Image

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

Published on 21 June, 2021
ബാബി (വിദ്യ വിജയൻ, കഥാമത്സരം)
കുനിഞ്ഞു കത്തുന്ന തീയുടെ മുതുകിൽ നിന്നും വെണ്ണീറിന്റെ ചൊപ്ലികൾ ചിതറിപ്പോകുന്നു. കൈവിരലുകളിലേക്കാണ് ആദ്യം ചൂടു കയറിയത്. നഖങ്ങൾക്കിടയിലൂടെ ആ ചൂട് കൺഞരമ്പുകളിലേക്ക് പാഞ്ഞു. കെട്ടിയ കണ്ണഴിക്കുന്നു. നോട്ടത്തിലേക്ക് പോകും മുമ്പേ കെട്ട കനലിന്റെ ഞരക്കം പോളകളിലേക്ക് പൊള്ളി വീഴുന്നു. തിമിരപ്പാടുമായി അഴിഞ്ഞു വീണ പഞ്ഞിയും തുണിയും മണ്ണു തിരഞ്ഞ് പണിപ്പെടുന്നു. കുനിഞ്ഞു കത്തുന്ന തീയുടെ മുതുകിലേക്ക് അതിവേഗമെന്നു തോന്നുന്ന മട്ടിൽ അവരെന്റെ ജീവനുള്ള ശവം വലിച്ചെറിയുന്നു.
 
മഞ്ഞ കോട്ടൺ സാരികളിലാണ് എന്റെ കണ്ണാദ്യം മങ്ങിത്തുടങ്ങിയത്. ബിന്ദു എല്ലായ്പ്പോഴുമുടുക്കാറുള്ള മഞ്ഞ സാരിയിലെ കറുത്ത പുള്ളികൾ ആദ്യമാദ്യം കീറുകളായും പിന്നീട് തുളപ്പാടുകളായും അനുഭവപ്പെട്ടു. പിന്നീടവ വലിയ കുഴികളായി.
" ഇതിലെ കറുത്ത പൊട്ടുകളെന്ത്യേടീ" എന്ന് ചോദിക്കുമ്പോൾ, "ബാബീടെ കണ്ണിലെന്താ മത്തൻ കുത്തീട്ടൊണ്ടോ?" എന്നവൾ മറിച്ചു ചോദിക്കും.
 
ബിന്ദൂന്റെ കുഞ്ഞിന്റെ ചന്തി കഴുകിച്ച് കഴിയുമ്പോൾ ഒന്ന് രണ്ട് തീട്ടക്കട്ടകൾ ചന്തി വരമ്പുകളിൽ ബാക്കിയായി.
"ഇനി ഞാൻ കഴുകിച്ചോളാം ബാബീ .. " മഞ്ഞയും കാണാൻ പ്രയാസമായെന്ന്..
 
തിമിരം കൊണ്ടാരും ചത്തു  പോയിട്ടില്ലെന്നാണ് ബിന്ദു പറയുന്നത്. പക്ഷെ എനിക്കു പേടിയായി. വെള്ളെഴുത്ത് കെട്ടിയ കണ്ണുമായി എങ്ങനെയാണ് മരിച്ചു പോവുക എന്നോർത്ത് രാത്രികളോളം ഞാൻ ഉറക്കം കാണാതെ കിടന്നു.
 
ബിന്ദുവിന്റെ ഇരുമുറി വീട്ടിലെ വാടകക്കാരിയാണ് ബാബി. വാടക രശീതുകൾ കൂട്ടിവെച്ച ഒരിരുമ്പു പെട്ടിയല്ലാതെ മറ്റൊന്നും അവർക്കു സ്വന്തമായില്ല. ബിന്ദുവിന് വാടകക്കുടിശ്ശിക കൊടുത്തു തീർക്കാൻ അവർ ഉരുളകളുണ്ടാക്കുന്നു. മുന്തിരിയും അണ്ടിപ്പരിപ്പും അമർത്തി വെക്കുന്നു. പ്രായം കൂടുന്തോറും ഉരുളകൾ വലുതാകുന്നു. വിറ്റുപോകാത്തവ ബിന്ദുവിന്റെ മകൻ ആർത്തിയോടെ കഴിക്കുന്നു. ബാബിയുടെ വാടകക്കുടിശ്ശിക പിന്നെയും ബാക്കിയാവുന്നു.
 
ബാബിയുടെ ലഡു തിന്ന് ചീർത്ത ചെറുക്കൻ അവരെ ഉരുളകളുണ്ടാക്കാൻ സഹായിച്ചു. അവരവനെ 'അമർ ' എന്നു വിളിച്ചു. മറ്റൊരു പേരിടാൻ ബിന്ദു മറന്നു പോയ അവന്റെ തീറ്റ കണ്ട് ബാബി വലിയ വട്ടങ്ങളുള്ള കാതുകളാട്ടി ചിരിക്കും. അവനുണ്ടാക്കിയ ഉരുളകളെല്ലാം നെടുകെ പിളർന്ന് വാ പൊളിച്ചിരിക്കും. അതീവ ശ്രദ്ധയോടെ ചമ്രം പടിഞ്ഞിരുന്ന് ബാബി അവ പിന്നെയുമുരുട്ടും. അറ്റത്ത് ഉണക്ക മുന്തിരികൾ അമർത്തി വെക്കും. ചുളിഞ്ഞ് അയഞ്ഞ തൊലികളുള്ള കൈകൾക്കകത്ത് മധുരം കുറുക്കിയ ഗോതമ്പുതരി ഒന്നുകൂടി വെച്ചുരുട്ടി ഉരുളകളാക്കി ബാബി പൊതിഞ്ഞു കെട്ടുന്നു.
 
വലതു തോളിലേക്ക് ചുവന്ന കോട്ടൺ സാരിയുടെ മുന്താണി ഞാത്തിയിട്ട് ബാബി പോകാറുള്ള വഴികളിലെല്ലാം ഗോതമ്പ് ലഡുവിന്റെ തരികൾ വീണു കിടക്കും. ഉറുമ്പുകൾ വരിവരിയായി ബാബിക്കു പിന്നാലെ സഞ്ചരിക്കും.
 
രാവിലെ പോകുമ്പോൾ ഞാത്തിയിടുന്ന മുന്താണി വൈകുന്നേരമാകുമ്പോഴേക്കും നിലത്തിട്ടു വലിയും. വൈകുന്നേരങ്ങൾ ബാബിയെ കൂനിയാക്കുന്നു. വിറ്റുപോവാതെ മടങ്ങിയെത്തപ്പെടുന്ന ഗോതമ്പു ലഡുവത്രയും മുന്തിരിക്കണ്ണുകൾ താഴ്ത്തി ബാബിയോട് ക്ഷമ ചോദിക്കും.
"ഓരോ മനുഷ്യനും ഓരോ രുചിയാണ്" എന്ന് യാതൊന്നും ചോദിക്കാതെ തന്നെ ബിന്ദുവിനോട് ബാബു മറുപടി പറയും. അവരുടെ കണ്ണുകളിൽ ഒരിക്കലും പ്രതാപകാലം കണ്ടിട്ടില്ലാത്ത ഒരുറക്കം അടുപ്പു കൂട്ടും.
 
             
അമറിനെ മുതുകിൽ സാരി വലിച്ചുകെട്ടി അതിലിരുത്തി ബിന്ദു വിറകു പെറുക്കാൻ പോകുന്ന വൈകുന്നേരങ്ങളിൽ സാരിക്കെട്ടിലിരുന്ന് അമർ ലോകത്തെ തല കീഴായി നോക്കും. വിറകു പെറുക്കിക്കെട്ടി ബിന്ദു നിവരുമ്പോൾ ബാബിയുടെ ലഡു വലിപ്പത്തിലുള്ള ഭൂമി അച്ചുതണ്ട് തലയിൽ പേറുന്നതായി അവനു തോന്നും.
 
അമറിനു പനിക്കോളുള്ള രാത്രികളിൽ വാടക തരാതെ പറ്റിക്കുന്നുവെന്ന് പറഞ്ഞ് ബിന്ദു ബാബിയെ കൊട്ടിപ്രാവും. വിറകു വിറ്റ കാശു കൂട്ടി വെക്കുന്ന കുടുക്ക വീടു കുലുക്കെ പൊട്ടിച്ചിട്ട് ചില്ലറകൾ എണ്ണിയെണ്ണി അവൾ ബാബിയെ പ്രാവും. തുണി നനച്ചിട്ട നെറ്റിയിൽ തൊട്ടു നോക്കി കാലടികൾ അമർത്തിത്തിരുമ്മി ബാബി അമറിന്റെ കാൽച്ചുവട്ടിൽ അണ്ടിപ്പരിപ്പു പോലെ വളഞ്ഞിരിക്കും.
             
ശ്വാസംമുട്ടു കൂടി അമറിന്റെ നെഞ്ചാംകൂട് ഉയരുകയും താഴുകയും ചെയ്യുമ്പോൾ ബിന്ദു തലതല്ലിക്കരയും. ബാബി കരിമ്പൻ കുത്തിയ തോർത്തിൽ ചൂടുവെള്ളം പിഴിഞ്ഞ് നെഞ്ചത്ത് ചൂടു പിടിച്ചു കൊടുക്കും. അവൻ്റെ തൊണ്ടയിൽ നിന്നും കഫക്കട്ടകൾ ഉരുളകളായി പുറത്തെടുത്തു കളയും. അടുത്ത ദിവസങ്ങളിൽ ലഡു വിൽക്കാൻ പോകാതെയും വിറക് പെറുക്കാൻ പോകാതെയും അവരിരുവരും ഒരേ മുറിയിൽ കുന്തിച്ചിരിക്കും.
 
ഉണർന്നു കഴിയുമ്പോൾ കെട്ടടങ്ങിയ നെഞ്ചും കൂടിൽ കൈവെച്ച് അമർ ഇരുവരെയും നോക്കി ചിരിക്കും. ഏന്തി വലിഞ്ഞ് തിരിച്ചെത്തുന്ന ഓരോ രാത്രിക്കു ശേഷവും അവൻ ഓരോ ബലൂണുകൾ നിറയെ ബാബിയുടെ ശ്വാസം ശേഖരിച്ചു വെക്കും. ബലൂണുകൾ ഊതി വീർപ്പിച്ച് കടുംകെട്ടിട്ടു കൊടുക്കുന്നതിനു മുൻപ് ബാബി അവന്റെ കുഞ്ഞിക്കൈകളിലേക്ക് കാറ്റിറ്റിച്ചു കൊടുത്തിട്ടു പറയും.
" കാണാൻ പറ്റൂല്ലേല്ലും നല്ല കനൂള്ള സാധനാന്ന്-കുഞ്ഞീന്റെ നെഞ്ചിലേക്ക് ബാബി നെറച്ച് തരാ…"
 
കുത്തിപ്പൊട്ടിക്കാതെ - കെട്ടഴിഞ്ഞു പോകാതെ - ആർക്കും വേണ്ടാത്ത ആ ശ്വാസം ചില നേരങ്ങളിൽ അവൻ ആകാശത്തേക്ക് തുറന്നു വിടും. എന്നിട്ടാഴത്തിലാഴത്തിൽ വലിച്ചെടുക്കും. അവന്റെ കണ്ണുകളിൽ തലേ ദിവസം നെഞ്ചിൽ കുടുങ്ങിയ ഒരുരുള ശ്വാസം വട്ടമിട്ടു പറക്കും.
 
കണ്ണു മങ്ങിത്തുടങ്ങിയിട്ടും ബാബി പിന്നെയും ലഡു വിൽക്കാൻ പോയി. വഴി നീളെ ഉറുമ്പുകളെ ചവിട്ടിയരച്ചു കൊണ്ട് കൂനിക്കൂടി അവർ വൈകുന്നേരങ്ങളിൽ തിരിച്ചെത്തി. ഉറങ്ങാൻ കിടക്കുന്ന അവരുടെ കണ്ണുകൾ കൊട്ടയിലെ ഉറുമ്പു കൂടുകളിൽ  നിന്ന് ഇറങ്ങി വരുന്ന ഉറുമ്പരിച്ചു തുടങ്ങി. എല്ലാ ദിവസവും കൊട്ട നിറയെ ഉറുമ്പു കൂടുകളുമായാണ് താൻ തിരിച്ചു വരുന്നതെന്ന് ബാബിയറിഞ്ഞു. അവർ തിമിരത്തെ ഉറുമ്പിനു തിന്നാനിട്ടു കൊടുത്തു.
 
തിമിരം ബാധിച്ച വലതുകണ്ണിൽ നിന്നും ചമറ് വന്നുകൊണ്ടേയിരുന്നു. അസഹനീയമായി കണ്ണും മനസും വേദനിക്കുമ്പോൾ അവർ കണ്ണുകൾ തുറക്കാതെ തന്നെ ദിവസങ്ങളോളം കഴിഞ്ഞു കൂടി.
തിമിരത്തിന്റെ ഓപ്പറേഷൻ ചെയ്യാൻ പോയപ്പോൾ നിറം മങ്ങിയ ഒരുപാട് മനുഷ്യർ ആശുപത്രി വരാന്തയിലും തറയിലുമായി നരച്ച തുണികൾ വിരിച്ച് കിടക്കുന്നുണ്ടായിരുന്നു. ഛർദ്ദിലിന്റെയും മൂത്രത്തിന്റെയും മണം കലർന്ന കാറ്റ് കെട്ടി ജീർണിച്ച് കനം പിടിച്ചു നിൽക്കുകയായിരുന്നു.
അമറിന് പനിക്കുന്നുണ്ടായിരുന്നു.
 
ബാബിയെ ഓപ്പറേഷൻ ചെയ്യുന്നതിനു വേണ്ടി അകത്തേക്കു കൊണ്ടു പോയി. ബിന്ദു അമറിന്റെ വിറയൽ തന്റെ സാരിത്തലപ്പു കൊണ്ടു മറച്ചു.
"കണ്ണില്ലെങ്കിലും ജീവിക്കാ.. പക്ഷെ ബാബിക്ക് ഞങ്ങളെ കാണണോന്നില്ലേ ബാബീ ?"
കുടുക്ക പൊട്ടിച്ച് നിലത്തു ചിതറിയ ചില്ലറകൾ പെറുക്കിക്കൂട്ടി ബിന്ദു ചോദിച്ചു.
 "ചാവുമ്പം നിങ്ങളെ കണ്ടോണ്ടും ചാവണം.. "
പാട കെട്ടിയ കണ്ണിൽ നിന്നും കണ്ണീര് ചമറിൽ തടഞ്ഞു നിന്നു.
 
 "ജനിച്ചപ്പൊ തൊട്ട് ബാബിയെ കാണുന്നതാണ്. അച്ഛൻ മരിക്കുമ്പൊ അമ്മയെ പോലെ നോക്കണം എന്ന് പറഞ്ഞിട്ടാണ് മരിച്ചത്. ലഡു വിൽക്കുന്ന ആ സ്ത്രീ എങ്ങനെ ഞങ്ങളുടെ ബാബിയായെന്നോ വാടകക്കാരിയായെന്നോ ഏതു കാലം മുതൽക്ക് വീട്ടിലുണ്ടെന്നോ അറിയില്ല. ബാബി എത്രയെത്ര കാഴ്ചകൾ കണ്ടിരിക്കും.. വെള്ള കെട്ടിയ അവരുടെ കണ്ണുകൾ ചില ദിവസങ്ങളിൽ നിർത്താതെ പിടയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... "
ബിന്ദു അമറിനെ ഒന്നൂടി ചേർത്തു പിടിച്ചു കൊണ്ടോർത്തു. 
 
അവൻ അവളുടെ നെഞ്ചിടിപ്പോടു ചേർന്ന് വിറച്ചു. ഉയർന്നു വന്ന ഒരു ശ്വാസം അവളുടെ നെഞ്ചോളം എത്തി തിരിച്ചു പോയി. അമറിന്റെ കണ്ണുകളിലേക്ക് പൊട്ടിയ ബലൂണുകൾ പറന്നു വന്നു. അവൻ നാക്കു പുറത്തേക്കുന്തി. ഗോതമ്പു ലഡു തൊണ്ടയിൽ കുടുങ്ങിയിട്ടെന്ന പോലെ അവന്റെ നെഞ്ചപ്പാടെ പൊങ്ങി.
 
ഒരു നുള്ള് ശ്വാസത്തിനായി ബിന്ദു പരക്കം പാഞ്ഞു. അവളുടെ മഞ്ഞ സാരി കൊണ്ട് അവനെ പൊതിഞ്ഞെടുത്ത് അവൾ ആശുപത്രി വരാന്തയിലൂടോടി. ബാബീ, ബാബീയെന്ന് അലമുറയിട്ടു.
ശ്വാസം വിൽക്കുന്ന കൗണ്ടറുകൾക്കു മുന്നിൽ നീണ്ട നിര.കുപ്പി, പിഞ്ഞാണം, ബക്കറ്റ്, പാഞ്ഞി, കൊട്ട, ടാങ്കറുകളുമായി വരെ മനുഷ്യർ ക്യൂ നിൽക്കുന്നു.
അമറിന്റെ നെഞ്ചിൻകൂട് ബിന്ദുവിന്റെ മഞ്ഞസാരിക്കുള്ളിലേക്ക് പൂണ്ടു.
 
ചുവന്ന കോട്ടൺ സാരിയുടെ മുന്താണി വലത്തെ തോളിലേക്ക് ഞാത്തിയിട്ട് ഞാൻ ആംബുലൻസിൽ നിന്നിറങ്ങി. വലതുകൈ കൊണ്ട് മുന്നിലെന്തെങ്കിലുമുണ്ടോ എന്നു പരതി.മുന്നിലെ തീക്കൂനകളിൽ നിന്നുള്ള അകലം തിട്ടപ്പെടുത്തി. കണ്ണിലെ കെട്ടഴിച്ച് ഓരോ തീക്കൂനയിലേക്കും മാറി മാറി നോക്കി. കത്തിക്കരിഞ്ഞ വിറകു കൊള്ളികൾക്കിടയിൽ നിന്നും ഒരു നെഞ്ചിൻകൂട് ആർത്തലച്ച് പൊങ്ങുകയും അടുത്ത നിമിഷം ഒച്ചയോടെ നിലം പൊത്തുകയും ചെയ്തു.
 
പൂന്തിട്ട പോലെ എരിഞ്ഞുകൊണ്ടിരിക്കുന്ന കനൽക്കൂമ്പാരങ്ങൾ കവച്ചു വെച്ച് ഞാൻ അമറിന്റെ കാലടികളിൽ അമർത്തിത്തിരുമ്മി. ഒരുരുള തിമിരം കാറ്റു നിറച്ച ബലൂണുകളിലേക്ക് പടർന്നു കയറുന്നു. ഒരുരുള തീ കാറ്റില്ലാത്ത വഴിയിലൂടെ കടന്നു പോയി.
-------------------
വിദ്യ വിജയൻ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം രണ്ടാം വർഷ ഗവേഷക. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ് സ്വദേശം. 
മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യ മത്സരം- ചെറുകഥ രണ്ടാം സ്ഥാനം, സംഘശബ്ദം ചെറുകഥാ പുരസ്കാരം, കെ.എം കുഞ്ഞബ്ദുള്ള സ്മാരക ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.' ചിമ്മിണിക്കടലിന്റെ പ്രസവം ' എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
Join WhatsApp News
Amal k mon 2021-06-21 16:01:26
ബാബി വിദ്യ വിജയൻ 10/8
Devika PK 2021-06-21 16:19:54
10/10
Divya 2021-06-21 16:26:58
❣️
Reshma 2021-06-21 16:53:23
babeede kata nannaittund.matt samakalikaraya eazhuthukarilninnum vidye vyathyasthamaakkunnath bhashayanu.pne vidyedathaya oru rachana style aanu.
പവിത്ര എം വി 2021-06-21 18:22:22
വീണ്ടും നല്ലൊരു വായനാനുഭവം.
Dhanya 2021-06-22 03:33:53
10/10
George 2021-06-22 04:34:43
മനോഹരം.. ഹൃദയത്തിൽ തൊട്ടു..
George 2021-06-22 04:40:20
മലയാള ചെറുകഥ ഇടപെടാത്ത വളരെ വ്യത്യസ്തമായ ഒരു ഭാവുകത്വ പരിസരത്തേക്ക് ഈ കഥ നമ്മെ കൊണ്ടു പോകുന്നു. എത്ര ശക്തമാണ് ഭാഷ.. അതു നമ്മെ അത്രമാത്രം ജീവിതത്തോടും കഥയോടും അടുപ്പിക്കുന്നു. ക്രാഫ്റ്റ് കൊണ്ട് ഒരു മായാജാലം തീർത്ത പോല.10/10 കൊടുക്കാതിരിക്കാൻ കഴിയില്ല.കഥയും കവിതയും നിറഞ്ഞു നിൽക്കുന്ന വരികൾ അതിതീവ്രമായിത്തന്നെ കാലിക സാമൂഹിക ജീവിത പരിസരത്തെ വരച്ചു ചേർത്തിരിക്കുന്നു. പുതിയ ഒരു മുന്നേറ്റം കുറിക്കുന്ന ഭാഷാശൈലി സമ്മാനിച്ച കഥാകാരിക്ക് അഭിനന്ദനങ്ങൾ..
Vanaja 2021-06-22 15:05:30
വളരെ നന്നായി ❣️
ആർഷൊ 2021-06-22 17:36:35
മികച്ച വായനാനുഭവത്തിന് പ്രിയ കഥാകാരിക്ക് നന്ദി ❤️ 10/10
Deepa Mohan 2021-06-24 11:50:26
ഇതുവരെ വായിച്ചതിൽ ഏറ്റവും മികച്ച കഥ. കഥാഖ്യാനത്തിൻ്റെ പുതുമ തന്നെ വളരെയധികം ആകർഷിച്ചു. തീർച്ചയായും മുൻനിരയിലേക്ക് വരേണ്ടുന്ന എഴുത്ത്.കഥാകാരിക്ക് അഭിനന്ദനങ്ങൾ.
Vishnu Venu 2021-06-26 04:57:53
എത്ര പെട്ടെന്നാണ് നമ്മുടെ ചിന്തകളിൽ എവിടെയും ഇല്ലാത്ത ഒരു കഥയിലേക്കും കഥാപാത്രങ്ങളിലേക്കും കഥാകാരി നമ്മെ കൊണ്ടുപോയത് - ശക്തമായ ഭാഷ - ബിംബങ്ങളും ഉപമകളും അത്രമാത്രം പുതുമയുള്ളത്.ജീവിതം മണക്കുന്ന കഥ എന്നു തന്നെ പറയാം.
Susheela 2021-06-26 16:22:56
Wonderful reading experience.. Congrats and all the best dear Vidhya..
Dhanyasree 2021-06-28 02:52:14
ബാബി❣️ നല്ലെഴുത്ത്❤️
Manu 2021-06-30 04:31:08
Good work..
Sreejith P M 2021-07-10 08:18:01
ബാബി.. മികച്ച എഴുത്ത്
അമൽ 2021-07-10 08:18:25
വളരെ നന്നായിട്ടുണ്ട് 🔥
Lekshmi 2021-07-24 04:49:02
പുതിയ അനുഭവം. നല്ല കഥയാണ്. എല്ലാവരും വായിക്കേണ്ടതാണ്.10/10
പ്രസാദ് 2021-07-24 15:27:12
Great try... വളരെ ആകർഷകമായ ഭാഷാശൈലി, ശ്രദ്ധേയമായ പ്രമേയം.. ഒരുപാട് ഇഷ്ടപ്പെട്ടു.
Rafi 2021-07-24 12:39:00
Baabi💖 such a wonderful writing 😍
Anju Maria 2021-07-24 15:49:21
ഓരോ വായനയിലും പുതിയ പുതിയ അർത്ഥങ്ങളും അനുഭവങ്ങളും നൽകുന്നു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത.അത് നമുക്കൊറ്റ വായനയിൽ മനസിലാകണമെന്നില്ല. ഓരോ മനുഷ്യനെയും അവരുടെ ജീവിതാവസ്ഥകളുമായി കോർത്തുവെച്ച് അനുഭവിപ്പിക്കുന്ന വരികൾ. ശ്രദ്ധയിൽപ്പെടാൻ വൈകിപ്പോയെങ്കിലും.കാലിക ഇന്ത്യൻ സമൂഹത്തിൻ്റെ - മനുഷ്യജീവിതത്തിൻ്റെ മണവും ശ്വാസവും സത്യവുമുള്ള ഒരു കഥ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
Rajitha 2021-07-30 17:15:32
നിറങ്ങൾ...മണങ്ങൾ.. തൊട്ടു നോക്കാവുന്ന അനുഭവങ്ങൾ..എന്തൊരെഴുത്താണ് വിദ്യാ... എഴുതിക്കൊണ്ടേയിരിക്കുക.
Shinoj 2021-07-31 01:58:47
മലയാള ചെറുകഥ അതിസങ്കീർണമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. നമ്മുടെ പുതിയ എഴുത്തുകാർ എത്ര മാത്രം അസ്വസ്ഥരാണ് എന്ന് ഈ കഥയിലൂടെ നമുക്ക് മനസിലാകും. അസ്വസ്ഥമായ കാലത്തിൻ്റെ കഥകൾ എഴുത്തുകാരെയും അസ്വസ്ഥരാക്കുന്നു. വിദ്യ വിജയൻ്റെ എഴുത്താകട്ടെ വായനയ്ക്കു ശേഷവും വായനക്കാരുടെ മനസിൽ അസ്വസ്ഥമായ ചിന്തകൾ, ജീവിത സത്യങ്ങൾ അവശേഷിപ്പിക്കുന്നു. എഴുത്ത് അതിശക്തമായ ഒരു പ്രതിരോധമാണെന്ന് ഈ പെൺകുട്ടി തെളിയിച്ചിരിക്കുന്നു.
SUBAIDA 2021-07-31 02:01:11
What a craft!!! Baabi❤️
ജോബിൻ 2021-07-31 03:47:14
എഴുതാനെളുപ്പമാണ് എഴുത്തിനെ ഇങ്ങനെ വായനക്കാരിലേക്ക് ആഴത്തിൽ വരച്ചു ചേർക്കാൻ വളരെ കുറച്ചു പേർക്കേ സാധിക്കുകയുള്ളൂ. ഇനിയുമിനിയും മികച്ച രചനകൾ വിദ്യ വിജയനിൽ നിന്നും പ്രതീക്ഷിക്കുന്നു.
Raphael 2021-07-31 04:06:43
നന്നായിട്ടുണ്ട്.. ഇനിയും എഴുതുക.
ലക്ഷ്മി 2021-08-01 01:53:09
" പൂന്തിട്ട പോലെ എരിഞ്ഞുകൊണ്ടിരിക്കുന്ന കനൽക്കൂമ്പാരങ്ങൾ കവച്ചു വെച്ച് ഞാൻ അമറിന്റെ കാലടികളിൽ അമർത്തിത്തിരുമ്മി. ഒരുരുള തിമിരം കാറ്റു നിറച്ച ബലൂണുകളിലേക്ക് പടർന്നു കയറുന്നു. ഒരുരുള തീ കാറ്റില്ലാത്ത വഴിയിലൂടെ കടന്നു പോയി." കഥയ്ക്കൊടുവിൽ അനശ്വരമായ മറ്റൊരു കവിത അവശേഷിക്കുന്നു.. വിദ്യ വിജയൻ❤️
പ്രിയദർശിനി 2021-08-01 10:59:37
ബാബി ഉളളുലച്ചു.. കത്തിത്തീരാത്ത ചിതകൾ ഇപ്പോഴും ശ്വാസം കിട്ടാതെ കരയുന്നതു പോലെ. എഴുത്താശംസകൾ വിദ്യാ..
Shyam 2021-08-01 14:19:33
Great job.. All the best Vidhya Vijayan..
Dhanya E 2021-08-04 01:52:58
The Best.. fruitful writing vidhyaaa... All the very best Vidhya Vijayan❣️
മഹേഷ് 2021-08-05 03:06:17
കുറേയൊക്കെ കഥകൾ വായിച്ചു.ഇത്രയധികം കഥകൾ വായിക്കാൻ അവസരം തന്ന ഇ മലയാളിക്ക് ആശംസകൾ.. സാധാരണ പാറ്റേണിൽ നിന്നും എഴുത്തു വഴിയിൽ നിന്നും മാറി സഞ്ചരിച്ച കഥ എന്ന നിലയിൽ വിദ്യ വിജയൻ്റെ ബാബി കൂടുതൽ ഹൃദ്യമെന്നും മികച്ചതെന്നും തോന്നി. കൂട്ടത്തിൽ നിന്നും തെന്നി നിൽക്കുന്ന ഭാഷാശൈലി അഭിനന്ദനാർഹം. എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ..
ആശ ലത 2021-08-07 02:08:02
ഒന്നാം സമ്മാനം കിട്ടേണ്ടുന്ന കഥയെന്ന് നിസംശയം പറയാം.what a Craft.. അക്ഷരങ്ങൾ കൊണ്ട് ഇത്ര തീവ്രമായ ചിത്രങ്ങൾ എങ്ങനെ വരക്കാൻ കഴിയുന്നു.. ഇതൊരനുഗ്രഹം തന്നെയാണ്. ഓരോ വായനയിലും പിന്നെയും പിന്നെയും കൂടുതൽ കൂടുതൽ ആഴത്തിലേക്കിറങ്ങിപ്പോകുന്ന വരികൾ.. വിദ്യ വിജയനിലെ എഴുത്തുകാരിയെ തീർച്ചയായും നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.. വലിയൊരു പ്രതീക്ഷയാണ് വിദ്യ..
Salu Vijayan 2021-08-08 13:15:18
Vidyakkutteee...kalakkii... Adipoliii ezhuth....
ഋതു 2021-08-09 02:43:00
ഉറപ്പായും പത്തിൽ പത്ത് കൊടുക്കേണ്ടുന്ന കഥ. ബാബിയും ബിന്ദുവും അമറുമെല്ലാം മനസിനെ നൊമ്പരപ്പെടുത്തി നിറഞ്ഞു നിൽക്കുന്നു. നാം കണ്ട ജീവിതങ്ങളേക്കാൾ നാം കാണാത്ത - കാണാൻ ശ്രമിക്കാത്ത ജീവിതങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ച എഴുത്ത്.. ഇനിയും എഴുത്ത് തുടരുക.. വിജയി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വിദ്യ വിജയൻ 2021-08-14 12:57:17
കഥ വായിക്കുകയും വായനാനുഭവം പങ്കുവെക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.. സ്നേഹം.. -വിദ്യ വിജയൻ..
തൻവീർ 2021-08-14 18:15:20
എന്തൊരെഴുത്താണ്.. മനുഷ്യ പക്ഷത്തുനിന്നു കൊണ്ടുള്ള എഴുത്ത്. ആഴത്തിൽ പതിപ്പിച്ച കണ്ണു കൊണ്ടുള്ള എഴുത്ത്... ബാബി.. വിദ്യാ.. ഞങ്ങളുടെ കഥക്കുട്ടീ..
Maria 2021-08-15 12:40:54
Best of luck Vidhya Vijayan...
Bindu Ravi 2021-08-16 01:09:29
കഥയിൽ ആരുടെ വീക്ഷണത്തിലാണ് ആഖ്യാനം എന്നത് ഒരു വിഷയമല്ലേ?. അതൊക്കെ മാറിയോ
Indhulekha koroth 2021-08-16 05:36:26
ഒരുപാട് പ്രത്യേകതകൾ ഉള്ള എഴുത്താണ് കഥാകാരിയുടേത്.പുതുതലമുറ എഴുത്തുകാർ കൈകാര്യം ചെയ്യുന്ന ഭാഷാ തീവ്രത അതിശക്തമായി നിലനിർത്തിക്കൊണ്ടു തന്നെ സവിശേഷമായ ഒരു കയ്യൊരുക്കം എഴുത്തുകാരി പ്രകടമാക്കുന്നുണ്ട്. കഥയും കഥയെഴുത്തും ഒരുപാട് മാറിയിരിക്കുന്നു എന്ന് നമുക്കറിയാം.നവസിനിമകളെ വെല്ലുന്ന ചെറുകഥകൾ ഇന്നുണ്ടാകുന്നുണ്ട്. കാലമോ ദേശ മോ രൂപമോ ഒന്നും തന്നെ ഇത്തരം കഥകളിൽ നേരിട്ട് പറഞ്ഞു വെക്കാറില്ല.പ്രതിഭാധനരായ വായനക്കാരെ സൃഷ്ടിക്കാൻ കൂടി ഇത്തരം കഥകൾക്കു കഴിയുന്നു എന്നതാണ് അതുകൊണ്ടുള്ള സന്തോഷം.ഒ.വി വിജയനും ആനന്ദും ഒക്കെ സംവദിച്ചതു പോലെ മാറിയ കാലത്തു നിന്നു കൊണ്ട് നമ്മുടെ കുട്ടികൾ ഭാഷയെ മനസിൻ്റെയും ബുദ്ധിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയുമെല്ലാം എഴുത്തുപകരണമായി മാറ്റിയെടുക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. തുടർന്നു പോരുന്ന- മാറ്റമില്ലാതെ വരുന്ന രീതികളിൽ നല്ല രീതിയിലുള്ള വ്യതിയാനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിദ്യ വിജയനെ പോലുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. വിദ്യയുടെ ഉറുമ്പു പൊറ്റ എന്ന കഥ മലയാളി വായനക്കാരുടെ മനസിൽ ഉണ്ടാക്കിയ നീറ്റൽ ഇപ്പോഴും മാറിയിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. ആവർത്തിച്ചാവർത്തിച്ച് ഓരോ തവണ വായിക്കുമ്പോഴും കഥാകാരി പറഞ്ഞുവെച്ചതിനുമപ്പുറം ഒരുപാട് പിന്നെയും പിന്നെയും ആ വരികളിൽ കാണും. പോകെപ്പോകെ നമ്മളെ അത് വിടാതെ പിന്തുടരുകയും ചെയ്യുന്നു. വിദ്യയുടെ കഥകളിൽ കാണാറുള്ള ഭംഗിയുള്ള പ്രാദേശിക പ്രയോഗങ്ങളും വാക്കുകളും ഈ കഥയിൽ കുറഞ്ഞു പോയതിൻ്റെ വിഷമം കൂടി ഇതിനൊപ്പം പങ്കുവെക്കുന്നു. കഥാ മത്സരത്തിൽ ആദ്യ ഇരുപതിൽ എത്തിയ വിദ്യയുടെ കഥ തീർച്ചയായും ഒന്നാംസ്ഥാനം തന്നെ നേടട്ടെ എന്ന് ആഗ്രഹിക്കുന്നു. എഴുത്തിൻ്റെ വഴിയിൽ ഇ മലയാളി ഒരു നാഴികക്കല്ലാകട്ടെ.. ആശംസകൾ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക