Image

ന്യു യോർക്കിൽ കോവിഡ് ബാധയുടെ അന്ത്യം കുറിച്ച് രാത്രി വെടിക്കെട്ടും ആഘോഷവും

Published on 15 June, 2021
ന്യു യോർക്കിൽ കോവിഡ് ബാധയുടെ അന്ത്യം കുറിച്ച് രാത്രി വെടിക്കെട്ടും ആഘോഷവും
കൊറോണ നിയന്ത്രണങ്ങൾ മിക്കതും അവസാനിപ്പിക്കുകയും ജനജീവിതം പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരികയും ചെയ്യുന്നത് വെടിക്കെട്ടോടെ ന്യു യോർക്ക് സ്റ്റേറ്റ് ആഘോഷിച്ചു. 70  ശതമാനം പേർക്ക് വാക്സിൻ നൽകിയ പാശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതായി ഗവർണർ ആൻഡ്രൂ കോമോ ഇന്നലെ പ്രഖ്യാപിച്ചത്.  ഇനി ടെമ്പറേച്ചർ നോക്കുകയോ മാസ്ക്ക്  വേണമെന്ന് നിര്ബന്ധിക്കുകയോ ഇല്ല. 

ചൊവ്വാഴ്ച്ച രാത്രി 9:15-നു  സംസ്ഥാന വ്യാപകമായി വെടിക്കെട്ട് നടത്തി കോവിഡിന് വിറ്റ ചൊല്ലി!

ദീർഘകാലം ഏറ്റവും കൂടുതൽ മരണ സംഖ്യ ന്യു യോർക്കിലായിരുന്നു. ഇപ്പോൾ 52,000-പരം. 63000-ൽ പരമുള്ള കാലിഫോർണിയ ആണ് ഒന്നാമത്.

]കൊറോണ മരണത്തിന്റെ തലസ്ഥാനമായി കരുതിയിരുന്ന ന്യു യോർക്കിന്റെ ഈ തിരിച്ചു വരവ് ചരിത്രം കുതിരിക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും അത്യാവശ്യ ജോലിക്കാരെയും നമിക്കാം-ഗവർണർ പറഞ്ഞു.

ഇനി അവശേഷിക്കുന്നത് സി.ഡി.സിയുടെ ചില നിയന്ത്രണങ്ങളാണ്. കൊച്ചു കുട്ടികളുടെ സ്‌കൂൾ, ട്രെയിനുകൾ, മാസ് ട്രാന്സിറ്റ്  ,  ടാക്‌സികൾ, ആശുപത്രികൾ എന്നിവിടങ്ങളിലാണ് മാസ്ക് വേണ്ടത് .

സംസ്ഥാനത്തിന്റെ ഉയിർത്തെഴുന്നേപ്പ് കുറിച്ച ഈ ദിവസം  ആചരിക്കുന്നതിനും അത് സാധ്യമാക്കിയതിൽ പങ്കു വഹിച്ച അവശ്യ തൊഴിലാളികളെ ആദരിക്കുന്നതിനും വേണ്ടി , എംപയർ സ്റ്റേറ്റ് ബിൽഡിംഗ് പോലെ സംസ്ഥാനത്തെ പ്രധാന കെട്ടിടങ്ങൾ  നീല, സ്വർണ്ണം എന്നീ നിറങ്ങളിലെ  ദീപാലങ്കാരങ്ങൾകൊണ്ട് പ്രകാശിതമായി.   

മഹാമാരിയെ നേരിടാൻ ഏർപ്പെടുത്തിയ സംസ്ഥാന ഉത്തരവുകളിൽ  ഇളവ് നൽകുന്നു എന്നും നിയമം  ഉടനടി പ്രാബല്യത്തിൽ വരുമെന്നും  ഗവർണർ ആൻഡ്രൂ കോമോ വൺ വേൾഡ് ട്രേഡ് സെന്ററിലെ  ആഘോഷവേളയിൽ പറഞ്ഞു.

ഓഫീസുകൾ, കായിക ഇവന്റുകൾ, സിനിമാ തിയേറ്ററുകൾ, ക്യാമ്പുകൾ, നിർമ്മാണ സൈറ്റുകൾ, റെസ്റ്റോറന്റുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയുൾപ്പെടെ ഭൂരിഭാഗം ബിസിനസുകൾക്കും ശേഷി പരിധി, സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന, അണുവിമുക്തമാക്കൽ, മാസ്ക് പ്രോട്ടോക്കോളുകൾ, ആരോഗ്യ സ്ക്രീനിംഗുകൾ എന്നിങ്ങനെ ചൊവ്വാഴ്ച വരെ നിർബന്ധമാക്കിയിരുന്ന മാനദണ്ഡങ്ങൾക്കാണ് ഇളവ്.

വാക്സിൻ സ്വീകരിക്കാത്ത ന്യൂയോർക്കുകാർ ഇൻഡോറിലും  മാസ്‌ക്കുകൾ ധരിക്കണം.

സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങൾ വാക്സിനേഷന്റെ  കാര്യത്തിൽ വളരെ പിന്നിലാണ്. കഴിഞ്ഞ ആഴ്‌ച വാക്സിനേഷൻ നിരക്കും കുറഞ്ഞു.

ഇതിനകം മറ്റ് പതിനാല് സംസ്ഥാനങ്ങൾ ന്യൂയോർക്കിനേക്കാൾ വേഗതയിൽ നിശ്ചയിച്ച പ്രകാരം വാക്സിനേഷൻ 70% ശതമാനം എന്ന ലക്‌ഷ്യം മറികടന്നതായി  സിഡിസി കണക്കുകൾ വ്യക്തമാക്കുന്നു.

ന്യൂയോർക്കിലെ 20 മില്യൺ നിവാസികളിൽ പകുതി പേർക്ക് മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂവെന്നാണ്  ഫെഡറൽ ഡാറ്റയിൽ കാണുന്നത്. 12-17 വയസ് പ്രായമുള്ളവരെ കൂടി ഉൾപ്പെടുത്തുമ്പോൾ  58% പേർക്ക് മാത്രമേ ഒരു ഷോട്ട് എങ്കിലും ലഭിച്ചിട്ടുള്ളൂ.

12 വയസ്സിൽ  താഴെയുള്ള കുട്ടികൾക്ക് ഇപ്പോഴും കുത്തിവയ്പ്പ് സ്വീകരിക്കാൻ യോഗ്യതയില്ല.

കഴിഞ്ഞ ഏഴു ദിവസങ്ങളിൽ, ന്യൂയോർക്കിൽ പുതിയ കൊറോണ വൈറസ് കേസുകളുടെ  പ്രതിദിന ശരാശരി 455 ആണ്. മഹാമാരി  ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണിത് . കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയോടെ ചികിത്സയിലായിരുന്ന കോവിഡ് രോഗികളുടെ എണ്ണം  18,000 ആയിരുന്നു. ഇപ്പോൾ അത്  620 ൽ താഴെ എത്തിനിൽക്കുന്നത് മികച്ച നേട്ടമാണ്.

ഡെൽറ്റ വേരിയൻറ് എന്ന് വിളിക്കപ്പെടുന്ന വൈറസ് മൂലമാണ്  ഇ.പ്പോൾ യുഎസിലെ പുതിയ കേസുകളിൽ 10% റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഓരോ രണ്ടാഴ്ച കൂടുമ്പോഴും  ഇത് ഇരട്ടിയാകുന്നു. ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട ഈ വകഭേദം, ആശങ്കാജനകമാണെന്ന്  സിഡിസി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഉഗ്രവ്യാപനശേഷിയും , രോഗതീവ്രതയും  വാക്സിനുകളോടും  ചികിത്സകളോടും  ഫലപ്രാപ്തി കുറവ്  തുടങ്ങിയ ഘടകങ്ങളാണ് ഡെൽറ്റ വേരിയന്റിനെ സൂക്ഷിക്കേണ്ടതുണ്ടെന്ന നിഗമനത്തിനു പിന്നിൽ.

 'ജീവിതം അഭിവൃദ്ധി പ്രാപിക്കുകയാണ്, ജീവിതം പരസ്പര  സ്നേഹത്തിൽ അധിഷ്ടിതമാണ്; അത്  ആഘോഷിക്കാനും  ആസ്വദിക്കാനും പങ്കുവയ്ക്കാനും ഉള്ളതാണ്. നമ്മൾ ഇപ്പോൾ  ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്' കോമോ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക