Image

തൃപ്പൂണിത്തറ നിയമക്കുരുക്കിലേയ്ക്ക് നീങ്ങുമ്പോള്‍

ജോബിന്‍സ് തോമസ് Published on 16 June, 2021
തൃപ്പൂണിത്തറ നിയമക്കുരുക്കിലേയ്ക്ക് നീങ്ങുമ്പോള്‍
തൃപ്പൂണിത്തറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേയ്ക്ക് നീങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് കാലത്തെന്നപോലെ വീണ്ടും ഈ മണ്ഡലം കേരളാ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി മാറുകയാണ്. സിപിഎമ്മിന്റെ തീപ്പൊരി നേതാവ് എം സ്വാരാജും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.ബാബുവും തമ്മില്‍ നടന്ന വാശിയേറിയ പോരായിരുന്നു മണ്ഡലത്തെ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയമാക്കിയത്. തെരഞ്ഞെടുപ്പില്‍ കെ.ബാബു വിജയിക്കുകയും ചെയ്തു. സ്വരാജിന്റെ പരാജയം സിപിഎം വിരുദ്ധ കേന്ദ്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആഘോഷമാക്കുകയായിരുന്നു.. 

എന്നാല്‍ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്  എം . സ്വരാജ് കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ വീണ്ടും രാഷ്ട്രീയ പോരിലേയ്‌ക്കെത്തുന്നത്. കെ.ബാബു അയ്യപ്പന്റെ ചിത്രം വച്ചും അയ്യപ്പന്റെ പേര് പറഞ്ഞും വേട്ട് പിടിച്ചെന്നാണ് സ്വരാജിന്റെ ആരോപണം. മത്സരം സ്വരാജും അയ്യപ്പനും തമ്മിലാണെന്നും സ്വരാജ് ജയിച്ചാല്‍ അയ്യപ്പനാണ് തോല്‍ക്കുന്നതെന്ന് ബാബു വിശ്വാസികള്‍ക്കിടയില്‍ പ്രചാരണം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ ചില പ്രസ്താവനകള്‍ വിവാദമാവുകയും ഇതേ തുടര്‍ന്ന് തൃപ്പുണിത്തറ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വന്‍ ചര്‍ച്ചായവുകയും യുഡിഎഫും ബിജെപിയും ഇത് പ്രചരണായുധമാക്കുകയും ചെയ്തിരുന്നു എന്നത് വസ്തുതയാണ്. അയ്യപ്പന്റെ ഫോട്ടോ ഉപയോഗിച്ച് ബാബു നടത്തിയ പ്രചാരണത്തിന്റെ ചിത്രങ്ങളും പ്രസംഗങ്ങളുടെ ഓഡിയോകളും സഹിതമാണ് സ്വരാജ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

എന്തായാലും കേസ് ജയിക്കാനും എംഎല്‍എ സ്ഥാനം നലനിര്‍ത്താനും ബാബു ശക്തമായ നിയമപോരാട്ടം തന്നെ നടത്തേണ്ടിവരും. സ്വരാജിന്റെ വാദങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നാണ് ബാബു ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. കേസ് തെളിയിക്കാന്‍ സ്വരാജിന് സാധിച്ചാല്‍ അത് ബാബുവിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായിരിക്കും. 

മുമ്പ് മുവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ച പി.സി. തോമസിന് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് കേസില്‍ തിരിച്ചടിയുണ്ടായിരുന്നു. അന്ന് കേരളാ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയ്‌ക്കൊപ്പമായിരുന്നു പി.സി. തോമസ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ മദര്‍ തെരേസയുടേയും മാര്‍പ്പാപ്പയുടേയും ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചു എന്നായിരുന്നു പരാതി. 

പരാതി സത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ എംപി സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും ആറ് വര്‍ഷത്തേയ്ക്ക് അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം അന്ന് കോടതി അംഗീകരിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക