Image

അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

Published on 17 June, 2021
അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. തന്റെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല വീട്ടു വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ ആരാധകവൃന്ദമാണുള്ളത്. ലോക്ക്ഡൗണ്‍ ആയതോടെ വീട്ടില്‍ സമയം ചിലവഴിക്കുകയാണ് താരം. ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാന്‍ ചലഞ്ചുകളുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ തന്റെ ചലഞ്ചുകളിലെ അവസാന ദിന ചലഞ്ചുമായി എത്തിയിരിക്കുകയാണ് താരം. വീട്ടിലെ സ്ത്രീകള്‍ക്ക് വിശ്രമം നല്‍കി അടുക്കള ഭരണം ഏറ്റെടുക്കുകയാണ് അവസാന ദിവസം ചാക്കോച്ചന്‍ ചെയ്തത്.

'' അടുക്കളയുടെ ഭരണം ഏറ്റെടുത്തു കൊണ്ട് വീട്ടില്‍ ഉള്ളവര്‍ക്ക് വിശ്രമം നല്‍കാം നമുക്ക്. ഇത് ആദ്യം ഒന്നുമല്ല കേട്ടോ ഞാന്‍ അടുക്കളയില്‍ കയറുന്നത്. നിങ്ങള്‍ക്കൊക്കെ ഇത് ഇന്നത്തെ മാത്രം പരിപാടി ആയി എടുക്കാതെ തുടര്‍ന്നുള്ള ദിവസങ്ങളിലും ചെയ്യാം. അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ല. വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല.

ഇന്ന് ചലഞ്ചിന്റെ ഭാഗമായി പാകം ചെയ്തത് ചെമ്മീന്‍ ബിരിയാണി ആണ്. എന്റെ പ്രിയതമയ്ക്കും എനിയ്ക്കും ഏറെ പ്രിയപ്പെട്ട വിഭവം കൂടി ആണിത്. നമുക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ ഇഷ്ടമുള്ള രുചിയില്‍ എന്നും പാകം ചെയ്തു തരുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങള്‍ ഏറ്റെടുത്തു കൊണ്ട് വിശ്രമം നല്‍കാന്‍ നമുക്ക് കഴിയണം. അത് കേവലം ആഹാരം ഉണ്ടാക്കല്‍ മാത്രമല്ല വൃത്തിയാക്കലും എല്ലാം ഇതിന്റെ ഭാഗം ആക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളുടെ സ്നേഹം ആഹാരം പാകം ചെയ്ത് നല്‍കി നോക്കൂ. കുടുംബത്തിന്റെ ഇഴയടുപ്പം ഒന്ന് കൂടി കൂട്ടാന്‍ ആകും ഇങ്ങനെ ഉള്ള കാര്യങ്ങളിലൂടെ.

ഏഴ് ദിവസം ഏഴ് ചലഞ്ച്. നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ജീവിതത്തില്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ നല്ലത്. ഞാനും ഇതൊരു ജീവിതചര്യയുടെ ഭാഗമായി എടുക്കുകയാണ്. ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മൂന്നാം തരംഗത്തെ നമുക്ക് പ്രതിരോധിയ്ക്കാം. നന്ദി''  ചാക്കോച്ചന്‍ കുറിയ്ക്കുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക