Image

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

Published on 16 June, 2021
കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ്  എബ്രഹാം)
ന്യുയോർക്ക് സിറ്റി  മേയർ സ്ഥാനത്തേക്കും കൗൺസിലിലേക്കുമുള്ള തിരഞ്ഞെടുപ്പിന്റെ 'ഏർളി വോട്ടിംഗ്'  പ്രക്രിയ ആരംഭിച്ചിട്ട്  മൂന്ന് ദിവസം കഴിഞ്ഞു.

ക്വീൻസിൽ യൂണിയൻ ടേൺപൈക്കിനടുത്ത്  വിൻ‌ചെസ്റ്ററിൽ സ്ഥിതിചെയ്യുന്ന ക്യൂൻസ് വില്ലേജിലെ ക്രീഡ്‌മൂർ ഹോസ്പിറ്റലിൽ വോട്ടിംഗിനുള്ള   പ്രവർത്തനങ്ങൾ സജീവമായിരിക്കുകയാണ്.  ഒട്ടേറെ പേര്  വോട്ട് ചെയ്യാൻ  എത്തുന്നുണ്ട്.

സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ, ആശുപത്രിയുടെ  പ്രവേശന കവാടത്തിൽ മിക്ക ദിവസവും വരികയും അവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചും  ഫ്ലൈയറുകൾ വിതരണം ചെയ്തും വോട്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തീവ്രശ്രമത്തിലാണ്.

വോട്ടർമാർ  കുടുംബവുമൊത്ത് സ്ഥലത്തെത്തി, കാർ പാർക്കിംഗിലേക്ക് നീങ്ങുന്ന നേരത്ത് വോട്ടഭ്യർത്ഥന നടത്തുന്നത് പ്രഹസനം മാത്രമായേ കാണാൻ സാധിക്കൂ. മനസ്സിൽ ഒരു സ്ഥാനാർത്ഥിയെ ഉറപ്പിച്ചുകൊണ്ട് വോട്ടിങ് സ്റ്റേഷനിൽ എത്തിച്ചേരുന്നവർക്കു മുൻപിൽ,  പിന്നെ എന്തൊക്കെ കസർത്ത് നടത്തിയാലും മാറ്റമുണ്ടാകില്ലെന്ന് സാമാന്യ യുക്തിയോടെ ചിന്തിച്ചാൽ പിടികിട്ടും.

തിരഞ്ഞെടുപ്പിൽ  ന്യൂയോർക്ക് സിറ്റിയിൽ അടുത്തിടെ അവതരിപ്പിച്ച റാങ്കിംഗ് സമ്പ്രദായത്തിൽ, രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനം വോട്ടർമാരോട് ആവർത്തിച്ച് ആവശ്യപ്പെടാനും സ്ഥാനാർത്ഥികൾ മെനക്കെടുന്നുണ്ട്.

കൗൺസിലിൽ  മത്സരിക്കുന്ന ഇന്ത്യൻ- അമേരിക്കൻ സ്ഥാനാർത്ഥികളെക്കുറിച്ച് ഏതാനും കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡിസ്ട്രിക്ടിൽ വളരെയധികം പുരോഗതി കൈവരിച്ച സിഖ് സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായ ഹർ‌പ്രീത് സിംഗ് തൂറിനെ വിജയിപ്പിക്കാൻ സിക്കുകാരുടെ നല്ലൊരു പങ്കാളിത്തം കാണാനാകുന്നു. വോളന്റിയർമാരായും വോട്ട് അഭ്യർത്ഥന നടത്തുന്നതിനും അദ്ദേഹത്തിനായി വോട്ട്  രജിസ്റ്റർ ചെയ്യുന്നതിനുമെല്ലാം അവർ മുന്നിട്ടിറങ്ങുന്നു. വോളന്റിയർമാരിൽ പലരും പ്രായമായവരെ  പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകാനും മറ്റും സഹായിക്കുന്നതിനൊപ്പം ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്യുന്നു.

പഞ്ചാബിൽ നിന്നുള്ള മറ്റൊരു സ്ഥാനാർത്ഥി സഞ്ജീവ് ജിൻഡാലിനും  ഉത്തരേന്ത്യൻ വോട്ടർമാരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഡിസ്ട്രിക്ടിലെ മോദി ഭക്തരിൽ നിന്നും വളരെയധികം പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നതായും  തോന്നി. വോട്ടർമാരെ ആകർഷിക്കാൻ ജിൻഡാൽ വളരെയധികം പരിശ്രമിക്കുന്നുണ്ട്. മാത്രമല്ല, രണ്ടാമത്തെയോ മൂന്നാമത്തെയോ ചോയ്‌സ് ആയി തന്നെ വയ്ക്കാൻ അഭ്യർത്ഥിക്കുന്നുമുണ്ട്.

ജെസ്‌ലിൻ  കൗറാണ് യുവജനതയുടെ  പ്രതിനിധി എന്ന നിലയിൽ മത്സരരംഗത്തുള്ള  പുരോഗമനവാദി.  രണ്ടാം തലമുറ  കൗറിനെ വിജയിപ്പിക്കേണ്ടത് ഒരു ഉത്തരവാദിത്വം പോലെ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ  സിഖ് സമുദായത്തിലെ ചിലർ അവർക്കെതിരെ ശക്തമായി രംഗത്തുണ്ട്. പോലീസിനെ  ഡിഫണ്ട് ചെയ്യണമെന്നും മറ്റുമുള്ള  കൗറിന്റെ  നിലപാടുകളോട് വിയോജിപ്പുള്ളവരാണത്.  എന്തായാലും അവരുടെ ആവേശഭരിതമായ പ്രവർത്തനം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രവേശന കവാടത്തിൽ, തങ്ങളുടെ  സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആളുകൾ അണിചേരുമ്പോൾ, നമ്മുടെ സ്വന്തം കോശി  തോമസും   അവിടെ നിൽപ്പുണ്ട്.  വി.എം. ചാക്കോ, രാജു എബ്രഹാം, പാറ്റ്  മാത്യു, മാത്യു ജോർജ്, ജെയ്‌സൺ അലക്‌സാണ്ടർ, ത്രേസ്യാമ്മ ജോസഫ്  തുടങ്ങി ഏതാനും പേർ  കൂടെ ഉണ്ട്. ചുരുക്കം ചിലർ വന്നും പോയും ഇരിക്കുന്നു. പക്ഷെ മഹാഭൂരിപക്ഷം എ വിടെ?   വോട്ട് ചെയ്യാൻ വരുന്നില്ല, പിന്തുണ നല്കാനായും വരുന്നില്ല.  

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നത് അത്ഭുതപ്പെടുത്തുന്നു. മറ്റേതൊരു പ്രാദേശിക ഗ്രൂപ്പുകളേക്കാളും ബെൽറോസ്, ഫ്ലോറൽ പാർക്ക് പ്രദേശങ്ങളിൽ മലയാളികൾക്കാണ്  മേൽക്കൈ. നമ്മളിൽപ്പെട്ട ഒരാൾ നമ്മൾ താമസിക്കുന്ന ഡിസ്ട്രിക്ടിനെ  പ്രതിനിധീകരിക്കുന്നതിലൂടെ ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലേ?

അദ്ദേഹത്തെ  വിജയിപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യവും ഉത്തരവാദിത്വവുമാണ്. കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എത്ര  സംഘടനകൾ നമുക്കുണ്ട്, അവർ  എവിടെയാണ്?

പോളിംഗ് സ്റ്റേഷനിൽ കോശിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് മറ്റു കമ്മ്യൂണിറ്റി അംഗങ്ങൾ ചെന്ന് ചോദിക്കുന്നതുപോലെ മലയാളികൾ എന്തുകൊണ്ട് ചോദിക്കുന്നില്ല? കോശി  തോമസിനെ പിന്തുണയ്ക്കാൻ അല്പം സമയം നീക്കിവയ്ക്കാൻ എന്തുകൊണ്ടാണ് ഇത്രയും വിമുഖത?  ജൂൺ 22 ന് വോട്ടിങ് പൂർത്തിയായി കഴിഞ്ഞ് ഇക്കാര്യങ്ങൾ ചിന്തിച്ചതുകൊണ്ട് പ്രയോജനമുണ്ടാകില്ല. എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ഏതാനും ദിവസങ്ങൾ കൂടി നമുക്ക് മുന്നിൽ ബാക്കിയുണ്ട്. ഈ സമയം നിർണ്ണായകമാണ്. ദൈവം നമ്മെ സഹായിക്കുമെന്ന് കരുതാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക