Image

ഗര്‍ഭചിദ്ര അവകാശം ; ബൈഡനടക്കമുള്ളവര്‍ക്ക് കുര്‍ബാന സ്വീകരണം നിഷേധിക്കാന്‍ നീക്കം

ജോബിന്‍സ് തോമസ് Published on 20 June, 2021
ഗര്‍ഭചിദ്ര അവകാശം ; ബൈഡനടക്കമുള്ളവര്‍ക്ക് കുര്‍ബാന സ്വീകരണം നിഷേധിക്കാന്‍ നീക്കം
ഗര്‍ഭചിദ്രത്തിനനുകൂലമായി നിലപാടെടുക്കുന്ന നേതാക്കള്‍ക്ക് കുര്‍ബാന സ്വീകരണം നിഷേധിക്കാന്‍ അമേരിക്കന്‍ കത്തോലിക്കാ സഭയില്‍ നീക്കം. ഇതിനായുള്ള കരടിന് യുഎസ് ബിഷപ്പ് കോണ്‍ഫറന്‍സില്‍ 55 നെതിരെ 168 വോട്ടുകള്‍ക്ക് ധാരണയായി. ഇങ്ങനെ വന്നാല്‍് ഉത്തമ കത്തോലിക്കാ വിശ്വാസിയായ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവരെയാകും വി.കുര്‍ബാന സ്വീകരണത്തില്‍ നിന്നും വിലക്കുന്നത്. 

അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാരില്‍ ഈ വിഷയത്തില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. യാഥാസ്ഥിതിക ബിഷപ്പുമാരാണ് ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് കുര്‍ബാന സ്വീകരണം അനുവദിക്കരുതെന്ന നിലപാടിന് പിന്നില്‍. ഗര്‍ഭചിദ്രത്തിനെതിരായ നിലപാട് സ്വീകരിക്കാന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ലക്ഷ്യം.

ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്ന നിലപാടാണ് കത്തോലിക്കാസഭ പണ്ടു മുതല്‍ സ്വീകരിക്കുന്നത് എന്നാല്‍ കത്തോലിക്കാവിശ്വാസിയായ ജോ ബൈഡന്‍ ഗര്‍ഭചിദ്രം അവകാശമാക്കണമെന്ന നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. ഇതേ തുടര്‍ന്നാണ് യഥാസ്ഥിതിക ബിഷപ്പുമാര്‍ ബൈഡനെതിരെ നിലപാട് സ്വീകരിച്ചത്. 

ഇപ്പോള്‍ യുഎസ് ബിഷപ്പ് കൗണ്‍സില്‍ എടുത്തിരിക്കുന്ന നിലപാട് വത്തിക്കാന്റെയും മാര്‍പ്പാപ്പയുടേയും നിലപാടുകള്‍ക്കെതിരാണ്. ബിഷപ്പുമാരുടെ യോഗത്തില്‍ ഇങ്ങനെയൊരു നീക്കത്തിന് സാധ്യത കണ്ടപ്പോള്‍ തന്നെ വി.കുര്‍ബാനയെ ഒരു സമ്മര്‍ദ്ദായുധമാക്കി മാറ്റരുതെന്ന് കാണിച്ച് വത്തിക്കാന്‍ അമേരിക്കയിലെ ബിഷപ്പ് മാര്‍ക്ക് കത്തയച്ചിരുന്നു. ഈ കത്തിനേയും അവഗണിക്കുന്നതാണ് ഇപ്പോള്‍ പാസാക്കിയിരിക്കുന്ന കരട്. 

എന്നാല്‍ ഇതൊരു സ്വകാര്യ വിഷയമാണെന്നും പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയില്ലെന്നുമാണ് സഭയുടെ നീക്കത്തെക്കുറിച്ച് ജോ ബൈഡന്‍ പ്രതികരിച്ചത്. കത്തോലിക്കാ വിശ്വാസങ്ങളേയും ആചാരങ്ങളേയും കൃത്യമായി പിന്തുടരുന്ന വ്യക്തിയാണ് ജോ ബൈഡന്‍. 

എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതും വി.കുര്‍ബാന നല്‍കുന്നതും ബിഷപ്പുമാരുടെ അധികാരപരിധിയില്‍ വരുന്ന കാര്യമായതിനാല്‍ യുഎസ് ബിഷപ്പ് കൗണ്‍സിലിലെ ഈ ചര്‍ച്ച ഏറെ ഗൗരവത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 

ഏന്തിന്റെ പേരിലായാലും വി.കുര്‍ബാനയെ ഒരു സമ്മര്‍ദ്ദത്തിനൊ സമരത്തിനൊ ഉള്ള ആയുധമാക്കി മാറ്റരുതെന്നാണ് ഇതിനെ എതിര്‍ക്കുന്ന ബിഷപ്പുമാര്‍ പറയുന്നത് . വി.കുര്‍ബാനയിലും മറ്റു മതചടങ്ങുകളിലും ഇപ്പോള്‍ തന്നെ ആളുകള്‍ കുറയുന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക