Image

ഒരു ദിവസം 13 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്കി ആന്ധ്രാപ്രദേശ്

Published on 20 June, 2021
ഒരു ദിവസം 13 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്കി ആന്ധ്രാപ്രദേശ്

ഹൈദരാബാദ്: ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി റെക്കോര്‍ഡ്  സംസ്ഥാനമായി ആന്ധ്രാപ്രദേശ്. ഞായറാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കി. ആന്ധ്രാപ്രദേശില്‍ ഇതിനോടകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിടുകയും ചെയ്തു. 

മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് വാക്‌സിന്‍ നല്‍കിയത്. 13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണി മുതലാണ് മെഗാ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിനേഷന്‍ നടന്നത്. 

ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിലുള്ളത്. നേരത്തെ ഒരുദിവസം ആറ് ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയും ആന്ധ്രാ റെക്കോര്‍ഡിട്ടിരുന്നു. 

കോവിഡിനെ തടയാനുള്ള ഒരെയൊരു മാര്‍ഗം വാക്‌സിനേഷന്‍ ആണെന്ന ധാരണയോടെ ഈ നേട്ടം സാധ്യമാക്കിയതിന്റെ ബഹുമതി ഇതിനായി മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക