Image

വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)

Published on 15 June, 2021
വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)
ചോബെ ജല സവാരിക്കു ശേഷം  മൊവാന ക്രെസ്റ്റയിൽ  തിരിച്ചെത്തിയ  ഞങ്ങൾ ഓരോ   കോഫിയുമായി റൂമിനോട്  ചേർന്ന ബാൽക്കണിയിൽ   താഴെ തടാകത്തിലേക്ക്  നോക്കിയിരിക്കുകയായിരുന്നു.
ആൺ കുട്ടികൾ  താഴെ  തടാകത്തിനു  ചേർന്ന  പുൽത്തകിടിയിൽ  പോയി കളിക്കുകയും .
പെൺമക്കൾ ഞങ്ങളോടൊപ്പവുമായിരുന്നു

പെട്ടെന്ന്   ചെറിയ അനിയത്തിയുടെ മകൾ ഒരു ബോർഡ് ചൂണ്ടിക്കൊണ്ട് പറഞ്ഞു

Animal crossing
Danger  zone
Keep  silence

ഞങ്ങളും അപ്പോഴാണ് അത് ശ്രദ്ധിച്ചത് .പെട്ടെന്ന് വയറൊന്നു   കാളി  കാപ്പി ക്കപ്പുമായി താഴേക്ക് ഓടി .
അയ്യോ .. അവരെ കാണുന്നില്ല  ഒന്ന് മനസ്സു പതറി .മൂന്നു ഭാഗത്തും  കൊടുംകാട്   ഒരു ഭാഗം ഹിപ്പൊകളും   മുതലകളും യഥേഷ്ടം വിഹരിക്കുന്ന തടാകം .

സമനില വീണ്ടെടുത്ത് ഞങ്ങൾ മൂന്നു പേരും മക്കളെ പേരെടുത്തു വിളിച്ചു .പക്ഷേ ശബ്ദം പുറത്തു വരുന്നില്ല. ഓടി റൂമിനപ്പുറം  വന സൗന്ദര്യം ദൂരദർശിനിയിലൂടെ നുകരുന്ന ഞങ്ങളുടെ ആണുങ്ങളെ  വിളിച്ചു .
മറുപടി  ഒരുതരം കളിയാക്കിച്ചിരി  .
എന്നിട്ട് കണ്ണുകൊണ്ട്  താഴെയുള്ള കൃത്രിമ വെള്ളച്ചാട്ടത്തിലേക്ക് ശ്രദ്ധ തിരിച്ചു

അവിടെ   അതാ
ഈ വേവലാതി  ഒന്നും  അറിയാതെ  മക്കൾ .
ഹൊ .. ആശ്വാസം വാക്കുകളിലൊതുക്കാവുന്നതല്ല .
ആ സായാഹ്നം പിന്നിട്ട് മൊവാന ക്രെസ്റ്റ വീണ്ടും ഇരുൾ പുതപ്പിൽ ചുരുണ്ടു തണുത്ത കാറ്റ് ചൂളം കുത്തിയെത്തി .
ചെറിയ തുള്ളിയായി മഴയെത്തി ...
ഒന്നു വന്ന് അന്വേഷിച്ചു മടങ്ങും പോലെ
പെട്ടെന്ന്  മഴ   മാറുകയും ചെയ്തു

കിളികളുടെ സുപ്രഭാതം കേട്ട് പിറ്റേന്ന് ഞങ്ങൾ ഉണന്നെണീറ്റു
 ഇന്ന് ..
വരും  വഴി  തന്നെ ഏറെ മോഹിപ്പിച്ച 'ഇടിനാദങ്ങളുടെ പുക '
'വെള്ളച്ചാട്ടത്തിൻ്റെ ഇടിമുഴക്കം'   കേൾക്കാൻ കാണാൻ   ഒരുങ്ങി.
 നിങ്ങൾ ഒന്ന് അമ്പരന്നില്ലേ ?
 ഇടിനാദങ്ങളുടെ പുക ??
അതെ ... The smoke that thunders..എന്നറിയപ്പെടുന്നവിക്ടോറിയ വെള്ളച്ചാട്ടം കാണാനായി  ഞങ്ങൾ തയ്യാറായി .
സംബസി നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് .രണ്ടു രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ഈ നദി ,സിംബാബ്വെ ,സാംബിയ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നും കാണാം .ഞങ്ങൾ സിംബാബ്വെ വഴിയാണ് തിരഞ്ഞെടുത്തിരുന്നത് .
ഇ വിസ ബുക്കിംഗിലൂടെ സിംബാബ് വെയിലേക്ക് പ്രവേശിക്കാം

പാസ് അടിച്ചു കിട്ടിയാൽ ആദ്യത്തെപ്പണിഎന്താണെന്നോ ?
ഗെയറ്റിനിപ്പുറത്തെ ബോട്സ്വാന രാജ്യത്തു നിന്നും  നടന്ന് ഒരു ചെറിയ ടാങ്കിൽ നഗ്നപാദരായി ഇറങ്ങി കാൽ നനച്ച് താഴെ വിരിച്ച ചാക്കിലൂടെ നടന്ന് ഒന്ന് പ്രദക്ഷിണം വച്ച് അടുത്ത  രാജ്യമായ സിംബാബ്വെയിലേക്ക് കടക്കാം

ഈ  വെള്ളത്തിൽച്ചവുട്ടൽ വെറും  രസമൊന്നുമല്ല .
അതിലൊഴിച്ചിരിക്കുന്നത് ഔഷധ ഗുണമുള്ള, അണുനാശിനി  വെള്ളമാണത്രെ  
foot and mouth രോഗത്തിനുള്ള മുൻകരുതൽ .ഈകാലത്ത്സാനിറ്റൈസറിൽ കൈകാലുകൾ അണുവിമുക്തമാക്കും പോലെ.

പുതിയ രാജ്യത്തും വെരിഫിക്കേഷൻ  കഴിഞ്ഞ് നേരെ വിക്ടോറിയാ  ദർശനം

കസാന യാത്രയിൽ കൂടെക്കൂട്ടിയ ഞങ്ങളുടെ ഡ്രൈവർ Mr. സ്റ്റീവ്  പാവം ഒരു ചതിയിൽപ്പെട്ടു. സിംബാബ്വെക്ക് വണ്ടി കടക്കാൻ പാസ് ശരിയാക്കിത്തരാമെന്ന വ്യാജേന ഏജൻറ് ചമഞ്ഞ ഒരാൾ സ്റ്റീവിൻ്റെ കയ്യിൽ നിന്ന് പണം വാങ്ങി .എന്നാൽ ശരിക്കുള്ള പാസ്ക്ലിയറൻസിൽ  ആ ഏജൻറിൻ്റെ  തരികിട വെളിച്ചത്തു വന്നു .പാവം സ്റ്റീവ് അദ്ദേഹത്തിൻ്റെ ഒരു വലിയ തുക പോയിക്കിട്ടി .വീണ്ടും വേണമെങ്കിൽ ഞങ്ങൾ തരാമെന്നു  പറഞ്ഞെങ്കിലും  കൂട്ടാക്കിയതുമില്ല.

ഇത്തരം ചില തിരകിട പരിപാടികൾ ഇനിയും കണ്ടേക്കാം  എന്ന് അദ്ദേഹം  ഞങ്ങളെ ഓർമ്മിപ്പിച്ചു  കൊണ്ടിരുന്നു

ഏതാനും  നിമിഷങ്ങളിൽ ഈ ലോകത്തിൽത്തന്നെയാണോ  ഞാൻ  എന്ന് സംശയം   എന്നെ പിടികൂടി .ചെവിയിൽ അലയടിക്കുന്ന വിക്ടോറിയായുടെ  ശബ്ദം, നേർത്ത തണുത്ത സ്പശം പോലെ ചെറുകാറ്റ് വീശി  . ഒരു സ്വപ്നസഞ്ചാരപാതയിലൂടെയാണോ  ഞാൻ എന്ന് വീണ്ടും  സംശയിപ്പിച്ചു

അല്ല ,യാഥാർത്ഥ്യം  തന്നെ
വാക്കുകൾക്കതീതമായ ,കണ്ണുകൾ വിസ്മയിച്ച , കാതുകൾ പുളകംകൊണ്ട  ,എന്തിനേറെ മനസ്സു മുഴുവൻ കോൾമയിർ  കൊണ്ട നിമിഷം ..

ആകാശ ചുംബിയായ വാഹിനിയായി,വെൺമേഘക്കൂട്ടങ്ങൾ വകഞ്ഞു മാറ്റി അവൾ ഒഴുകി ഇറങ്ങി വരുന്നു .. വെൺമേഘക്കൂട്ടങ്ങൾ അവളിലഞ്ഞുവോ ?അതോ   അവൾക്കൊപ്പം ഒഴുകിയിറങ്ങിയോ ?
സംശയം  തോന്നും വിധം വെൺനുര വിതറി അവൾ ..
അതെ ഇടിനാദത്തിൻ്റെ പുകയായവൾ ...

ഇനിയും  വർണിച്ചു മതിവരാതെ വീണ്ടും
അതാ...
അകലെ  ...ഒഴുകിയിറങ്ങിയ വെൺനീർച്ചേലാഞ്ചല മൊതുക്കാൻ  പണിപ്പെട്ട് കുണുങ്ങി ചിരിച്ച് അവൾ...
മോഹിപ്പിക്കുന്ന സൗന്ദര്യ ധാമത്തെപ്പോലെ വീണ്ടും വീണ്ടും നോക്കി നിൽക്കാൻ പ്രേരിപ്പിച്ച് കണ്ണു പറിച്ചെടുക്കാനാവാതെ ഓരോ  നിമിഷവും  കടന്നു പോയി .

വിശ്വ സുന്ദരിയായ വിക്ടോറിയ വെള്ളച്ചാട്ടം.  
ഹൊ ... പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടാത്ത നിമിഷം ... അവൾ വിതറി തെറിപ്പിച്ച നീർമുത്തുകൾ കാഴ്ച മറക്കുമ്പോൾ, അവളെത്തന്നെ  നിർന്നിമേഷം  നോക്കി നിന്ന എനിക്ക് അവളോട് ഇത്തിരി പരിഭവം  തോന്നി.

"ഭവതീ...അവിടുത്തെസൗന്ദര്യം ഞാൻ ഒന്ന് മതിവരോളം കണ്ടോട്ടെ" ..
എന്ന് മനസ്സിൽ പറഞ്ഞു .
പിന്നെ  വീണ്ടും  ഞാൻ അവളെത്തന്നെ  നോക്കി നിന്നു

1855 ൽ ഈ  വെള്ളച്ചാട്ടം കണ്ടു  പിടിച്ചത് ബ്രിട്ടീഷ് മിഷിനറിയും യാത്രികനുമായ  ഡേവിഡ് ലിവിംങ്സ്റ്റൺ  ആണ് 1. 7 മീറ്റർ വീതിയും 100മീറ്ററിനടുത്ത് ആഴവുമുള്ള  ഈ വെള്ളച്ചാട്ടം പ്രകൃത്യാലുള്ള മഹാത്ഭുതങ്ങളിൽ ഒന്നത്രേ .

നമ്മുടെ പാഠപുസ്തകങ്ങളിൽ 'വെള്ളച്ചാട്ടത്തിൻ്റെ ഇടിമുഴക്കം'  എന്നും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്

 ബ്രിട്ടീഷ് രാഞ്ജിയോടുള്ള ബഹുമാനാർത്ഥം  ഈ വെള്ളച്ചാട്ടത്തിന് വിക്ടോറിയ എന്ന നാമം നൽകി .

ലോസി (Lozi) ഭാഷയിൽ Mosi  - oya  - Tunya  (The smoke that thunders)
ഇടിനാദങ്ങളുടെ പുക  എന്നാണ്  ഇത് അറിയപ്പെടുന്നത്.

(ലോസിഭാഷ ,ബോട്സ്വാന ,സിംബാബ്വെ,സാംബിയ,എന്നിവിടങ്ങളിൽഉപയോഗിക്കുന്ന ഒരു  ഭാഷയാണ്.)

ഞങ്ങൾ  പോയ  സമയം ഏപ്രിൽ  മാസം വെള്ളച്ചാട്ടം കാണാൻ ഏറ്റവും യോജിച്ചതായിരുന്നു  എന്ന് അന്ന്  ഞങ്ങളുടെ ഗൈഡ് പറഞ്ഞത്  ഓർക്കുന്നു .

അപ്പോൾ വിക്ടോറിയയിൽ വെള്ളം കുറവുള്ള. മാസമായിരുന്നു .

എന്നാൽ  ചില മാസങ്ങളിൽ  നവംബർ മുതൽ  ഏപ്രിൽ വരെ വെള്ളം  അടുത്തുള്ള വിക്ടോറിയ  ടൗണിനെ വരെ  മുക്കിക്കളയുമത്രേ
വെള്ളച്ചാട്ടത്തിനു  സമീപം സദാ നേരവും മഴയാകുമത്രേ. റെയിൽ കോട്ട്  വാടകക്കെടുത്തു വേണം അപ്പോൾ വിക്ടോറിയക്കടുത്തെത്താൻ.

മഴയിൽ  നനഞ്ഞ വിക്ടോറിയ അതു കാണാൻ മോഹം തോന്നിയില്ലേ?

  ഹെലിക്കോപ്ടർ  വഴിയും വിക്ടോറിയയെ കാണാം. ആകാശക്കാഴ്ചയിലെ സൗന്ദര്യം  നുകരാം

 സിംബാബ്വെ  സാംബിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വിക്ടോറിയ  ഫാൾസ് ബ്രിഡ്ജിനു  മുകളിൽ നിന്ന്  ലോക പ്രശസ്തമായ water bungee jumping  എന്ന  ചാട്ടം  ചാടാം

 ധൈര്യശാലികൾക്ക് പറഞ്ഞതാണ്  ഇത് . 198 മീറ്റർ വീതിയും 128 മീറ്റർ ആഴവും ഈ പാലത്തിനുണ്ട്

അത്ര വലിയ ധൈര്യക്കാരല്ലാത്തതിനാൽപ്പിന്നെ  ഞങ്ങൾ  അതിന് ഒരുങ്ങിയില്ല.

വെള്ളച്ചാട്ടത്തിനു  താഴെ നദിയിലൂടെ  ബോട്ടിംഗും കയാക്കിംഗും  നടത്താം ..


ബിഗ് ട്രീയാണ് പിന്നെ ഇവിടെയൊരു  വിസ്മയം.

 പേരുപോലെ തന്നെ ആയിരക്കണക്കിന്  വർഷം പഴക്കം  വരുന്ന ഒരു മരമുത്തശ്ശൻ
ബഒബാബ് (യമീയമയ) വൃക്ഷം

 22.40 മീറ്റർ വണ്ണവും24 മീറ്റർ  ഉയരമു ള്ള ഒറിജിനൽ ബിഗ് ട്രീ തന്നെ .

അങ്ങനെ  വീണ്ടും  വീണ്ടും മാടിവിളിക്കുന്ന  അപൂർവ കാഴ്ചകൾക്കൊടുവിൽ ക്ഷീണിതരായി -തിരിച്ച് മൊവാന ക്രെസ്റ്റയുടെ മടിത്തട്ടിലേക്ക് മടങ്ങിക്കൊണ്ട്  ഈ അധ്യായത്തിന് തിരശ്ശീലയിടുന്നു...


വെൺമേഘക്കീറുകൾ വകഞ്ഞു മാറ്റി അവൾ വരുന്നു (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് - 12: ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക