Image

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

Published on 15 June, 2021
കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)
കേരളത്തില്‍നിന്നും ഒരമ്മയുടെ വിലാപം കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന മകളെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കന്ന ഒരമ്മയുടെ. മക്കളെയോര്‍ത്ത് വിലപിക്കുന്ന അഛനമ്മമാരുടെ ദുഖത്തില്‍ പങ്കു ചേരാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ തിരുവനന്തപുരത്തെ ബിന്ദുവെന്ന അമ്മയുടെ കരച്ചില്‍ ഹൃദയം നിറയെ കാരുണ്യമുള്ളവരെപ്പോലും സങ്കടപ്പെടുത്തിയില്ല. അവരുടെ കരച്ചില്‍ വെറും അഭിനയമായിട്ടാണ് കണ്ടവര്‍ക്കെല്ലാം തോന്നിയത്. ദന്ത ഡോക്ടറാകാന്‍ പഠിച്ചു കൊണ്ടിരുന്ന ഇവരുടെ മകള്‍ പഠനം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഒരു അന്യമതക്കാരനെ വിവാഹം കഴിക്കയും ലോകജനതക്കുതന്നെ ഭീഷണിയായ ഒരു ഭീകര സംഘടനയില്‍ ചേരാന്‍ ഭര്‍ത്താവിനൊപ്പം അഫിഗാനിസ്ഥാനിലേക്ക് പോവുകയുമാണ് ഉണ്ടായത്.

പ്രേമിച്ച് വിവാഹം കഴിക്കുന്നതിനെ ആരും കറ്റംപറയുകയില്ല. എന്നാല്‍ ബിന്ദുവിന്റെ മകള്‍ അഫ്ഗാനിസ്ഥാനിലേക്കു പോയത് മനുഷ്യരാശിക്കെതിരെ യുദ്ധം ചെയ്യാനാണ്. ഇവളെക്കൂടാതെ വേറെയും പെണ്‍കുട്ടികള്‍ ലൗജിഹാദില്‍ അകപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട് സിറയയില്‍ ആടു മേയ്ക്കാനും അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളക്കാരെ കൊല്ലാനും പോയിട്ടുണ്ടെന്നാണ് ഇന്‍ഡ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവരുടെ വീരപുരുഷന്മാരെല്ലാം അമേരിക്കന്‍ പട്ടാളക്കാരുടെ വെടിയുണ്ടകള്‍ നെഞ്ചിലേറ്റി സുവര്‍ക്കത്തിലേക്ക് പോയതായാണ് അറിയുന്നത്.

അമേരിക്കക്കാര്‍ പെണ്ണുങ്ങളെ വെടിവെയ്ക്കാഞ്ഞതുകൊണ്ട് ഇവരുടെ വിധവമാരെല്ലാം വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുകയാണ്. കഴിഞ്ഞയാഴ്ച്ച അഫ്ഗാന്‍ സര്‍ക്കാറിന്റെ ഒരറിയിപ്പ് ഇന്‍ഡ്യാ ഗവണ്മെറ്റിന് കിട്ടുമ്പോളണ് മലയാളികളായ നാലു സ്ത്രീകള്‍ കുഞ്ഞുങ്ങളുമായി അവരുടെ ജയിലില്‍ കഴിയുന്നുണ്ടെന്നുള്ള വിവരം നമ്മള്‍ കേള്‍ക്കുന്നത്. കേട്ടപാടെ അവരെ തങ്ങള്‍ക്കുവേണ്ട, നിങ്ങളെടുത്തോ അല്ലെങ്കില്‍ താലിബാന് കൊടുത്തേരെന്ന് മോദി മറുപടിയെഴുതിയതും നമ്മള്‍ വായിച്ചറിഞ്ഞു. മേല്‍പറഞ്ഞ ബിന്ദുവിന്റെ മകളും ഈ നാലു ധീര വനിതകളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇതുകേട്ടപ്പോളാണ് ബിന്ദു മോദി സര്‍ക്കാരിനെതിരെ പടവാളെടുത്തത്. യുദ്ധം ചെയ്യാനുള്ള വീര്യം മകള്‍ക്കു കിട്ടിയത് ഈയമ്മയില്‍ നിന്നാണന്ന് ഇപ്പോള്‍ മനസിലായല്ലൊ. ഇതാണ് കഥാസാരം.

ഇനിയാണ് കേരളത്തില്‍ പതിവുപോലെ പുകില്‍ ആരംഭിക്കുന്നത്. സ്വന്തം അമ്മയെ തല്ലിയാലും രണ്ടു പക്ഷംകാണുമെന്ന് പറയുന്നത് കേരളീയരെ ഉദ്ദേശിച്ചാണ്. കേരളത്തിന്റെയൊരു മകള്‍ ഇസ്രായേലില്‍ ഹമാസ് തീവ്രവാദികളുടെ മിസൈലേറ്റ് മരണമടഞ്ഞപ്പോള്‍ അവള്‍ക്കു വേണ്ടി ഒരുതുള്ളി കണ്ണീര്‍ പൊഴിക്കാത്തവരാണ് ബിന്ദുവിന്റെ കള്ളക്കരച്ചില്‍ കണ്ട് അവരോടൊപ്പം പരിതപിക്കുന്ന രാഷ്ട്രീയക്കാരും ചില പത്രങ്ങളും.

ബിന്ദു കരഞ്ഞോട്ടെ. അവര്‍ക്ക് കരയാന്‍ ഇന്‍ഡ്യന്‍ ഭരണഘടന സ്വാതന്ത്യം നല്‍കുന്നുണ്ട്. എന്നാല്‍ ഭീകരസംഘടനകളായ ഐ എസ്സ്, താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകളില്‍ ചേരാന്‍ പോയവരെ അനുകൂലിക്കുന്ന പത്രങ്ങളും രാഷ്ട്രീയക്കാരും രാജ്യദ്രോഹമാണ് ചെയ്യുന്നത്. ഇവരെ നിലക്കു നിറുത്തേണ്ടത് രാജ്യത്തിന്റെ സുരക്ഷക്ക് ആവശ്യമാണ്. ജനാധിപത്യത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും പേരില്‍ എന്തും പറയാമെന്നും പ്രവര്‍ത്തിക്കാമെന്നും ചിലര്‍ കരുതുന്നെങ്കില്‍ അവരെ തിരുത്തേണ്ടത് ഇന്‍ഡ്യാ ഗവണ്മെന്‍രിന്റെ ചുമതലയാണ്. മോദി സര്‍ക്കാര്‍ അത് ചെയ്യുമെന്ന് കരുതട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക