Image

പൈലറ്റും എസ്‌കോര്‍ട്ടും നിഷേധിച്ചു ; ഗണ്‍മാനെ വഴിയിലറക്കിവിട്ട് മുരളീധരന്‍

ജോബിന്‍സ് തോമസ് Published on 20 June, 2021
പൈലറ്റും എസ്‌കോര്‍ട്ടും നിഷേധിച്ചു ; ഗണ്‍മാനെ വഴിയിലറക്കിവിട്ട് മുരളീധരന്‍
കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ കേരളത്തിലെത്തുമ്പോള്‍ നല്‍കി വന്നിരുന്ന സുരക്ഷാ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും ഇനിയില്ല. വൈ കാറ്റഗറി സുരക്ഷയിലുള്ളവര്‍ക്ക് ഇവ രണ്ടും നിര്‍ബന്ധമില്ലെന്നാണ് മാനദണ്ഡങ്ങളിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ഇന്നലെ തിരുവനന്തപുരത്ത് വന്നിറങ്ങിയ മന്ത്രിക്ക്  ഗണ്‍മാനെ മാത്രമാണ് നല്‍കിയത്. 

വിമാനത്താവളത്തില്‍ കാത്തുനിന്ന ഗണ്‍മാനാണ് എസ്‌കോര്‍ട്ടും പൈലറ്റും ഇനി ഉണ്ടാവില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത്. മറ്റു സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ അവിടങ്ങളില്‍ പൈലറ്റ് വാഹനങ്ങള്‍ ഉണ്ടാവുമെന്നു ഗണ്‍മാന്‍ അറിയിച്ചെങ്കിലും അതും ഇല്ലായിരുന്നു. ഗണ്‍മാന്റെ സേവനം മാത്രം ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി ഗണ്‍മാനോട് വഴിയില്‍ ഇറങ്ങിക്കോളാന്‍ പറഞ്ഞു. 

ഇതേ തുടര്‍ന്ന് ഗണ്‍മാനായെത്തിയ ബിജു ബേക്കറി ജംഗ്ഷനില്‍ ഇറങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷമായി വി.മുരളീധരന്‍ കേരളത്തിലെത്തുമ്പോള്‍ എസ്‌കോര്‍ട്ടും പൈലറ്റും നല്‍കിയിരുന്നു. എന്നാല്‍ മറ്റു സുരക്ഷാ പ്രശ്‌നങ്ങളില്ലെങ്കില്‍ ഗണ്‍മാനും താമസസ്ഥലത്ത് രണ്ട് പോലീസുകാരും മാത്രമാണ് വൈ കാറ്റഗറി സുരക്ഷക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വിശദീകരണം. 

മന്ത്രിയും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. നിരന്തരമായി സര്‍ക്കാരിനെതിരെ മന്ത്രി വിമര്‍ശനങ്ങളുമുന്നയിച്ചിരുന്നു. എന്നാല്‍ സുരക്ഷ എടുത്തു മാറ്റിയതിനെക്കുറിച്ച് കേരളാ പോലീസിനോട് ചോദിക്കണമെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രതികരിച്ചത്. 

ഈ വിഷയത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകാനാണ് സാധ്യത. മന്ത്രിക്ക് സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം അറിയിപ്പ് നല്‍കിയാല്‍ സംസ്ഥാനത്തിന് ഇത് അനുസരിക്കേണ്ടിവരും. മുമ്പ് ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര ആവശ്യപ്രകാരം സുരക്ഷ അനുവദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക