Image

സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് ; ആരാധനാലയങ്ങള്‍ തുറക്കണം

ജോബിന്‍സ് തോമസ് Published on 16 June, 2021
സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് ; ആരാധനാലയങ്ങള്‍ തുറക്കണം
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ എന്‍എസ്എസ് രംഗത്ത്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. 
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് വിശ്വാസികളുടെ അവകാശത്തെ ഹനിക്കലാണെന്നാണ് എന്‍എസ്എസിന്റെ കുറ്റപ്പെടുത്തല്‍.

കോവിഡ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തിരിച്ചിട്ടുള്ള എ, ബി, സി വിഭാഗങ്ങളില്‍ മദ്യാശാലകളടക്കം തുറക്കാന്‍ അനുമതി നല്‍കിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ഡൗണിന്റെ ആരംഭത്തില്‍ ഇളവുകള്‍ ഉണ്ടായിരുന്നുവെന്നിരിക്കെ ഇപ്പോളത്തെ സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു. 

ആരാധനാലയങ്ങളില്‍ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകള്‍ക്കൊപ്പം വിശ്വാസികള്‍ക്ക് നിയന്ത്രിതമായ രീതിയില്‍ ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചശേഷം ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി എത്തുന്ന ആദ്യ സംഘടനയാണ് എന്‍എസ്എസ്. 

എന്നാല്‍ എന്‍എസ്എസിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരും പ്രതികരിച്ചിട്ടില്ല. ലോക് ഡൗണ്‍ രണ്ടാംഘട്ട ഇളവുകള്‍ പ്രഖ്യാപിക്കുന്ന സമയത്ത് മാത്രമേ ആരാധനാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ സാധ്യതയുള്ളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക