America

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

Published

on

കിടക്കാൻ നേരം ജനൽപടിയിൽ വച്ച മൊബൈലിന്റെ നിർത്താതെയുള്ള മണിനാദം പുലർച്ചെയുള്ള ഉറക്കത്തിന് ഭംഗം വരുത്തി..
 
ശനിയാഴ്ച്ചകളിൽ കിടക്കാൻ പോകുന്നതു തന്നെ പിറ്റേന്ന് ഓഫീസില്ലാത്തതിനാൽ രാവിലെ കുറച്ചു നേരം കൂടി ഉറങ്ങാമല്ലോ എന്ന ആശ്വാസത്തോടെയാണ്.. അതാണിന്ന് ഇല്ലാണ്ടായത്.
 
വിളിച്ചവനെ മനസ്സാ ശപിച്ചുകൊണ്ട് ഡിസ്പ്ലെയിലെ പേരു പോലും നോക്കാതെ പച്ച ബട്ടണിൽ വിരലമർത്തി സെറ്റ് കാതോടു ചേർത്തു..
 
"ഫൈസലാണടാ.... ഞാനിന്ന് ബര്ണ് ണ്ട് ..ഉച്ചയ്ക്ക്.. 12 മണിക്ക് ഫ്ലൈറ്റ് കരിപ്പൂരിലെത്തും.. അന്റെട്ത്ത് കാറില്ലേ? ജ്ജ് ന്നെ കൊണ്ടരാൻ വരണം.. ന്റെ പെരേല് പറേണ്ട.. ഓൽക്കൊര് സർപ്രൈസ്സായ്ക്കോട്ടെ"..
 
"ഇതെന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ? പെട്ടന്നെങ്ങനെ ലീവ് തരായി"? ഞാൻ ചോദിച്ചു..
 
"അതൊക്കെ കിട്ടി.. നീ എയർപോർട്ടിൽ വാ.. ബാക്കിയൊക്കെ ഞമ്മക്ക് നേരിട്ട് പറയാം... വെച്ചാളാ"
 
അവൻ സംഭാഷണം കൂടുതൽ നീട്ടാതെ ഫോൺ വച്ചു..
 
മണി ആറായിട്ടേയുള്ളൂ.. താര എഴുന്നേറ്റ് അടുക്കളയിൽ കയറിയിരിക്കുന്നു.. അമ്മുക്കുട്ടി ചുമരോരം ചേർന്ന് ശാന്തമായി ഉറങ്ങുന്നു.. ഇന്നിനി ഉറക്കം സാധ്യമാകുമെന്ന് തോന്നുന്നില്ല. മടി കാരണം കട്ടിലിൽ നിന്നും എണീക്കാൻ തോന്നിയില്ല..
 
പുതപ്പ് തോൾ വരെ മൂടി കിടക്കയിൽ മലർന്ന് കിടന്ന് കണ്ണടയ്ക്കവേ മനസ്സിൽ ഫൈസൽ വീണ്ടുമെത്തി..
 
സുഹൃത്താണ്..  സുഹൃത്തെന്ന് പറഞ്ഞാൽ പൂർണ്ണമാവില്ല. ശരീരത്തിന്റെ ഒരു ഭാഗമെന്ന് തന്നെ പറയണം.. അത്രയ്ക്കാണ് ആത്മബന്ധം. ഓർമ്മ വച്ച നാൾ മുതൽ അവൻ കൂടെയുണ്ട്.. ഒന്ന് മുതൽ പത്ത് വരെ പഠിച്ചത് ഒരേ ക്ലാസിൽ.. സകല കുരുത്തകേടിലും കൂട്ടുപ്രതി... കളിയാട്ടകാവിലെ ഉത്സവത്തിനാണെങ്കിലും, മമ്പുറം നേർച്ചക്കാണെങ്കിലും ഒന്നിച്ചാണ് സർക്കീട്ട്...കൗമാര കാലത്ത്  'ദർശന'യിലെ ഉച്ചപടങ്ങളും , പി.എസ്.എം.ഒ.ഗ്രൗണ്ടിൽ നടന്നിരുന്ന സെവൻസ് മത്സരങ്ങളും കണ്ടതിന് കണക്കില്ല. 
 
ഇരുപത് വർഷമായി ചങ്ങാതി റിയാദിലാണ് ... ഇപ്പോ അവസാനമായി നാട്ടിൽ വന്നിട്ട് നാല് വർഷം കഴിഞ്ഞിരിക്കുന്നു.. മാസത്തിൽ രണ്ട് തവണയെങ്കിലും വിളിക്കും..പത്ത് ദിവസം മുൻപ് വിളിച്ചപ്പോളും നാട്ടിൽ വരുന്നതിന്റെ സൂചന പോലും പഹയൻ തന്നില്ല..
 
മാഞ്ചേരി അയ്മുട്ട്യാക്കാക്ക് മക്കൾ നാലാണ്.. ഫൈസലിന് താഴെ മൂന്ന് പെണ്ണ്. ഭാര്യ നബീസാത്ത .. നാല് വർഷം മുൻപ് മരണപ്പെട്ടു. ഉമ്മയുടെ മരണത്തിനാണ് ഫൈസൽ അവസാനമായി നാട്ടിൽ വന്നത്  ..
 
വയസ്സ് എഴുപത് കഴിഞ്ഞെങ്കിലും അയ്മുട്ട്യാക്കാന്റെ ശരീരത്തെ വാർദ്ധക്യം പൂർണ്ണമായും കീഴടക്കിയിട്ടില്ല. ഇരുണ്ട നിറവും, ഉറച്ച ശരീരവും. ചെറുപ്പത്തിലെ അധ്വാനിയാണ്.. ഏത് പണിയും ചെയ്യും. കുറെ വർഷം പല സ്ഥലങ്ങളിലായി ഹോട്ടൽ പണിയെടുത്തു. പിന്നീട് 'മാതാപ്പുഴ' കടവിൽ മണൽ തൊഴിലാളിയായി.. അസ്സലായി ചൂണ്ടയിട്ട് മീൻ പിടിക്കും.. നാലഞ്ചു വർഷം മുൻപ് വള്ളത്തിൽ നിന്നും നിറച്ച മണൽകൊട്ട തലയിലേറ്റി പുഴയിൽ നിന്നും കയറുന്ന വഴി കാൽ തെറ്റി ഒന്നുവീണു.. അതിൽ പിന്നെ പണിക്കിറങ്ങിയില്ല.. ധാരാളിത്തത്തിനില്ലെങ്കിലും ഫൈസലിന് കിട്ടുന്ന റിയാലിന്റെ പച്ചപ്പിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
 
 
രണ്ടു കൂട്ടരുടെയും വീടുകൾ തമ്മിൽ അധികം ദൂരമില്ല. ബസ്റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പുഴയിലേക്കുള്ള പഞ്ചായത്ത് റോഡിലൂടെ നൂറ് മീറ്റർ നടന്നാൽ അവന്റെ വീടായി.. ഒരമ്പത് മീറ്ററപ്പുറം എന്റേതും.
 
രണ്ടു കുടുംബങ്ങളും തമ്മിലുള്ള ആത്മബന്ധം എത്രയെന്ന് പറയുക വയ്യ. ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട എനിക്കും അമ്മയ്ക്കും അവർ നൽകിയ സ്നേഹവും, കരുതലും ഏറെ വലുതായിരുന്നു.
 
വറുതികളുടെ തീച്ചൂളയിൽ ഉരുകിയ കുട്ടിക്കാലം.. ഇല്ലായ്മകൾ വേണ്ടത്രയുണ്ട് ഇരു കുടുംബങ്ങളിലും. എങ്കിലും ഏതെങ്കിലും ഒരു വീട്ടിൽ നേരാംവണ്ണം  എരിവും പുളിയും ചേർത്തൊരു കൂട്ടാൻ വച്ചാൽ പോലും രണ്ടു കുടുംബങ്ങളിലും അതിന്റെ രുചി പകരുകയായി..
 
"ആരേര്ന്നു വെള്ച്ചാമ്പോ തന്നെ ഫോണില് "?? താരയുടെ ചോദ്യം എന്നെ ഓർമ്മകളിൽ നിന്നും തിരികെ വിളിച്ചു.
 
"ഫൈസലാണ്.. ഓനിന്ന് വരുന്ന്ണ്ട്.. കൊണ്ടരാൻ എയർപോർട്ടില് പോണം"
 
"ഓ ചങ്ക് എത്തിയോ ??.ഞിപ്പോ മൂപ്പര് പോണവരെ ങ്ങക്ക് ആപ്പീസും വീട്വന്നും വേണ്ടി വരില്ലല്ലോ?? ഊം.. എപ്പളാ പോണത്"??
 
മറുപടിക്ക് കാക്കാതെ അവൾ അടുക്കള തിരക്കിലേക്ക് മടങ്ങി.
 
മണി എട്ടായി..ഇനി കിടന്നാൽ ശരിയാവില്ല. കിടക്കവിട്ടെഴുന്നേറ്റ് പ്രഭാത കൃത്യങ്ങളിലേക്ക് കടന്നു... ഞായറാഴ്ച്ച അവധികളിലെ നീക്കിയിരിപ്പ് ജോലികളായ  കാറും ബൈക്കും കഴുകിയിട്ടു. ഷേവിങ്ങും കുളിയും നടത്തി.
 
പ്രഭാത ഭക്ഷണത്തിനിരിക്കെ ആവലാതിയുമായി അമ്മുകുട്ടി അടുത്തെത്തി.. 
 
"അച്ഛാ,അച്ഛൻ ഫൈസല് മാമനെ കൊണ്ടരാൻ  എയർപോർട്ടീല് പോണുണ്ടോ??.. അമ്മ പറഞ്ഞല്ലോ.. ഞാനും വരും ട്ടോ".. അവൾക്ക് വയസ്സ് മൂന്നരയായി.. വൈകിയുണ്ടായ ഏക സന്താനം..ഫൈസലിന്റെ ചെറിയ മോനും ഇവൾക്കും ഒരേ പ്രായമാണ്...
 
"ഇന്ന് വേണ്ട മോളൂ.. അച്ഛൻ പോയി വന്ന്ട്ട് നമുക്ക് രണ്ടാക്കും കൂടെ പൊഴേല് കുളിക്കാൻ പൂവാം.. മോള് പോയി പല്ല് തേച്ച്  ചായ കുടിക്കൂ"..
 
ഫ്ലൈറ്റ് പതിനൊന്ന് മണിയ്ക്കേ എത്തൂ എന്നാണല്ലോ അവൻ വിളിച്ചപ്പോൾ പറഞ്ഞത്.. നൂലാമാലകളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പതിനൊന്നര കഴിയും.. പത്ത് മണിക്ക് ഇവിടെ നിന്നും പുറപ്പെട്ടാലും സമയത്തിനങ്ങെത്താം..
 
എയർപോർട്ടിൽ പോകുന്നത് ആദ്യമായിട്ടല്ല .. അവനെ കൊണ്ടുവിടാനും കൊണ്ടുവരാനുമായി പലതവണ പോകേണ്ടി വന്നിട്ടുണ്ട്. പതിവിന് വിപരീതമായി കാരണമേതുമില്ലാത്ത ഒരു മ്ലാനത മനസ്സിനെ അലട്ടുന്നു..?? എന്താണെന്നറിയല്ല, ഇന്നത്തെ ചിന്തകൾ എല്ലാം അവനെ ചുറ്റിപറ്റി മാത്രമാകുന്നു!!
 
പത്താം ക്ലാസിലെ കൊല്ലപരീക്ഷ കഴിഞ്ഞ് തേരാപാരാ നടക്കുന്ന സമയം. രണ്ടാളും കൂടി ഒരു സാഹസമൊപ്പിച്ചു. 
 
"ഞമ്മക്ക് കോയിക്കോട്ട്ക്ക് ഒര് സിൽമക്ക് പോയാലോ? അമ്മോമ്മാര് പെരുനാക്ക് തന്ന അയിമ്പത് ഉറുപ്യാ ഇന്റേക്കണ്ട്"..
ആശയം അവന്റെ വകയായിരുന്നു. 'മണിച്ചിത്രതാഴ്' സിനിമ പുറത്തിറങ്ങിയ കാലം
 
"വേണോ"?? 
ഞാൻ മടിച്ചു.. എന്റെ കയ്യിൽ പൈസയില്ല.. പോരാത്തതിന് ധൈര്യ കുറവും .ആദ്യമായിട്ടാണ് അത്ര ദൂരം പോകുന്നത്. അതും  വീട്ടുകാരറിയാതെ..
 
"മോണിങ്ങ്ഷോയ്ക്ക് പോവാ.. അങ്ങനാവുമ്പോ നാല് മണിക്ക് മുന്നേ ഇബടെ തിരിച്ചെത്താ.. പെരേല് അറിയൂംലാ".. അവൻ പോംവഴി നിർദ്ദേശിച്ചു..
 
പിന്നെ മടിച്ചില്ല.. പിറ്റേന്ന് 9 മണിയുടെ 'മദാരി'ക്ക് തന്നെ പുറപ്പെട്ടു.. പരിചയക്കാരുടെ കണ്ണിൽ പെടാതിരിക്കാനായി ഒരു കിലോമീറ്റർ നടന്ന് പളളിപടി സ്റ്റോപ്പിൽ നിന്നാണ് ബസ് കയറിയത്.
 
തിയേറ്ററിൽ ചെന്നപ്പോളാണ് പുകില്. ടിക്കറ്റില്ല ഹൗസ്ഫുള്ളാണ്. ടാക്കീസിന് പുറത്ത് ഒരു ഉത്സവത്തിനുള്ള ആൾക്കൂട്ടം.. പടം കാണാതെ തിരിച്ച് പോരുക എന്നത് രണ്ടു പേർക്കും ചിന്തിക്കുക കൂടിവയ്യ..
 
പ്രശ്ന പരിഹാരം പെട്ടന്നുണ്ടായി.. "നമുക്ക് മാറ്റിനിക്ക് കേറാം"..
 
മാറ്റിനി ഷോ കഴിഞ്ഞ് സ്റ്റാന്റിൽ നിന്നും ബസ് കയറുമ്പോ 6 മണി.. വീടെത്തുമ്പോ ഇരുട്ടാകും ഉറപ്പ്.. രണ്ടു പേരുടെയും ആവേശമെല്ലാം കെട്ടടങ്ങിയിരിക്കുന്നു... വീട്ടിൽ എന്തു പറയും എന്നതാണ് പ്രശ്നം.. ഒറ്റ മകനേ ഉള്ളൂ എന്നതുകൊണ്ടാവാം. അമ്മ ഇന്നേവരെ തല്ലിയതായി ഓർമ്മയില്ല.. എന്തു കുരുത്തക്കേടു കാണിച്ചാലും കണ്ണീരാണ് മറുപടി. തീരെ കുട്ടിയായിരിക്കുമ്പോ രാത്രി കിടക്കുമ്പോൾ കെട്ടിപിടിച്ചാണ് കരച്ചില്. എന്നാൽ ഫൈസലിന്റെ സ്ഥിതി അതല്ല.. വാപ്പാന്റെ വക 'പുട്ടില് തേങ്ങ പോലെ' ഇടയ്ക്കിടയ്ക്ക് കിട്ടും. കയ്യില് എന്താണോ കിട്ടിയത് അത് വച്ചാണ് പ്രയോഗം.. ഇന്നെന്തായാലും അവന്റെ പൊറം പൊളിയും ..ഉറപ്പ്..
 
രണ്ടു പേരും ഉച്ച പട്ടിണിയാണ്. കുടലെരിയുന്നുണ്ട്.. എന്നാൽ വീട്ടിൽ ചെന്ന് കയറുമ്പോളുള്ള കാര്യമോർത്ത് വിശപ്പും ദാഹവുമെല്ലാം പമ്പ കടന്നിരിക്കുന്നു..
 
പേടിച്ചതു പോലെതന്നെ സംഭവിച്ചു.
ബസ്സിറങ്ങിയതു തന്നെ ഇരുട്ടിലേയ്ക്കാണ്.. വീട്ടിലേയ്ക്കുള്ള ഇടവഴി തിരിഞ്ഞതും അയ്മുട്ട്യാക്കാന്റെ ആറുകട്ട ടോർച്ചിന്റെ വെളിച്ചം മുഖത്തടിച്ചു. കാണാത്തതു കൊണ്ട് തിരഞ്ഞിറങ്ങിയതാണ്.. അമ്മയുടെ ആധി പിടിച്ച മുഖം മൂപ്പരെ വീട്ടിലിരുത്തി കാണില്ല.
 
"കള്ള ഹമ്ക്കാളേ....എബടെ തെണ്ടേയ്ന്നു രണ്ടാളും".?? ആളെ തിരിച്ചറിഞ്ഞതും ആക്രോശത്തോടെയുള്ള ചോദ്യമെത്തി..
 
"ഞങ്ങള്".. ഫൈസല് ഉത്തരത്തിനായി തപ്പി തടഞ്ഞു.
ടപ്പേ.. ചെകിട്ടത്താണ് പൊട്ടിയത്.. 
"ഓടട ബലാലേ...ബാക്കിള്ളത് അണക്ക് പെരേല് ചെന്ന്ട്ട്"
 
ബാക്കി ദൂരം വീട്ടിലേക്കെത്താൻ വെളിച്ചമൊന്നും വേണ്ടി വന്നില്ല.. 'ന്റെമ്മാ'ന്നും പറഞ്ഞ് ഒരു ഓട്ടമായിരുന്നു... പുറകെ ഞാനും..
 
പിറ്റേന്ന് കാലത്ത് കുളി കഴിഞ്ഞ് പുഴയിൽ നിന്ന് കയറുമ്പോൾ ഓർക്കാപ്പുറത്താണ് മൂപ്പര് വന്ന് മുന്നിൽ പെട്ടത്.. ഒഴിഞ്ഞു മാറാനുള്ള ഇട കിട്ടിയില്ല.
 
കയ്യിൽ പച്ച ഈർക്കിലിൽ കോർത്ത നാലഞ്ച് 'മനിഞ്ഞിലും', ചൂണ്ടയും..
 
രണ്ടുപേരും ഒന്നിച്ചാണ് വീട്ടിലേക്കുള്ള ഇടവഴി കയറിയത്... ഉപദേശങ്ങളും, ചില്ലറ ശകാരവും ഉറപ്പിച്ചതാണ്.. ഒന്നുമുണ്ടായില്ല.. പകരം ഒരു സ്നേഹിതനെന്ന പോലെ തോളിൽ കയ്യിട്ട് ചേർന്ന്  പിടിച്ചാണ് നടത്തം.. ഒന്നും സംസാരിക്കുന്നുമില്ല.. മനസ്സ് പ്രക്ഷുബ്ധമാണെന്ന് ബോധ്യമായി..
 
വീട്ടിലേക്ക് കയറും മുൻപ് അൽപനേരം നിന്നു... മുഖത്തേക്ക് നോക്കി ഗൗരവം ഒട്ടും വിടാതെ, എന്നാൽ കണ്ണിൽ നിറച്ചുവച്ച വാൽസല്യത്തോടെ ഇത്രമാത്രം പറഞ്ഞു. 
"ആ അമ്മ കുട്ടീനെ അധികം കരേയ്ക്കരുത്.. വയസ്സാംകാലത്ത് അതിന് തണലിന് വേറൊന്നില്ല.".
 
എന്തിനെന്നറിഞ്ഞില്ല.. അച്ഛന്റെ മരണശേഷം എന്റെ കണ്ണുകളിൽ വീണ്ടുമൊരിക്കൽ കൂടി വെള്ളം നിറഞ്ഞു.
 
സമയത്തിനു തന്നെ എയർപോർട്ടിലേക്ക് തിരിച്ചു. കാർ ചേളാരിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ദേശീയ പാതയിലേക്ക് കയറി.. പാത അവധി ദിവസത്തിന്റെ ആലസ്യത്തിൽ നീണ്ടു കിടന്നു..
 
ഫൈസലിന് കുട്ടികൾ മൂന്ന് പേരാണ്. വലുത് രണ്ടും പെണ്ണാണ്.. പത്തും പതിമൂന്നും വയസ്സ് പ്രായം..
 
വർഷങ്ങൾക്ക് മുൻപ് അവന് ആദ്യമായി പെണ്ണുകാണാൻ പോയ ദിവസം ഓർമ്മയിലെത്തി.
 
ഗൾഫിൽ പോയതിനു ശേഷമുള്ള ആദ്യത്തെ മടങ്ങി വരവിനാണ് സംഭവം.
 
സന്ധ്യയ്ക്ക് അങ്ങാടിയിൽ വച്ച കണ്ടപ്പോൾ വാപ്പയാണ് സൂചിപ്പിച്ചത്.
 
"ആ ബ്രോക്കറ് ഇബ്രായി ഒരു കുട്ടീന്റെ കാര്യം പറഞ്ഞീന്... ഇങ്ങള് രണ്ടാളും കൂടി നാളെന്ന് പോയി കാണീം"
 
കണ്ടു.. സാമ്പത്തികമായി ഏറെയൊന്നും നീക്കിയിരിപ്പില്ലാത്ത കുടുംബം. പെണ്ണാണെങ്കിൽ വെളുത്ത് മെല്ലിച്ച ഒരു ഇല്ലികമ്പ്.. അവനാണെങ്കിൽ കറുത്ത് തടിച്ച കുള്ളനും. ഇതെങ്ങനെ ചേരാൻ?
 
"എന്താണഭിപ്രായം "?? മടങ്ങും വഴി അവൻ ചോദ്യമെറിഞ്ഞു ??
 
"ചായകുടി അവസാനിക്കണ മട്ടില്ല.. ലീവുണ്ടല്ലോ.... നിന്റെ ഉക്രാണം താങ്ങാൻ കെൽപ്പുള്ള ഒന്നിനെ കിട്ടുമോന്ന് നോക്കാം." ഞാൻ ചിരിച്ചു അഭിപ്രായം രേഖപ്പെടുത്തി
 
"ഓൾക്കിന്നെ പറ്റീച്ച ഇഞ്ഞി വേറൊര് പെണ്ണ് കാങ്ങലില്ല... ഇച്ച് ഓളത്തന്നെ മതി" അവന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി..
 
"വേണോ?? ഒന്നുകൂടി ആലോചിച്ചിട്ട്."?? ഇരുവരുടെയും ശാരീരികമായ പൊരുത്തമില്ലായ്മയാണ് എന്നെ പിൻതിരിപ്പിച്ചത്.
 
പക്ഷെ അവന്റെ തീരുമാനം ഉറച്ചതായിരുന്നു.. അങ്ങനെ കുന്നുംപുറംകാരി റസീന അവന്റെ ബീവിയായി..
 
അവനെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു... തമ്മിൽ അത്രയ്ക്കായിരുന്നു അവർ തമ്മിലുള്ള ഇഴയടുപ്പം..കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയ്ക്ക് ചെറിയ പിണക്കങ്ങൾ പോലും അവർക്കിടയിൽ ഉണ്ടായതായി ഓർക്കുന്നില്ല.. ശാരീരികമായ പൊരുത്തമില്ലായ്മകളെ മനപ്പെരുത്തം കൊണ്ട് എങ്ങനെ മറികടക്കാം എന്ന് ദാമ്പത്യം എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു.
 
പത്താം ക്ലാസ് കടമ്പ ചാടി കടക്കാൻ അവന് പറ്റിയില്ല.. പിന്നീട് പല പണികളും ചെയ്തു നോക്കി..കുറെ കാലം ഓട്ടോ ഓടിച്ചു. പിന്നെ കുറച്ചു കാലം മണൽ തൊഴിലാളിയായി... അങ്ങനെയിരിക്കെയാണ് ഗൾഫിലേക്ക് വിസ തരപ്പെടുന്നത്.. ചെന്ന ആദ്യ വർഷങ്ങൾ വലിയ കഷ്ടപ്പാടു തന്നെയായിരുന്നു. ജോലിഭാരവും ശമ്പള കുറവും.. എങ്കിലും പിടിച്ചു നിന്നു. കാലം പോകവെ ക്രമേണ ജീവിതം മെച്ചപ്പെട്ടു വന്നു. പോയ ഇരുപതു വർഷത്തിനിടയ്ക്ക് ജോലി ചെയ്യുന്ന കമ്പനികൾ പലതു മാറി. പെങ്ങൻമാർ മൂന്ന് പേരെയും കെട്ടിച്ചു വിട്ടു.. വീട് പുതുക്കി പണിതു.
 
അമ്മയുടെ പ്രാർത്ഥനയുടെ ഫലമോ, അതോ ഗുരു കാരണവൻമാരുടെ അനുഗ്രഹമോ, നിശ്ചയം പോര..കോളേജ് പഠനാനന്തരം പെട്ടന്ന് തന്നെ എനിക്ക് റവന്യൂ വകുപ്പിൽ ജോലി ലഭിച്ചു. അമ്മയുടെ പശുവളർത്തലും, ഉറക്കമൊഴിച്ചിരുന്നുള്ള തയ്യൽ ചക്രം ചവിട്ടലും പാഴായില്ല..
 
പതിനൊന്നു മണിക്ക് തന്നെ എയർപോർട്ടിലെത്തി.. കാർ പാർക്ക് ചെയ്ത ശേഷം ഞാൻ അറൈവൽ ഏരിയയിലേക്ക് നടന്നു. ഫ്ലൈറ്റ് കൃത്യ സമയത്തു തന്നെയെന്ന്  തലയ്ക്കു മുകളിലെ ബോർഡ് സാക്ഷ്യം പറഞ്ഞു..
 
അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല. കക്ഷി ട്രോളിയുമുരുട്ടി വരുന്നത് അകലെ വച്ചുതന്നെ കണ്ടു.. കയ്യുയർത്തി  നിറഞ്ഞ ചിരിയോടെ ആൾ തൊട്ടടുത്തെത്തി.. നാല് വർഷം കൊണ്ട് ശരീരം ഒന്നുകൂടി ചീർത്തിരിക്കുന്നു. കുറച്ച് കഷണ്ടി കയറി.. മുഖത്ത് ലേശം ക്ഷീണം ഉള്ളതുപോലെ..
 
"നീ പിന്നേം ഉരുണ്ടല്ലോടാ ബലാലെ.. എന്റെ കാറില് നിന്നെ എങ്ങനെയാ കൊള്ളിക്കുന്നത്?? അവനെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ കളിയാക്കി ചോദിച്ചു.
 
"ഞാൻ ബരണ കാര്യം ജ് പൊരേല് പറഞ്ഞോ"?? ലഗേജ് കാറിൽ കയറ്റുന്നതിനിടയിൽ അവൻ ചോദിച്ചു.??
 
"ഇല്ല.. ഇനി അതിന് വാപ്പാന്റെ വായിൽ ഇരിക്കണത് ഞാൻ കേൾക്കണം"
 
"നീ ഭക്ഷണം കഴിച്ചതാണോ? ഇല്ലെങ്കിൽ നമുക്കേതെങ്കില്ലും ഹോട്ടലിൽ കയറാം" 
 
"വേണ്ട ഇഞ്ഞി പെരേല് എത്തട്ടെ. ന്ന്ട്ടാവാം"
 
തിരിച്ചുള്ള യാത്രയിൽ ഞാനാണ് കൂടുതലും സംസാരിച്ചത്. അവൻ കേൾവിക്കാരനും. നാമമാത്രമായ ചോദ്യങ്ങളും കുശലാന്വേഷണവും..'വാ തോരാതെ കലപില കൂട്ടുന്ന ഇവനിതെന്തു പറ്റി'!
 
തിരക്കൊഴിഞ്ഞ NHലൂടെ കാർ ഓടി കൊണ്ടിരുന്നു.. പുറത്ത് നല്ല വെയിൽ..
 
"ഞാൻ ഗൾഫിലെ പണി അവസാനിപ്പിച്ചാലോന്നാ ചിന്തിക്കണെ" വിദൂരതയിൽ നിന്നും കണ്ണു പറിച്ച് ദീർഘമൗനത്തിന് വിരാമമിട്ടു കൊണ്ട് എന്റെ നേരെ മുഖം തിരിച്ചുകൊണ്ടവൻ സാവകാശം പറഞ്ഞു...
 
"എന്തു പറ്റി? ജോലി സ്ഥലത്ത് എന്തെങ്കിലും  പ്രോബ്ളം "?
 
"ഏയ് അങ്ങനത്തെ പ്രശ്നങ്ങൾ ഒന്നൂല്ലട. നിർത്തണം... എത്ര കൊല്ലായി... മടുത്ത് തൊടങ്ങീക്ക്ണ്.. കുട്ട്യാളൊക്കെ വല്തായീല്ലേ.. അതും പെങ്കുട്ട്യാള്... ഒരു വട്ടം കൂടി പോയിവരണം.. പിന്നെ നാട്ടില് എന്തെങ്കിലും ഏർപ്പാട് ..?
 
വണ്ടി ചെനയ്ക്കലങ്ങാടി പിന്നിട്ട് റോഡിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു. കാറിലിരിക്കെ തന്നെ കണ്ടു. കുട്ടികൾ  മൂന്നും മുറ്റത്ത് തന്നെയുണ്ട്... അയ്മുട്ട്യാക്ക സിറ്റൗട്ടിലിരിക്കുന്നു.
 
പരിചിതമായ കാർ അവർ ദൂരെ നിന്നേ കണ്ടിട്ടുണ്ട്.. അകത്തിരിക്കുന്ന ആളിനെയും. വണ്ടി മുറ്റത്തേക്ക് കയറ്റിയതും  അത്ഭുതവും, അതിരറ്റ ആഹ്ലാദവുമായി എല്ലാവരും ഓടിയെത്തി.ഫൈസൽ ഡോർ തുറന്ന് പുറത്തിറങ്ങി.. പെൺകുട്ടികൾ രണ്ടും അവനെ പൊതിഞ്ഞു..
 
'ചെറുത് 'വാപ്പാന്റെ കാലിൽ പിടിച്ച് നാണിച്ചും മടിച്ചും നിൽക്കുകയാണ്. അവൻ ഉപ്പാനെ ഇതിന് മുൻപ് നേരിൽ കണ്ടിട്ടില്ലല്ലോ ??
അയ്മുട്ട്യാക്കാന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല..
 
ഫൈസൽ വാപ്പാനോട് സലാം പറഞ്ഞ് മൂപ്പരുടെ കാലിൽ അള്ളി പിടിച്ച് നിൽക്കുന്ന മകനെ ഇരുകൈകളിലും എടുത്ത് മുകളിലേക്കുയർത്തി ..കവിളിൽ ചുണ്ടു ചേർത്തു.. എന്നിട്ട് അവനെയുമെടുത്ത് സിറ്റൗട്ടിലേക്ക് കയറി... 
 
"കുടിയ്ക്കാൻ കൊർച്ച് വെള്ളട്ക്ക്.. ഭയങ്കര ദാഹം". മകനെ താഴെയിറക്കി കട്ടിളപടിയിൽ ചാരി നിൽക്കുന്ന റസീനാന്റെ തോളിലൊന്ന് സ്നേഹത്തോടെ തട്ടി അവൻ റൂമിലേക്ക് നടന്നു. വെള്ളവുമായി റൂമിലെത്തിയ അവളുടെ കയ്യിൽ നിന്നും ജഗ് വാങ്ങി അപ്പാടെ വായിലേക്ക് കമഴ്ത്തി..
 
കുട്ടികളും, ഞാനും കാറിൽ നിന്നും ലഗേജുകൾ ഇറക്കുന്ന തിരക്കിലായിരുന്നു.
 
"കള്ള ഹമ്ക്കാളെ.. അപ്പോ ങ്ങള് രണ്ടാളും കൂടി ഒത്തോണ്ട് ള്ള കള്യായ്ന്നുലേ"???? പെട്ടിയും സാധങ്ങളും ഇറക്കി വയ്ക്കുന്ന എന്നോട് അയ്മുട്ട്യാക്ക ചിരിച്ചു കൊണ്ട് പരിഭവിച്ചു..
 
"ആപ്പീസറെ പ്പോ ഈ വയിക്കൊന്നും കാണാനേ കിട്ട്ണ്ല്ലാലോ?? തെരക്കെന്നെ..? കേറി ഇരിക്കി.. ബെയ്ച്ചിട്ട് പോയാ മതി.." സാധനങ്ങളുമായി അകത്തേക്ക് കയറവേ അദ്ദേഹം ക്ഷണിച്ചു... 
 
പെട്ടന്നായിരുന്നു.
 
"ഇപ്പാ... ഓടി വരീം... ന്റെ  ഇക്കാക്കാ"!!! റൂമിൽ നിന്നും ഉയർന്ന റസീനാന്റെ ആർത്തനാദം ഞങ്ങളുടെ കർണ്ണങ്ങളിൽ ഉഗ്രമായി പതിച്ചു.
 
ഇരുവരും ഒറ്റ കുതിപ്പിനാണ് റൂമിലേക്ക് എത്തിപ്പെട്ടത്.. അകത്തെ കാഴ്ച്ച.. അവളുടെ  ശരീരത്തിൽ തൂങ്ങി അവൻ കുഴഞ്ഞ് കിടക്കുന്നു..തൊണ്ണൂറ് കിലോ തൂക്കം വരുന്ന ആ ഭാരം താങ്ങാനാവാതെ മെല്ലിച്ച ശരീരം ബദ്ധപ്പെടുന്നു.
 
അന്ധാളിപ്പോടെ അവളിൽ നിന്നും വാപ്പ ആ ഭാരം ഏറ്റുവാങ്ങി. ഉറച്ച കൈകളാൽ കോരിയെടുക്കപ്പെട്ട അവനുമായി അദ്ദേഹം കട്ടിലിലേയ്ക്കിരുന്നു. 
 
വിറയ്ക്കുന്ന കൈതലങ്ങളിൽ വിശ്രമിക്കുന്ന ആ മുഖം ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു കൊണ്ടിരുന്നു
 
"പ്പ ന്റെ മക്കള്" ?? വാപ്പയുടെ കണ്ണുകളിലേക്ക് നോക്കി ആ ചുണ്ടുകൾ അവസാനമായി ഒന്ന് വിതുമ്പി...
 
ജനിമൃതികൾ ഏറെ കണ്ടു പഴകിയ ആ നരച്ച കണ്ണുകളിൽ യാഥാർത്ഥ്യത്തിന്റെ നടുക്കം പ്രകടമായി... പിന്നിലേക്ക് മറിഞ്ഞ മകന്റെ കണ്ണുകൾ വൃദ്ധകരങ്ങളാൽ പതിയെ തഴുകിയടയ്ക്കപ്പെട്ടു.
 
ഇരുട്ടു മൂടപ്പെട്ട കണ്ണും മനസ്സുമായി ഞാൻ വേച്ച് വേച്ച് പുറത്തിറങ്ങി..ഉള്ളിൽനിന്ന് ആർത്തലച്ചുയർന്ന ഒരു വലിയ നിലവിളി എന്റെ ചങ്കിൽ ഞെരിഞ്ഞൊടുങ്ങി.
-----------------------------
 
നീലകണ്ഠൻ എടത്തനാട്ടുകര
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ എടത്തനാട്ടുകര എന്ന മലയോര ഗ്രാമത്തിൽ നിന്നുള്ള ഒരു എഴുത്തുകാരനാണ്. 
വെറ്റിനറി ഡിപ്പാർട്ട്മെന്റിൽ ലൈവ് സ്റ്റോക്ക് ഇൻസ്പക്റ്ററായി ജോലി ചെയ്യുന്നു. പല സാമൂഹിക സംഘനകളിലും പ്രവർത്തിക്കുന്നതിനോടൊപ്പം ഫേസ് ബുക്കിലും  എഴുതാറുണ്ട്.. 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജീവിതമേ...! ( കവിത : ശിവദാസ് . സി.കെ)

മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)

സാല്മൻ ജന്മം (ജെയ്സൺ  ജോസഫ്, കഥാമത്സരം -178)

ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

സാന്താക്ലോസ് അപ്പാപ്പൻ (പീറ്റര്‍ ചക്കാലയ്ക്കല്‍, കഥാമത്സരം -176)

ശീലാബതി (ബഹിയ, കഥാമത്സരം -175)

സയനേഡ് (മുഹമ്മദ് അഫ്സൽ വി.എം, കഥാമത്സരം -174)

ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)

തരിശ് (കവിത: സന്ധ്യ എം)

കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)

കണ്ടറിയാം കൊണ്ടറിയാം (കവിത: ഉമര്‍ ഫറോഖ്)

വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)

ശിലപോലൊരു പെൺമ (വത്സല നിലമ്പൂർ, കഥാമത്സരം -173)

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

View More