Image

കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അമ്മയുടെ 3 മിസ് കോള്‍; ഇങ്ങേ തലയ്ക്കു ഫോണെടുക്കാന്‍ മകന്‍ ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ;നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

Published on 20 June, 2021
കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അമ്മയുടെ 3 മിസ് കോള്‍; ഇങ്ങേ തലയ്ക്കു ഫോണെടുക്കാന്‍ മകന്‍ ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ;നൊമ്പരപ്പെടുത്തുന്ന കുറിപ്പ്


ട്രെയിനില്‍ നിന്നും വീണ് സംഭവിക്കുന്ന അപകടങ്ങള്‍ കൂടി വരികയാണ്. പലതിനും കാരണം അശ്രദ്ധ തന്നെയാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നവരാണ് പലരും. ഇരിക്കാന്‍ സ്ഥലം ഉണ്ടെങ്കിലും ഡോറിനടുത്തു നിന്നും യാത്ര ചെയ്യുന്നത് പതിവാക്കിയവരും ഉണ്ട്. ഈ പ്രവണത നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് സിജോ ജോയുടെ ദാരുണാന്ത്യം. സിജോ ജോയ്ക്ക് ആദരമര്‍പ്പിച്ച് ഹരി നോര്‍ത്ത് കോട്ടച്ചേരി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. 

ഫസ്ബുക്ക് കുറിപ്പ് വായിക്കാം,
തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് ഇന്നലെ വീടിന് സമീപം ട്രെയിനില്‍ നിന്ന് വീണ പലക്കാട് ആലത്തൂര്‍ വടക്കഞ്ചേരി സ്വദേശിയും യുവ ആരോഗ്യ പ്രവര്‍ത്തകനുമായ സിജൊ ജോയുടെ  ദാരുണാന്ത്യം. ഇന്നലെ രാവിലെയായിരുന്നു മുംബൈയില്‍ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിന് സമീപം വീണ് മരിക്കുന്നത്. </p>
ഉന്നത വിദ്യാഭ്യാസമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനായിരുന്നു. ഗുജറാത്ത് നിന്ന് മുംബൈലയിലേക്ക് ജോലി മാറി അവിടെ നിന്ന് യുഎസിലേക്കു പോകാനുള്ള ഒരുക്കത്തിനിടെ ഒരു മാസം കുടുംബത്തോടൊപ്പം കഴിയാന്‍ നാട്ടിലെക്ക് വരുന്നതായിരുന്നു. കാസര്‍ഗോഡ് എത്തിയെന്ന് നാട്ടിലുള്ള സഹോദരന് മെസേജ് പോയിരുന്നു.
ബോഡി എടുക്കുന്ന സമയം സിവില്‍ ഡിഫന്‍സ് ആളിനെ തിരിച്ചറിയാന്‍ പരിശോധിച്ചപ്പോള്‍ എ ടി എം കാര്‍ഡ് അല്ലാതെ മറ്റു രേഖകള്‍ ഒന്നുമില്ലായിരുന്നു. ഇയര്‍ ഫോണ്‍ ചെവിയില്‍ തന്നെ ഘടിപ്പിച്ച നിലയില്‍ ആയിരുന്നു. പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ ലോക്കല്ലാത്തതിനാല്‍ അവസാനം വിളിച്ച നമ്പരില്‍ ബന്ധപ്പെട്ടപ്പൊള്‍ ആളിനെ പെട്ടെന്ന് തിരിച്ചറിയാനായി. കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ പയ്യന്റെ അമ്മയുടെ 3 മിസ് കോള്‍ വേദനയുണ്ടാക്കി. ഇങ്ങേ തലയ്ക്കു ഫോണെടുക്കാന്‍ മകന്‍ ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ.
പയ്യന്റെ ജ്യേഷ്ഠനും അമ്മാവനും , ഇളയച്ചനും ഇന്നലെ വൈകിട്ടോടെ ജില്ലാ ആശുപത്രിയില്‍ എത്തി. അന്യ നാട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ബന്ധുക്കള്‍ക്ക് ഒരു തുണയായി ഇന്നലെ വൈകിട്ട് എത്തിയത് മുതല്‍ ആവശ്യമായ എല്ലാ സഹായ സഹകരണവുമായി  നന്മമരം കാഞ്ഞങ്ങാട് പ്രവര്‍ത്തകര്‍ കൂടെ ഉണ്ടായിരുന്നു. രാവിലെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടേ മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോയി.
ട്രെയിനില്‍ ഡോറിനടുത്തിരുന്ന് കഴിയുന്നതും യാത്ര ചെയ്യാതിരിക്കുക. മറ്റൊരിടത്തും ഇരിപ്പിടമില്ലെങ്കില്‍ പോലും ഈ ഇരുപ്പ് ഒഴിവാക്കണം. ട്രെയിനിന്റെ വേഗതയും കാറ്റും മൂലം വളരെ വേഗം കണ്ണുകളില്‍ ആലസ്യം പടരും. പാളങ്ങളില്‍ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോള്‍ ട്രെയിന്‍ വേഗത കൂടുമ്പോള്‍ വാതില്‍ അതിശക്തിയോടെ അടയും. എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണ്.
ആദരാഞ്ജലികള്‍ പ്രിയ സഹോദരാ




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക