Image

അസമില്‍ രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനിമുതല്‍ സര്‍ക്കാരാനുകൂല്യങ്ങള്‍ നല്‍കില്ല

Published on 20 June, 2021
അസമില്‍ രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്  ഇനിമുതല്‍  സര്‍ക്കാരാനുകൂല്യങ്ങള്‍ നല്‍കില്ല
ഗുവാഹാട്ടി: വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യാനയത്തെ ആസ്പദമാക്കിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹതയുണ്ടാവില്ല. ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളാവാന്‍ കഴിയില്ല. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാവാനും കഴിയില്ല.

സമീപഭാവിയില്‍ത്തന്നെ ജനസംഖ്യാവനിതാ ശാക്തീകരണ നയം സര്‍ക്കാര്‍ നടപ്പില്‍ വരുത്തും. തേയിലത്തോട്ട തൊഴിലാളികള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കും. ഈവര്‍ഷം ജനുവരി ഒന്നിനാണ് നയം പ്രാബല്യത്തില്‍ വന്നത്.

കുടുംബത്തിന്റെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി അസമിലെ കുടിയേറ്റ മുസ്‌ലിംകളോട് അഭ്യര്‍ഥിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യ ഇനിയും പെരുകിയാല്‍ താമസിക്കാനുള്ള സ്ഥലത്തെച്ചൊല്ലി തര്‍ക്കമുണ്ടാകും. എന്നാല്‍, ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ചില റിപ്പോര്‍ട്ടുകള്‍ ഉന്നയിച്ച് തള്ളി. അസമിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 2015’16ലെ 2.2ല്‍ നിന്ന് 2020’21ല്‍ 1.9 ആയി കുറഞ്ഞു. അതായത് അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാള്‍ കുറവായിരിക്കും കോണ്‍ഗ്രസ് വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക