Image

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

Published on 19 June, 2021
അച്ഛനാണ് എന്റെ  മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

അച്ഛന് എഴുതിയ കത്ത് പൊടിതട്ടി എടുത്തു വായിക്കുമ്പോൾ മനസ്സിൽ   അച്ഛൻ നിറഞ്ഞു നിൽക്കുന്നു. ഏറ്റവു० കൂടുതൽ ഇഷ്ട० ഇന്നു०  എന്നെ തനിച്ചാക്കി വിടപറഞ്ഞ അച്ഛനോടു തന്നേ. 😍

എന്റെ അച്ഛന് അമ്മു എഴുതുന്നു,

അച്ഛന് സുഖാണോ ? അമ്മൂന് അച്ഛനോട് ഒരുപാടു പറയാനുണ്ട് . ഈ ഒരിൻലന്റു  ചോദിച്ചതിനു ഒരുപാടു ചീത്ത പറഞ്ഞു അമ്മ.എല്ലാ ആഴ്ചയും ഈ കുട്ടിക്ക്  എന്താ ഇത്ര എഴുതാൻന്നു ചോദിക്കാ..എനിക്കൊരുപാട് എഴുതാനുണ്ട് എന്റെ അച്ഛന് .അമ്മക്കതറിയില്ല്യാലോ. അമ്മൂന് ഇന്നലെ ഒരുപാടു സങ്കടം വന്ന ദിവസ്സായിരുന്നു. അമ്മു കരഞ്ഞില്ല. എന്തിനാ കരയണേ  അമ്മു തെറ്റൊനും ചെയ്യാറില്ലാന്നു അച്ഛനറിയില്ലേ ..ഇന്നലെ നല്ല  മഴയായിരുന്നു . സ്കൂൾ വിട്ടപ്പോൾ ഞാനും വസുമാഷിന്റെ മകൾ ഗീതയും, കൊളങ്കര വിജിയും, മങ്ങാട്ടെ രാധാകൃഷ്ണനും, സെയ്തും, ബാലനും ഒക്കെ കൂടി നടന്നു വരായിരുന്നു .നമ്മുടെ ആറ്റാശ്ശേരി തോടില്ലേ മഴ കാരണം കുറെ വെള്ളമുണ്ട്. അത് മുറിച്ചു കടക്കാൻ തോടങ്ങായിരുന്നു . വെള്ളത്തിന്റെ ഒഴുക്കിൽ ഞങ്ങൾ പോണ്ടതാ  ആ ചേക്കുമാപ്പിളയാ രക്ഷിച്ചേ ..അമ്മ പറഞ്ഞു ഗുരുവായുരപ്പൻ കാത്തതാന്ന്.. പിന്നെ വേറൊരു കാര്യം കേൾക്കണോ  കുറച്ചു ദിവസ്സായി കൈസറു ഭയങ്കര ബഹളാ ..കൊരച്ചു  അടുത്തുള്ള ആളുകളെ ഒക്കെ പേടിപ്പിക്കാ . നാപ്പൻ പറയാ ഇതിനെ ആരേലും തല്ലികൊല്ലും ന്ന് . എത്ര പറഞ്ഞാലും കൈസറു കേൾക്കില്ല. അമ്മു പറയുമ്പോൾ വാലാട്ടി വാലാട്ടി അമ്മുനോട് കൊഞ്ചാൻ വരും . അച്ഛാ, അതിനെ ആരും കൊല്ലാഞ്ഞാൽ മതിയായിരുന്നുല്ലേ. പിന്നേയ്  നമ്മുടെ മണികുട്ടി പാവാ. എന്നും രാത്രി എന്നെ പറ്റിചേർന്നാ കിടക്കാ..കുറു കുറു ന്നു വലിക്കണ ശബ്ദം . അത് മാത്രാ എനിക്ക് പിടിക്കാത്തെ. അമ്മ എന്നും എന്നെ ചീത്ത പറയും . പൂച്ച കുട്ടീടെ രോമം വായിലൂടെ അകത്തു ചെന്നാൽ സൂക്കെട്  പിടിക്കുംത്രെ . പാറൂ കുശുമ്പിയാ ..എന്നും അമ്മു കള്ളി കള്ളി എന്ന് പറയും . എന്തൊരു നാവാ ആ തത്തയ്ക്ക് ന്നറിയോ.. പഴം കൊടുത്താൽ അമ്മു ചന്തകുട്ടി ന്നു പറയും. ഞാനൊരു കാര്യം ചോദിക്കട്ടെ അച്ഛാ , മുല്ല പൂവ് കോർത്ത്‌ മുടിയിൽ വെച്ചാൽ പേൻ വരുമോ.. അതേയ്  മുണ്ടിച്ചി തള്ള  പറഞ്ഞതാ ട്ടോ. അനിയൻ കുട്ടിക്ക് സുഖാട്ടോ  അച്ഛാ . അവൻ ഇപ്പോൾ ഒന്നാം ക്ലാസ്സിലാ . ഞാൻ മൂന്ന് എ യിലും. അവനെ ഞാൻ കൈ പിടിച്ചാ സ്കൂളിൽ കൊണ്ടുപോവാ. അവനു രാത്രിയായാൽ തെക്കിനീന്നു വടിക്കിനിയിൽ പോവാൻ പേടിയാ. അമ്മേടെ സാരീടെ തുമ്പത്താ എപ്പോഴും. എനിക്ക് ഒരു പേടിയും ഇല്ലാ . ഞാൻ രാത്രി മുകളിലെ ചെറിയ അറയിൽ ജനലിൽ കൂടി പുറത്തെക്ക്  നോക്കി നില്ക്കും. കൂനൻ മല കാണാം . ഒടിയൻ കൂനൻ മലയിൽ നിന്നും ഇറങ്ങി വരുന്നുണ്ടോ ന്നു നോക്കാനാ..ഇന്നലെ അമ്മേടെ കയിൽ നിന്നും എനിക്ക് അടികിട്ടി  പുറത്തേക്കു നോക്കി നില്ക്കണേന്. 

അച്ഛാ എന്നാ വരാ . എനിക്കും ബോംബയ്യിൽ വരണംന്നുണ്ട് . സ്കൂൾ പൂട്ടണ്ടേ..അച്ഛൻ വരുമ്പോൾ കുറെ ഈൻലെന്റ് കൊണ്ടുവരണം. അങ്ങിനെയാണേൽ എന്റെ അച്ഛന് എനിക്ക് എന്നും കത്തയക്കാലോ. പിന്നെ ഒരു  പുസ്തകം വേണം. ഞങ്ങളുടെ മാഷ്‌ പറയാ അച്ഛൻ മകളൾക്കയച്ച കത്തുകൾ (നെഹ്‌റു ഇന്ദിരക്കയച്ചത്) വായിക്കാൻ. അച്ഛൻ ആ പുസ്തകം കൊണ്ട് വരണേ .അച്ഛാ ഇനി എഴുതാൻ ഇതിൽ സ്ഥലം ഇല്ല..ഇൻലെന്റു  ചെറുതാ ...ശരിട്ടോ അച്ഛാ..ഒരു കാര്യം എഴുതാൻ മറന്നു . ഞാൻ അച്ഛമ്മയുടെ അടുത്ത് പോവാറുണ്ട്. എപ്പോഴും പറയും രാമൻകുട്ട്യേ കാണണംന്നു ...അച്ഛൻ വേഗം വരണേ ... അമ്മു കാത്തിരിക്കും.....

അച്ഛന്റെ സ്വന്തം അമ്മുട്ടി ..

ജനിച്ച ദിവസം മുതൽ അച്ഛനായിരുന്നു എനിക്കെല്ലാം .  ദാദറിലെ ആദർശ്ശ് നഗറിലെ ഗോപാലൻ ഡോക്ടറുടെ ആശുപത്രിയിലായിരുന്നു ഞാൻ ജനിച്ചത്. ജനിച്ച എന്നെ ആദ്യം കൈയ്യിൽ വാങ്ങിയതും അച്ഛൻ തന്നെയായിരുന്നു എന്ന് അമ്മ പറയാറുണ്ട്. രണ്ടു പെൺകട്ടികൾക്കു ശേഷം മൂന്നാമതായി ജനിച്ച പെൺകുഞ്ഞ് ....അമ്മക്ക് ആൺ കുഞ്ഞ് ജനിക്കാത്തതിലുള്ള ചെറിയ സങ്കടം മാറ്റുവാൻ വേണ്ടി അച്ഛൻ പറയുമായിരുന്നത്രെ ഇവൾ നമുക്ക് ആൺകുട്ടി തന്നെയാണെന്ന്.   നല്ല ആരോഗ്യവും ചുരുണ്ട മുടിയും ഉള്ള എന്നെ പാന്റും ഷർട്ടും ഒക്കെ അണിയിച്ച്  അച്ഛൻ കൈ പിടിച്ച്  നടത്തിയിരുന്ന കാഴ്ചയെ കുറിച്ച് പലപ്പോഴും പിള്ളയങ്കിളിന്റെ ആന്റി പറയുമായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ തെറ്റു കാണുമ്പോൾ പ്രതികരിക്കാനും, സഹജീവികളെ കരുണയോടെ കാണുവാനും സ്നേഹിക്കാനും പഠിപ്പിച്ചത് എന്റെ അച്ഛൻ തന്നെ. എന്റെ അച്ഛന്റെ കയ്യിൽ ഒരു ചുവപ്പു സഞ്ചിയിൽ കുറെ നാണയ തുട്ടുകളുണ്ടാവും. വിശക്കുന്നവന് അന്നം കൊടുക്കുവാൻ  ഇതുപകരിക്കും എന്നാണ് അച്ഛൻ പറഞ്ഞിരുന്നത്.  അച്ഛമ്മയും അച്ഛച്ഛനും അച്ഛന് ദൈവത്തിന് തുല്യമായിരുന്നു. രണ്ട് അനിയത്തിമാരും രണ്ട് അനിയന്മാരുമായിരുന്നു അച്ഛന്. അവരെയെല്ലാം നല്ല രീതിയിൽ ജീവിക്കാൻ അച്ഛൻ പ്രാപ്തരാക്കി. സമ്പത്തിനെ സ്നേഹിക്കാത്ത , ആഡംബര മോഹമില്ലാത്ത എന്റെ അച്ഛൻ ധരിച്ചിരുന്നതു് വെളുത്ത ഖദർ ജുബയായിരുന്നു.

ബാല്യകാലത്ത് ആഹാരപ്രിയയായ എന്നെ ചെർപ്പുളശ്ശേരി ബ്രാഹ്മൺസ് ഹോട്ടലിൽ കൊണ്ടുപോയി മസാല ദോശയും, വടയും,  നെയ്റോസ്റ്റും ബ്രൂ കാഫിയുമൊക്കെ വാങ്ങിതരുമായിരുന്നു മുംബൈയിൽ നിന്നും നാട്ടിൽ സ്ഥിര താമസമാക്കിയപ്പോൾ  പറമ്പുവാങ്ങി വീടു വെച്ച് അവിടെ പച്ചക്കറിയും കൃഷിയും ചെയ്യാനും അച്ഛന് മടിയില്ലായിരുന്നു. മുണ്ടിച്ചിക്കും ചാത്തനുമൊപ്പം അച്ഛനും കൈ കോട്ടെടുത്തു കിളക്കാൻ  കൂടും. കപ്പ, മധുരകിഴങ്ങ്,  കൂർക്ക, എള്ള് | മുതിര, ചേമ്പ്, ചേന, നേന്ത്രക്കായ  വിവിധതരം പച്ചക്കറികൾ, എല്ലാം വീട്ടിലേക്കും അയലത്തുള്ളവർക്കും കൊടുത്തു കഴിഞ്ഞാൽ സേലത്ത് കൊണ്ടുപോയി വിൽക്കുമായിരുന്നു. അതായിരുന്നു എന്റെ അച്ഛൻ. കഠിനമായി അധ്വാനിക്കാൻ മടിയില്ല. സരസമായി സംസാരിക്കും.  അച്ഛന്റെ മുംബൈ കഥകൾ കേൾക്കാൻ ഞങ്ങൾ കുട്ടികളും അച്ഛമ്മയും പൂമഖത്തിരിക്കും.

എന്റെ അച്ഛന്റെ രാഷ്ട്രീയം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.  അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ തൊഴിലാളി യൂണിയൻ ലീഡറായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരുടെ വേദനയറിഞ്ഞിരുന്ന എം ആർ കെ നായർ  സാബ് അവരുടെ പ്രിയപ്പെട്ട സഹോദരനായിരുന്നു. വർളിയിലെ   പല തൊഴിലാളി യൂണിയൻ സമരങ്ങളിലും അച്ഛൻ മുന്നിൽ ഉണ്ടായിരുന്നു. മദ്രാസികളെ  മുംബൈയിൽ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ശിവസേന നടത്തിയ രാഷ്ട്രീയ കളിയിൽ ചെറുത്തു നിൽക്കുവാനും , മലയാളികളെ മാത്രമല്ല തമിഴരെയടക്കം സംരക്ഷിക്കുവാനും അച്ഛൻ  മുൻപന്തിയിൽ ഉണ്ടായിരുന്നു . അന്ന്  സമാജങ്ങൾ ഉണ്ടായിരുന്നില്ല.

മാട്ടുംഗയിലെ റെയിൽവേ കോളനിയിൽ താമസിക്കുന്ന പിള്ളയങ്കിളിന്റെ വീട്ടിൽ ഒരു കൂട്ടം മലയാളി കുടുംബങ്ങൾ ഒരുമിക്കുമായിരുന്നു. ഓണാഘോഷവും പിറന്നാളുകളും അവരുടെ സ്നേഹ ബന്ധങ്ങളെ ഊഷ്മളമാക്കി. നാട്ടിൽ നിന്നും ഒരുപാടു മലയാളി യുവാക്കളെ മഹാ നഗരത്തിൽ കൊണ്ടുവന്ന് ഉപജീവനമാർഗ്ഗം നേടികൊടുത്തു ഇന്ദിരാഗാന്ധിയുടെ പ്രസംഗം കേൾക്കാൻ എവിടെയുണ്ടെങ്കിലും അച്ഛൻ പോകുമായിരുന്നു. കൂടെ  കൊച്ചു ഗിരിജയും❤️
എന്റെ അച്ഛന്റെ സ്നേഹം, അനുഗ്രഹം എല്ലാം ഇപ്പോഴും എനിക്കൊപ്പമുണ്ട്.❤️

ബാല്യകാലത്തെന്നെ നെഞ്ചോടക്കി
തലോടുന്ന അച്ഛനെയാണെനിക്കിഷ്ടം. 
മിഴികളിൽ കരിമഷിയെഴുതിയെന്നെ
സുന്ദരിയാക്കുന്ന അച്ഛനെയാണെനിക്കിഷ്ടം.
ചുരുൾമുടി തഴുകി തലോടി
എന്നെയുറക്കുന്ന അച്ഛനെയാണെനിക്കിഷ്ടം.
കണ്ണുനീർ തൂകി ഞാൻ കൊഞ്ചിക്കരയുമ്പോൾ
മാറോടണക്കുന്ന അച്ഛനെയാണെനിക്കിഷ്ടം.
ആ വിരൽ തുമ്പിന്റെ സ്പർശനമേൽക്കുമ്പോൾ
നിർവൃതിയിൽ ഞാൻ അലിഞ്ഞിരുന്നു...
യൗവനകാലത്ത് എന്നെ തനിച്ചാക്കി
ആകാശവീഥിയിൽ നക്ഷത്രമായെന്നെ
നോക്കിചിരിക്കുന്ന അച്ഛനെയാണെനിക്കിഷ്ടം.❣️

ഗിരിജ ഉദയൻ

Join WhatsApp News
Dilraj Divakaran 2021-06-19 16:34:21
Supeeb Chechi 💕💕💕
Jyothylakshmy 2021-06-20 16:06:01
മനസ്സിൽ തങ്ങിനിൽക്കുന്ന അച്ഛനൊപ്പമുള്ള ബാല്യകാല ഓർമ്മകൾ വളരെ ഭംഗിയായി, യാതൊരു മറയും കൂടാതെ എഴുതിയിരിക്കുന്നു. ഈ സാഹിത്യകാരിക്ക് എന്നും കൂട്ടായി അച്ഛൻ കൂടെ ഉണ്ടാകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക