിരുന്നു.' അന്നത്തെ  പത്രത്തിലൂടെ കണ്ണുകള്‍ പരതുന്നതിനിടയില്‍ കതക്  തുറക്കാൻ താമസിച്ചതിന്‍റെ അസ്വാരസ്യം    വാക്കുകളിൽ ചവച്ചു തുപ്പിയാണ്  തോമാച്ചൻ  അകത്തേക്ക് കയറിയത്.

'ഉറങ്ങി പോയി 'മറുപടി കേള്‍ക്കാന്‍ അയാള്‍ക്ക്‌ ഒരു നിര്‍ബന്ധവും ഇല്ലന്നറിയാമായിരുന്നതിനാല്‍ അവളോടു തന്നെ അവള്‍ പതുക്കെ പറഞ്ഞു.

രാത്രി തൂവിയിടുന്ന ഇരുളില്‍ തനിച്ചാകുമ്പോൾ പിന്‍വഴികളിലെ പുനര്‍വായനയുടെ ആഴങ്ങൾ ഉറക്കത്തെ മുക്കി കൊല്ലുന്നതിനാൽ വെളുപ്പാൻ കാലത്തിന്‍റെ  തണുത്ത കരങ്ങളാണ് പലപ്പോഴും ഉറക്കത്തിന്‍റെ തൊട്ടിലിലേക്ക് ഏറ്റിക്കിടത്തുന്നത്.  അല്ലെങ്കിലും ഈയിടെയായി ഉറക്കം  പിണങ്ങി നടപ്പാണ്.  

വയസ്സേറും തോറും മനസ്സു ദുഷിക്കുന്നതു കൊണ്ടാണ് ഉറക്കം കിട്ടാത്തതെന്ന് കിടക്ക കാണുമ്പോഴേ കൂർക്കം വലി തുടങ്ങുന്ന തോമാച്ചൻ പറയും.  തോമാച്ചന്‍റെ കൂർക്കം വലി ക്ളാര ആന്റിയുടെ ചെളി കൂട്ടിരിയ്ക്കുന്ന പന്നിക്കൂട്ടത്തിന്‍റെ മുക്രയിടീലായി അവളെ അലോരസപ്പെടുത്തുന്നത്  ഇനിയും തോമാച്ചനോടു പറയാൻ തോന്നിയിട്ടില്ലന്നോർത്തു കൊണ്ട്  ദോശമാവ് കല്ലിലേക്ക് കോരിയൊഴിച്ചു. ബക്കറ്റില്‍ നിന്നും മഗ്ഗില്‍ വെള്ളം കോരിയൊഴിയ്ക്കുന്ന ശബ്ദം നിലച്ചതും അവള്‍ ചായയ്ക്കും വെള്ളം വെച്ചു. 

ഷവര്‍ ഉണ്ടങ്കിലും ഇപ്പോഴും ബക്കറ്റില്‍ വെള്ളം പിടിച്ചേ തോമാച്ചന്‍ കുളിയ്ക്കുകയുള്ളൂ. പണ്ടത്തെ വെള്ളക്ഷാമം പഠിപ്പിച്ച ഒരു പാഠം! ആദ്യ മഴയിലെ അമൃത തുള്ളികള്‍ വരണ്ട മണ്ണിനെ ഉര്‍വരമാക്കുന്നത് പോലെയാണ് ആഴ്ചയില്‍ ഒരിക്കല്‍ പാതിരാവില്‍ പൈപ്പില്‍ നിന്നും ബക്കറ്റിലേക്ക് ചിതറി വീഴുന്ന ആദ്യതുള്ളികള്‍. ഉറക്കത്തെ ആട്ടിക്കളഞ്ഞു ഡ്രം തൊട്ട് ചായപ്പാത്രത്തില്‍ വരെ വെള്ളം പിടിച്ചു വെയ്ക്കുമായിരുന്നു. വെള്ളത്തിന്‍റെ അവസാന തുള്ളിയും ചുരത്തി പൈപ്പ് ഊര്‍ദ്ധശ്വാസം വലിക്കുമ്പോഴേക്കും അടിച്ചുവാരി തുടയ്ക്കലും, കുളിയും, നനയും ഒക്കെ കഴിഞ്ഞിരിക്കും. ഡ്രമ്മിലേക്ക് പൈപ്പില്‍ നിന്നും ഹോസിന്‍റെ ഒരു തുമ്പിട്ടിട്ടാണ് കിടക്കാറുള്ളത്. ഉറങ്ങിപ്പോയാല്‍ കഥ കഴിഞ്ഞു. ആ ഒരാഴ്ച കുളിയും, നനയുമെല്ലാം നാമമാത്രമാക്കി വേഴാമ്പലിനെപ്പോലെയുള്ള ദുസ്സഹമായ കാത്തിരിപ്പ്! ഇന്നതൊക്കെ ഓര്‍ക്കാന്‍ കൂടി വയ്യ. ഇപ്പോഴും പൈപ്പ് ഇത്തിരി കൂടുതല്‍ തുറന്നാല്‍ ജലക്ഷാമത്തിന്‍റെ ഇന്നലകളെ തോണ്ടിയെടുത്ത് തോമാച്ചന്‍റെ വക വാചക പീഡനം  അനുഭവിയ്ക്കുന്നതോര്‍ത്തുകൊണ്ടു രണ്ടു കപ്പുകളിലായി ചായ ഒഴിച്ചപ്പോഴേയ്ക്കും കുളി പകര്‍ന്ന ഉന്മേഷവുമായി അയാള്‍ എത്തി.
  
ചൂടു ദോശ തേങ്ങാ ചമ്മന്തിയിൽ മുക്കി വായിലിട്ടു ചവച്ചിറക്കി   തോമാച്ചൻ പറഞ്ഞു 'നല്ല ഒന്നാം തരം ഫ്ളാറ്റ്. കായലിലേക്ക് ഇറങ്ങി നിൽക്കുന്നതു പോലെ . '
അവൾ വാക്കുകള്‍ മൂടിക്കെട്ടി അയാളുടെ മുഖത്തേക്കു കണ്ണെറിഞ്ഞു  ചായ മൊത്തിക്കുടിച്ചുകൊണ്ടിരുന്നു.

‘ഇരുപത്തിനാല് മണിക്കൂറും വാച്ച്മാന്‍, സി.സി.ടി.വി ക്യാമറ, സ്വിമ്മിംഗ് പൂള്‍ എന്ന് വേണ്ട അകത്തും, പുറത്തും ഒക്കെ എന്തൊരു വൃത്തിയാണന്നോ?’ പുതിയ ഫ്ലാറ്റിനെക്കുറിച്ച് പറഞ്ഞിട്ടും, പറഞ്ഞിട്ടും മതി വരാത്ത അയാള്‍ക്ക് തന്‍റെ ചുറ്റുപാടുകളിലെ വൃത്തിഹീനതയെക്കുറിച്ച് ആദ്യമായി അറപ്പു തോന്നി.

‘നിലാവുള്ള രാത്രിയില്‍ ആകാശം പുഴയിലങ്ങനെ ഇളകിക്കളിയ്ക്കുമ്പോള്‍ നമുക്കൊരു തോണിയുമായി കായലിലേക്ക് ഇറങ്ങണം. ഞാന്‍ വെള്ളത്തില്‍ തുഴയെറിയുമ്പോള്‍ നീ ഓളങ്ങള്‍ തട്ടിക്കളിയ്ക്കുന്ന ചന്ദ്രനെ കൈക്കുമ്പിളില്‍ കോരിയെടുക്കണം.’ പകുതി കാര്യമായും പകുതി തമാശയായും അയാള്‍ ലാലിയോടു പറഞ്ഞു.

അവളുടെ ഒട്ടിയ കവിളുകളില്‍ നേരിയ ചുവപ്പ് പടരുകയും ചുണ്ടില്‍ അറിയാതെ ഒരു മുല്ലപ്പൂ വിടര്‍ന്നു വരികയും ചെയ്തു.

‘വസ്തു വിറ്റതില്‍ നിനക്ക് വിഷമമുണ്ടോ ലാലി?’ ദോശയുടെ ഒഴിഞ്ഞ പാത്രം നീക്കി വെച്ച് ചായക്കപ്പ് കയ്യിലെടുത്തുകൊണ്ട്

അവളുടെ മൌനത്തെ കുത്തിപ്പൊട്ടിയ്ക്കുവാന്‍, തോമ്മാച്ചന്‍റെ ആത്മനിന്ദ അവളുടെ നേരെ ഒരു ചോദ്യമായി എറിഞ്ഞു. ഇല്ലന്നു പറഞ്ഞാല്‍ അത് നുണയാണന്ന് അവള്‍ക്കൊപ്പം തോമാച്ചനും അറിയാം.

 ‘പണമായാലും, ഭൂമിയായാലും, സ്വര്‍ണ്ണം തന്നെയായാലും  വെറുതെയിരുന്നാല്‍ പാഴ്വസ്തുവാണന്നു അച്ചായന്‍ തന്നെയല്ലേ പറയുന്നത്. മനസ്സിനിണങ്ങിയ ഒരു ഫ്ലാറ്റില്‍ താമസിയ്ക്കാനല്ലേ? സാരമില്ല.’ പല ഉത്തരങ്ങള്‍ മൌനം കൊണ്ടുരച്ച് അവസാനം അവള്‍ അവളോടും, തോമാച്ചനോടുമായി പറഞ്ഞു. 

നാട്ടിൽ അവള്‍ക്ക് വീതം കിട്ടിയ, ഹൈവേയുടെ ഓരത്തുള്ള അരയേക്കർ പുരയിടം വിറ്റ് നഗരാതിർത്തിയിലെ കായലോരത്തുള്ള ഫ്ളാറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു തോമാച്ചൻ. തോമാച്ചന്‍റെ അമേരിക്കയിലുള്ള ഒരു സുഹൃത്ത് അവര്‍ക്ക് മറിച്ചുവിറ്റ ഫ്ളാറ്റിന്‍റെ രജിസ്ട്രേഷൻ കഴിയുന്നതു വരെ വാങ്ങാന്‍ പറ്റുമോ എന്നുള്ള തത്രപ്പാടിന്‍റെ വേവലാതിയിലായിരുന്നു അയാള്‍. പച്ചയും, മഞ്ഞയും കലർന്ന നിറഭേദത്തിന്‍റെ കൊഴുത്ത ചളിവെളളത്തിൽ ശരീരം  തടവിലിടുന്ന പന്നിക്കൂട്ടത്തിന്‍റെ പതിവു മുഷിവു കാഴ്ചകളുടെ  മനം മടുപ്പില്‍ കുടുങ്ങിക്കിടക്കുന്നതെത്ര കാലമെന്ന് വിചാരിയ്ക്കുമ്പോഴും  ഈ ഫ്ലാറ്റ് നേടി തന്ന സൌഭാഗ്യമാണ് നമുക്കുള്ളതൊക്കെ  എന്ന്  തോമാച്ചന്‍ പറയുമ്പോള്‍ അവളും തല കുലുക്കി സമ്മതിയ്ക്കും.  മീൻ ചന്ത അടുത്തായ കാരണം  ശ്വസിക്കുന്ന വായുവിനു പോലും മീന്‍റെ ഉളുപ്പു മണമാണ്. ചാണകത്തിലും, പന്നിതീട്ടത്തിലും ചവിട്ടാതെ നടക്കാന്‍ പാടുപെടേണ്ടി വരുന്ന വൃത്തിഹീനമായ തെരുവോരങ്ങൾക്ക് അതിരുകളിട്ട കാവല്‍ക്കാരായ നിരവധി കെട്ടിടങ്ങളുടെ ഇടയിലൊന്നിലെ കെട്ടിടത്തിലാണ് അവരുടെ   ഫ്ളാറ്റും.

'വസ്തുവിന്‍റെ പൈസയും,  കയ്യിൽ ഒള്ളതും ഒക്കെക്കൂടി നുള്ളി പെറുക്കി വാങ്ങിയതാണങ്കിലും അവിടൊരു ഫ്ളാറ്റ് സ്വന്തമാക്കുകയെന്നു വെച്ചാൽ അഭിമാനം തന്നെയാ.' കഷണ്ടിയുടെ ഇരുവശങ്ങളിലെയും നരച്ച മുടിച്ചുരുളുകളിലൂടെ വിരലോടിച്ചുകൊണ്ടയാള്‍ പറഞ്ഞു. ഫ്ലാറ്റ് സ്വന്തമാക്കിയപ്പോള്‍ അയാള്‍ അനുഭവിയ്ക്കുന്ന  ആനന്ദം അയാള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അധികമാണോ എന്നു ലാലി ഭയന്നു.

'കയ്യിലുള്ളത് മുഴുവനും തീര്‍ത്തിട്ട് നമ്മൾ എങ്ങനെ ജീവിയ്ക്കും..?' അയാളുടെ മുഖത്ത് കത്തി നിന്നിരുന്ന പൂത്തിരി അവളുടെ ആശങ്ക  തല്ലിക്കെടുത്തി.

തോമാച്ചന് പറയുന്നതിനിടയിലാണ് മൂഡു മാറുന്നത്. വർത്തമാനത്തിനിടയിൽ എന്തെങ്കിലും അനിഷ്ടം പറഞ്ഞാൽ മതി..പിന്നെ വായിൽ തോന്നിയതു കോതയ്കു പാട്ടെന്നു പറഞ്ഞ പോലെ..അപ്പനേം അമ്മയേയും വരെ വെറുതെ വിടുകയില്ല! അതുകൊണ്ട് ഈയിടെയായി പ്രതികരണശേഷിയുടെ മുന സ്വയം ഒടിച്ചു  മൗനം  കുടിച്ചിരിയ്ക്കുകയാണ് പതിവ്.

 'അതൊക്കെ... ഞാൻ കണ്ടു വെച്ചിട്ടുണ്ട്.' തോമാച്ചന്‍റെ  വാക്കുകളില്‍ പക്ഷേ തീര്ച്ചയില്ലായ്മ മുഴച്ചു നിന്നിരുന്നു.

'എങ്കിലും കേസ്സിൽ പെട്ട ബിൽഡിംഗിലെ ഫ്ളാറ്റ്.. അതും ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും അവിടെ  കുഴിച്ചിടുകാന്നു വെച്ചാൽ!'  മനസ്സിലെ ആന്തല്‍ അവള്‍ പുറത്തേക്ക് കുടഞ്ഞിട്ടു. അവള്‍ക്ക് വസ്തു വിറ്റതിലേറെ ദഹിക്കാൻ ബുദ്ധിമുട്ടായിരുന്നത് അതായിരുന്നു. ആറ്റുതീരം നോക്കിനടന്ന തോമ്മാച്ചന്‍റെ ആഗ്രഹത്തെ അയാളുടെ സുഹൃത്ത് ചൂഷണം ചെയ്തതാണോ എന്ന സംശയം  ലാലിയുടെ മനസ്സില്‍ ചുര മാന്തുന്നുണ്ട്.

തോമാച്ചന്‍ എന്ന തോമസ്‌ കുട്ടി പോര്‍ച്ചുഗീസുകാരന്‍ കെട്ടുകെട്ടി അധികം കഴിയും മുമ്പുതന്നെ പ്രാരാബ്ധങ്ങളുടെ താങ്ങാനാവാത്ത ഒരു കെട്ടും, ഒരു ചെറിയ ഇരുമ്പു പെട്ടിയുമായി ഗോവയുടെ പച്ചത്തുരുത്തിലേക്കെത്തിയതാണ്. മണ്‍ചുവരുകല്‍ക്കുള്ളിലെ അഞ്ചെട്ടു ജീവിതത്തുടിപ്പുകള്‍ നിലനിര്‍ത്താന്‍ നദിയില്‍ നിന്നും മണല്‍ വാരലായിരുന്നു അപ്പന് പണി. കള്ളികൈലി മടക്കിക്കുത്തി, മങ്ങിയ തോര്‍ത്ത് തലേക്കെട്ടാക്കി ഒരു ബീഡിയും പുകച്ചു വീട്ടില്‍ നിന്നിറങ്ങുന്ന അപ്പന്‍ ഒഴിവു ദിവസങ്ങളില്‍ അവനേയും കൂട്ടുമായിരുന്നു. നദിയുമായുള്ള ചെങ്ങാത്തം അന്നേ ഉള്ളതാണ്. തോമാച്ചന്‍ പത്തു പാസ്സായി ഐ ടി എ ക്കു പഠിയ്ക്കുമ്പോഴായിരുന്നു മരണം ഒരു കടുത്ത പനിയായി അപ്പനെ തട്ടിയെടുത്ത് വീടിന്‍റെ ഭാരം തലയിലേക്ക് വെച്ചു കൊടുത്തത്. പിന്നെ വീടും നാടുമെല്ലാം ഗോവയായി. 

പിത്തളയുടെ മേല്‍ക്കൂരയുള്ള കുഞ്ഞു ബസ്സില്‍ യാത്ര ചെയ്ത് ഒരു കോണ്ട്രാക്ടറുടെ സഹായിയായി കൂടി. അയാളോട് മുന്‍‌കൂര്‍ പൈസ വാങ്ങി ഒരു സൈക്കിള്‍ വാങ്ങിയതിന്‍റെ കടം ശമ്പളത്തില്‍ നിന്നും അയാള്‍ കുറേശ്ശെയായി പിടിയ്ക്കുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ ജോലികള്‍ സ്വയം പരീക്ഷിച്ചു. കൈത്തഴക്കവും, കഠിനാധ്വാനവും, ആത്മാര്‍ത്ഥതയും തോമാച്ചന്‍ തന്‍റെ തൊഴിലിനോട്  ചേര്‍ത്ത്‌ നിര്‍ത്തിയാണ് ജീവിതം കെട്ടിപൊക്കിയത്. ഇതിനിടയില്‍ നാലനിയത്തിമാരെയും, ഓരോരുത്തര്‍ക്കായി കൈപിടിച്ച് നല്‍കുന്ന മുറയ്ക്ക് ലാലിയുടെ കൈതണ്ടകളും, കഴുത്തും ഒഴിഞ്ഞു കൊണ്ടിരുന്നു. അനിയനും  ഒരു ജോലി ഉറപ്പാക്കിയ ശേഷമാണ്  തന്‍റെതായ ജീവിതത്തിലേക്ക് തോമാച്ചന്‍ ഇറങ്ങിവന്നത്.

 പന്ജിമിനടുത്തുള്ള സാന്തിനീസിലെ ഇടുങ്ങിയ ഈ തെരുവിലെ രണ്ടു കിടക്കമുറികളുള്ള ഫ്ലാറ്റില്‍ താമസം തുടങ്ങുമ്പോള്‍ അന്ന് അത് വലിയ ഒരാഡംബരമായിരുന്നു. മക്കളു, പഠിച്ചതും, വളര്‍ന്നതും, ജോലിയായതും എല്ലാം ഇതിൽ   നിന്നായിരുന്നു. ഇടയിലെ ഇല്ലായ്മകളും, വല്ലായ്മകളും സഹിച്ചൊപ്പം നിന്നതും ഈ ചുമരുകളായിരുന്നു. മക്കളോട്  നല്ല നടപ്പിന് ഉപദേശിയ്ക്കുന്ന കൂട്ടത്തില്‍ ട്രാഫിക് സിഗ്നല്‍ ഇല്ലാത്തിടത്ത് വണ്ടി കേറ്റി കേറ്റി മുന്നോട്ടെടുക്കുന്ന പോലെ തന്‍റെ കഷ്ടപ്പാടിന്‍റെ മുന്ജീവിതങ്ങളും ഹൈലൈറ്റ് ചെയ്യാന്‍ തോമാച്ചന്‍ ശ്രദ്ധിച്ചിരുന്നു. അത്യാവശ്യങ്ങള്‍ മാത്രം പെറുക്കിയെടുത്തു ജീവിച്ചിട്ടും നാട്ടില്‍ സ്വന്തമായ ഒരു വീടോ ഫ്ലാറ്റോ എന്നും തോമ്മാച്ചന്‍റെ നടക്കാതെ പോയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. അതും പമ്പാ തീരത്തെവിടെയെങ്കിലും! കളിയോടങ്ങളില്‍ പമ്പയുടെ മാറിലൂടെ തുഴയാഞ്ഞെറിഞ്ഞു ചെങ്ങാതിമാര്‍ക്കൊപ്പം നേടിയ വിജയ ലഹരി ഇന്നും മനസ്സിന്‍റെ  ഒരു കോണില്‍ എടുത്താല്‍ പൊങ്ങാത്ത ഒരു നിധിയായി സൂക്ഷിച്ചിട്ടുണ്ട്.
  
'നീ അല്ലെങ്കിലും ഒരു സംശയരോഗിയാണല്ലോ? അവന് അമേരിക്കയില്‍ വീട് മേടിയ്ക്കാന്‍ വേണ്ടി മാത്രമാ ഇത് വില്‍ക്കാന്‍ തയ്യാറായത്. അതും എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരനായത്‌ കൊണ്ടാ അവന്‍ വിലയുടെ കാര്യത്തില്‍ ഒന്ന് കയ്യയച്ചത്. അല്ലാതെ കേസിൽ പെട്ടതുകൊണ്ടല്ല നമുക്കിത്തിരി വിലസഹായത്തിൽ കിട്ടിയത്.  ആളുകൾ താമസിക്കുന്ന കെട്ടിടം പൊളിക്കാൻ ആരെങ്കിലും  പറയുമോ? പെൺബുദ്ധി എപ്പോഴും പിൻബുദ്ധി! നീ നിന്‍റെ പണിനോക്ക് ലാലി.. '

അയാളുടെ സ്വരം മാറിയതിനനുസരിച്ച് അവൾ  അവളുടെ ലോകത്തേക്കും അയാൾ അയാളുടെ ലോകത്തേക്കും പിൻവാങ്ങി.

രാത്രി ഊണു കഴിഞ്ഞതും അയാൾ ടിവിയുടെ ചതുരകള്ളിയ്കുള്ളിലേക്കും  അവൾ എച്ചിൽ പാത്രങ്ങളുടെ ഇടയിലേക്കും നൂണ്ടിറങ്ങി.  ഇടയില്‍ എന്തോ കനപ്പെട്ട ശബ്ദം  അവളെ സ്വീകരണമുറിയിലെത്തിച്ചു. തോമാച്ചൻ അനക്കമില്ലാതെ നിലത്ത്! ടിവി യിൽ അപ്പോഴും  അവർ വാങ്ങിയ  ഫ്ളാറ്റുള്ള ബിൽഡിംഗ് പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി എഴുതിക്കാണിയ്ക്കുന്നുണ്ടായിരുന്നു....
--------------------------
രാജേശ്വരി.ജി  നായര്‍ 

മുപ്പത്താറു വര്‍ഷമായി ഗോവയുടെ ഇഷ്ടാനിഷ്ടങ്ങളില്‍ ചേര്‍ന്നു ജീവിക്കുന്നു. ഗോവയിലെ വിവിധ സംഘടനകളില്‍ സജീവം.  കഥാസമാഹാരമടക്കം ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാഡമിക്ക് വേണ്ടി  കൊങ്കണിയില്‍  നിന്നും  മലയാളത്തിലേക്ക്  മൊഴിമാറ്റം നടത്തിയ നോവല്‍ അച്ചടിയില്‍.  
പ്രവാസി ആനുകാലികങ്ങളില്‍ സജീവം.  ദേശീയ തലത്തില്‍ വിവിധ വേദികളില്‍ കവിത അവതരിപ്പിച്ചിട്ടുണ്ട്.

 

Facebook Comments

Comments

  1. girish nair

    2021-06-14 14:40:01

    കഥയിൽ ഒരു യാഥാസ്ഥിതികമായാ ചുറ്റുപാട് മനോഹമാക്കിയിരിക്കുന്നു. അഭിനന്ദനം.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജീവിതമേ...! ( കവിത : ശിവദാസ് . സി.കെ)

മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)

സാല്മൻ ജന്മം (ജെയ്സൺ  ജോസഫ്, കഥാമത്സരം -178)

ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

സാന്താക്ലോസ് അപ്പാപ്പൻ (പീറ്റര്‍ ചക്കാലയ്ക്കല്‍, കഥാമത്സരം -176)

ശീലാബതി (ബഹിയ, കഥാമത്സരം -175)

സയനേഡ് (മുഹമ്മദ് അഫ്സൽ വി.എം, കഥാമത്സരം -174)

ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)

തരിശ് (കവിത: സന്ധ്യ എം)

കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)

കണ്ടറിയാം കൊണ്ടറിയാം (കവിത: ഉമര്‍ ഫറോഖ്)

വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)

ശിലപോലൊരു പെൺമ (വത്സല നിലമ്പൂർ, കഥാമത്സരം -173)

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

View More