Image

വിശുദ്ധ കുര്‍ബാന വിലക്കരുത്; അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ താക്കീത്

ജോബിന്‍സ് തോമസ് Published on 15 June, 2021
വിശുദ്ധ കുര്‍ബാന വിലക്കരുത്; അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ താക്കീത്

ഡൊണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ വാക് പോരിനിടയാക്കിയ വിഷയമായിരുന്നു ഗർഭഛിദ്രം. ട്രംപ് അബോര്‍ഷനെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ ബൈഡന്‍ ഗർഭച്ഛിദ്രത്തെ  എതിര്‍ക്കുന്ന വ്യക്തിയല്ല. കത്തോലിക്കനെന്ന  നിലയില്‍ ഈ വിഷയത്തില്‍  ബൈഡനും സഭയിലെ ഒരു വിഭാഗവും രണ്ട് തട്ടിലുമാണ്. 

സഭ കാലാകാലങ്ങളായി ഗർഭച്ഛിദ്രത്തെ  ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാൽ വിശുദ്ധ കുര്‍ബാനയെ അബോര്‍ഷനെതിരെയുള്ള സമ്മര്‍ദ്ദത്തിനു വേണ്ടി ഉപയോഗിക്കരുതെന്ന ശക്തമായ താക്കീതാണ് ഇപ്പോള്‍ വത്തിക്കാനില്‍ നിന്നും അമേരിക്കയിലെ യാഥാസ്ഥിതിക ബിഷപ്പ്മാര്‍ക്ക് നല്‍കിയിരിക്കുന്നത്. 

ഇതിനിടയാക്കിയ സാഹചര്യമാണ്  ചര്‍ച്ചയാകുന്നത് . അബോര്‍ഷനെ അനുകൂലിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് - പ്രസിഡന്റ് ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് - വി.കുര്‍ബാന നല്‍കാന്‍ പാടില്ല എന്നതാണ്  ചില യാഥാസ്ഥിതിക ബിഷപ്പുമാരുടെ നിലപാട്.

ചിലിയിടങ്ങളില്‍ ഇവര്‍ ഇത് നടപ്പിലാക്കുകയും ചെയ്തു. എന്നാൽ  ആര്‍ക്കും വിശുദ്ധ കുര്‍ബാന നിഷേധിക്കരുതെന്ന വ്യക്തമായ സന്ദേശമാണ് വത്തിക്കാന്‍  നല്‍കിയിരിക്കുന്നത്. അബോര്‍ഷനെതിരെ ശക്തമായി പൊരുതേണ്ടത് അനിവാര്യതയാണെന്നും എന്നാല്‍ വിശുദ്ധ കുര്‍ബാനയെ ഒരു വിധത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും ആയുധമാക്കരുതെന്നുമാണ് വത്തിക്കാന്റെ നിര്‍ദ്ദേശം. വിശുദ്ധർക്കുള്ള പ്രതിഫലമല്ല, പാപികൾക്കുള്ള ഭക്ഷണമാണ് വി. കുർബാന എന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടന്നു. 

നാളെ നടക്കുന്ന അമേരിക്കൻ കാത്തലിക്ക് ബിഷപ്പ്സ് കോൺഫറസിൽ ഇക്കാര്യം അവതരിപ്പിക്കാനാണ് നീക്കം. കോൺഫറൻസ് പ്രസിഡന്റും ലോസാഞ്ചൽസ് ആർച്ച് ബിഷപ്പുമായ ഹോസെ ഗോമസ്  ആണ് ഈ നീക്കത്തിന് പിന്നിൽ.  ഒരു വിഭാഗം അതിനെ എതിർക്കുന്നു. അദ്ദേഹത്തെ ഇതുവരെ കർദ്ദിനാൾ ആക്കിയിട്ടില്ലെന്നതും ചിന്തനീയം 

ഇത് ചര്‍ച്ചയ്‌ക്കെത്തുന്നതോടെ അമേരിക്കന്‍ കത്തോലിക്കാ സഭയിലും ബിഷപ്പുമാരുടെ ഇടയിലും ഉണ്ടാകാന്‍ പോകുന്ന രാഷട്രീയ ചേരിതിരിവുകൂടി മുന്നില്‍ കണ്ടാണ് വത്തിക്കാന്റെ ഇടപെടല്‍. 

പോപ്പിന്റെ ലിബറൽ നയങ്ങളോടും ബൈഡന്റെ രാഷ്ട്രീയ നിലപാടുകളോടും എതിർപ്പുള്ള ഒട്ടേറെ ബിഷപ്പുമാർ അമേരിക്കയിലുണ്ട്. എന്തായാലും ബിഷപ്പുമാർ എല്ലാവരും അംഗീകരിച്ചാൽ മാത്രമേ ഇത്തരമൊരു തീരുമാനം എടുക്കാനാകു. അല്ലെങ്കിൽ മൂന്നിൽ രണ്ട് ഭാഗം  അംഗീകരിക്കുകയും വത്തിക്കാൻ അനുമതി നൽകുകയും വേണം.

ഇത് സംബന്ധിച്ച ചോദ്യത്തിന് വൈറ്റ് ഹൗസ് വക്താവായ ആന്‍ഡ്രൂ ബെയ്റ്റ്‌സ് പ്രതികരിച്ചത് പ്രസിഡന്റ് ഉറച്ച  വിശ്വസമുള്ള വ്യക്തിയാണെന്ന് അമേരിക്കന്‍ ജനതയ്ക്ക് നന്നായി അറിയാമെന്നാണ്. 

ബൈഡന് വിശുദ്ധ കുര്‍ബാന നിഷേധിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വില്‍ട്ടന്‍ ഗ്രിഗറിയാണ്. താന്‍ പ്രസിഡന്റിന് വിശുദ്ധ കുര്‍ബാന നല്‍കുന്നത് തടയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക