Image

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

Published on 18 June, 2021
ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി
''കള്ളും കുടിച്ച് കാട്ടിൽ പോകാം.  കള്ളനെ കണ്ടാ പേടിക്യോ?
കാട്ടിപ്പോകാം കൂട്ടിപ്പോകാം കാട്ടിലെ 
കുറുക്കനെ കണ്ടാ പേടിക്യോ.''?
ഇല്ലെന്ന് ചുമലിളക്കിയ 
യോഗാമാഷിന്റെ  കണ്ണിലേയ്ക്ക്   ഊതുകയാണ് നിലാവിന്റെ കഷണം പോലെ ഒരു ഓമനക്കുഞ്ഞ്. ആറുവയസുള്ള പൂച്ചക്കണ്ണുകാരി നൈനിക.....
യോഗക്ലാസിൽ വരാറുള്ള റബർബോർഡ് ഉദ്യോഗസ്ഥയായ സുമിപ്രകാശിന്റെ മകൾ.
വീട്ടിൽ maid ഇല്ലാത്ത ദിവസങ്ങളിലാണ് സുമി  മോളേയും കൊണ്ടുവരാറ്.  സ്റ്റോറി ബുക്സും കളർ ചെയ്യാനും കുത്ത് യോജിപ്പിക്കാനും ആക്ടിവിറ്റി പുസ്തകങ്ങളും കൊണ്ടായിരുന്നു നൈനികയുടെ വരവ്. ഇടക്ക് ഞങ്ങൾക്കൊപ്പം സർവ്വാംഗാസനവും പ്രാണായാമവും ചെയ്തിരുന്ന  കുസൃതിക്കുടുക്ക പെട്ടെന്നാണ് ഒക്കെ മതിയാക്കി ഫോണിൽ മുഴുകിയത്.  
youtubeൽ  കഥകളും  കാർട്ടൂണുകളും കാണുന്ന അവളുടെ കയ്യീന്ന് പലപ്പോഴും ഫോൺ ബലം പിടിച്ച് വാങ്ങേണ്ടി വരുമായിരുന്നു . മുത്തശ്ശിക്കഥയുടെ ലാളിത്യം അനുഭവിപ്പിക്കുന്ന,കുഞ്ഞുമനസ്സില്‍ നക്ഷത്രപ്പൂക്കള്‍ വിരിയിച്ചിരുന്ന കൊച്ചുകഥകള്‍ നൈനി ഞങ്ങളോടും പങ്കുവെച്ചിരുന്നു.
ഒരിക്കൽ ആരോ കൊണ്ടുവന്ന പേരക്ക  നീട്ടിയപ്പോൾ അവൾ പറഞ്ഞു 'എന്റെ പേര് നൈനിക പ്രകാശ് മേനൻ, എനിക്ക് ആറര വയസ്സുണ്ട്, എനിക്ക് പേരക്ക ഇഷ്ടമല്ല.'
ഇതെന്ത് കളിയെന്ന് ഞങ്ങൾ കണ്ണു മിഴിച്ചപ്പോഴാണ്  അവളുടെ ഇഷ്ടഹീറോ ഷിൻചാൻ എന്ന കാർട്ടൂൺ കാരക്ടറിനെ അനുകരിക്കുകയാണ് എന്ന് സുമി പറയുന്നത്.കുട്ടികളുടെ മനസ്സ് ശുദ്ധമാണ് മുൻവിധികളില്ലാതെ  എന്തും സ്വീകരിക്കാൻ തയ്യാറായ, പ്രതികരിക്കാൻ വെമ്പുന്ന അഴുക്കുപുരളാത്ത ബ്ലോട്ടിങ്ങ് പേപ്പർ!  
സമൂഹത്തിന്റെ മാനദണ്ഡങ്ങളേയും, മുതിർന്നവർക്കുമേൽ ചുമത്തപ്പെട്ട നിയമങ്ങളേയും  കുറിച്ച് ഒരു കുഞ്ഞിന്റെ കാഴ്ചപ്പാട്‌ വരച്ച് കാട്ടിയ 'ഷിൻചാനെ 'പ്പറ്റി അപ്പോഴാണ് ഞാൻ കേൾക്കുന്നത് തന്നെ. ഒന്നു കണ്ടേക്കാമെന്ന് വെച്ച് You tube ൽ പരതിയപ്പോൾ  കിട്ടിയ episode കണ്ട്  തലകുത്തി ചിരിച്ച് പോയി.
ഷിൻചാന്റെ  അച്ഛൻ 'ഹിരോ' ഓഫീസിൽ നിന്ന് വന്ന് കയറുന്നു, ഷിൻചാൻ നല്ല ഉറക്കവും,   മദ്യലഹരിയിലായിരുന്ന ഹിരോ അവനെ ഉണർത്തും വണ്ണം  ഉച്ചത്തിൽ 
ഭാര്യയുമായി സംസാരിക്കുന്നു.  അച്ഛനെ കണ്ടപ്പോൾ ഉറക്കം മുറിഞ്ഞെഴുനേറ്റ ഷിൻചാനിന്റെ പ്രതികരണം "ഓ എന്റെ ദൈവമേ! ഞാൻ ഇങ്ങേരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ!''
അറിയാതെ കളളിറങ്ങിപ്പോയ ഹിരോയുടെ ശബ്ദം ഇടറി  "ഞാൻ നിന്റെ അച്ഛനാടാ അച്ഛൻ.
മിക്കവാറും കാര്‍ട്ടൂണുകളില്‍ നല്ല ഭാഷയ്ക്ക് പകരം  ഭാഷാവൈകല്യത്തോടെയുള്ള പ്രയോഗങ്ങളാണ് കാണാറ്. പക്ഷെ  ഷിൻചാനിൽ ഭാഷാപ്രാവീണ്യത്തിന്  പ്രാധാന്യം കൊടുത്ത സംഭാഷണങ്ങളാണെന്ന് 
പറയാതെ വയ്യ.എന്നാലും കുഞ്ഞുവായിൽ വലിയ വർത്താനം പറയുന്ന 
ഷിൻചാനിന്റെ ഫാനൊന്നുമായി മാറിയില്ല  പഴയ ടോം ആന്റ് ജെറി ആരാധികയായ ഞാൻ!
പിന്നീട് ഒന്നു രണ്ടാഴ്ച സുമിയേ യോഗായ്ക്ക്  കണ്ടതേയില്ല.ഫോൺ ചെയ്യാനുള്ള അടുപ്പം ഇല്ലാതിരുന്നതിനാൽ അവളുടെ ഒപ്പം ജോലി ചെയ്തിരുന്ന റസിയയോട് അന്വേഷിച്ചു.അത്ഭുതപ്പെടുത്തിയ ഒരു കഥയാണ് റസിയ പറഞ്ഞത്.
നൈനികയാണ് പ്രശ്നം. ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല എന്ന പരാതി അവളെപ്പറ്റി LKG മുതലേ ഉണ്ടായിരുന്നത്രേ.ഇപ്പോൾ ഒന്നാം ക്ലാസിലെ ടീച്ചറാണേൽ അത് ചെയ്തില്ല ഇത് പറഞ്ഞില്ല എന്നിങ്ങനെ  കുറ്റങ്ങളും കുറവുകളുമായി നൈനികയുടെ  ഡയറിയിൽ കുറിക്കുന്നത്  പരാതികൾ മാത്രം.ലഞ്ച്ബ്രേക്കിന്  സുമിയെ ടീച്ചർ  ഫോണിൽ വിളിച്ച് പിന്നെ ചോദ്യം  ചെയ്യലായി.
'നിങ്ങള് പണ്ട് വടക്കേന്ത്യയിലാരുന്നോ. അതോ കൊച്ചിന്റച്ഛൻ ഹിന്ദിക്കാരനാണോ .ഇതെന്താ നൈനിക  മലയാളം പറയാത്തെ.?? '
അന്ന് ഉച്ചതിരിഞ്ഞ്  ബോർഡിൽ കണക്കു ചെയ്യിപ്പിച്ചപ്പോൾ   തെറ്റ് വരുത്തിയ നൈനികയോട്  'എന്നാലിനി sums ഹിന്ദിയിൽ ഇട്ടു തരാം 'എന്നായി ടീച്ചർ. പരിഹാസത്തിൽ നൊന്തുപോയ നൈനിയുടെ ഭാവം മാറി .അവൾ അധ്യാപികയുടെ തോളിൽ കൈവെച്ച് ചോദിച്ചു.
'ആപ് കാ ഘർ പേ കോൻ കോൻ ഹേ! ' ( താങ്കളുടെ വീട്ടിലാരൊക്കെയുണ്ട്?)
പരിഭ്രമം പുറത്തു കിട്ടാതെ അവർ മലയാളത്തിൽ മറുപടി നൽകി.
'ഞാനും ഹസ്ബബൻറും മോനും'.
ടീച്ചറിന്റെ കണ്ണിൽ നോട്ടം തറപ്പിച്ച് നൈനിക ഉറച്ച ശബ്ദത്തിൽ  മുന്നറിയിപ്പ് പോലെ തുടർന്നു.
'സിർഫ് ബദ്നാം  മേ നഹീ മാനൂംഗി.  ആപ് ഓർ ആപ് കെ പരിവാർ കോ ഹഠാ ദിയാ ജായേഗാ.' ( പരിഹാസം അത് ഞാൻ പൊറുക്കില്ല. നിങ്ങളേയും കുടുംബത്തേയും ഇല്ലാതാക്കും 
ഞാൻ! )
പിൻഡ്രോപ് സൈലൻസ് ഭേദിച്ച്  കുട്ടികൾ  പൊട്ടിച്ചിരിച്ചെങ്കിലും ടീച്ചർക്ക് അത് തമാശയായിരുന്നില്ല. നൈനികയുടെ കൈ പിടിച്ച് അവർ ഓഫീസ്റൂമിലേക്ക് കൂട്ടികൊണ്ടുപോയി സുമിയെ വിളിച്ചു വരുത്തി ഒപ്പം വിടുകയും ചെയ്തു..  
വൈകിട്ട് വീട്ടിലെത്തിയിട്ടും നൈനിക ഹിന്ദി മാത്രം സംസാരിക്കുന്നു.
മലയാളം ഏതാണ്ട് പൂർണമായി മറന്ന പോലെ. എന്തെങ്കിലും വേണമെങ്കിൽ പിടിവാശി പിടിച്ച്,  ഉച്ചത്തില്‍ അലറി കരയുക, , തറയില്‍ ആഞ്ഞു ചവിട്ടുക, സ്കൂളിൽ മറ്റുകുട്ടികളുമായി ഹിന്ദിയിൽ വഴക്കുണ്ടാക്കുക, ഉപദ്രവിക്കുക, കൂട്ടുകാര്‍ക്കിടയില്‍ വേറേതോ  കഥാപാത്രമാമെന്ന പോലെ പെരുമാറുക  ഇവയൊക്കെ പതിവായി..
ഹിന്ദിമുൻഷിയായിരുന്ന  മരിച്ചു പോയ തന്റെ മുത്തശ്ശന്റെ ബാധയെങ്ങാനും കൊച്ചിന്റെ ദേഹത്ത് കയറിയതായിരിക്കാമെന്ന  അടുത്ത കുടുംബാംഗങ്ങളുടെ വാക്ക് ചെവിക്കൊള്ളാതെ സുമി  ഒരു കൗൺസലിങ്ങ് സൈക്കോളജിസ്റ്റിന്റെ സഹായം തേടി.
നാലുമുതല്‍ എട്ടു വയസുവരെയുള്ള കുട്ടികൾക്ക് പരസ്യങ്ങളും കാര്‍ട്ടൂണുകളും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയുവാന്‍ കഴിയാറില്ല എന്നാണ് സൈക്കോളജിസ്റ്റ് പറഞ്ഞത്.തിന്മ ചെയ്യുന്നവരെ ഉപദ്രവിക്കാം കൊന്നുുകളയാം എന്ന  സന്ദേശം ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍  കുട്ടികൾക്ക് നല്‍ക്കാറുണ്ട്.. കുടുംബസാഹചര്യങ്ങളിലെ പ്രശ്‌നങ്ങളും ഏറ്റക്കുറച്ചിലുകളും ഈ മനോഭാവത്തിന് ആക്കം കൂട്ടുന്നു. മാതാപിതാക്കൾ  തമ്മിലുള്ള വഴക്ക്, പഠിക്കുവാൻ താൽപ്പര്യമില്ലാത്തതിനാൽ ടീച്ചറിൽ നിന്നും ലഭിക്കുന്ന അവഗണന,  പരിഹാസം, തുടങ്ങിയവ സൃഷ്ടിക്കുന്ന   മാനസിക പിരിമുറുക്കം ഇത്തരം സന്ദർഭങ്ങളെ കൂടുതൽ വഷളാക്കും .രണ്ടു മാസമായി പ്രകാശുമായി പിണങ്ങി കഴിയുകയായിരുന്നു സുമിയെന്നും വിവാഹമോചനത്തിനായി നീങ്ങുന്നതു വരെയായി കാര്യങ്ങളെന്നും  ഞങ്ങൾ അറിഞ്ഞത് അപ്പോൾ മാത്രമാണ്.ചിലർ അങ്ങനെയുമാണ്..
സങ്കടങ്ങൾ ആരോടും പറയാതെ ഹൃദയത്തിൽ ഏഴുതാഴിട്ടു പൂട്ടി വയ്ക്കും .
ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രം എന്ന ചൊല്ലിനേയും മറികടന്ന് അതിലും പതിൻമടങ്ങ്  ശക്തമാണു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നൊരു ഭേദഗതി കൂടി  ചേര്‍ക്കേണ്ടി വരും. ഹിന്ദിയിൽ കണ്ടിരുന്ന ഷിൻചാൻ  കാർട്ടൂണിലൂടെ പരസ്പരസംഭാഷണത്തിന് ഉപയോഗിക്കേണ്ട കൃത്യമായ വാക്കുകള്‍ വരെ നൈനികക്ക് കിട്ടി. ഹിന്ദിയിലെ  പുതിയ പദങ്ങളും ഘടനയും ഉപയോഗരീതിയും കാര്‍ട്ടൂണ്‍ കാണുന്നതിലൂടെ അവൾക്ക് തിരിച്ചറിയാനായി.. 
വളര്‍ച്ചയുടെ പാതയില്‍ കുഞ്ഞുങ്ങളുടെ മനസില്‍ പതിയുന്നതെന്തോ അതായിത്തീരും ഭാവിയിലവർ എന്നതിനുദാഹരണമാണ് കൊച്ചുനൈനിക . അടിയും ഇടിയും ചവിട്ടും സ്ഥിരമായി കണ്ടു വളരുന്ന കുഞ്ഞിന്റെ മനസില്‍ മനുഷ്യ ശരീരമെന്നത് വെറുമൊരു ഡമ്മിയാണെന്ന തെറ്റായ ചിന്ത ഉടലെടുക്കാം.ടിവിക്കും ഫോണിനും മുന്നില്‍ സ്വയം മറന്ന്‌ മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള് ‍നൈനിയുടെ  ഇളം മനസിനെ ക്രൂരതയുടെ കാഠിന്യത്തിലേയ്‌ക്ക് നയിച്ച്  അവൾക്ക് യഥാർത്ഥമനസ് നഷ്ടമാകുന്ന അവസ്ഥ വരെ എത്തിയിരുന്നു. റിലാക്സേഷൻ വ്യായാമങ്ങൾ, കോഗ്നിറ്റീവ് ബിഹേവിയർ തെറാപി ,എക്സ്പോഷർ & റെസ്പോൺസ് പ്രിവെൻഷൻ , സിസ്റ്റമാറ്റിക് ഡീ സെൻസിറ്റൈസേഷൻ, ബ്രയിൻ ലോക്ക്, അക്സെപ്റ്റൻസ് ആന്റ് കമിറ്റ്മെന്റ് തെറാപ്പി അങ്ങനെ കടിച്ചാപ്പൊട്ടാത്ത ചില ചികിത്സാക്രമങ്ങളിലൂടെ  ഒരു നിയോഗമെന്നോണം അവളതിനെ മറികടന്നു.യോഗക്ലാസ്സിൽ അമ്മയും മോളും പഴയതിലും സജീവമാണ്.
'ഇപ്പോൾ നൈനീടെ ടിവി കാഴ്ച  കുറഞ്ഞു,  മറ്റ്‌ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ ഒരു പാട് സമയം കണ്ടെത്തുന്നുണ്ട്, ഉറങ്ങിപ്പോയ വീട് വീണ്ടും കളിചിരികളിൽ ഉണർന്നു '
ഇങ്ങനെ പറയുമ്പോൾ വെയിലിനിടയിലെ വേനല്‍മഴ പോലെ സുമിയുടെ  കണ്ണുകൾ കണ്ണീരിനിടയിലും തിളങ്ങി.
സ്നേഹിക്കുന്നവരുടെ വിഷമങ്ങൾക്കു മുന്നിൽ ഉരുകിയില്ലാതായിപ്പോകുന്ന ദേഷ്യങ്ങളെ കുഞ്ഞുങ്ങൾക്കുള്ളു.
വിലക്കുകളുടെ മുൾപ്പടർപ്പുകളിൽ കുരുങ്ങിപ്പോയ  ആശങ്കകൾ അടർത്തി മാറ്റി നൈനിക എന്ന കുഞ്ഞുസ്വപ്നം വീണ്ടും പടർന്നു തുടങ്ങി. സന്തോഷപൂക്കൾ വിരിയിക്കുവാനായി.
പതിവിലും നീണ്ടുപോയ ഈ കുറിപ്പ് ചിലരുടെ  വിതുമ്പലുകൾ കൂടി ചേർത്ത് വെക്കാതെ പുർത്തിയാക്കാൻ പറ്റുന്നില്ലെനിക്ക്.
തെളിയാതിരുന്നിട്ടും ചെയ്യാത്ത മോഷണത്തിന് കുറ്റവാളിയെപ്പോലെ തല കുനിക്കേണ്ടി വന്ന് പഠനത്തിൽ  പിന്നോക്കം പോയ രജനിയെ, മദ്യപാനിയായ അച്ഛന്റെ സ്കൂളിലേക്കുള്ള വരവ് ഭയന്ന് ഇല്ലാത്ത അസുഖം ഭാവിച്ച് സ്ഥിരം ആബ്സൻറ് ആയിരുന്ന മറിയാമ്മയെ,
തന്റെ രണ്ടാനച്ഛന്റെ രഹസ്യക്കാരിയായിരിക്കാൻ  താത്പര്യമില്ലാതെ കൗമാരം തീരുംമുമ്പ് ജീവിതത്തിൽ നിന്നും സ്വയം ഓടി മറഞ്ഞ രാധാമണിയെ...
ഒരു പക്ഷെ ഏതു ചിരാതിനെയാണോ അവർ കാറ്റിൽ അണയാതെ കാത്തു വെച്ചത് അതിന്റെ  നാളത്തിലാകാം  അവരുടെ   മനസ്സുകൾ  പൊള്ളിപ്പോയതും. സങ്കടത്തിന്റെ  തോട് പൊട്ടിച്ചു വെളിയിൽ വരാൻ അന്ന് ആരെങ്കിലും  അവർക്ക് ഒരു  വിരൽത്തുമ്പ് നീട്ടിയിരുന്നെങ്കിൽ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക