Image

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

Published on 21 June, 2021
എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഏകദേശം ഒരു വർഷം കഴിഞ്ഞിരിക്കുന്നു, കൊച്ചുമക്കളെ കണ്ടിട്ട്. ഫോണിൽ കൂടിയുള്ള ഹലോ, ഹായിൽ ഒതുങ്ങുന്ന ബന്ധങ്ങൾ.
ഇന്ന് ക്ലാസ്സു കഴിഞ്ഞു വന്നപ്പോൾ നല്ല ക്ഷീണം. കുറച്ചു നേരം കണ്ണുമടച്ചങ്ങിനെ കിടന്നു. മയങ്ങിപ്പോയതറിഞ്ഞില്ല. അപ്പോഴാണ് മൊബൈൽ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടത്.

മകളുടെ കോൾ...
" ഹലോ.., മോളെ.., എന്താ വിശേഷം?"
"അമ്മൂമ്മേ.., ഇത് അപ്പൂസാ.", ചിരിച്ചു കൊണ്ടവൻ പറഞ്ഞു.
"ഹായ് അപ്പൂസ്, എന്താ വിശേഷം? പരീക്ഷയൊക്കെ കഴിഞ്ഞോ? എന്നാ ഇങ്ങോട്ട് വരുന്നേ?"
"പരീക്ഷ നാളെ കഴിയും അമ്മൂമ്മേ. മറ്റന്നാൾ ഞങ്ങളവിടെ എത്തും.., ഒരാഴ്ച ഞങ്ങളവിടെ ഉണ്ടായിരിക്കും."
"അത്യോ...! സന്തോഷായി ട്ടൊ കുട്ടാ."
"അത്യേയ്.. അമ്മൂമ്മേ.., ഞങ്ങൾ വരുമ്പോഴേക്കും ദേവൂട്ടിയുടെ കഥ റെഡിയാക്കിക്കോളൂ."

"ഓക്കെ ഓക്കെ..", ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അടുത്ത ദിവസം മകളും കുട്ടികളും എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.

വന്നപാടെ കുട്ടികൾ രണ്ടു പേരും മടിയിൽ കയറി ഇരുപ്പായി.

"അമ്മൂമ്മേ.., ദേ..., ഞങ്ങള് കുളിച്ചുവന്ന്, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അമ്മൂമ്മ കഥ പറഞ്ഞു തരണം ട്ടൊ", അപ്പു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

അവർ വരുമ്പോഴേക്കും ദേവൂട്ടിയുടെ കഥ തയ്യാറാകണം. എന്റെ ഓർമ്മകൾ വീണ്ടും ദേവൂട്ടിയുടെ ബാല്യകാലത്തിലേയ്ക്ക് തിരിച്ചുപോയി.

ദേവൂട്ടിയുടെ കഥകൾ..., എത്ര പറഞ്ഞാലും തീരാത്ത കഥകൾ..!
ദേവൂട്ടിയുടെ കുസൃതികളും, സന്തോഷങ്ങളും, സങ്കടങ്ങളും നിറഞ്ഞ കഥകൾ.

" അമ്മൂമ്മേ.., ഞങ്ങൾ റെഡി."
അപ്പൂസും അമ്മൂസും ഓടി വന്ന് എന്റെ മടിയിൽ തല വെച്ച്, മുഖത്തോട്ടു നോക്കി കിടപ്പായി.
"ഉം..., പറഞ്ഞു തുടങ്ങിക്കോളൂ."

ഇന്നലേകളുടെ ഓർമ്മകളിലേയ്ക്ക് വീണ്ടുമൊരു തിരനോട്ടം.

ഒരിക്കലും തിരിച്ചു കിട്ടാനാകാത്ത ആ ബാല്യത്തിലേയ്ക്ക് മുങ്ങാകുഴിയിടുമ്പോൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കും..,
"എന്തിനാ വെറുതെ കഴിഞ്ഞ കാലത്തിലേയ്ക്ക് തിരികെപ്പോകുന്നേ...? പിന്നേയും ഓർത്തോർത്ത് വിഷമിക്കാനോ !"

"അമ്മൂമ്മേ.., പറയൂന്നേയ്."
"ഉം.., പറയാം.. പറയാം."

" അഞ്ചാം ക്ലാസ്സിലെകൊല്ലാവസാനപ്പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം.., ദേവൂട്ടിയും കൂട്ടുകാരും ഒരു ദിവസം പോലും വെറുതെ കളയില്ലായിരുന്നു. ഓടിക്കളിച്ചും, ഒളിച്ചുകളിച്ചും പൂമ്പാറ്റകളെപ്പോലെ തൊടിയിൽ പാറിപ്പറന്നു നടന്ന കാലം.

ദേവൂട്ടീടെ വീട്ടുവളപ്പിൽ നിറയെ മൂവാണ്ടൻ മാവുകൾ ഉണ്ടായിരുന്നു.

തെക്കേലെ വാവയും ഈച്ചുവും മറ്റും കൂടി കല്ലെടുത്തെറിഞ്ഞ് മാങ്ങ വീഴ്ത്തും.നിലത്ത് വീണ് ചതഞ്ഞ, മൂത്തു ചെനച്ച മാങ്ങ തിന്നാൻ എന്തു സ്വാദാണെന്നോ!"

"അവധിക്കാലമായാൽ അടുക്കളയിൽ നിന്നും പല സാധനങ്ങളും കളവുപോകും. ദേവൂട്ടീ പതുങ്ങിച്ചെന്ന് ഒരിലക്കഷണത്തിൽ കുറച്ച് മുളകുപൊടിയും ഉപ്പും കൂടി വെളിച്ചെണ്ണയിൽ ചാലിച്ചെടുക്കും.എന്നിട്ട് എല്ലാവരും കൂടി വളപ്പിൽത്തന്നെ വട്ടമിട്ടിരുന്ന്, മുളകുപൊടി ചാലിച്ചതിൽ ഒപ്പി മാങ്ങ കഴിക്കും.

"ഓ..., അമ്മൂമ്മേ, കൊതിപ്പിക്കാതെ", അപ്പു.

"ശ്ശോ.., ഇത്രയും മുളക് കഴിച്ചാൽ ദേവൂട്ടിക്ക് എരിയില്ലേ?", അമ്മു താടിക്ക് കൈകൊടുത്തു കൊണ്ട് ചോദിച്ചു.

" ഇല്ല മക്കളേ, കൂട്ടുകൂടിയിരുന്ന് അതെല്ലാം കഴിയ്ക്കുമ്പോൾ അതൊന്നും ആരും അറിയില്ല. ശ്.., ശ് ന്ന് പറഞ്ഞ് ഒരു കഷണം മാങ്ങ കഴിയ്ക്കും, എന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കും.എല്ലാവരുടേയും മുഖത്തിലെ ഭാവങ്ങൾ നോക്കി തമ്മിൽത്തമ്മിൽ പൊട്ടിച്ചിരിയ്ക്കും."

അപ്പൂസും അമ്മൂസും എഴുന്നേറ്റിരിപ്പായി.

"പിന്നെന്തൊക്കെയാ അമ്മൂമ്മേ, ദേവൂട്ടിയും കൂട്ടരും ചെയ്തിരുന്നത്?"

"അതോ..., ദേവൂട്ടിയും കൂട്ടുകാരും കൂടി കശുവണ്ടി ചുട്ടെടുക്കും. ദേവൂട്ടിയുടെ ഏട്ടനാണ് അത് സoഘടിപ്പിച്ചു കൊണ്ടു വരാറുള്ളത്. അടുപ്പു പൂട്ടി, വളപ്പിലെ പട്ടയോ ഓലയോ ഒക്കെ കത്തിച്ച് കശുവണ്ടി അതിലിട്ട് ചുട്ടെടുക്കും. അത് കഴിഞ്ഞാൽ ഒരു വടിയെടുത്തു അത് തല്ലിയെടുക്കണം. ചുട്ടെടുക്കുമ്പോൾ ഒരു പ്രത്യേക മണമാണ്. ചിലപ്പോഴൊക്കെ അതിന്റെ പശ ഉടുപ്പിലെല്ലാം വീഴും. എങ്കിലും ദേവൂട്ടിയ്ക്ക് അതൊക്കെ ഒരു രസായിരുന്നു."

പിന്നെ ഒരു കളി, അടുപ്പുപൂട്ടി ശർക്കരപ്പായസം ഉണ്ടാക്കലാണ്.
 
ദേവൂട്ടീം, കുഞ്ഞ്യേച്ചിയും, അനുജത്തീം, പിന്നെ അടുത്ത വീടുകളിലെ കുട്ടികളും എല്ലാവരും ഉണ്ടാകും. എല്ലാവരും ഓരോ പിടി പച്ചരി കൊണ്ടുവരും. ദേവൂട്ടീടെ വീട്ടീന്ന് അരികിട്ടാൻ ഇത്തിരി പാടാ. അമ്മ അറിഞ്ഞാൽ വഴക്കു പറയും. പാത്തും പതുങ്ങിയും ചേച്ചമ്മയുടെ അടുത്ത് ചെന്ന് ചോദിക്കും, ചിരിച്ചു കൊണ്ട് അരി എടുത്തു തരും."

"ഇനി പായസത്തിന് ശർക്കര വേണ്ടെ! ഇനിപ്പൊ എന്താ ചെയ്യാന്ന് വിചാരിച്ച് എല്ലാവരും വിഷമിച്ചിരിക്കും. അപ്പോൾ തെക്കേതിലെ രുഗ്മിണിച്ചേച്ചി പറയും,
" കുട്ട്യോള് വിഷമിയ്ക്കണ്ട, ശർക്കര ഞാൻ തരാം".

ഇനി പായസം ഉണ്ടാക്കാൻ പാത്രം വേണ്ടെ! അതും രുഗ്മിണിച്ചേച്ചി നൽകും.

പിന്നെ ഓരോരുത്തരായി പണിതുടങ്ങും. ഒരാൾ അടുപ്പു പൂട്ടും.മറ്റൊരാൾ വെള്ളം കോരി അരിയൊക്കെ കഴുകി വെയ്ക്കും. മറ്റൊരാൾ ഓല, ചകിരി എന്നിവ പെറുക്കിക്കൊണ്ടുവരും.
 
രുഗ്മിണിച്ചേച്ചിയുടെ നേതൃത്വത്തിൽ പായസം റെഡിയാകും.
പായസം വാങ്ങി വെയ്ക്കാറാകുമ്പോൾ ഒരാൾ പറയും," ഇത്തിരി നെയ്യിടാമായിരുന്നു".
മറ്റൊരാൾ പറയും, "ഒരുമുറി തേങ്ങകൂടി ചിരവിയിട്ടാൽ എന്താ സ്വാദ്!"
എല്ലാവരും കൂടി ദേവൂട്ടീടെ നേർക്ക് നോക്കും.
ദേവൂട്ടി പറയും, "യ്യോ.. ഞാനില്ലേ തേങ്ങ കക്കാൻ", എന്ന്.
"ന്താ ദേവൂട്ടീ.., പ്ലീസ്.., പോയി തേങ്ങ എടുത്ത് വാ ന്നേയ്".

ദേവൂട്ടി വീണ്ടും അടുക്കളയിലേയ്ക്ക് നുഴഞ്ഞു കയറും. പട്ടി വന്നു തേങ്ങ കട്ടുകൊണ്ടുപോകുന്നപോലെ, ദേവൂട്ടി തേങ്ങാമുറിയുമായി വളപ്പിലെത്തും".

"ഹ... ഹ..., ഈ ദേവൂട്ടീടെ ഒരു കാര്യം ല്ലേ..!", അപ്പൂസും അമ്മൂസും പൊട്ടിച്ചിരിച്ചു.
അടുത്തത് തേങ്ങ ചിരകേണ്ടെ! രുഗ്മിണിച്ചേച്ചിയുടെ പിന്നാലെ കൂടി അത് സാധിച്ചെടുക്കും.
തേങ്ങ ചിരകിയതും, ഒരു സ്പൂൺെ നെയ്യും ഇട്ടിളക്കിക്കഴിഞ്ഞാൽ ആ പായസത്തിൽ നിന്നും ഉയരുന്ന മണം.., ഓ...! എല്ലാവർക്കും ധൃതിയാകും പായസം കഴിക്കാൻ.

പിന്നെ ഓരോരുത്തരായി ഇല മുറിയ്ക്കാൻ ഓട്ടമായി."

" പറമ്പിൽ തന്നെ കവുങ്ങിൻ പട്ട നിരത്തിയിട്ട്.., ദേവൂട്ടിയും കൂട്ടുകാരും ഇലച്ചീന്ത് മുന്നിൽ വെച്ച് നിരന്നിരിക്കുo.
 
രുഗ്മിണിച്ചേച്ചി എല്ലാവർക്കും പായസം വിളമ്പിത്തരും. ചൂടോടെ പായസം ഇലയിൽ വിളമ്പുമ്പോൾ ഇലയിൽ നിന്നും ഒരു പ്രത്യേക മണം ഉയരും, എന്തൊരു സ്വാദാണെന്നൊ ഇലയിൽ കഴിയ്ക്കാൻ!"

"കൈകൊണ്ട് വാരിവാരി കഴിയ്ക്കുമ്പോൾ എല്ലാവരും മുഖത്തോടു മുഖം നോക്കി പൊട്ടിച്ചിരിക്കും."

"ചേച്ചമ്മ ഇതു കണ്ടുകൊണ്ട് വളപ്പിലേയ്ക്ക് വരും. എന്നിട്ട് രുഗ്മിണിച്ചേച്ചിയോട് പറയും," നീ ഈ പിള്ളേർക്ക് കൂട്ടുനിൽക്കാല്ലേ."

"സാരല്യ അമ്മുച്ചേച്ചീ.., കുട്ട്യോളല്ലേ.., അവര് സന്തോഷിക്കട്ടേന്ന്."

ചേച്ചമ്മ ചിരിച്ചുകൊണ്ട് അവിടന്നു പോകും.

" ഇനി പോരെ ദേവൂട്ടീടെ വർത്തമാനങ്ങൾ..?"

"മക്കൾക്ക് ഉറക്കം വന്നില്ലേ...,? ഇനി നാളെ പറയാം".

" അതു പറ്റില്ല..., ഞങ്ങൾക്ക് ഇനീം കേൾക്കണം", അപ്പു.

"പിന്നെന്തൊക്കെ കളിയാ അമ്മൂമ്മേ, ദേവൂട്ടിയും കൂട്ടുകാരും കൂടി കളിക്കാറുള്ളത്? പറയൂന്നേയ്."

"മക്കള്  കവുങ്ങിൻ പാളയിൽ കയറിയിരുന്ന് വലിച്ചു കളിച്ചിട്ടുണ്ടോ?

അതെങ്ങനാ ല്ലേ?? പട്ടണത്തിൽ ജീവിയ്ക്കുന്ന നിങ്ങൾക്കൊക്കെ അതിന്റെ രസം അറിയോ!"

"ഒന്നോ രണ്ടോ കുട്ടികൾ കവുങ്ങിൻ പാളയിൽ കയറിയിരിക്കും.
മറ്റൊരാൾ അത് വലിച്ചുകൊണ്ടു നടക്കും. വീടുവെച്ചു കളിയ്ക്കുമ്പോൾ കവുങ്ങിൻ പാളയാണ് ബസ്സും സ്ക്കൂട്ടറും എല്ലാം.

ഇതിലൊരു തമാശയുണ്ട്.., എന്താണെന്നോ..., ഒരാൾ പാളയിൽ കയറി ഇരിയ്ക്കാൻ തുടങ്ങുമ്പോഴേയ്ക്കും മറ്റയാൾ ഒരൊറ്റ വലിയാണ്, ദാ കിടക്കുന്നു ഇരിയ്ക്കാൻ നോക്കിയ ആൾ!"

അതു കണ്ട് എല്ലാവരും പൊട്ടിച്ചിരിയ്ക്കും.

"ഹ... ഹ.., ദേവൂട്ടി ആരേയെങ്കിലും ഇതുപോലെ വീഴ്ത്തിയിട്ടുണ്ടോ?", അപ്പൂസിന്റെ കുസൃതിച്ചോദ്യം.

"ഏയ്.., ഇല്ല.., ദേവൂട്ടിക്ക് അതു കണ്ടാൽ ദേഷ്യം വരും, തട്ടിയിട്ട ആളെ പിടിച്ച്‌ രണ്ടടി വെച്ചു കൊടുക്കും."

"എന്താ അമ്മൂമ്മേ ആലോചിക്കുന്നേ?"
"ഒന്നൂല്യ.. ആ കാലമൊക്കെ ഇനി തിരിച്ചു വരികയില്ലല്ലോ ന്ന് ഓർക്കായിരുന്നു".

"ഇനീം പറയൂന്നേയ്".

"അവധിക്കാലത്ത് ദേവൂട്ടീടെ ഏട്ടന്റെ കാല് പിടിച്ചാൽ, മാവിൻ കൊമ്പത്ത് ഊഞ്ഞാലിട്ടു തരും. ഞാനാദ്യം.., ഞാനാദ്യം എന്നു പറഞ്ഞ് എല്ലാവരും കൂടി വഴക്കിടും.
മിക്കപ്പോഴും ആൺകുട്ടികൾ തന്നെയാകും ആദ്യമായ് ഊഞ്ഞാലിൽ കയറിയിരിക്കുക. പിന്നെ അവരെ ഒന്നിറക്കി കിട്ടാൻ വല്ലാത്ത പാടാ.  സന്ധ്യയാകുന്നതിനു മുന്നേ എല്ലാ കുട്ടികൾക്കും ഊഞ്ഞാലാടണ്ടെ?

ദേവൂട്ടി അതിനൊരു പോംവഴി പറയും...,രണ്ടു പേർ ചേർന്നിരുന്നാടുക. ഇരുപത്തഞ്ചു വരെ എണ്ണിക്കഴിഞ്ഞാൽ അടുത്ത രണ്ടു പേർ.
ആൺകുട്ടികളോട് പുറകിൽ നിന്ന് ഊഞ്ഞാൽ ആട്ടിത്തരാൻ പറയും. അവർ വേഗത്തിൽ ആട്ടുമ്പോൾ ഏറെ ഉയരത്തിൽ പോകും ഊഞ്ഞാൽ.

അപ്പോൾ ദേവൂട്ടിയും കൂട്ടുകാരും ഉറക്കെ പറയും,
"പൂയ്..., ഞങ്ങളാകാശം തൊട്ടേ..., ഞങ്ങളാകാശം തൊട്ടേ....!"

" അമ്മൂമ്മേ.., ഞങ്ങൾക്കും ഊഞ്ഞാലിട്ടു തരുമോ?"

"ഓ.., ശരി, നാളെയാകട്ടെ.., ഇട്ടു തരാം ട്ടൊ".

" അമ്മൂസിന് കയ്യിൽ മൈലാഞ്ചി ഇടാൻ ഇഷ്ടാണോ?"

"അതെ..., എന്തേ അമ്മൂമ്മ ചോദിച്ചത്?"

"ദേവൂട്ടിയും, അനുജത്തിയും കൂട്ടുകാരും കൂടി മൈലാഞ്ചിയില പൊട്ടിച്ചു കൊണ്ടുവന്ന്, അമ്മിയിൽ അരച്ചെടുക്കും.
ദേവൂട്ടിയ്ക്ക് കൈനിറയെ മൈലാഞ്ചി ഇടുന്നത് ഇഷ്ടമല്ല.ദേവൂട്ടീടെ അനുജത്തി മൈലാഞ്ചിയില അമ്മിയിൽ അരച്ചെടുക്കും. അവൾക്ക് കൈനിറയെ ഇടാനിഷ്ടാ.
ദേവൂട്ടിയ്ക്ക് ഉള്ളം കയ്യിൽ ഒരു ചെറിയ വട്ടം, അത്രയേ ഇഷ്ടള്ളൂ.

രണ്ടു കയ്യിലും മയിലാഞ്ചി ഇട്ട ദിവസം ഒരു സന്തോഷം കൂടിയുണ്ട്, ഉച്ചയൂണ് അമ്മയുടേയോ, ചേച്ചമ്മയുടേയോ കൈ കൊണ്ട് കഴിക്കാനാകൂo. ചുമ്മാ വാ കാണിച്ചു കൊടുത്താൽ മതി. അവരുടെ കൈ കൊണ്ട് കുഴച്ച ചോറ് കഴിയ്ക്കാൻ ഒരു പ്രത്യേക സ്വാദാ..!"

പല ദിവസങ്ങളിലും മക്കളുടെ വയർ നിറയ്ക്കാൻ പാടുപെടുന്ന അമ്മയുടേയും അച്ഛന്റേയും ബദ്ധപ്പാടുകൾ ദേവൂട്ടിയ്ക്കും അനുജത്തിക്കും അറിയില്ലായിരുന്നു".

"എന്താമ്മൂമ്മേ അങ്ങനെ പറഞ്ഞേ? ദേവൂട്ടീടെ വീട്ടിൽ അത്രയ്ക്കും ബുദ്ധിമുട്ടുണ്ടായിരുന്നോ?", അപ്പൂസ് എഴുന്നേറ്റിരുന്ന് ചോദിച്ചു.

കുറച്ചു നേരത്തേയ്ക്ക് എനിക്കൊന്നും പറയാനായില്ല. ആ പഴയ കാലത്തെക്കുറിച്ചോർക്കുകയായിരുന്നു. അപ്പു എന്നെ കുലുക്കി വിളിച്ചു,

"അമ്മൂമ്മേ.., എന്താ ഒന്നും മിണ്ടാത്തെ? ദേവൂട്ടീടെ വീട്ടിൽ ഭക്ഷണത്തിനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നോ?"

"ഉം.., നെൽക്കൃഷി പാട്ടത്തിന് കൊടുത്തിരുന്നു.., അതിൽനിന്നും വരവൊന്നും ഇല്ലാതായി.ദേവൂട്ടിയും മറ്റു സഹോദരങ്ങളും അമ്മ, അച്ഛൻ, പിന്നെ ചേച്ചിയമ്മ.., എല്ലാവരും ചേർന്ന് ഒമ്പതുപേർ!

അക്കാലത്താണ് നാട്ടിൽ റേഷൻ വിതരണമാരംഭിച്ചത്.
അംഗസംഖ്യ അനുസരിച്ച് ഓരോ വീടിനും അരി, പഞ്ചസാര, ഗോതമ്പ്, മണ്ണെണ്ണ ഇവ ആഴ്ചയിലൊരിക്കൽ റേഷനായ് കിട്ടുമായിരുന്നു.

ദേവൂട്ടിയാണ് വീട്ടിലെ റേഷൻ വാങ്ങിക്കൊണ്ടുവരിക.

ദേവൂട്ടിയുടെ വീട്ടിൽ രാത്രിയിലെ ഭക്ഷണം ചിലപ്പോൾ റേഷൻ കിട്ടിയ പച്ചരിച്ചോറ്, അല്ലെങ്കിൽ ഗോതമ്പ് ദോശ ആയിരിക്കും.

കല്ലും മണ്ണും എത്ര പെറുക്കി കളഞ്ഞാലും പോകാത്ത പച്ചരി കൊണ്ടുണ്ടാക്കിയ ചോറ്..., അമ്പലത്തിൽ നിന്നും കിട്ടുന്നു നിവേദ്യം പോലിരിയ്ക്കും അത്.

വേവു കൂടി, കട്ടപിടിച്ച ചോറ്.ദേവൂട്ടിക്കും മറ്റുo ആ ചോറ് കാണുമ്പോൾ തന്നെ സങ്കടം വരും.
കുട്ടികളെല്ലാവരും നിലത്ത് നിരന്നിരിയ്ക്കും. അമ്മ എല്ലാവർക്കും ചോറുവിളമ്പും. കൂടെ കഴിയ്ക്കാനായ് ചിലപ്പോൾ, ഉള്ളിയും മുളകും കുത്തിച്ചതച്ച് മൂപ്പിച്ചിട്ടിട്ടുള്ള ഒരു പരിപ്പുവെള്ളമായിരിക്കും, ചിലപ്പോൾ തക്കാളിയൊന്നും ഇട്ടിട്ടില്ലാത്ത രസമായിരിക്കും, വെറും പുളിവെള്ളംപോലെ. അതും റേഷനാണ്. ഒമ്പതുപേർക്കും വിളമ്പി എത്തേണ്ടെ!

കുട്ടികൾക്കൊക്കെ പരിപ്പുകറി മതിയാകാതെ വരും.., ആ ഒട്ടിപ്പിടിക്കുന്ന ചോറ് കഴിച്ചവസാനിപ്പിക്കേണ്ടെ! രണ്ടാം വട്ടം കറി ചോദിച്ചാലും ഉണ്ടാകില്ലെന്നറിയാം.

ചില ദിവസങ്ങളിൽ ദേവൂട്ടി പാതിവയറായി എഴുന്നേറ്റു പോകും.

നല്ല വിശപ്പുള്ള ദിവസങ്ങളിൽ, ദേവൂട്ടി പച്ചമുളകും സംഭാരവും കൂട്ടി ഊണുകഴിച്ചിട്ടുണ്ട്.

" അപ്പൊ, ദേവൂട്ടീടെ അച്ഛന് ജോലിയൊന്നും ഉണ്ടായിരുന്നില്ലേ?", അപ്പൂസ് ചോദിച്ചു.

" ഉണ്ടായിരുന്നു.., പക്ഷെ...., ചെറിയ ജോലിയായിരുന്നു. പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ റേഷൻ കടകളുടേയും സൂപ്രവൈസർ ആയിരുന്നു.

അച്ഛന് പരിചയമുള്ള റേഷൻ കടകളിൽ ,കുറച്ച് അരിയും ഗോതമ്പുമൊക്കെ എടുത്തു മാറ്റി വയ്ക്കണം എന്നു അച്ഛൻ റേഷൻ കടക്കാരനോട് പറയുമായിരുന്നു.
 
അതെല്ലാം സൈക്കിളിൽ ദേവൂട്ടിയാണ് വീട്ടിലെത്തിയ്ക്കാറുള്ളത്.

ഒരു വലിയ കുടുംബം പുലർത്താനുള്ള തുക ആ അച്ഛന്റെ കയ്യിൽ കുറവായിരുന്നു".

" പാവം ദേവൂട്ടി...", അപ്പൂസ് സങ്കടപ്പെട്ടു.

കഥ കേട്ടുകേട്ട് അമ്മൂസ് എന്റെ മടിയിൽ കിടന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു.

"ഇനി മോനും ഉറങ്ങിക്കോ", ഞാനവന്റെ തലയിൽ പതുക്കെ തടവിക്കൊണ്ടിരുന്നു.

യാത്രാ ക്ഷീണo കൊണ്ടായിരിക്കും അവനും പെട്ടെന്ന് ഉറക്കത്തിലായി.

കുട്ടികൾ മടിയിൽ കിടക്കുന്നതിനാൽ മകൾ വരുന്നവരേയ്ക്കും ഞാനും കണ്ണുമടച്ചങ്ങിനെ ഇരുന്നു.

" അമ്മേ..., ന്താ ദേവൂട്ടീടെ കഥ പറഞ്ഞു പറഞ്ഞ് അമ്മ വീണ്ടുo ദേവൂട്ടീടെ ലോകത്തിലേയ്ക്ക് തിരിച്ചു
പോയോ?....,
മകൾ പിന്നിലൂടെ തോളിൽ തടവിക്കൊണ്ടു ചോദിച്ചു.

" ഉം.., അതെ മോളേ..

ദേവൂട്ടി പാവമായിരുന്നു. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം! ആരോടും വഴക്ക് കൂടില്ലായിരുന്നു. കുശുമ്പ്, അസൂയ ഇതൊന്നും ദേവൂട്ടിയ്ക്കറിയില്ലായിരുന്നു.

അനുജത്തി ചെയ്യുന്ന കുസൃതിത്തരങ്ങൾക്ക് പോലും മിക്കപ്പോഴും ശിക്ഷ കിട്ടിയിരുന്നത് ദേവൂട്ടിക്കായിരുന്നു. എത്ര മോശപ്പെട്ടവരായാലും അവരിലെ നന്മ മാത്രമേ ദേവൂട്ടിക്ക് കാണാനായുള്ളൂ .
 
നാട്ടുകാർക്കൊക്കെ ദേവൂട്ടിയെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ..,ഒരു സങ്കടേള്ളൂ.., ദേവൂട്ടിയെ ആരും മനസ്സിലാക്കിയില്ല.

"അമ്മ ഓരോന്ന് ഓർത്തോർത്ത് വിഷമിയ്ക്കാതെ. നന്മ നിറഞ്ഞ ദേവൂട്ടിയെ ഈശ്വരൻ കൈവിടില്ല. അമ്മ നോക്കിക്കോളൂ.., ദേവൂട്ടിയുടെ സങ്കടങ്ങളൊക്കെ മാറും.എന്നിട്ട് സന്തോഷത്തോടെ ജീവിയ്ക്കുo.

മകൾ എന്നെ അവളിലേയ്ക്ക് ചേർത്തു പിടിച്ചു. രാത്രി ഏറെ വൈകിയിരിയ്ക്കുന്നു.

അപ്പോൾ, ബെഡ് റൂമിലെ എയർ ഹോളിലൂടെ കടന്നു വന്ന, ഒന്നു രണ്ടു മിന്നാമിന്നികൾ ആ റൂമിൽ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.., അതിന്റെ നുറുങ്ങു വട്ടം പരത്തിക്കൊണ്ട്.
    ~ ~ ~ ~ ~ ~ ~ ~ ~ ~
                     (തുടരും.....)

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക